3/12/2011

തുടക്കങ്ങള്‍ അവസാനിക്കുന്നില്ല .


ഇടനാഴികളില്‍ പാദചലനങ്ങളില്ല ,
നിശബ്ദം പാറുന്ന സമയ പക്ഷികളുടെ 
നേര്‍ത്ത വര്‍ണതൂവലുകള്‍ മാത്രം.
അവയെന്റെ ആകാശം വിഭ്രമകരമാക്കി.

ഏതോ കാണാ കദനങ്ങളുടെ ദ്വീപില്‍ 
ഉടയാന്‍ നിമിഷം കാത്തു മിഴിനീര്‍മുത്തുകള്‍ ,
അവയോരോന്നും ഏകാന്ത നിശ്വാസങ്ങളെ-
മാറോടമര്‍ത്തി തലതാഴ്ത്തി നിന്നു.

പുനര്‍ജനിയുടെ ഗുഹകളില്‍ നൂണ്ട്;
തടസ്സപെടുന്ന എന്റെ ഹൃത്ത്ധമനികളിലെ 
രക്ത പ്രവാഹം  മോക്ഷം കാത്തു നിന്നു.
അവയ്ക്ക് തണുത്ത സൂര്യന്റെ 
കറുകറുപ്പായിരുന്നു.
മരണത്തിന്റെ മനം തളര്‍ത്തുന്ന 
അചേതനയുടെ മണം മാത്രം .
പിളര്‍ന്ന ഹൃദയത്തെ ഞാന്‍ ഒരുമാത്ര 
പുളകത്തോടെ നോക്കികണ്ടു .

എനിക്കൊരു ഹൃദയമുണ്ടായിരുന്നോ?
നീ പലപ്പോഴും ഇല്ലെന്നു പറയാറുള്ള 
നിന്റെ പ്രിയപ്പെട്ട ഹൃദയം !
നിന്റെ കൂര്‍ത്തു മൂര്‍ത്ത വാക്കുകളേക്കാള്‍ 
മൂര്‍ച്ചയുള്ള ലോഹ സൂചികളുടെ കുത്തേറ്റു
സ്വന്തം സത്വത്തെ തിരിച്ചറിഞ്ഞു.

രക്തം തിളയ്ക്കുന്ന ലാവയായി 
ഓരോ ഞരമ്പിലും വീറോടെ വീണ്ടും 
പാഞ്ഞു ഓടിയപ്പോള്‍ -
വേദനയുടെ കൊടുമുടിയില്‍ 
വീണ്ടും ജീവന്റെ കുങ്കുമ പുലരികള്‍ .

ബോധപൂര്‍വമുള്ള ഒരു അധ്വാനമായി ജീവിതം
കരുണയും കലാപവും  വെച്ചുനീട്ടുന്നോ?
നിന്റെ കണ്ണിലെ ഇത്തിരി നനവ്‌ 
അപ്പോഴും ആശ്വാസമായി കൂട്ടുവന്നു.



.