8/06/2010

ശ്രീഭോതി






വന്നു കര്‍ക്കിടകപുലരി
തുള്ളിക്കൊരുകുടം പേമാരിയുമായ്!
ഇന്നലെ അന്തിക്ക് "പൊട്ടി "പുറത്തുപോയ്‌
വന്നു ശ്രീഭോതിയും വലം കാല്‍വെച്ച് .

ആരു നീ സീതയോ , ലക്ഷ്മിയോ
ശ്രീപാര്‍വതിയോ ,സരസ്വതിയോ?
ചൂടുകവന്നീ ദശപുഷ്പം മുടിയിലും ,
ഒന്നു നോക്കുകീ വാല്‍ക്കണ്ണാടിയില്‍
വരദേ പ്രിയേ .

മുക്കുറ്റി ചാന്തും തൊട്ടു നീ
ഇലക്കുറിയും  അണിഞ്ഞങ്ങിനെ;
മുഗ്ദസൌന്ദര്യ വിഗ്രഹമാവുമ്പോള്‍
മുപ്പത്തിമ്മൂന്നു കോടി ദേവകളും 
പ്രണമിപ്പൂ നിന്നെ ദയിതേ !

പദ്മരാഗദളങ്ങള്‍ വിടരും മിഴിയില്‍ ,
കത്തി നില്‍ക്കുന്നു കര്‍പ്പൂര ദീപങ്ങള്‍ .
കാമനും വിഭ്രമിക്കും നിന്‍വടിവില്‍ _
കോടി താരകള്‍ മിന്നി നില്‍ക്കുന്നുവോ ?

രാമായണ കിളികള്‍ ജപിച്ചിടും
രാമനാമം ....കര്‍ക്കിടകത്തിലും.
ഓര്‍ത്തു പോവുന്നിതാ ..
രാമനാം പുരുഷോത്തമന്‍ -
തന്നുടെ രാഗരാഗിണിയാം സീതയെ

പുഷപവീമാനമേറി ദേവിയും,
ചുറ്റും അഭയം തേടി അലയവേ-
ചെറ്റും കരുത്തോടെ വന്നു ജടായുവും,
ദുഷ്ട ദശാസ്യനോടെതിരിടാന്‍ .

വെട്ടി വീഴ്ത്തും ചിറകുകള്‍ രണ്ടിലും

ചേര്‍ത്ത് കൈവെച്ചു പ്രാര്‍ത്ഥിച്ചു ദേവിയും
"രാമനണയും വരെയും വിട്ടു പോകീല ..
പ്രാണനാം നന്മയും നിന്നെ."

കത്തും പാതിവൃത്തതിന്‍ തീയില്‍
കൈപൊള്ളി നില്‍പിതു രാവണന്‍മാരും.
പുഷ്പവൃഷിടി നടത്തി വഹ്നിയും
അഗ്നി പരീക്ഷണവേളയില്‍ അവള്‍ക്കെന്നും.

തൊട്ട് തീണ്ടരുതിവളെ നിങ്ങള്‍ -
തൊട്ടു പോവുകില്‍ കത്തിടും സാമ്രാജ്യം.
അമ്മയും , പത്നിയും , സോദരിയും ഇവള്‍
പങ്കുവെക്കപെടുകയോ സ്വകാര്യമായ്.

പൂവും..പൊന്നും പകരമായ് നില്‍ക്കില്ല
പ്രണവം പോല്‍ നിന്നെ പൊതിയും മാതാവിനും. 
പൌരുഷവും, പ്രണയവും പകരമാവില്ല -
ജന്മാന്തരങ്ങളില്‍ കൈകോര്‍ക്കും പത്നിക്കും.

അറിയുക  ഇവളുടെ കണ്‍കോണില്‍
അരണി കടഞ്ഞെടുക്കും അഗ്നിയുണ്ട്;
തിരി കൊളുത്തിടാം നിലവിളക്കിനും-
കൊള്ളി വെച്ചിടാം നിന്‍ പട്ടടക്കും.

സീതയും , സാവിത്രിയും
വിശ്വതേജസ്സും ഇവള്‍ തന്നെ
വിശ്വസിക്കുന്നവര്‍ക്ക് വിശ്വം കാക്കും
വിശ്വനാഥന്റെ ജനനിയും ഇവള്‍ തന്നെ.

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.