9/29/2011

മുദ്രമോതിരം .

http://www.riveroakdiamonds.co.uk/images/engagement_ring_12.jpg


ഒന്നു നെഞ്ചോടു നീതന്ന ,
മുദ്രമോതിരം ചേര്‍ത്തുവെക്കുമ്പോള്‍ ...
ഉണര്‍ന്നെഴുന്നേല്‍ക്കണം
നിദ്ര വെടിഞ്ഞു ഞാന്‍ .
മെത്ത വിരിപ്പൊരു നിലാതൊട്ടിലാകണം
വേണംതലയിണയായ് വെള്ളി മേഘതുണ്ടും .

പൂത്തിറങ്ങണം നക്ഷത്ര രാവും -
സൗവര്‍ണ്ണകമ്പളം നീട്ടി നിനക്കായ് .
പതിരാമഴയില്‍ പൊഴിയണം
പാടാന്‍ മറന്ന ഈണങ്ങളൊക്കവേ .
പാരിജാത മണവുമായ് തെന്നലും,
പാര്‍ത്തുവെച്ച കിനാവിന്‍ സൌരഭം
പാരിലാകെ നിറച്ചിടീണമന്നേരം .

പാടണം ശ്രുതിമധുരം ഗന്ധര്‍വവീണകള്‍ -
കേട്ടുനൃത്തമാടീടണം അപ്സരവൃന്ദവും .
കാട്ടുചോലക്കും ഇക്കിളികൂട്ടുംരാവിന്‍ -
നേര്‍ത്തമഞ്ഞില്‍ വെണ്‍പട്ടുചേലയില്‍ ..
പ്രിയമോടെ ഉള്ളിലൊളിപ്പിച്ച മോഹങ്ങള്‍
ചെന്താമരമുകുളപുളകങ്ങളാവണം .
നോക്കി നില്‍ക്കുമ്പോള്‍ ...
നൃത്തമാടീടണം സൌരയുഥങ്ങള്‍ ,
മായാമയൂരമാരിവില്‍ ചിറകുമായ് .

അല്പമൊന്നു ഇരുണ്ടു പോവുകില്‍ -
നെഞ്ചോടു ചേര്‍ത്തുവെച്ചിടും ഞാന്‍ ,
അത്രയുംസ്നേഹിച്ചോരീ
അമ്പിളി പൂമുഖമിന്നു -
കണ്ണിലെന്റെ പൊന്‍താരമാകണം .
പ്രപഞ്ചം രംഗവീഥിയൊരുക്കുമീ -
പ്രണയ ജന്മാന്തര കല്പടവുകളൊന്നില്‍ ....
കാലില്‍ കാല്‍ പിണച്ചുവെച്ചു നീ അങ്ങിനെ ,
ഒന്നു ചെരിഞ്ഞെന്റെ കണ്ണില്‍നോക്കിയാ ,
പുല്ലാംകുഴലൊന്നു കയ്യിലെടുക്കുക ...
സാമജമധുരം പാടി നിറയ്ക്കുക
പ്രാണനില്‍ പ്രണയംപിയൂഷധാരയായി !

മൃത്യുവന്നെന്‍ ലോകം മുദ്രവെച്ചടച്ചാലും ...
വിസ്മയമുദ്രമോതിരം നിന്‍ സ്നേഹം
മെല്ലെ നെഞ്ചോടുചേര്‍ത്തെന്നുമേ ...
ഉണര്‍ത്തിടും ഞാനീകിനാവിന്റെസ്പന്ദനം
ഒരുസ്വപ്നമെങ്കിലും സത്യമായിടുംവരെ .

9/25/2011

മരുഭൂമികള്‍ പറയുന്നത് .



മരുഭൂമികള്‍ ദാഹാര്‍ത്തമെങ്കിലും;

മണല്‍ഞൊറികളില്‍ മുഖംപൂഴ്ത്തി

മഴകളെ അവള്‍ പുച്ഹിക്കുന്നു.
കടല്‍ കുടിച്ചാലും
മറാത്ത ദാഹത്തിലവള്‍
കള്ളിമുള്ളുകള്‍ ഇറക്കി ;
സൂര്യനുനേരെ
വിരസതയുടെ പച്ചപ്പാക്കുന്നു.

മുന്നേറുന്ന പഥികന്റെ

കാലടിയിലെ മണ്ണിനെനീക്കി രസിക്കുന്നു.

വെയിലിന്‍ സിരകള്‍
പൊട്ടിപറപ്പിച്ച ചുവപ്പന്‍ കാറ്റിനെ
ആകാശം കാണാത്ത
അവളുടെ വെളുത്ത ചുഴികളില്‍
ജനമാന്തരങ്ങള്‍ക്ക് കൊടിനീട്ടാന്‍
ആവോളം ഒളിച്ചുവെക്കുന്നു.

തുമ്പിചിറകുകള്‍പോലും വീശാനില്ലാതെ,
വിയര്‍ത്തസൂര്യനെ നോക്കി -

ചിറികോട്ടി ചൊല്‍വു അവള്‍ :
കരങ്ങളില്‍ അഗ്നിയുമായ് ,
നീ പുണര്‍ന്നാലും-
ഉന്മത്തമാകാ ഭൂമികയിതാ..
ഉള്ളിലൊഴുക്കുണ്ടൊരു
ലാവാ പ്രവാഹം ..
അറിയുക എന്നെ നീ .

9/12/2011

മുത്തുചിപ്പികള്‍ .

ഹൃദയം കടല്‍തുല്യം
മൊഴി തീരാതിരമാലകള്‍
മിഴികള്‍  ചിറകടിച്ചകന്നേപോകും
കടല്‍പ്പക്ഷികള്‍ .
അറിവോ പടര്‍ന്നമണല്‍തീരം .
അടിയും ശംഖുകള്‍ ,
വിലയാര്‍ന്ന ഓര്‍മ്മകള്‍ .
ചെവിയോരം ചേര്‍ന്നാല്‍ -
അവ പാടുന്നു  ഹൃദയസാഗരഗീതി .
പ്രണയം തിളങ്ങും മാണിക്യപുറ്റുകള്‍ ;
തേടുന്നു എന്നും വര്‍ണ്ണപ്രപഞ്ചം  .
വിരഹമോ  കണ്‍നിറയ്ക്കും ഉപ്പുകാറ്റുകള്‍ ;
മേഘരാശിയില്‍ പെരെഴുതിയും ,
കുതിര്‍ന്നൊരു നിശ്വാസമായും -
നീറി അടങ്ങുന്നു രാപ്പകല്‍ .
ആശയോ ... ആഴച്ചുഴികള്‍
കൊണ്ടുപോയിടുന്നു വലിച്ചിഴചെന്റെ
സത്തയെ ഗൂഡനീല
ആഗാധതയിലേക്കായ്‌  .
ഇല്ല നേരം സ്വന്തമാക്കാനോ
വെറുക്കാനോ ;
ഒന്നു തൊടാന്‍ കൊതിച്ചിടും മുമ്പേ
കണ്‍പൊട്ടി ഉണരുന്നു
വെറും തോടുമാത്രമാവുന്ന
കനവിന്‍ മുത്തുച്ചിപ്പികള്‍ . 

9/11/2011

മരണത്തിന്‍ മറുപുറം .

നീലനിലാവിന്റെ ഭംഗിയുള്ള പരവതാനി ആയിരുന്നു അത്. ആയിരംരാവുകളില്‍ നിന്നും കടം കിട്ടിയ നീലപരവതാനി. അത് നിറയെ സ്വരണനക്ഷത്രങ്ങള്‍ തുന്നി പിടിപ്പിച്ചിരിക്കുന്നു . .അതിലേറി പതുക്കെ ആകാശത്തേക്ക് പൊങ്ങുമ്പോള്‍ ഒരേഒരാഗ്രഹം മാത്രേ ഉണ്ടായിരുന്നുള്ളൂ...ഹരിയേട്ടന്റെ അടുത്തെത്തണം. എത്ര നദികള്‍ കടക്കണമെന്ന് അറിയില്ല. ഏട്ടന്‍ പറഞ്ഞ പോലെ നൈല്‍ നദി കാണും . ഉയര്‍ന്നു നില്‍ക്കുന്ന ഈജിപ്ത് പിരിമിഡുകള്‍ കാണും .

പതുക്കെ ഉയര്‍ന്നു ഉയര്‍ന്നു നിലാവില്‍ തിളങ്ങുന്ന വെള്ളി മേഘങ്ങള്‍ക്കടുത്ത് എത്തിയപ്പോള്‍ അവയെന്തോ എന്നോടു മന്ത്രിക്കണപോലെ തോന്നി . ഏട്ടന്‍ അവരുടെ കൈയില്‍ വല്ല സന്ദേശവും കൊടുത്തു വിട്ടതാണോ ?

ഞാന്‍ ആ മേഘഹൃദയത്തോട് ചെവി ചേര്‍ത്തുവെച്ചു. അപ്പോള്‍ അതെന്റെ നീല പരവതാനിയില്‍ എന്നോട് ചേര്‍ന്നുവന്നിരുന്നു. എനിക്കിപ്പോള്‍ അതിന്റെ മന്ത്രണം വ്യക്തമായി കേള്‍ക്കാം.

"അമ്മൂ ..പിടിച്ചിരിക്കണേ! " ഇത് ഹരിയെട്ടന്റെ സ്വരം തന്നെയാണ്.
അമ്മൂന് പേടിയില്ല ഹരിയേട്ടാ...ഹരിയേട്ടന് അടുത്ത് എത്താന്‍ ഏതു നരകവും കടന്നു പോകുവാന്‍ അമ്മു എന്നേ തയ്യാറായതല്ലേ ഹരിയേട്ടാ.

"എന്നാലും എന്റെഅമ്മു ഇത്ര സാഹസപെടരുതായിരുന്നു , എത്ര ദൂരം എന്റെ അമ്മു ഒറ്റക്ക് ഇങ്ങനെ ..."

"എന്താപ്പോ ഇനി പേടിക്കാന്‍ ..ഹരിയേട്ടന്‍ അയച്ച ഈ കുഞ്ഞു മേഘം ഇപ്പോള്‍ എന്റെ കൂടെ ,പൂച്ചകുഞ്ഞുപോല്‍ ഇരിപ്പുണ്ടല്ലോ ..അതിന്റെ നെഞ്ചിടിപ്പുകള്‍ ഹരിയേട്ടന്റെ കവിതകള്‍ എനിക്ക് പാടിത്തരുന്നു."


"ഇതാ മേഘമേ ഈപരവതാനിയിലെ ഒരു നക്ഷത്രം, ഇത് നിനക്ക് സമ്മാനമായി ഇരിക്കട്ടെ . എന്റെ ഹരിയേട്ടന്റെ സ്വരവും കവിതകളും എല്ലാം നീ എനിക്ക് കേള്‍പ്പിച്ചു തരു ."

ഞാന്‍ ഒരു നക്ഷത്രം എടുത്തു മേഘത്തിനു കൊടുത്തു.

പാവം മേഘത്തിന്റെ കണ്ണ് നിറഞ്ഞു.

"അമ്മു ..ഇതുവരെ എനിക്കൊരു നക്ഷത്രം പോലും സ്വന്തം ആയി കിട്ടിയിട്ടില്ല. എല്ലാം എന്നെ നോക്കി കളിയായി ചിരിച്ചു തഴുകി പോവുകയേ ഉള്ളു .."

"അതെന്താ മേഘമേ ..ഇത്രയും സുന്ദരനായ നിന്നെ ഈ നക്ഷത്രങ്ങള്‍ ഒന്നും സ്വന്തമാക്കാന്‍ കൊതിക്കാത്തത്‌ ?"ഞാന്‍ ചോദിച്ചുപോയി.

"അമ്മൂ ..ഞാന്‍ വെറും ഒരു സഞ്ചാരി അല്ലേ? മഴമുത്തുക്കള്‍ വിതറാന്‍ മാത്രം അറിയുന്ന ഒരു സഞ്ചാരി . എനിക്ക് സ്വന്തമായി എന്തുണ്ട് ?"

"അതിനു ഈ...നക്ഷത്രങ്ങള്‍ക്ക് ഇത്ര അഹംകരിക്കാന്‍ എന്താ ഉള്ളത് മേഘമേ?"

ഉണ്ടല്ലോ ..അമ്മൂ ..അവര്‍ക്ക് സ്വന്തം പ്രകാശം ഉണ്ടല്ലോ ..ഉള്ളവര്‍ക്ക് ഇത്തിരി അഹംകാരവും അലംങ്കാരമാണ് അമ്മു. ഈ നക്ഷത്രങ്ങള്‍ അല്ലേ എനിക്ക് പോലും വെളിച്ചവും ചൂടും തരുന്നത് ? ..അവരെങ്ങിനെ പിന്നെ എന്നെ സ്വന്തമാക്കാന്‍ ആശിക്കും? "

"ഇനി ഒന്നും നിനക്കില്ലെങ്കില്‍ കൂടി നിന്നെ എനിക്ക് നല്ല ഇഷ്ടാണ് മേഘമേ . നിന്റെ മഴനൂലുകള്‍ കൊണ്ടാണല്ലോ ഭൂമിക്കു ഇത്രയും ചന്തമുള്ള .പച്ച പരവതാനി നീ തുന്നി കൊടുത്തത്. അത് കൊണ്ടല്ലേ അവിടെ നിറകൂട്ടുകളായി പൂക്കളും , നിറങ്ങള്‍ ചിറകിലേറ്റി പാറി നടക്കുന്ന ചിത്രശലഭങ്ങളും ഉണ്ടായത്?, അതൊക്കെ പോകട്ടെ, ഈ രാത്രി എനിക്കു കൂട്ടിരിക്കാന്‍ , എന്റെ ഹരിയേട്ടന്റെ സ്വരവും ..കവിതകളും ആയി നീ എന്റെ അരികില്‍ വന്നുലോ .."

മേഘത്തിന്റെ കണ്ണ് നിറഞ്ഞു തുളുമ്പി ..മഴമുത്തുക്കള്‍ ഒന്നൊന്നായി പരവതാനിയില്‍ തുള്ളി തെറിച്ചു വീണു ..രാത്രിയുടെ പൊട്ടിപോയ വെള്ളി അരഞ്ഞാണം പോലെ അത് താഴേക്ക് ഒഴുകി‌!

അരഞ്ഞാണ മണികള്‍ ഇപ്പോള്‍ ഭൂമിയുടെ ഏതോ താഴ്‌വരയില്‍ മഴയോ ..മഞ്ഞോ ആയി പെയ്തിരിക്കും.

ഹരിയേട്ടാ എനിക്കിതൊക്കെ ഇങനെ ആകാശത്തിരുന്നു കാണാന്‍ കഴിയുമെന്നു ഞാന്‍ വിചാരിച്ചതേ ഇല്ല .

"അമ്മൂനോട് ഞാന്‍ പറയാറില്ലേ ..ഒരു മലയോളം നമ്മള്‍ മോഹിക്കുമ്പോള്‍ , ഒരു കുഞ്ഞികുരുവോളമെങ്കിലും നമുക്ക് എന്നെങ്കിലും കിട്ടാതെ വരില്ലായെന്ന് . അതാ ഇപ്പോള്‍ നടന്നത് ."

"ശരിയാണ് ഹരിയേട്ടാ ..ഇതും എന്റെ സ്വപനത്തില്‍ ഉണ്ടായിരുന്നു....ഒരു പാട് മോഹിച്ചസ്വപ്നത്തില്‍ ഒന്ന് ഇതുതന്നെയായിരുന്നു."

മേഘം ഏതോ കവിത മൂളാന്‍ തുടങ്ങി ..

"തിരികൊളുത്തും കിനാവിന്റെ
താരാപഥത്തിലെ താരാറാണിമാര്‍ ആരോ ....."

എവിടെ നിന്നോ ചെമ്പക പൂമണം ഒഴുകി പടരുന്നുണ്ടായിരുന്നു. "മേഘമേ നമ്മളിപ്പോള്‍ എവിടെയാണ്? ഈ ചെമ്പകമണം എവിടെ നിന്നാണ് ?"

"ഇതാ നിലാവില്‍ സൂക്ഷിച്ചു നോക്കുമ്പോള്‍ അമ്മൂന് കാണാന്‍ ഇല്ലേ ആ കുന്നിന്റെ താഴ്വാരത്ത് ഒറ്റക്ക് നില്‍ക്കുന്ന ഒരു ചെമ്പക മരം?" മേഘം വാചാലമായി .

"ആ ചെമ്പകം എന്നും പൂക്കും ...ഒരു ഗന്ധര്‍വന്‍ പ്രണയിച്ച, കന്യകയായിരുന്നു ആ ചെമ്പകമരം ..ഗന്ധര്‍വന്‍ പതിവിനു വിപരീതമായി അവളെ ശരിക്കും പ്രണയിച്ചു പോയി . അവളും .

അമ്മു സാകൂതം കാതുകള്‍ കൂര്‍പ്പിച്ചു.

"ഗന്ധര്‍വ ലോകത്തെ പതിവനുസരിച്ച് അവളെ പിരിഞ്ഞു പോകാന്‍ നേരം അവള്‍ മനം നൊന്തു കരഞ്ഞു. കരളുരുകിയ ഗന്ധര്‍വന്‍ അവളെ നിത്യം പൂക്കുന്ന ചെമ്പകമരം ആക്കി. ഗന്ധര്‍വയാമങ്ങളില്‍ ഈ ചെമ്പക പൂമണം ആകാശത്താകെ അവരുടെ പ്രണയ സുഗന്ധമായി പരക്കും.താരകളും ഞാനും എന്നും അത് ആസ്വദിക്കാറുണ്ട്.

എനിക്കും അങ്ങനെ ആകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ...ഹരിയേട്ടന്റെ മുറ്റത്തു എന്നും പൂക്കുന്ന ഒരു ചെമ്പകമരമാകാനെങ്കിലും കഴിഞ്ഞിരുന്നുവെങ്കില്‍ .

ഹരിയേട്ടാ ഇനിയും രാവേറെയുണ്ടോ എനിക്ക് ഹരിയേട്ടന് അടുത്തെത്താന്‍ ? ഈ പരവതാനി മെല്ലെ പോവുകയാണോ എന്റെ ക്ഷമ പരീക്ഷിക്കാന്‍ .

താരകളും മെല്ലെ ഉറക്കം തൂങ്ങി തുടങ്ങിയിരിക്കുന്നു. ചന്ദ്രബിംബം തെളിമ പോയി ഏതോ കടലാസ് വഞ്ചി പോലെ ദൂരെ നിലാ കായലിലേക്ക് പോകാന്‍ മറയുന്നു.

കിഴക്കേ ചക്രവാളത്തില്‍ ചുവന്ന വര മിന്നി പൊങ്ങി ഒരു തണുത്ത നേര്‍വര ആവുന്നു.

electro cardio gram reading മിന്നി മിന്നി ഒരു നേര്‍ വരയായി നിന്നു.
പുറത്തു കാത്തു നിന്നവരോട് ഡോക്ടര്‍ വ്യസനസമേതം അറിയിക്കുന്നു.

"I'm sorry."

കരയുന്നവര്‍ ...എന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. ..ഞാന്‍ ഹരിയേട്ടനെ കാണാന്‍ പോയ വിവരം ഇത്ര വെളുപ്പിനേ അവരെല്ലാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു!!.

അരികത്ത്‌ കഥ പറഞ്ഞിരുന്ന ആ വെളുത്ത മേഘം എവിടെപോയി? നിറയെ മേഘകൂട്ടങ്ങളാണ് ഇപ്പോള്‍ ചുറ്റിലും. അവക്കിടയില്‍ ഒരു വെളുത്ത മേഘമായി ഞാനും മാറി കഴിഞ്ഞിരിക്കുന്നു,
എന്തൊരു ഭാരകുറവാണ് എനിക്കിപ്പോള്‍ . ഒരു തൂവല്‍ പോലെ ആകാശത്തു പറന്നു മഴവില്ലുകളില്‍ ഉമ്മവെക്കനാവുന്നു....ഇങ്ങനെ പാറി നടക്കാന്‍ എന്തുരസമാണ്. പരവതാനിയും ..മേഘവും ഒന്നും കൂട്ടിരിക്കാതെ ..ഇരുട്ടിനെ പേടിക്കാതെ ..സ്വയംഒഴുകി നടന്നു !... എപ്പോള്‍ വേണമെങ്കിലും എന്റെ ഹരിയേട്ടനരികില്‍ എത്താവുന്ന ഒരു കുഞ്ഞുമേഘം ആയി ഞാന്‍ മാറിയിരിക്കുന്നു. എത്ര മനോഹരമാണ് ഇപ്പോള്‍ ഈ യാത്ര.


കുടിയൊഴിക്കല്‍ .


നീ ഇനി തിരിഞ്ഞു നോക്കരുത് 
ഞാനും എന്റെ കിലുങ്ങാത്ത 
പാദസ്വരം നോക്കി നടക്കാം 
മിഴിയുയര്‍ത്താതെ .....
എതിര്‍ ദിശയിലേക്ക്  .
പറഞ്ഞു പതിഞ്ഞൊരു പല്ലവിയായ്   
നമുക്കതിനെ  നിരസിക്കാം 
"നമ്മള്‍ പ്രണയിക്കയായിരുന്നു" .
ഒരു പാട് വട്ടം ആവര്‍ത്തിക്കുമ്പോള്‍
ഒരു നുണ സത്യമാകാം .
അതുപോലെ ഒന്നേ ഇതിലുള്ളൂവെന്നു;
പറഞ്ഞു തിരുത്താം മനസ്സിനെ.
നൂറ്റൊന്നു വട്ടം എന്റെപേര്‍ 
ജപിക്കുമ്പോള്‍ 
ഞാന്‍ പ്രത്യക്ഷപെടുമെന്നു 
നീ കളിചൊല്ലിയപോലെ ..
ഇതാ ഒരു ഒഴിപ്പിക്കല്‍ മന്ത്രം;
എന്റെ പേരോട് ചേര്‍ത്തു "യില്ല "
ജപിക്കണം ഇനി നീ .







9/10/2011

ഒരു അടയാളത്തിന്റെ തിരുശേഷിപ്പ് ===========================


എന്റെ വീട്ടില്‍
നിന്റെ സ്വരം
കാതില്‍ വീണൊരാസന്ധ്യയില്‍
ഞാന്‍ കൈവിരലാല്‍ കുറിച്ചിട്ട
ഒരടയാളം മായാതെ കിടപ്പുണ്ട് .
ഒരുതിരി വെളിച്ചത്തില്‍
മറ്റാരുമറിയാതെ ഞാനതിനു
നിറമേകാന്‍  ഒരുപാടു
കൊതിച്ചിട്ടുണ്ട് .
ഉറങ്ങാത്ത
മഴക്കാലരാത്രികളില്‍
ഹൃദയം പൊട്ടിത്തരിച്ചു
മിന്നല്‍ വെളിച്ചത്തില്‍
ഞാനാ അടയാളം
കാണാറുണ്ട്‌ .
ഇന്നെതോ നിസ്സംഗത വീണു
ഞാനത്
മായ്ച്ചു കളയാന്‍
ആശിക്കുന്നു .
എന്നിട്ടും
അവശേഷിക്കപ്പെടാവുന്ന
ആഴങ്ങളിലെ പോറല്‍
നിശബ്ധമായ ഫോസ്സിലുകളെ 
പോല്‍ അടയാളം ഇട്ടിരിക്കാം  .
അടയാളങ്ങള്‍ ....
അവയുമെന്തിനു  വെറുതെ
തിരുശേഷിപ്പ്    
ബാക്കിയാക്കി മൂന്നാംനാള്‍
വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.? 


9/05/2011

നന്ദിതക്കായി .

സ്വപനം നട്ടുവളര്‍ത്തിയ അരളിപ്പൂക്കള്‍  ഇറുത്തെടുത്ത് അവള്‍ പൂപ്പാത്രമൊരുക്കി .
വിളര്‍ത്ത പൌര്‍ണമിയുടെ നിറമുള്ള അവള്‍ക്ക് കണ്ണുകളിലും ആ നിറനിലാവായിരുന്നു.

ഇതു നന്ദിത  .

1969 മേയ് 21നു ജനനം .അച്ഛന്‍  എം .ശ്രീധരമേനോന്‍ , അമ്മ  പ്രഭാവതി എസ് മേനോന്‍ . സഹോദരന്‍ പ്രശാന്ത് കെ . എസ് .
ഗവ : ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ ചാലപ്പുറം , ഗുരുവയുരപ്പന്‍ കോളേജ് ,ഫാറുക്ക് കോളേജ് , കാലിക്കറ്റ്‌ യൂണിവേര്സിറ്റി , മദര്‍തെരേസ്സ വിമന്‍സ് യുണിവേര്‍സിറ്റി ചെന്നെ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം .

നന്ദിതയുടെ കവിതകള്‍ , നന്ദിതയുടെ മരണശേഷം മാത്രമാണ് ലോകം കാണുന്നത് . മലയാളത്തിലും ഇംഗ്ലീഷിലും അനായാസം എഴുതാന്‍ കഴിയുമായിരുന്ന നന്ദിത അച്ഛനമ്മമാരേയോ , എന്തിനു അനുജനെവരെ കാണിക്കാതെ ഇതു രഹസ്യമാക്കിവെച്ചു(?).

ഒരു ദിവസം ..ജനുവരി 17 , 1999 ആ കവിതകളുടേയും, വിഹ്വലതകളുടെയും ജീവിത പുസ്തകം അടച്ചുവെച്ചു ജീവിതം അവസാനിപ്പിക്കുകയായിരുന്നു നന്ദിത ചെയ്തത്.
 അന്ന് രാത്രി കിടക്കാന്‍ പോകുന്നതിനു മുമ്പ് അമ്മയോട് നന്ദിത പറഞ്ഞു :
 "അമ്മേ ഒരു ഫോണ്‍ വരും . ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തോളാം എന്ന് .
അര്‍ദ്ധരാത്രി എന്തോ ശബ്ദംകേട്ടു അമ്മ ചെന്നു നോക്കുമ്പോള്‍ ടെറസ്സില്‍ നിന്നും താഴോട്ടേക്ക് കെട്ടിയ ഒരു സാരി തുമ്പില്‍ നന്ദിതയുടെ ജീവനറ്റ ശരീരം മാത്രം .

പഠിക്കാന്‍ മിടുക്കിയും ..സുന്ദരിയും ആയിരുന്ന നന്ദിത വയനാട്ടില്‍ വീടിനടുത്തുള്ള ഒരു മുസ്ലിം ഓര്‍ഫനേജ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക ആയിരുന്നു . അതുവരെ ഒരു പൂത്തുമ്പി പോലെ പാറി നടന്നിരുന്ന നന്ദിത വീട്ടുകാരുടെ എതിര്‍പ്പിനെ വകവെക്കാതെ അവള്‍ക്കു തീരെ യോജിക്കാത്ത ചുറ്റുപാടിലുള്ള ഒരാളെ വിവാഹം കഴിക്കുകയായിരുന്നു. ബത്തേരിക്കാരനായ അജിത്തിനെ . അതായിരിക്കണം നന്ദിതയുടെ ജീവിതത്തിലെ വഴിതിരുവും.


നീണ്ട യാത്രയുടെ ആരംഭത്തിലേ  അവളിലെ യൌവ്വനത്തിന്റെ ത്രസിപ്പുപോലെ, കടിഞ്ഞാണ്‍ നഷ്ട്ടപ്പെട്ട  തീവ്രവികാരകുതിരക്കുതിപ്പുകള്‍ ..സ്നേഹശൈത്യത്തിന്‍ തീക്കനലുകളില്‍  കാല്‍പൊള്ളിനില്‍ക്കുന്നതും കാണാം .

ഡയറിയില്‍ 1985 ഇല്‍ എഴുതിക്കാണുന്ന ആദ്യ കവിത ഒരുതരം ഭ്രമാവസ്ഥയുണര്‍ത്തുന്നതാണ് .

"കാറ്റ് ആഞ്ഞടിക്കുന്നു
കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നു
ഞാന്‍ ആളിപ്പടരുന്നു.
മുടി കരിഞ്ഞമണം
അസ്ഥിയുടെ പൊട്ടലുകള്‍ ചീറ്റലുകള്‍
ഉരുകുന്നു മാംസം
ചിരിക്കുന്ന തലയോട്ടി
ഞാന്‍ ചിരിക്കുന്നു
സ്വന്തം വന്ധ്യത
മൂടി വെക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു ശാന്തമായി.

അതിഭാവുകത്തത്തിന്റെ ഭ്രാന്തന്‍ ഇമേജുകള്‍ക്കിടയിലും മനംനൊന്തു വന്ധ്യതയിലേക്ക് ഉറ്റുനോക്കി കരയുന്ന പെണ്ണത്തം .ഇത്തരം അര്‍ത്ഥതലങ്ങള്‍ തേടി പോവുന്ന ഏറ്റക്കുറച്ചിലുകളുടെ സ്ഥായിമാറ്റങ്ങള്‍ , നന്ദിതയുടെ കവിതകളില്‍ എല്ലാം തന്നെ കാണാം .


പങ്കുവയ്ക്കുമ്പോള്‍
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേര്‍ത്തുവച്ച
നിന്റെ സൂര്യനേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്‌
മനസ്സ് ഉരുകിയൊലിയ്ക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു...

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്

നിന്നെ മറക്കുകയെന്നത് മൃതിയാണെന്ന്
ഞാന്‍ നീ മാത്രമാണെന്ന്...

ഇത്തരം പങ്കുവെക്കലിന്റെ തീവ്രാനുഭവങ്ങളും ഒരു ലാവപ്രവാഹം പോലെ ഉരുകിഒലിച്ചിറങ്ങുന്ന സ്നേഹത്തിന്റെ തീക്ഷണജ്വാലകളും ..ഈ കവിതകളുടെ ഹൃത്തുടിപ്പാണ്.
 

 മൃതിയോളം ചെന്നെത്തി നില്‍ക്കുന്ന മനസ്സിന്റെ അഹംബോധം .അവിടെ നീയും ഞാനും ..നിന്നെ മറക്കലും സ്പടികദര്‍ശിയാണ് . സ്ഫടികത്തില്‍ തീര്‍ത്തൊരു രുദ്രവീണപോലെ നീയും ഞാനും  കവിതയുടെ ബിംബകല്‍പ്പനകളാവുന്നു . ഒരു നേര്‍ത്ത  വികാരത്തിന്റെ കാറ്റിലും ആ വീണക്കമ്പികളില്‍ കവിതയുടെ ദേവരാഗമുണരുന്നു.
 

നിന്നില്‍നിന്നും എന്നെ വേര്‍ത്തിരിക്കാനാവാത്ത അദ്വൈതമാവുന്നു കവിത .
 

സ്വന്തംപ്രേമം പോലെ കവിതയും അവള്‍ക്ക് സ്വകാര്യമായ അനുഭൂതിയായിരുന്നു .
ആ ആത്മഹര്‍ഷം തന്നെ ആയിരിക്കണം പ്രശസ്തിക്ക് പിന്നില്‍ ഓടാതെ ..ആരെയും കാണിക്കാതെ സ്വന്തം ഡയറിയില്‍ കവിതകള്‍ ഒളിപ്പിക്കാന്‍ നന്ദിതയെ പ്രേരിപ്പിച്ചതും .
 

തന്റെ ജന്മദിനം അസ്വസ്ഥയാക്കപ്പെടുന്ന നന്ദിതയുടെ വരികള്‍ ...അമ്മ നല്‍കിയ പാല്‍പ്പായസ മധുരവും  ,  അനിയന്റെ ആശംസകളും,  കൂട്ടുകാരുടെ പൂച്ചെണ്ടുക്കള്‍ക്കുമപ്പുറത്ത്  നിറയാത്ത ആ മനസ്സ്  തേടിഅലഞ്ഞത് അയാളുടെ തൂലികയായിരുന്നു.
അയാള്‍ വലിച്ചെറിഞ്ഞ തൂലിക .

പഴയപുസ്തകക്കെട്ടിനിടയില്‍നിന്നും  ആ തൂലികയവള്‍  കണ്ടെടുക്കുമ്പോഴേക്കും..ആ തൂലികത്തുമ്പിലെ അഗ്നികെട്ടുപോയതായും അവള്‍ അറിയുന്നു .

"ഇളം നീലവരകളുള്ള വെളുത്തകടലാസ്സില്‍
നിന്റെ ചിന്തകള്‍ പോറി വരച്ച്
എനിക്കു നീ ജന്മദിനസമ്മാനം തന്നു .
തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ ,
എന്നെ ഉരുക്കാന്‍ പോന്നവ "

സ്വയം ഉരുകി സമര്‍പ്പണമാകുന്ന പ്രണയത്തിന്റെ മരണത്തോളമെത്തുന്ന അത്മാവിഷ്ക്കാരം നമുക്കീ കവിതകളില്‍ കണ്ടെത്താം  പലപ്പോഴും  .

വേരുകള്‍ തേടി തേടി,  പൊടിഞ്ഞു   മുഖഛായനഷ്ട്ടപ്പെട്ട   തലയോട്ടികളില്‍ നോക്കി നെടുവീര്‍പ്പിടുന്ന വ്യഥിതമായ ഒരു ഹൃദയത്തിന്റെ തേങ്ങല്‍ മരണത്തിന്റെ നെഞ്ചില്‍  മുഖം പൂഴ്ത്തി നന്ദിത ഒളിപ്പിച്ചുവോ ?  .

"നിന്റെ സ്വപനങ്ങളുടെ വര്‍ണശബളിമയില്‍
എന്റെ നിദ്ര നരക്കുന്നതും
നിന്റെ പുഞ്ചിരിയില്‍  എന്റെ കണ്ണീരുനിറയുന്നതും
നിന്റെ നിര്‍വികാരതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടുകൂടിത്തന്നെ ആയിരുന്നു .
എനിക്കു രക്ഷപെടണമെന്നുണ്ടായിരുന്നു  .
പക്ഷെ.. ഞാന്‍ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ .

ആ തടവില്‍ നിന്നും രക്ഷപെടാന്‍ എന്നും അവള്‍ അക്ഷമയായിരുന്നു. അതുത്തന്നെയായിരുന്നിരിക്കണം നന്ദിതയുടെ മനസ്സില്‍ കവിതയുടെ പൂക്കാലം തീര്‍ത്ത സര്‍ഗവേദനയും .



അവള്‍ ഒരു ക്ഷമാപണത്തോടെ വിളിച്ചു പറയുന്നത് കേള്‍ക്കു ..

"ഹേ മനുഷ്യാ നിന്നെ ഞാന്‍ സ്നേഹിക്കുന്നു ..നിന്റെ കരുവാളിച്ച മുഖത്തെ , എല്ലുന്തിയ കവില്‍ത്തടങ്ങളെ , നിന്റെ വെളുത്ത ഹൃദയത്തെ ."( നിണംവാര്‍ന്ന ഹൃദയമോ ?)

ഈ മൂഡതയോര്‍ത്ത് ലോകം അവളെ ഭ്രാന്തിയെന്നു വിളിച്ചട്ടഹസിക്കുന്നത് അവള്‍ കേള്‍ക്കുന്നുണ്ട് .
പക്ഷെ അവളോ ..അവള്‍ക്കീ ലോകം ദൃഷ്ടിപദത്തിലേ ഇല്ല . 

അതെ , നന്ദിതയുടെ ലോകം വേറെ ആയിരുന്നു . സാധാരണക്കാരന്  തികച്ചും അന്യമായ ഒരു കാവ്യലോകം .

മതിലുകള്‍ക്കപ്പുറം ...അവിടെ കണിക്കൊന്ന പൂക്കുന്നു
തിരുവാതിരയും വിഷുവും വന്നു പോകുന്നു
തുളസി കതിരിടുന്നു
തണുപ്പുമായ് തിരകള്‍ എത്തുന്നു .
മിന്നാമിന്നുകള്‍ നിശബ്ദമായ് പാടുന്നു
തെച്ചിക്കാടുകളും , മന്ദാരവും തളിര്‍ക്കുന്നു ..ഉണരുന്നു .

 നന്ദിതയുടെ ഗുല്‍മോഹര്‍ മാത്രം  പൂക്കാതെ ആരെയോ കാത്തുകാത്തിരിക്കുന്നു .

ആരെയായിരുന്നു  അത് ? ഏതു സൂര്യനെയായിരുന്നു അവള്‍ കാത്തിരുന്നത്  ? ഏതു കുഞ്ഞികാറ്റിന്റെ കാലൊച്ചയായിരുന്നു അവള്‍ കാതോര്‍ത്തത് ? 

മനസ്സിലൊഴുകിയ വേദനയുടെ നീരത്രയും വലിച്ചെടുത്തു വിരിഞ്ഞ  നന്ദിത എന്ന താമരപ്പൂവിനെ  പൊട്ടിച്ചിരിപ്പിക്കാന്‍ ഏതു സൂര്യജ്ജ്വാലക്കായിരിക്കും കഴിഞ്ഞിരിക്കുക ? ആ ജ്ജ്വാലയില്‍ സ്വയം കത്തിയമരാനായി ഒരു കുഞ്ഞികാറ്റിന്റെ മൃദുതാണ്‍ഡവം  അവളാഗ്രഹിച്ചോ? ആ ദൈവത്തിനു മുന്നില്‍  ജന്മംത്തന്നെ ഒരു നൈവേദ്യമായ് അര്‍പ്പിക്കയായിരുന്നോ നന്ദിത ചെയ്തത് ?

"എള്ളും എണ്ണയും ഒഴിച്ചെന്റെ  ചിതയെരിക്കുമ്പോള്‍
അഗ്നി ആളിപ്പടരാന്‍ , വീശിയടിക്കുന്ന കാറ്റായ്
ജ്വലിക്കുന്നൊരു മനസ്സും "

സ്വന്തം ചിതയില്‍ എള്ളും പൂവും അര്‍പ്പിച്ചു സാഗരത്തിന്റെ അനന്തതയില്‍ മുങ്ങി ,സ്വപ്നങ്ങളുടെ ഒരുപിടി പൂക്കള്‍ തലയ്ക്കുമുകളിലൂടെ ഒഴുക്കി കളയുന്ന ... മരണോപസന പലപ്പോഴും നമ്മെ അതിശയിപ്പിക്കുന്നു  . ചങ്കില്‍ ഘനമായി തടയുന്ന ഒരു ഗദ്ഗദമാക്കി മാറ്റുന്നു ഈ കവിതകളെ .

"അരുത്  എന്നെ വെറുതെ വിടൂ .
എന്നെ ഉറങ്ങാന്‍ അനുവദിക്കു
സ്വപ്നങ്ങളില്‍ എന്റെ അമ്മയുണ്ട്‌
കണ്ണുകള്‍ കൊണ്ടെന്നെ  മുറിപ്പെടുത്താതെ
നിഷേധത്തിനിനി അര്‍ത്ഥമില്ല
ഞാന്‍ സമ്മതിക്കുന്നു
എനിക്കു തെറ്റുപറ്റി ."

ജനനം എന്ന വലിയതെറ്റിന്റെ പ്രായശ്ചിത്വം , സ്വപനത്തില്‍മുക്കിയ കവിതയുടെ പൂവിതളുകള്‍ മരണത്തിനു രഹസ്യപൂജയായി അര്‍പ്പിച്ചായിരുന്നോ നന്ദിത ചെയ്തിരുന്നതെന്ന് സംശയിച്ചുപോവുന്നു .
അന്തിവെളിച്ചത്തിലേക്ക് എല്ലാം തട്ടിമാറ്റി അവള്‍ നടന്നു പോവുന്നത്  ഓരോ കവിതയിലും കാണാം .

എന്റെ വൃന്ദാവനം
ഇന്ന്
ഓര്‍മകളില്‍ നിന്നെ തിരയുകയാണ്
അതിന്റെ ഒരു കോണിലിരുന്നു
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുക്കയും .
ഹൃദയവും മനസ്സും രണ്ടാണെന്നോ ?

ജന്മാന്തരങ്ങളിലൂടെ ഞാന്‍ ആ ആലാപനം കേള്‍ക്കുന്നു .

തണുത്ത പച്ചയുടെ ഗന്ധമുളള
വേദന പൂത്തു വിരിയുന്നു
അലിവിന്‍ നിറവായി ,
എന്നെ പൊതിയുന്ന സുഗന്ധത്തില്‍
ഞാന്‍ അലിഞ്ഞു ചേരുകയാണ് .

കല്‍ക്കിയെ ഭയന്നിട്ടെന്നപോലെ
പടിഞ്ഞാറു ദിക്കില്‍ എരിഞ്ഞമര്‍ന്ന നീ
എന്നെ പെരുവഴിയില്‍ തനിച്ചാക്കി :
എങ്കിലും 
ഇരുളിലെവിടെയോ
ഒരു ഓടക്കുഴലിന്റെ മുറിവുകള്‍
തേങ്ങുമ്പോള്‍
നീ വരുമെന്ന്
ഞാന്‍ വെറുതെ ആശിച്ചു പോകുന്നു .
സ്വാന്തന ഗീതവുമായി
നീ തിരിച്ചു വന്നുവെന്ന്
ഞാന്‍ വെറുതെ ആശിച്ചു പോവുന്നു .

നീ വരില്ലേ നന്ദിതാ ?

ഇവിടെ ജീവസ്പന്ദനമില്ലാത്ത കവിതകളുടെ കബന്ധങ്ങള്‍ ഒന്നിനെക്കൊന്നു , ഒന്നൊന്നായി രക്തബീജനെ പോലെ  നിറഞ്ഞുകവിയുന്നു .

നേര്‍ത്ത നിന്റെ വിരലുകള്‍ കൊണ്ട് കവിതയുടെ ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തുനിന്നും ഒരു സ്വപനം പോലെ ..കടന്നു വരൂ .

ഞാന്‍ ഉറങ്ങാതെ കാത്തിരിക്കാം
നെറ്റിയില്‍ ചന്ദനത്തിന്റെ കുളിര്‍മയുമായി
വേനലുകളുടെയും വര്‍ഷങ്ങളുടെയും കണക്കെടുക്കാതെ

നിനക്ക് വേണ്ടി , മരണദേവനോട് ഞാന്‍ വരംചോദിച്ചു കാത്തിരിക്കാം .പകരം വെക്കാം ഞാനെന്റെ ജീവനെ . നിന്നെ തിരിച്ചു തരുമെങ്കില്‍ .

                                                 

                                                    

9/04/2011

എന്റെ നീലചിത്രശലഭം .



ഒറ്റയ്ക്ക് നിന്നൊരു മേഘമേ നീ 
തട്ടി തെറിപ്പിച്ചോ
ആകാശചില്ലു കൊട്ടാരം .
മഴ ..മഴ ..ഒരു ചില്ലു മഴയിതാ.

കാറ്റില്‍ ദൂരെ ദൂരെ പറന്നുയര്‍ന്നോരെന്‍
കടലാസുപ്പട്ടത്തെ ആദ്യം നനച്ചു നീ 
കണ്ണുരുട്ടി നിന്നെ പേടിപ്പിക്കുംമുന്നവേ 
കണ്ണില്‍ തറച്ചു വീണു; നീ.. മഴ .

 നാട്ടുമാവിലെ കുഞ്ഞുമൈനക്ക് 
നോട്ടം തെറ്റി വീണതോ 
മുറ്റം പരന്നുപൊഴിഞ്ഞ നിന്‍ 
മുത്തുപോലുള്ള ആലിപഴങ്ങള്‍ .

കാറ്റിന്‍ തൂവിരല്‍പ്പിടിച്ചു നീ ചാഞ്ചാടി
നേര്‍ത്ത പൂമ്പട്ടായ്‌ എന്നെ പൊതിയുമ്പോള്‍ 
 സംശയിപ്പിതു  ഇന്നുഞാനും ;
തന്നുവിട്ടതോ മുത്തശ്സന്‍ നിന്‍ കയ്യില്‍ 
മാനത്തെ നെയ്തുശാലയില്‍ നിന്നും 
മറക്കാതെ എനിക്കേകാനൊരു 
മുണ്ടുംനേര്യതും ഓണകോടിയായി .

കാട്ടുപുല്ലിനു വൈഡൂര്യകമ്മലേകി നീ 
നാട്ടുമുല്ലയെ താലിയും  കെട്ടി .
പക്കമേളത്തിനെത്തി ഇടിയും ,
ഫോട്ടോ എടുക്കുന്നിതാരു മിന്നലോ ?

കാട്ടരുവി ഒരുക്കി രാവിന്‍ 
നിലാമഴയില്‍ നിനക്കായ്‌ വെന്‍മെത്ത
നീ തഴുകി ഒഴുകിയ പനിനീര്‍ദളങ്ങള്‍ 
നല്ല പനീര്‍ വീശുന്നിതാ നിനക്കായ് .
നൃത്തമാടുന്നു മുളംകൂട്ടവും ..
നിന്റെ പാട്ടില്‍ ലയിച്ചങ്ങിനെ .

നിന്റെ ചുംബനം ഏറ്റുവിരിയുന്നിതാ 
കാട്ടുമുല്ല പൂവിനിതളുകള്‍
നിന്റെ കല്യാണരാത്രി  മേളങ്ങളില്‍ 
ഒറ്റവ്യാധിമാത്രം അലട്ടുന്നു എന്നെയും ,
പൂക്കാരി മുല്ല തണലില്‍ വരാറുള്ള 
എന്റെ നീലച്ചിത്രശലഭത്തിന്‍
നേര്‍ത്ത ചിറകരുകുകളില്‍ 
നിന്‍നഖച്ചില്ലുകള്‍  പോറി നൊന്തിരിക്കുമോ
ആവോ  ?