5/31/2011

ഇനി ഒരു നാളിലും




ഈ രാത്രി വിടവാങ്ങി മറയുമ്പോള്‍ ,
തേടുകില്ലിനി ഒരുപാടിഷ്ടം ഞാന്‍ -
ഒരു മഞ്ഞുതുള്ളി പുല്‍നാമ്പില്‍-
തങ്ങി നില്പോളം ,
ഒരു വെയില്‍ നാളം ഇതള്‍ പൊഴിപോളം,
ഒരു മഴയില്‍ മറഞ്ഞിടും
മഴവില്ലിന്‍ പകിട്ടോളം,
ഒരു തീവണ്ടി കൂവിപാഞ്ഞു
മുന്നില്‍ മറഞ്ഞു പോകുവോളം,
പുലരുമ്പോള്‍ കാണും ഒരു കിനാവോളം ,
ഒരു തിരവന്നു മടങ്ങി പോം നൊടിയോളം.


ഒരുപാടിഷ്ടം ഇനി ഞാന്‍ തിരവീല  ഒരുനാളും .
ഒരു മൌനം ജന്മദുഖമായ് പേറിടാന്‍ .
ഒരോര്‍മ പോല്‍ തെളിമിന്നാന്‍ ,
ഒരിക്കല്‍ കണ്ട നീലികുറുഞ്ഞി പൂക്കാലം പോല്‍ -
ഓര്‍മയില്‍ സൂക്ഷിക്കാന്‍ .
ഒരു മിന്നുപോല്‍ തെളിമ മായാതെ-
ചന്ദന ചെപ്പിലിട്ടു പൂട്ടാന്‍  ,
ഒരുപാടിഷ്ടം ഞാന്‍ തിരയിലാ ഇനി ഒരുനാളിലും.

5/21/2011

ഋതുഭേദം .




ഹിമപടലങ്ങളായ് ഓര്‍മ്മകള്‍ 
ഹൃദയം മൂടി പരക്കുമ്പോള്‍
മടുപ്പിന്റെ പുതപ്പില്‍ നിന്നിറങ്ങി ഞാന്‍
കിനാവിന്റെ മഞ്ഞത്ത് ഒറ്റക്കിരിക്കും.

കണ്ണീരിന്‍ കലക്കപുഴ 
കാണാ മുനമ്പുകളില്‍
വേലിയേറ്റംനടത്തുമ്പോള്‍
അഴലിന്റെ ആഴക്കിണര്‍
വെള്ളത്തില്‍ 
മുഖം കഴുകും ഞാന്‍ .

ഘനമൌനം ആറ്റി തണുപ്പിച്ച
ഏകാന്തതയുടെ വിറങ്ങലിപ്പില്‍;
എയര്‍കണ്ടീഷന്‍ അണച്ച്-
ശിരോവസ്ത്രമില്ലാതെ ...
പൊള്ളുന്ന മനസ്സിന്‍-
മരുഭൂവില്‍ 
സായാഹ്ന സവാരിയ്ക്കിറങ്ങും  ഞാന്‍ .

ഇളകാന്‍ മറന്ന -
ഇന്നലെയുടെ  ഏടുകള്‍ ..
തനിച്ചു  മറിച്ചുനോക്കാനാവാതെ-
തള്ളിയിട്ടു കടന്നുപോയ
കടല്‍കാറ്റിനു നേരെ
കയ്യുര്‍ത്തി പിടിയ്ക്കും ഞാന്‍ . .

വന്ധ്യ മേഘങ്ങള്‍
പെയ്തില്ലെന്നാലും ;
സുന്ദരത കാല്‍ത്തട്ടി-
പണ്ട്
പൂവിട്ട  പൊന്നശോക തണലിലേയ്ക്കു
  പാദം കുഴഞ്ഞുവീഴും വരെ
പതിയെ നടക്കും ഞാന്‍  ....

ഉച്ചിയില്‍ കത്തുന്നുണ്ട്
മേട സൂര്യനെങ്കിലും ;
അടികല്ലിനടിയില്‍
ഗാന്ധാരം പാടി ..
നിഴല്‍ നീല വ്യാപ്തികള്‍ ,\
 കൊണ്ടുപോവാറുണ്ടെന്നെ
ഇതുവരെ അറിയാത്ത  ചില
 ഋതു വിസ്മയങ്ങളിലേയ്ക്ക്..

 +

( chithram kadappad googlinodu. )



5/17/2011

പനി.

എന്റെ പൊള്ളുന്ന പനികിടക്കയില്‍ നിന്നും -
നരന്‍ ഞാന്‍ നിന്നോട് ക്ഷമ ചോദിക്കയാണ്.
പ്രണയം പോലെ പൊള്ളുന്ന എന്റെ മുഖം
നീ ഇന്ന് കാണരുതെന്ന് ഞാന്‍ വാശി പിടിച്ചു..

നരന്‍ നീ അറിയുന്നില്ല തീതുപ്പുന്ന വാനവും
പഴുത്തു കിടക്കുന്ന മണല്‍ പരപ്പും
എന്നുളിലെ പനിയെ അരണി കടെഞ്ഞെടുത്ത
അഗ്നിയായ്..സിരകള ല്‍ പടര്‍ത്തുന്നു.

വേനലില്‍ ഇലപോഴിക്കുന്ന മരം പോലെ..
ഓരോ സ്വപ്നലതകളിലും കരിപടരുന്നതും നോക്കി
തിരിച്ചറിവ് ഇല്ലാത്ത ഭൂമികയിലേക്ക്
തര്‍പ്പണമായ ഞാന്‍ ഇതാ ചൊരിയുന്നു.

ആരെന്റെ ആകാശത്തിന്നു തീ വെച്ചു ?
ആരെന്റെ ഭൂമിയില്‍ സൂര്യനായ് ജ്വലിച്ചു
ആരെന്റെ അശ്രുവില്‍ ഉപ്പായ് നിന്നു?
ആരെനറെ ജീവനെ പട്ടടയില്‍ വെച്ചു?
fire Pictures, Images and Photos
നീ വരൂ നരന്‍...നമുക്കീ പനിപുതപ്പിനുള്ളില്‍
ഒരു ചൂടുള്ള സ്വപനം കൊരുക്കാം ..
പനിയുടെ നീല വൃത്തങ്ങള്‍ക്കുള്ളില്‍
പലവുരു നീന്തി തുടിക്കം.

നീയെന്റെ പൊള്ളുന്ന ഏലസ്സിതൊന്നു
തൊട്ടു നോക്കൂ നരന്‍ .....
നൂറ്റൊന്നാവര്‍ത്തി എഴുതി നിറച്ചൊരു
സുദര്‍ശനമന്ത്രവും തീപെട്ടുവോ ..?

നരന്‍ നീ ചുണ്ടോടു ചുണ്ട് ചേര്‍ത്ത് -
നെഞ്ചോടു നെഞ്ച് ചേര്‍ത്ത്,
വലിചെടുക്കെന്റെ സൂര്യ തേജസ്സും
തപിക്കുന്ന നിദ്രതന്‍ തേജസും.

ഇനി ഉണരാത്തൊരു നിദ്രയില്‍ ഞാന്‍
സ്വര്‍ഗത്തിലേക്ക് ഉയരാന്‍ നില്‍ക്കെ..
മരണ നൃത്തം ചവിട്ടി, ചവിട്ടി -
മൃതുന്ജയന്‍ ആവുക നീ നരന്‍ !

ഉള്ളില്‍ നീ ഒളിപ്പിക്കും ..
നോവും നനവും എന്റെ
ദിനരാത്രത്തെ നഷ്ടമാക്കട്ടെയിനി .
പോയ്‌വരൂ നീ ഇനി ...
ഞാനും ഉറങ്ങട്ടെ.....
ഉണരാത്ത ഉണരാത്ത
ആ നിദ്രയില്‍ .

5/09/2011

എന്റെ കണ്ണാടിക്കു ഭ്രാന്താണ് .


എന്റെ കണ്ണാടിക്കു ഭ്രാന്തു പിടിച്ചു 
കുളിച്ചു കണ്ണാടിക്കു മുന്നില്‍ -
ഒരു പൊട്ടു വെക്കാന്‍ നിന്നതായിരുന്നു ,
എന്റെ കണ്ണാടി ഒരു ദേവതയെ 
എനിക്ക് മുന്നില്‍ കൊണ്ടുവന്നു 
അവളുടെ നെറ്റിയില്‍ ഉദിക്കുന്ന 
സൂര്യഗോളം പൊട്ടായി ഉണ്ടായിരുന്നു.
കയ്യിലുള്ള sticker പൊട്ടും വെച്ച് 
ഞാന്‍ പകച്ചു നിന്നു.

എന്റെ കണ്ണാടിക്കു ഭ്രാന്തു പിടിച്ചു !
വീണ്ടും നോക്കുമ്പോള്‍ -
ഒരു വികൃത രൂപം കണ്ണാടിക്കുള്ളില്‍ 
മരിച്ച കണ്ണുകളും കറുത്ത പല്ലുകളും 
ഇനിയൊരിക്കലും നോക്കില്ലെന്നു 
ഉറപ്പിച്ച്ചാലും മനസ്സുറക്കുന്നില.
ഈ പ്രാവശ്യം നോക്കിയപ്പോള്‍ 
അതിനുള്ളില്‍ നിന്നും ഒരു വെടിയുണ്ട 
ചീറിപാഞ്ഞു പുറത്തേക്ക് വരുന്നു.
കണ്ണടച്ചില്ലായിരുന്നെങ്കില്‍-
അതെന്റെ കൃഷ്ണമണികളെ 
കുന്നികുരുക്കളാക്കി മാറ്റിയേനെ!

എന്റെ കണ്ണാടിക്കു ഭ്രാന്തുപിടിച്ചു 
ഇന്നും അതെന്റെ നേര്‍ക്ക് 
ചുവന്ന രക്തത്തില്‍ പൊതിഞ്ഞ 
നീലഹൃദയം എടുത്തു നീട്ടി .
എന്റെ തുറിച്ച കണ്ണുകളെ നോക്കി 
അത് ഞെട്ടി മിടിച്ചു കോണ്ടേ ഇരിക്കുന്നു .
ഞാനിത് എവിടെ വെക്കും ?
ചോര കുഞ്ഞിനെ പോലെ എനിക്കിത് 
മടിയില്‍ വെക്കനാവുമോ ?
പ്രേമത്തോടെ നെഞ്ചോടു ചെര്‍ക്കാനാവുമോ ?

ഇതിലും വലിയ പാരിതോഷികങ്ങള്‍ 
ഭ്രാന്തന്‍ കണ്ണാടി നീട്ടി തരും മുമ്പേ 
ഞാനതിനെ അടിച്ചുടച്ചു .
വീണുടഞ്ഞ ചില്ലുകള്‍ പെറുക്കാന്‍ 
ഞാനെന്റെ തലയിണയിലെ 
പഞ്ഞി മുഴുവന്‍ പുറത്തെടുത്തു .
കുടവയര്‍ കുലുക്കി ചിരിക്കുന്ന -
ചാരനിറമുള്ള ഫാനിന്റെ കൈകള്‍ 
അവയെ മുറിക്കുള്ളില്‍ പറത്തി.

എന്റെ കണ്ണാടിക്കാണ് ഭ്രാന്ത്
എനിക്കല്ല ദയവായി 
എല്ലാവരും ഇത് വിശ്വസിക്കൂ .
എന്റെ കണ്ണാടി ചില്ലുക്കള്‍ക്കിടയില്‍ 
നിറയെ ഭ്രാന്താണ് 
തിളങ്ങുന്ന എല്ലുകള്‍ക്കിടയിലൂടെ 
വയലറ്റ് ചോരയും ഒലിപ്പിച്ചു
ഇപ്പോഴും അതെന്നെ നോക്കി 
ആര്‍ത്തു ചിരിക്കയാണ് .

.