7/16/2011

അറിവ് തൊട്ടാല്‍ പൊട്ടുന്ന നീര്‍കുമിളകള്‍ .

 http://img1.imagehousing.com/18/e0b29fcafb8da11b0e55f31ed227e444.jpg

മഴയായ് പുനര്‍ജനിയില്‍ അറിഞ്ഞു ഞാന്‍
കുളിരല്ല വെറും ജലമാണ് മഴ .
കിനിയും   നനവുകള്‍ പടര്‍ത്തി ....
ഓര്‍മകളുടെ ചതുപ്പുകള്‍ ഒരുക്കാന്‍ മാത്രം .
ഒഴുകി പോകാതെ മലിനമായ് ,
ഒടിഞ്ഞടിയുമവിടെ കനവിന്‍ ചപ്പുംചവറും.

ചിറകു വിടര്‍ത്തി ഉയര്ന്നപോള്‍ -
 അറിഞ്ഞു ഞാന്‍ ,
 സ്ഫടികനീലമല്ലാ  ആകാശവര്‍ണ്ണം  !...
ശുദ്ധശൂന്യമാം നിറരാഹിത്യം.
ഇല്ല മഴവില്‍ കൊട്ടാരങ്ങളും ,
ഇല്ലവിടെ സൂര്യരഥം തെളിക്കാന്‍
സപ്താശ്വവും ..
ഉദയാസതമയ കൊടികൂറകളും ഇവിടെ .
കണ്ടില്ല ഞാന്‍ ...
കാണാന്‍ കൊതിച്ച -
 വെണ്ണകല്ലില്‍ പണിതീര്‍ത്ത ദേവലോകവും .

കറുകപുല്ലായ് നിവരവേ അറിഞ്ഞു
തുഷാരബിന്ദുക്കള്‍ തലകുനിപ്പിക്കും
ഭാരംമാത്രം   പലപ്പോഴെന്നും .
തങ്ങി നില്ക്കാന്‍ മഞ്ഞു തുള്ളിയോടു 
താണുകേണതെന്തിനോ   ഞാനീ
താങ്ങാന്‍ ആവാത്ത വ്യമോഹ ഹാരം  .

കുഞ്ഞുചെമ്പകമരമായ്‌
സുഗന്ധം മോഹിച്ചു നില്കവേ -
ഉച്ചവെയിലിന്റെ ദുഷ്ടതയറിഞ്ഞു.
ഉരുകുമെന്‍ വേരുകള്‍ , ചുടുമണ്ണില്‍ -
ഊറ്റിയെടുതേകിയതാണീ പച്ചപ്പും
ഊറും സുഗന്ധവും .
ഉയിര്‍ വിയര്‍ത്തു നില്‍ക്കവേ അന്ന്
ഇളംതെന്നലെന്റെ സ്വപ്നമായ് മാറി .

മത്സ്യകന്യയായ് സ്വര്‍ണനദി താണ്ടവേ..
കയ്പാണ് ഉയരെ തിരപൊങ്ങും കടലിനെന്നറിഞ്ഞു .
മുത്തും പവിഴവും നിറച്ച -
സ്വര്‍ണവര്‍ണകൊട്ടാരങ്ങളില്‍ ഇന്നും -
അഴകിന്റെ തടവറയിലാണ് ,
ജലകന്യകളെന്നറിഞ്ഞു .

മാനത്തമ്പിളിക്കുള്ളിലെ മാനായ് മാറുമ്പോള്‍ ..
അറിവായെനിക്കും അഴകിന്‍ പാല്‍കുടമല്ല അമ്പിളിയും ,
നിലാവൊരു പാലമൃതല്ലെന്നും .
എങ്കിലും ഈ അറിവൊന്നും വിലക്കുനീല -
എന്റെ പുനര്‍ജനികളെ ...
പെയ്യാനും ,പരക്കാനും ..പടരാനും ..തുഴമുറിച്ചു നീന്താനും
കുളിര്‍ നിലാവില്‍ വിരിയാനും
വീണ്ടും ഇന്നും കനവില്‍ ജനിക്കുന്നു ഞാന്‍ .


7/03/2011

പ്രണയപനി ,

പനി മുള്ളുകള്‍ കുത്തികീറുന്നു.
ചോര പോടിഞ്ഞതത്രയും
ഉള്ളില്‍ മാത്രമായിരുന്നു.
വെള്ളം തിരഞ്ഞു ചെന്ന കൈകള്‍
കട്ടിലിന്‍ ഇരുമ്പ് കമ്പിയില്‍
തട്ടി വേദനിച്ചു .
വേദന ആദ്യം ഓര്‍മിപ്പിക്കുക
എന്നും നിന്നെയാണ്.
ആദ്യാവസാനം എന്നെ
വേദനിപ്പിക്കാന്‍ പഠിപ്പിച്ചത്
നീ ആയിരുന്നുവല്ലോ .

ഇപ്പോള്‍ ഈ നിലാവില്ലാത്ത
രാത്രിയുടെ ഉഷ്ണകാറേറേല്‍ക്കാന്‍
നീയെവിടേക്കാണെന്നെ ക്ഷണിക്കുന്നത്
ചുട്ടുപഴുത്ത പനിചില്ലകളില്‍
പൊള്ളുന്ന കാലുറപ്പിച്ചു
വരണ്ട കൊക്കുരുമാനോ ?

മടുപ്പിന്റെ ഗന്ധമുളള എന്റെയീ
പനി പുതപ്പിലേക്ക് ഒരിക്കലും
നീ വരില്ലെന്ന് എനിക്കറിയാം
എത്ര കീറി പിന്നി പോയാലും
ഈ പ്രണയ പുതപ്പെടുത്തു
പുതക്കാതെ എനിക്കുറക്കം
വരില്ലെന്ന സത്യം നിനക്കും
അറിയില്ലല്ലോ .

നീ ഉമ്മ വെച്ച് പറത്തിവിട്ട
കാക്ക പടകള്‍ ഇന്നെന്റെ
തലച്ചോറ് കൊത്തി തിന്നാന്‍ 
കരച്ചില്‍ കൂട്ടികൊണ്ടിരിക്കയാണ് .
എന്റെ വിരലിലണിയാന്‍ , 
നിന്റെ കിനാക്കള്‍ ദരഭപുല്ലിന്‍
മോതിരവുമായ് ധൃതി വെക്കുന്നു .
നിനക്കായ് കവിത കുറിച്ച
വിരലുകളില്‍ അവ ;
എള്ളിലും   പൂവിലും തൊട്ടു
നമ്മുടെ പ്രണയത്തിന്റെ -
തര്‍പ്പണം നടത്താന്‍ എന്നെ
നിര്‍ബന്ധിതനാക്കുന്നു .
എന്റെ കണ്ണീരിന്റെ -
 ശുഭ്ര ഗംഗ കബന്ധങ്ങളുമായി
എനിക്കുമുകളോളം ഒഴുകി
എന്റെ പ്രാണനെ മുക്കി കൊല്ലുന്നു .
തിരിച്ചോഴുകാന്‍ ഒഴുകി ;
പ്രാണനില്‍ സ്പന്ദനമാവാന്‍ ...
ഒരു നദിയും ..ഒരു പുഴയും പഠിച്ചില്ല
 ഓര്‍മകളുടെ കബന്ധങ്ങളെ
ഒഴുക്കി എറിയാനെ  അവക്കറിയൂ .