9/05/2011

നന്ദിതക്കായി .

സ്വപനം നട്ടുവളര്‍ത്തിയ അരളിപ്പൂക്കള്‍  ഇറുത്തെടുത്ത് അവള്‍ പൂപ്പാത്രമൊരുക്കി .
വിളര്‍ത്ത പൌര്‍ണമിയുടെ നിറമുള്ള അവള്‍ക്ക് കണ്ണുകളിലും ആ നിറനിലാവായിരുന്നു.

ഇതു നന്ദിത  .

1969 മേയ് 21നു ജനനം .അച്ഛന്‍  എം .ശ്രീധരമേനോന്‍ , അമ്മ  പ്രഭാവതി എസ് മേനോന്‍ . സഹോദരന്‍ പ്രശാന്ത് കെ . എസ് .
ഗവ : ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ ചാലപ്പുറം , ഗുരുവയുരപ്പന്‍ കോളേജ് ,ഫാറുക്ക് കോളേജ് , കാലിക്കറ്റ്‌ യൂണിവേര്സിറ്റി , മദര്‍തെരേസ്സ വിമന്‍സ് യുണിവേര്‍സിറ്റി ചെന്നെ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം .

നന്ദിതയുടെ കവിതകള്‍ , നന്ദിതയുടെ മരണശേഷം മാത്രമാണ് ലോകം കാണുന്നത് . മലയാളത്തിലും ഇംഗ്ലീഷിലും അനായാസം എഴുതാന്‍ കഴിയുമായിരുന്ന നന്ദിത അച്ഛനമ്മമാരേയോ , എന്തിനു അനുജനെവരെ കാണിക്കാതെ ഇതു രഹസ്യമാക്കിവെച്ചു(?).

ഒരു ദിവസം ..ജനുവരി 17 , 1999 ആ കവിതകളുടേയും, വിഹ്വലതകളുടെയും ജീവിത പുസ്തകം അടച്ചുവെച്ചു ജീവിതം അവസാനിപ്പിക്കുകയായിരുന്നു നന്ദിത ചെയ്തത്.
 അന്ന് രാത്രി കിടക്കാന്‍ പോകുന്നതിനു മുമ്പ് അമ്മയോട് നന്ദിത പറഞ്ഞു :
 "അമ്മേ ഒരു ഫോണ്‍ വരും . ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തോളാം എന്ന് .
അര്‍ദ്ധരാത്രി എന്തോ ശബ്ദംകേട്ടു അമ്മ ചെന്നു നോക്കുമ്പോള്‍ ടെറസ്സില്‍ നിന്നും താഴോട്ടേക്ക് കെട്ടിയ ഒരു സാരി തുമ്പില്‍ നന്ദിതയുടെ ജീവനറ്റ ശരീരം മാത്രം .

പഠിക്കാന്‍ മിടുക്കിയും ..സുന്ദരിയും ആയിരുന്ന നന്ദിത വയനാട്ടില്‍ വീടിനടുത്തുള്ള ഒരു മുസ്ലിം ഓര്‍ഫനേജ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക ആയിരുന്നു . അതുവരെ ഒരു പൂത്തുമ്പി പോലെ പാറി നടന്നിരുന്ന നന്ദിത വീട്ടുകാരുടെ എതിര്‍പ്പിനെ വകവെക്കാതെ അവള്‍ക്കു തീരെ യോജിക്കാത്ത ചുറ്റുപാടിലുള്ള ഒരാളെ വിവാഹം കഴിക്കുകയായിരുന്നു. ബത്തേരിക്കാരനായ അജിത്തിനെ . അതായിരിക്കണം നന്ദിതയുടെ ജീവിതത്തിലെ വഴിതിരുവും.


നീണ്ട യാത്രയുടെ ആരംഭത്തിലേ  അവളിലെ യൌവ്വനത്തിന്റെ ത്രസിപ്പുപോലെ, കടിഞ്ഞാണ്‍ നഷ്ട്ടപ്പെട്ട  തീവ്രവികാരകുതിരക്കുതിപ്പുകള്‍ ..സ്നേഹശൈത്യത്തിന്‍ തീക്കനലുകളില്‍  കാല്‍പൊള്ളിനില്‍ക്കുന്നതും കാണാം .

ഡയറിയില്‍ 1985 ഇല്‍ എഴുതിക്കാണുന്ന ആദ്യ കവിത ഒരുതരം ഭ്രമാവസ്ഥയുണര്‍ത്തുന്നതാണ് .

"കാറ്റ് ആഞ്ഞടിക്കുന്നു
കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നു
ഞാന്‍ ആളിപ്പടരുന്നു.
മുടി കരിഞ്ഞമണം
അസ്ഥിയുടെ പൊട്ടലുകള്‍ ചീറ്റലുകള്‍
ഉരുകുന്നു മാംസം
ചിരിക്കുന്ന തലയോട്ടി
ഞാന്‍ ചിരിക്കുന്നു
സ്വന്തം വന്ധ്യത
മൂടി വെക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു ശാന്തമായി.

അതിഭാവുകത്തത്തിന്റെ ഭ്രാന്തന്‍ ഇമേജുകള്‍ക്കിടയിലും മനംനൊന്തു വന്ധ്യതയിലേക്ക് ഉറ്റുനോക്കി കരയുന്ന പെണ്ണത്തം .ഇത്തരം അര്‍ത്ഥതലങ്ങള്‍ തേടി പോവുന്ന ഏറ്റക്കുറച്ചിലുകളുടെ സ്ഥായിമാറ്റങ്ങള്‍ , നന്ദിതയുടെ കവിതകളില്‍ എല്ലാം തന്നെ കാണാം .


പങ്കുവയ്ക്കുമ്പോള്‍
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേര്‍ത്തുവച്ച
നിന്റെ സൂര്യനേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്‌
മനസ്സ് ഉരുകിയൊലിയ്ക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു...

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്

നിന്നെ മറക്കുകയെന്നത് മൃതിയാണെന്ന്
ഞാന്‍ നീ മാത്രമാണെന്ന്...

ഇത്തരം പങ്കുവെക്കലിന്റെ തീവ്രാനുഭവങ്ങളും ഒരു ലാവപ്രവാഹം പോലെ ഉരുകിഒലിച്ചിറങ്ങുന്ന സ്നേഹത്തിന്റെ തീക്ഷണജ്വാലകളും ..ഈ കവിതകളുടെ ഹൃത്തുടിപ്പാണ്.
 

 മൃതിയോളം ചെന്നെത്തി നില്‍ക്കുന്ന മനസ്സിന്റെ അഹംബോധം .അവിടെ നീയും ഞാനും ..നിന്നെ മറക്കലും സ്പടികദര്‍ശിയാണ് . സ്ഫടികത്തില്‍ തീര്‍ത്തൊരു രുദ്രവീണപോലെ നീയും ഞാനും  കവിതയുടെ ബിംബകല്‍പ്പനകളാവുന്നു . ഒരു നേര്‍ത്ത  വികാരത്തിന്റെ കാറ്റിലും ആ വീണക്കമ്പികളില്‍ കവിതയുടെ ദേവരാഗമുണരുന്നു.
 

നിന്നില്‍നിന്നും എന്നെ വേര്‍ത്തിരിക്കാനാവാത്ത അദ്വൈതമാവുന്നു കവിത .
 

സ്വന്തംപ്രേമം പോലെ കവിതയും അവള്‍ക്ക് സ്വകാര്യമായ അനുഭൂതിയായിരുന്നു .
ആ ആത്മഹര്‍ഷം തന്നെ ആയിരിക്കണം പ്രശസ്തിക്ക് പിന്നില്‍ ഓടാതെ ..ആരെയും കാണിക്കാതെ സ്വന്തം ഡയറിയില്‍ കവിതകള്‍ ഒളിപ്പിക്കാന്‍ നന്ദിതയെ പ്രേരിപ്പിച്ചതും .
 

തന്റെ ജന്മദിനം അസ്വസ്ഥയാക്കപ്പെടുന്ന നന്ദിതയുടെ വരികള്‍ ...അമ്മ നല്‍കിയ പാല്‍പ്പായസ മധുരവും  ,  അനിയന്റെ ആശംസകളും,  കൂട്ടുകാരുടെ പൂച്ചെണ്ടുക്കള്‍ക്കുമപ്പുറത്ത്  നിറയാത്ത ആ മനസ്സ്  തേടിഅലഞ്ഞത് അയാളുടെ തൂലികയായിരുന്നു.
അയാള്‍ വലിച്ചെറിഞ്ഞ തൂലിക .

പഴയപുസ്തകക്കെട്ടിനിടയില്‍നിന്നും  ആ തൂലികയവള്‍  കണ്ടെടുക്കുമ്പോഴേക്കും..ആ തൂലികത്തുമ്പിലെ അഗ്നികെട്ടുപോയതായും അവള്‍ അറിയുന്നു .

"ഇളം നീലവരകളുള്ള വെളുത്തകടലാസ്സില്‍
നിന്റെ ചിന്തകള്‍ പോറി വരച്ച്
എനിക്കു നീ ജന്മദിനസമ്മാനം തന്നു .
തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ ,
എന്നെ ഉരുക്കാന്‍ പോന്നവ "

സ്വയം ഉരുകി സമര്‍പ്പണമാകുന്ന പ്രണയത്തിന്റെ മരണത്തോളമെത്തുന്ന അത്മാവിഷ്ക്കാരം നമുക്കീ കവിതകളില്‍ കണ്ടെത്താം  പലപ്പോഴും  .

വേരുകള്‍ തേടി തേടി,  പൊടിഞ്ഞു   മുഖഛായനഷ്ട്ടപ്പെട്ട   തലയോട്ടികളില്‍ നോക്കി നെടുവീര്‍പ്പിടുന്ന വ്യഥിതമായ ഒരു ഹൃദയത്തിന്റെ തേങ്ങല്‍ മരണത്തിന്റെ നെഞ്ചില്‍  മുഖം പൂഴ്ത്തി നന്ദിത ഒളിപ്പിച്ചുവോ ?  .

"നിന്റെ സ്വപനങ്ങളുടെ വര്‍ണശബളിമയില്‍
എന്റെ നിദ്ര നരക്കുന്നതും
നിന്റെ പുഞ്ചിരിയില്‍  എന്റെ കണ്ണീരുനിറയുന്നതും
നിന്റെ നിര്‍വികാരതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടുകൂടിത്തന്നെ ആയിരുന്നു .
എനിക്കു രക്ഷപെടണമെന്നുണ്ടായിരുന്നു  .
പക്ഷെ.. ഞാന്‍ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ .

ആ തടവില്‍ നിന്നും രക്ഷപെടാന്‍ എന്നും അവള്‍ അക്ഷമയായിരുന്നു. അതുത്തന്നെയായിരുന്നിരിക്കണം നന്ദിതയുടെ മനസ്സില്‍ കവിതയുടെ പൂക്കാലം തീര്‍ത്ത സര്‍ഗവേദനയും .



അവള്‍ ഒരു ക്ഷമാപണത്തോടെ വിളിച്ചു പറയുന്നത് കേള്‍ക്കു ..

"ഹേ മനുഷ്യാ നിന്നെ ഞാന്‍ സ്നേഹിക്കുന്നു ..നിന്റെ കരുവാളിച്ച മുഖത്തെ , എല്ലുന്തിയ കവില്‍ത്തടങ്ങളെ , നിന്റെ വെളുത്ത ഹൃദയത്തെ ."( നിണംവാര്‍ന്ന ഹൃദയമോ ?)

ഈ മൂഡതയോര്‍ത്ത് ലോകം അവളെ ഭ്രാന്തിയെന്നു വിളിച്ചട്ടഹസിക്കുന്നത് അവള്‍ കേള്‍ക്കുന്നുണ്ട് .
പക്ഷെ അവളോ ..അവള്‍ക്കീ ലോകം ദൃഷ്ടിപദത്തിലേ ഇല്ല . 

അതെ , നന്ദിതയുടെ ലോകം വേറെ ആയിരുന്നു . സാധാരണക്കാരന്  തികച്ചും അന്യമായ ഒരു കാവ്യലോകം .

മതിലുകള്‍ക്കപ്പുറം ...അവിടെ കണിക്കൊന്ന പൂക്കുന്നു
തിരുവാതിരയും വിഷുവും വന്നു പോകുന്നു
തുളസി കതിരിടുന്നു
തണുപ്പുമായ് തിരകള്‍ എത്തുന്നു .
മിന്നാമിന്നുകള്‍ നിശബ്ദമായ് പാടുന്നു
തെച്ചിക്കാടുകളും , മന്ദാരവും തളിര്‍ക്കുന്നു ..ഉണരുന്നു .

 നന്ദിതയുടെ ഗുല്‍മോഹര്‍ മാത്രം  പൂക്കാതെ ആരെയോ കാത്തുകാത്തിരിക്കുന്നു .

ആരെയായിരുന്നു  അത് ? ഏതു സൂര്യനെയായിരുന്നു അവള്‍ കാത്തിരുന്നത്  ? ഏതു കുഞ്ഞികാറ്റിന്റെ കാലൊച്ചയായിരുന്നു അവള്‍ കാതോര്‍ത്തത് ? 

മനസ്സിലൊഴുകിയ വേദനയുടെ നീരത്രയും വലിച്ചെടുത്തു വിരിഞ്ഞ  നന്ദിത എന്ന താമരപ്പൂവിനെ  പൊട്ടിച്ചിരിപ്പിക്കാന്‍ ഏതു സൂര്യജ്ജ്വാലക്കായിരിക്കും കഴിഞ്ഞിരിക്കുക ? ആ ജ്ജ്വാലയില്‍ സ്വയം കത്തിയമരാനായി ഒരു കുഞ്ഞികാറ്റിന്റെ മൃദുതാണ്‍ഡവം  അവളാഗ്രഹിച്ചോ? ആ ദൈവത്തിനു മുന്നില്‍  ജന്മംത്തന്നെ ഒരു നൈവേദ്യമായ് അര്‍പ്പിക്കയായിരുന്നോ നന്ദിത ചെയ്തത് ?

"എള്ളും എണ്ണയും ഒഴിച്ചെന്റെ  ചിതയെരിക്കുമ്പോള്‍
അഗ്നി ആളിപ്പടരാന്‍ , വീശിയടിക്കുന്ന കാറ്റായ്
ജ്വലിക്കുന്നൊരു മനസ്സും "

സ്വന്തം ചിതയില്‍ എള്ളും പൂവും അര്‍പ്പിച്ചു സാഗരത്തിന്റെ അനന്തതയില്‍ മുങ്ങി ,സ്വപ്നങ്ങളുടെ ഒരുപിടി പൂക്കള്‍ തലയ്ക്കുമുകളിലൂടെ ഒഴുക്കി കളയുന്ന ... മരണോപസന പലപ്പോഴും നമ്മെ അതിശയിപ്പിക്കുന്നു  . ചങ്കില്‍ ഘനമായി തടയുന്ന ഒരു ഗദ്ഗദമാക്കി മാറ്റുന്നു ഈ കവിതകളെ .

"അരുത്  എന്നെ വെറുതെ വിടൂ .
എന്നെ ഉറങ്ങാന്‍ അനുവദിക്കു
സ്വപ്നങ്ങളില്‍ എന്റെ അമ്മയുണ്ട്‌
കണ്ണുകള്‍ കൊണ്ടെന്നെ  മുറിപ്പെടുത്താതെ
നിഷേധത്തിനിനി അര്‍ത്ഥമില്ല
ഞാന്‍ സമ്മതിക്കുന്നു
എനിക്കു തെറ്റുപറ്റി ."

ജനനം എന്ന വലിയതെറ്റിന്റെ പ്രായശ്ചിത്വം , സ്വപനത്തില്‍മുക്കിയ കവിതയുടെ പൂവിതളുകള്‍ മരണത്തിനു രഹസ്യപൂജയായി അര്‍പ്പിച്ചായിരുന്നോ നന്ദിത ചെയ്തിരുന്നതെന്ന് സംശയിച്ചുപോവുന്നു .
അന്തിവെളിച്ചത്തിലേക്ക് എല്ലാം തട്ടിമാറ്റി അവള്‍ നടന്നു പോവുന്നത്  ഓരോ കവിതയിലും കാണാം .

എന്റെ വൃന്ദാവനം
ഇന്ന്
ഓര്‍മകളില്‍ നിന്നെ തിരയുകയാണ്
അതിന്റെ ഒരു കോണിലിരുന്നു
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുക്കയും .
ഹൃദയവും മനസ്സും രണ്ടാണെന്നോ ?

ജന്മാന്തരങ്ങളിലൂടെ ഞാന്‍ ആ ആലാപനം കേള്‍ക്കുന്നു .

തണുത്ത പച്ചയുടെ ഗന്ധമുളള
വേദന പൂത്തു വിരിയുന്നു
അലിവിന്‍ നിറവായി ,
എന്നെ പൊതിയുന്ന സുഗന്ധത്തില്‍
ഞാന്‍ അലിഞ്ഞു ചേരുകയാണ് .

കല്‍ക്കിയെ ഭയന്നിട്ടെന്നപോലെ
പടിഞ്ഞാറു ദിക്കില്‍ എരിഞ്ഞമര്‍ന്ന നീ
എന്നെ പെരുവഴിയില്‍ തനിച്ചാക്കി :
എങ്കിലും 
ഇരുളിലെവിടെയോ
ഒരു ഓടക്കുഴലിന്റെ മുറിവുകള്‍
തേങ്ങുമ്പോള്‍
നീ വരുമെന്ന്
ഞാന്‍ വെറുതെ ആശിച്ചു പോകുന്നു .
സ്വാന്തന ഗീതവുമായി
നീ തിരിച്ചു വന്നുവെന്ന്
ഞാന്‍ വെറുതെ ആശിച്ചു പോവുന്നു .

നീ വരില്ലേ നന്ദിതാ ?

ഇവിടെ ജീവസ്പന്ദനമില്ലാത്ത കവിതകളുടെ കബന്ധങ്ങള്‍ ഒന്നിനെക്കൊന്നു , ഒന്നൊന്നായി രക്തബീജനെ പോലെ  നിറഞ്ഞുകവിയുന്നു .

നേര്‍ത്ത നിന്റെ വിരലുകള്‍ കൊണ്ട് കവിതയുടെ ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തുനിന്നും ഒരു സ്വപനം പോലെ ..കടന്നു വരൂ .

ഞാന്‍ ഉറങ്ങാതെ കാത്തിരിക്കാം
നെറ്റിയില്‍ ചന്ദനത്തിന്റെ കുളിര്‍മയുമായി
വേനലുകളുടെയും വര്‍ഷങ്ങളുടെയും കണക്കെടുക്കാതെ

നിനക്ക് വേണ്ടി , മരണദേവനോട് ഞാന്‍ വരംചോദിച്ചു കാത്തിരിക്കാം .പകരം വെക്കാം ഞാനെന്റെ ജീവനെ . നിന്നെ തിരിച്ചു തരുമെങ്കില്‍ .

                                                 

                                                    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.