5/09/2010

അമ്മക്ക്!


 അമ്മേ  നീ ഒരു കവിത പോലെ ....
നീല നേത്രങ്ങള്‍ അലയില്ല സാഗരങ്ങള്‍ ..
കുന്നു ചില്ലികള്‍ ഉരുമ്മുന്ന നെറ്റിത്തടം ..
തിങ്കള്‍ കല പോലെ ..!
നിന്‍ നിശ്വാസ കാറ്റോ......
വസന്ത രാവിലെ കുളിര്‍ തെന്നല്‍ പോലെ..!
കാര്‍മുകിലുകള്‍ നിന്‍  കാര്‍കൂന്തല്‍...

പെയ്തിറങ്ങും മഴ നിന്‍ കാരുണ്യാമൃതം!
സൂര്യ ബിംബം നിന്‍ നെറ്റി സിന്ദൂരം !
മിന്നലുകള്‍ നിന്‍ ചിരി !
നിന്‍ പുരിക കൊടികളല്ലോ മാരിവില്ലുകള്‍ !
നിന്‍ മോഹങ്ങള്‍ ജനുവരിയിലെ-
ചേമന്തി പാടങ്ങള്‍ ‍...!
സഹ്യനും ഹിമവാനും നിന്‍ മാറിലെ
ജീവ വാഹിനികള്‍ .
നിന്‍ പ്രണയം ഗംഗയല്ലോ ?
നക്ഷത്ര ഹാരം നിന്‍ മാറില്‍ താലി മാല.
അരുവിപോല്‍ അരഞ്ഞാണം ചിരിയമര്‍ത്തും ..
ത്രി ലോകവും പ്രണമിക്കും പൊന്നരയില്‍
കാമത്തിന്‍ പാപങ്ങളെ മുങ്ങി നിവര്‍ത്തി നീ -
പവിത്രമാം ശ്രീകോവില്‍ പ്രതിഷ്ഠയാക്കിടുന്നു.
നെഞ്ചകം പൊട്ടി ഞാന്‍ കേഴും ഇരുട്ടില്‍
കാരുണ്യ കാറ്റായി തഴുകുകില്ലെ ?
എങ്ങും നിറയും നിന്‍ സാമിപ്യ സ്വാന്ത്വനം
നെറുകയില്‍ പൊന്നുമ്മയായ് നീ ഏകിയാലും!
ജീവന സങ്കല്പ സ്മൃതികളിലെന്നും -
പാടാത്ത തരാട്ടായ് വരൂ നീ ജനനി.
കൈകളില്‍ എന്‍ ജീവന്റെ അമൃത കുംഭവുമായിനീ ..
ധരണിയില്‍ വന്നു ഇട്ടുടച്ചു പോയോ..?
വന്നു തിരിച്ചെടുക്കുക നീയെന്റെ -
താപവും മോഹവ്യഥകളും പേറുമീ ..
അനാഥമായൊരു വ്യര്‍ത്ഥ ജന്മം.
അമ്മേ ! നിന്‍ ചെന്‍താമര കാല്‍താരില്‍ -
സ്വീകരിച്ചാലും എന്‍ കോടി കോടി പ്രണാമം !

,





5/06/2010

പ്രണയം



പ്രണയം ഒരു മാരിവില്ല്...
കയ്യെത്തും ഇടതെന്നു തോന്നുന്ന
ഒരു കാണാ മാരിവില്ല്.
പെയ്യുന്നത് എഴുവര്‍ണങ്ങളാവാന്‍
മഴനൂല്‍  നെയ്യുന്ന മാരിവില്ല് .
ഒരു കാറ്റില്‍..ഒരു മഴയില്‍
മാഞ്ഞേ പോകുന്ന പാവം  മാരിവില്ല്.

പ്രണയം പൂ മഴ പോലെ ......
പാതിരാകനവിന്റെ മുറ്റത്ത്‌
അത് പനിനീര്‍ പൂക്കള്‍ വിരിയിച്ചു .
ഒരു വസന്ത കാലത്തിന്റെ സുഗന്ധം
ഒരു നാഴികയില്‍ തീര്‍ത്തു -
ഒടുവില്‍ വേനലിലേക്ക് ;
നടന്നിറങ്ങി പോയ ഋതുവായ്!

പ്രണയം ഒരു കവിത പോലെ ....
നിലാവിന്‍ നേര്‍ത്ത വിരല്‍തുമ്പാല്‍ - 
അത് വൃത്തഭംഗികള്‍ തീര്‍ത്തു.
വരികളില്‍ പൌര്‍ണമികള്‍ ഒളിച്ചു വെച്ചു.
വൃദ്ധിഭംഗത്തില്‍ തകരുന്ന -
തിങ്കളായ് ഒടുവില്‍ മാഞ്ഞു.

പ്രണയം ഒരു കടല്‍ പോലെ...
കാണാകരയിലേക്ക്
അത് കടലാസ് വഞ്ചി ഇറക്കി.
തിരകളില്‍ മറഞ്ഞു പോകുവോളം
തീരാതെ.. നോക്കി നിന്നു വിതുമ്പി .

പ്രണയം ഒരു തീരാ വ്യഥ പോലെ ...
പ്രാണന്റെ തന്ത്രികളില്‍
ശ്രുതി തകരുവോളം വിരലമര്‍ത്തി .
തണിര്‍ത്ത വിരലുകളിലെ തണുപ്പായ്
കരളിലെ നീലാംബരി രാഗമായ് തുടിച്ചു.

പ്രണയം ഉത്തരം കിട്ടാത്ത കടംകഥ
വാക്കുകളിലെ കുരുക്കില്‍
തകരുന്ന  ഉത്തരം കാത്ത്
മറുഭാഷക്കായ് വ്യര്‍ത്ഥം ....
ജന്മാന്തരങ്ങളോളം കാത്തിരിക്കും-
പ്രണയം കടംകഥ മാത്രം.
****************************************

5/05/2010

വൃദ്ധിഭംഗം


ഓരോ കല്പടവിലെ വഴുവഴുപ്പിലും
കൈതന്നു കൂടെ വന്നു നീ............
നിന്റെ കൈയില്‍ വസന്തത്തിന്റെ ചേമന്തി പൂക്കള്‍
ഞാന്‍ തൊടുംവേളയില്‍ അവയുടെ ഞെട്ടറ്റു -
അവയോടൊപ്പം ഞാനും ,
കല്പടവുകളില്‍ തെന്നി തെന്നി -
പ്രണയത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍
പിടിവള്ളിയില്ലാതെ പതിക്കുമെന്നറിയാം!.

നീ എന്നും മഴയായി പെയ്യുന്ന കല്പടവുകളില്‍
എന്റെ പ്രണയത്തിന്റെ പാലാഴി ,
 ഒഴുകി നീങ്ങുകയായിരുന്നു കടമ്പ്പൂക്കളെ-
ആകാശത്തിന്റെ നീലകാടുകള്‍ക്കേകാന്‍ .
അവ നിന്റെ കാര്‍വര്‍ണവും..പുഞ്ചിരിയും 
ആവാഹിച് ഒഴുകി പോയി.....

ആലിലയായത് എന്റെ ഹൃദയം -
നീ കാല്‍വിരല്‍ ഉണ്ടപോളും-
ചെഞ്ചുണ്ടില്‍ ഓടകുഴല്‍ ചേര്‍ത്ത് വെച്ചപോളും-
ഓളങ്ങള്‍ ഇളകിയത് -
പൂപോല്‍ , പൊന്നുപോല്‍ .. 
ചേര്‍ത്തു വെച്ചൊരെന്‍ -
ശുദ്ധസങ്കല്പ ഹൃതടതിങ്കല്‍ .

ഒരേ സമയം വെറുപ്പും
സ്നേഹവും തരുന്ന നിന്റെ പ്രണയത്തില്‍
കളഞ്ഞു പോവുന്നതത്രയും
എന്റെ കുഞ്ഞിക്കുരു മോഹങ്ങള്‍ മാത്രം.
കായാമ്പൂ കണ്ണിലെ മോഹപിച്ചകങ്ങള്‍
എന്നുമെന്‍ കനവില്‍ പടരുന്ന 
താരകമുല്ലകളല്ലോ ?

ശൈശവ സ്വപ്നമായ് നീ 
 ചുരക്കാത്ത മാറിലെ വെണ്ണയുണ്ടു ..
 കുഞ്ഞരി പല്ലിനാല്‍ മുദ്രയൊരുക്കി.
കൌമാര കാല്‍തള കിലുക്കി കിലുക്കി -
 മോഹത്തിന്‍ കാലിമേച്ചു നടന്നു.
യൌവ്വന വൃന്ദാവനിയില്‍ നീ ...
രാസകേളിയാടിയാടി തിമിര്‍ത്തു.

ഞാന്‍ തേടിയ പ്രണയത്തിന്‍ പൂവേതോ ?
ഹേയ്‌...നരന്‍ ...നീ വരൂ
വീണ്ടും ഈ പ്രണയത്തിന്‍ വെയിലാറും മുമ്പേ ...
വീണ്ടും ശിശിരത്തിലെ പാച്ചോറ്റി പൂ പറിക്കാന്‍  ...!!!
വീണ്ടും നിലാവൊരു വൃദ്ധിഭംഗത്തില്‍ എത്തും മുന്നേ ..
പീതാംബരധരീ ! നീ വരൂ! .....

സപ്തസാഗരവും തകര്‍ത്ത്‌...
സമസ്ത സ്വപ്നകൂടുകളും തകര്‍ത്ത്‌...
സപ്താശ്വാരൂഡനായി നീ വരൂ...നരന്‍ !
സ്വര്ഗാനുരാഗ കുങ്കുമസീമയില്‍..
സൌവര്‍ണ സിംഹാസനമേറാന്‍ .
സങ്കല്പ സാമ്രാജ രാജകുമാരന്‍ -
നീ മാത്രം മതി എന്നും.

നരന്‍...!


ഹേയ് നരന്‍...
നീയില്ല എങ്കില്‍
ഉദിക്കില്ല സൂര്യന്‍
ഉഷസ്സില്ല കിഴക്ക്,
ഉരുകില്ല ഭൂമി ,
ഉയരില്ല കാര്‍മുകില്‍ ,
പെയ്യില്ല മഴയും-
വീശില്ല കാറ്റും,
താനേ അടയും വാസന്ത ജാലകം .
കാണാകിനക്കള്‍ കിനാ തേടി അലയും -
ഉറയും മുത്തും, പവിഴവും, കൃഷ്ണമണികളും.

അല്ലയോ നരന്‍..
ഇല്ലിനി സ്വപ്ന ജഗത്തും മനസ്സും
ഇല്ലിനി അസ്തമയ ചുവപും
ഇല്ല ഒരു രാഗം അനുരാഗവും.
ഇല്ലില്ല നീല നിലാവിന്‍ തഴപായ-
ഇല്ല ഒരു നക്ഷത്ര തിലകം നിശയിലും

ഇല്ല ജീവമന്ത്രം , തുടിക്കും കാമവും
ഇല്ല കിളിര്‍ക്കും ജീവനും സ്നേഹവും..
ഇല്ല പഞ്ചഭൂതവും ,പത്മരാഗവും .
ഇല്ല കിളികൊന്‍ചലും പുഞ്ചിരി ചുണ്ടും
ഇല്ലില്ല മൃതിയും കണ്ണീരുണങ്ങും പൂകവിളും
ഇല്ലൊരു തപ്ത നിശ്വാസം പോലുമിനി

നീ തന്നെ മോക്ഷവും സൃഷ്ടി സ്ഥിതികളും -
നീ തന്നെ സ്വര്‍ഗ്ഗ നരകവും.
നിന്നില്‍ തുടങ്ങുന്നു ഞാനും നീയും
നിന്നില്‍ അടങ്ങുന്നു സര്‍വവും
നീയെന്ന സത്വവും
ഞാനെന്ന തീരാ വ്യഥ പോലും ഇന്നിനി..