5/31/2012

മുള്ളുകള്‍ .


ഇരുട്ടില്‍ മിന്നുന്ന ഒരു തണുപ്പ്
കൂര്‍ത്തു കൂര്‍ത്തുവന്നു കാലിനടിയില്‍
തറഞ്ഞു കയറി .
മുനയുടെ സ്നേഹം
വേദനയുടെ ആഴത്തില്‍ നിന്നും
അറിഞ്ഞു വന്നപ്പോഴേക്കും
വലിച്ചെടുക്കാന്‍ ബാക്കി ഇല്ലാതെ
  ഉള്ളില്‍ തറഞ്ഞു .
ഉള്ളിലെവിടെയോ ഇരുന്നു
അവനെന്റെ മാംസം തിന്നു
 തുടുപ്പിച്ചു .
മുറിച്ചു മാറ്റി എടുക്കുമ്പോള്‍
അതുവരെ തടുത്ത വെച്ച
ചുവപ്പും  വേദനയും
പുറത്തായി .
എടുത്തു പുറത്തു കളഞ്ഞാല്‍
പലവേദനകളും മാഞ്ഞേ പോവുമെന്ന്
ആദ്യമറിഞ്ഞതും അന്നായിരുന്നു .

കാലെടുത്തു മടിയില്‍ വെച്ച
അമ്മ പറഞ്ഞത് .
എന്റെ കുട്ടിക്കിപ്പോ
കഷ്ടകാലം എന്നായിരുന്നു .
നോക്കിനിന്ന അച്ഛന്‍ പറഞ്ഞത് ;
പെണ്‍ങ്കുട്ട്യോളായാല്‍
അടക്കം വേണമെന്ന് .
എത്ര അടക്കിയാലും
നീല നീല നഭസ്സിനെ
മഞ്ഞ കോളാമ്പി പൂവിനെ
പച്ചപ്പും മിനുപ്പുമായി
കാറ്റില്‍ ആടിത്തിമിര്‍ക്കുന്ന
മുളങ്കൂട്ടത്തെ ;
അശോകത്തിലും മന്ദാരക്കാറ്റിലും
കവിതയുടെ കടലാവുന്ന
ഒരു കുയിലൊച്ചയെ ;
കല്ലും മുള്ളും താണ്ടി
പുല്‍കാതിരിക്കാന്‍
എനിക്കാവുന്നില്ലല്ലോ ?

കടുത്ത വര്‍ണകൂട്ടില്‍ -
ഓര്‍മകളെന്നു പേരിട്ടു ,
ഇന്നുക്കൂട്ടായി കൂടെ നില്ക്കുന്നു ;
സുഖകരം വേദനയുടെ
കൂര്‍ത്ത ചുംബനങ്ങള്‍മാത്രം .
---------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.