5/29/2014

രക്ഷകാ! നിന്നെയും കാത്ത് !






,പ്രണയത്തിന്‍റെ ആറാം തിരുമുറിവില്‍

എന്നെ വിശുദ്ധജ്ഞാനം ചെയ്യിച്ചവനേ..

നിന്റെ പേരോ , 

നാടോ, എനിക്കറിയില്ല .

എങ്കിലുമിന്നു നിന്റെ വരവറിയിച്ചൊരു 

പാതിരാ നക്ഷത്രം 

കിഴക്കിന്റെ രക്തമിറ്റുന്ന

മേഘമറയിലേയ്ക്കെനിയ്ക്കു വഴികാട്ടി .


നെഞ്ചകത്തിനാഴത്തിലേയ്ക്കൊരു  മുള്ളാണി

പാപങ്ങളെ പവിത്രമാക്കിക്കൊണ്ടിറങ്ങുന്നത്

കവിത പിറക്കും കാത്തിരിപ്പിന്‍ നിമിഷത്തിലെന്റെ 

ജീവകോശങ്ങളാകെയറിഞ്ഞു .


കരങ്ങള്‍ നീട്ടി നിന്റെ 

ആണി പഴുതില്‍ തലോടുമ്പോള്‍ 

കടന്നുപോയ യുഗങ്ങളിലെ 

കാത്തിരിപ്പിന്‍ സഫലതയറിഞ്ഞു ഞാന്‍ !


മരച്ചില്ലകളില്‍ തിളങ്ങിയ 

മഴവില്‍ അടയാളങ്ങളില്‍ നീയെന്റെ 

പേരെഴുതി ചുംബിക്കുന്നതും കാത്ത് 

നിന്നിലേയ്ക്ക് വാളോങ്ങി 

ഞാന്‍ നില്‍പ്പുണ്ടായിരുന്നു .


ഒരു വെട്ടില്‍ നിന്റെ ഹൃദയത്തോളമിറങ്ങി

ഒരുമിച്ചൊരു ഉയര്‍ത്തെഴുനേല്‍പ്പും 

ആകാശത്തുനിന്നൊരു സ്തുതി ഗീതവും കാത്ത് 

എന്റെ വര്‍ത്തമാനകാലത്തിന്റെ 

നിശ്ചലത ഇന്നിതാ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു .

***********