9/29/2011

മുദ്രമോതിരം .

http://www.riveroakdiamonds.co.uk/images/engagement_ring_12.jpg


ഒന്നു നെഞ്ചോടു നീതന്ന ,
മുദ്രമോതിരം ചേര്‍ത്തുവെക്കുമ്പോള്‍ ...
ഉണര്‍ന്നെഴുന്നേല്‍ക്കണം
നിദ്ര വെടിഞ്ഞു ഞാന്‍ .
മെത്ത വിരിപ്പൊരു നിലാതൊട്ടിലാകണം
വേണംതലയിണയായ് വെള്ളി മേഘതുണ്ടും .

പൂത്തിറങ്ങണം നക്ഷത്ര രാവും -
സൗവര്‍ണ്ണകമ്പളം നീട്ടി നിനക്കായ് .
പതിരാമഴയില്‍ പൊഴിയണം
പാടാന്‍ മറന്ന ഈണങ്ങളൊക്കവേ .
പാരിജാത മണവുമായ് തെന്നലും,
പാര്‍ത്തുവെച്ച കിനാവിന്‍ സൌരഭം
പാരിലാകെ നിറച്ചിടീണമന്നേരം .

പാടണം ശ്രുതിമധുരം ഗന്ധര്‍വവീണകള്‍ -
കേട്ടുനൃത്തമാടീടണം അപ്സരവൃന്ദവും .
കാട്ടുചോലക്കും ഇക്കിളികൂട്ടുംരാവിന്‍ -
നേര്‍ത്തമഞ്ഞില്‍ വെണ്‍പട്ടുചേലയില്‍ ..
പ്രിയമോടെ ഉള്ളിലൊളിപ്പിച്ച മോഹങ്ങള്‍
ചെന്താമരമുകുളപുളകങ്ങളാവണം .
നോക്കി നില്‍ക്കുമ്പോള്‍ ...
നൃത്തമാടീടണം സൌരയുഥങ്ങള്‍ ,
മായാമയൂരമാരിവില്‍ ചിറകുമായ് .

അല്പമൊന്നു ഇരുണ്ടു പോവുകില്‍ -
നെഞ്ചോടു ചേര്‍ത്തുവെച്ചിടും ഞാന്‍ ,
അത്രയുംസ്നേഹിച്ചോരീ
അമ്പിളി പൂമുഖമിന്നു -
കണ്ണിലെന്റെ പൊന്‍താരമാകണം .
പ്രപഞ്ചം രംഗവീഥിയൊരുക്കുമീ -
പ്രണയ ജന്മാന്തര കല്പടവുകളൊന്നില്‍ ....
കാലില്‍ കാല്‍ പിണച്ചുവെച്ചു നീ അങ്ങിനെ ,
ഒന്നു ചെരിഞ്ഞെന്റെ കണ്ണില്‍നോക്കിയാ ,
പുല്ലാംകുഴലൊന്നു കയ്യിലെടുക്കുക ...
സാമജമധുരം പാടി നിറയ്ക്കുക
പ്രാണനില്‍ പ്രണയംപിയൂഷധാരയായി !

മൃത്യുവന്നെന്‍ ലോകം മുദ്രവെച്ചടച്ചാലും ...
വിസ്മയമുദ്രമോതിരം നിന്‍ സ്നേഹം
മെല്ലെ നെഞ്ചോടുചേര്‍ത്തെന്നുമേ ...
ഉണര്‍ത്തിടും ഞാനീകിനാവിന്റെസ്പന്ദനം
ഒരുസ്വപ്നമെങ്കിലും സത്യമായിടുംവരെ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.