7/15/2012

നിനക്ക് ബാക്കി വെച്ചത്




നിന്റെ മഴവല്ലികളെല്ലാം 
ഉണങ്ങി പോയിരിക്കുന്നു .
ആകാശത്തേക്ക് പടര്‍ന്ന 
അവയുടെ ചാരുതയുള്ള ഇലകളില്‍ 
വാടി കിടക്കുകയാണ് സൂര്യതാപം.

ഞാന്‍ ജനിക്കുന്നതിനു എത്രയോ മുമ്പേ 
നീര്‍മാതളം പൂത്തിരുന്നു .
പൂവും ഇലകളുമായി 
അവ ആകാശത്തോളം കുതിച്ചിരുന്നു .
അവയുടെ വേരുകള്‍ ;
കടലിന്റെ അടിത്തട്ടില്‍ -
തിമിംഗലങ്ങളുമായ് രമിച്ചിരുന്നു .

എഴുതാ കവിതകളുടെ ..
കഥകളുടെ ..കണ്ണീരും 
വിയര്‍പ്പുമായൊരു തലയിണ ,
വാതായന  കാഴ്ചക്കായ് -
എന്നും നീ കാത്തു വെച്ചിരുന്നു .

സമുദ്രം അലറി തുളുമ്പുമ്പോള്‍ 
അലകള്‍ വലിച്ചെടുത്തു നീ 
തലമൂടി , ചിറകുവെച്ച് 
സ്വര്‍ലോകങ്ങളുടെ റാണിയായി.

ഉയര്‍ന്നു പൊങ്ങിയ ദീപനാളം .
അതിനൊരസ്തമയ കാന്തിയുണ്ടായിരുന്നു .
ഒരിക്കല്‍ .........
തിരിക്കെടുത്താന്‍ കാറ്റെത്തും .
അതു നീയറിയാതെ  പോയോ ? 
കാലഹരണപ്പെടാത്ത കാറ്റ് .

എനിക്ക് നിന്റെ ഊരി വീണ 
തിരുവസ്ത്രങ്ങള്‍ കിട്ടി .
പാദസ്വരം കിട്ടി .
കിട്ടാതെ പോയത് ..
മഴയില്‍ അളിഞ്ഞ 
നിന്റെ തിരുഹൃദയംമാത്രം .
ആകാശത്തിനും 
കടലിനും ഇടയിലുള്ള 
നേരിന്റെ 
ദൂരത്തില്‍ അതെന്നേ
നഷ്ടപ്പെട്ടു പോയിരിക്കാം .

7/11/2012

മരണത്തിന്റെ ഗസല്‍ .




അവിരാമം തുടരുകയാണ് 
നാം തമ്മില്‍ .
നീ തൊട്ടുത്തൊട്ടില്ലെന്നാകുമ്പോള്‍
ഞാന്‍ നിദ്രയുടെ ജലത്തില്‍ 
അള്ളിപിടിച്ചിരിക്കുന്നു .
വഴുതിയുണര്‍ന്നു 
ശ്വാസമെടുക്കുമ്പോള്‍ 
നീ പിന്നോട്ട് വലിയുന്നു .

പലപ്പോഴും 
ആയുസ്സിനു കുടപിടിച്ച് 
വിലാപവസ്ത്രവുമായി 
നീയെന്റെ  കല്ലറക്കുമുകളില്‍
നനഞ്ഞിരിപ്പാണ്.
ചിരിക്കാനും , കരയാനും 
നിന്റെ കാത്തിരിപ്പെന്നെ 
അനുവദിക്കുന്നുമില്ല .

എന്റെ ചിത്രങ്ങളില്‍ 
വര്‍ണ്ണം  നിറയുമ്പോള്‍ 
നീയെന്തിനു 
എല്ലാം ചേര്‍ത്തൊരു 
കറുപ്പുനിറം ഇവയില്‍ 
 തെറിപ്പിക്കുന്നു ?.

പൂക്കളുടെ രഹസ്യവീഥികള്‍
ഞാന്‍ കണ്ടെത്തപ്പെടുമ്പോള്‍ 
നീയെന്തിനവിടെ 
സായാഹ്നസഞ്ചാരത്തിനെത്തുന്നു ?

എന്റെ ഗിത്താറില്‍ 
സ്വരം വിയര്‍ക്കുമ്പോള്‍ 
നീയെന്തിനു തണുത്ത വിരലാല്‍ 
തഴുകി നിര്‍ത്താനെത്തുന്നു  ?

മഴക്കാറില്‍ വന്നു 
മകുടിയൂതും കാറ്റില്‍ 
എന്റെ ചിത്രകൂടങ്ങള്‍ 
നാഗമാണിക്യമൂതിയുണര്‍ത്തുമ്പോള്‍ 
നീയെന്തിനു വെള്ളിടി വീശി 
അവയെ പിളര്‍ത്തി ചിരിക്കുന്നു ?

നിന്നോട് കൂട്ടുവെട്ടുകയാണു  ഞാന്‍ 
നീ തരുന്നതെല്ലാം 
അരുതായ്കകള്‍ ആണ് .
ചന്ദ്രനിലെ ഏകാന്തതയില്‍ 
നിന്നും നീയെനിക്കെന്തിനു 
ആ കറുത്ത മുയലിനെ തന്നു ?
ധരയുടെ  മാറോടു  -
ചേര്‍ന്നുഞാനുറങ്ങുമ്പോള്‍  
നീയെന്തിനു ഭൂനെഞ്ചുകീറി   
സുവര്‍ണലാവയിലെന്റെ 
കൈവിരല്‍ മുക്കിച്ചു ?

ദൈവത്തിന്റെ 
വിശുദ്ധചായം വീണ 
സാന്ധ്യപാടങ്ങളില്‍ 
നീ കൊണ്ടുവന്നിട്ട 
രാത്രിയുടെ അജ്ഞാതജഡവും ;
മറവിക്ക് നീക്കിവെച്ച വെള്ളത്തില്‍ 
നീ കലക്കിവിട്ട  
ഓര്‍മകളുടെ ബലിച്ചോറും
എന്നെ നിന്റെ ശത്രുവാക്കും .

നിന്നെ മറക്കുന്ന
ഒരപൂര്‍വവിസ്മൃതിയാണു ഈ രാത്രി .
ഒരു ദേവത 
ഒരുപിടി പാടുന്ന നക്ഷത്രങ്ങളുമായി 
എനിക്കരികില്‍ വരവായി 
ഒരു രക്ഷാമന്ത്രം
ജപിച്ചെന്റെ കയ്യില്‍ക്കെട്ടും.
അമ്മേ..
പറന്നുപോകാത്ത ഒരു പക്ഷിയെ 
എന്റെ കയ്യില്‍ തരൂ .

_____________









7/05/2012

 
 
Born ജനുവരി  21, 1908(1908-01-21)
തലയോലപരമ്പ് , വൈക്കം 
Died July 5, 1994(1994-07-05) (aged 86)
ബേപ്പൂര്‍ , കോഴിക്കോട് 
Occupation നോവലിസ്റ്റ്‌ , ചെറുകഥാകൃത്ത്,
Language മലയാളം 
Nationality ഇന്ത്യന്‍
Genres നോവല്‍ , ചെറുകഥ
Subjects മലയാളം 
Notable award(s) പദ്മശ്രീ , സാഹിത്യ  അക്കാഡമി  അവാര്‍ഡ്‌ 
Spouse(s) ഫാബി  ബഷീര്‍ 
കൈകുമ്പിളില്‍ ഒരു കടല്‍ കോരിയെടുത്തു ഇതാണ് "കടല്‍ "എന്ന് പറയുന്ന ഒരു സാഹസമാണ് ഞാന്‍ ഇവിടെ ചെയ്യുന്നത് . ഇത് വായിച്ചു ആരും ഇതാണോ ബഷീര്‍ കഥകള്‍ എന്ന് ചിന്തിക്കരുത് . അത് നിങളുടെ സ്വന്തം  വായനയിലൂടെ മാത്രമേ അതേ അനുഭൂതിയില്‍ , ആ കഥകള്‍ നിങ്ങള്‍ക്ക് പൂര്‍ണമായും ആസ്വാദ്യമാവുകയുള്ളൂ .

ബഷീറാണ് അവിടെ കഥ , ഭാഷയും അദ്ദേഹം തന്നെ . ഈ അഹന്തയുടെ സുഖം അറിയണമെങ്കില്‍ അത് വായിച്ചു നോക്കുകയല്ലാതെ വേറെ ഒരു വഴിയും  ഇല്ല . സുന്ദര പദങ്ങള്‍ കിലുക്കി സാഹിത്യത്തിന്റെ അത്യുന്നതങ്ങളില്‍ കയറിനിന്നു കഥപറഞ്ഞ ആളുകളില്‍ നിന്നും തികച്ചും വ്യത്യസ്തന്‍ ആണ് ബഷീര്‍ . . സത്യസന്ധതയുടെ ഭാഷയും  , സ്നേഹവായ്പിനെറെ ലിപിയും  എത്ര സുന്ദരവും അനന്യയവും ആണെന്ന് ബഷീര്‍ തന്റെ കഥകളിലൂടെ കാണിച്ചു തന്നു. സാഹിത്യലോകത്തെ സര്ഗാതമാകതയുടെ തനതായ സിംഹാസനത്തില്‍  സന്തോഷത്തോടെ മലയാളം അദ്ദേഹത്തെ കയറ്റി ഇരുത്തിയതും ഇതുകൊണ്ട് തന്നെയായിരുന്നു.

ആ സാഹിത്യ സാമ്രാട്ടിന്റെ കൊട്ടാര വാതില്‍ക്കല്‍ , അകത്തേക്ക് അത്ഭുതത്തോടെ ...സുല്‍ത്താനെ ഒളിഞ്ഞു നോക്കുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്ക പ്രണയമായി മാത്രം എന്റെ ഈ സാഹസത്തിനെ കണ്ടാല്‍ മതി.
ചോദ്യം ചെയ്യാനുള്ള യുവത്വത്തിന്റെ ഊര്‍ജ്ജം കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ്(നവോത്ഥാന) ബഷീറിന്റെ കൃതികള്‍ വരുന്നത്. ജീവിക്കണമെങ്കില്‍ ദ്രാരിദ്രത്തോടും , അനീതിയോടും പൊരുതിയെ മതിയാകൂ എന്നൊരു കാലഘട്ടം .
ഭക്ഷണവും , സ്നേഹവും , നീതിയും , ആരോഗ്യവും നിരസിക്കുന്ന - യുദ്ധത്തിന്റെ ഭീതിയില്‍ കഴിയുന്ന ഒരു ജനതക്ക് എല്ലാ വ്യവസ്ഥകളെയും ചോദ്യം ചെയ്യേണ്ടതായി വരും . അതായിരുന്നു ബേപ്പൂര്‍സുല്‍ത്താന്‍  തന്റെ  കഥകളിലൂടെ  ചെയ്തതും .
ലോക സഹോദര്യത്തിന്റെ ശംഖൊലികള്‍  അവിടെ മുഴങ്ങുന്നത് കേള്‍ക്കാം . ഒരു ചെറിയ തമാശ പോലെ അദ്ദേഹം കഥാപാത്രങ്ങളിലൂടെ പറഞ്ഞു വരുന്നത് പ്രപഞ്ച സത്യങ്ങളെ ആയിരിക്കും ..ചിലപ്പോള്‍ ചിന്തകളുടെ മുറിവില്‍ അദ്ദേഹം പുരട്ടി ഭേദമാക്കാന്‍ എടുക്കുന്നത് പ്രണയത്തിന്റെ എണ്ണത്തന്നെ ആയിരിക്കും . ഇതെന്തുതന്നെ ആയാലും സ്നേഹത്തിന്റെ ഒരു അന്തര്‍ധാര അദ്ധേഹത്തിന്റെ ഓരോ കൃതികളെയും പ്രകാശപൂരിതമാക്കുന്നു.

മതിലുകളില്‍ ...ഞാന്‍ കണ്ടത് നിരോധിക്കപെടുന്ന സ്നേഹത്തിന്റെ അത്യാകര്‍ഷതയാണ് ..ഒരിക്കലും കൊഴിയാത്ത പനിനീര്പൂവായി അത് വിരിഞ്ഞു നില്‍ക്കും.തടവിലാക്കപെടുന്ന  ഓരോ മനസ്സും ജീവിക്കുന്നത് ഓര്‍മകളുടെ ഭക്ഷണത്തിലും ഭാവനയുടെ ജലത്തിലും ആണ്. ഒരുപക്ഷെ ആ തടവിനു പുറത്തു കടന്നാല്‍ ആ സ്നേഹവും , പ്രണയവും ,  എന്തിനു ആ സ്വാതന്ത്ര്യം പോലും ഒരു പ്രാരാബ്ധമായി മാറുകയും ചെയ്യും .

"വൈ ഷുഡ് ഐ ബി ഫ്രീ ?..ഹു വാണ്ട്സ് ഫ്രീഡം . " ബഷീര്‍ ചോദിക്കുന്നു .

ചില സ്വാതന്ത്രങ്ങള്‍ അങ്ങിനെ വേണ്ടാത്ത സമയത്ത് വന്നു നമ്മളെ എങ്ങിനെ പെരുവഴിയില്‍ തനിച്ചാക്കും എന്ന് മതിലുകള്‍ കട്ടി തരുന്നു

നമുക്ക് ചുറ്റും സൂക്ഷിച്ചു നോക്കിയാല്‍ ഈ മതിലുകള്‍ എന്നും എക്കാലവും കാണാം . കാലാതീതമായ ഒരു രചന അങ്ങിനെ ബഷീറിന്റെ സ്വന്തമാകുന്നു ഇവിടെ.

കൈവെള്ളയില്‍ കിടന്നു പൊള്ളുന്ന കനലിനെ പൂവാക്കുന്ന മാന്ത്രികനെ പോലെ ..സ്വന്തം ജീവിതാനുഭവങ്ങളെ " ഭാവനയൊന്നും ഇല്ല . ഒന്നും കൂട്ടിചെര്‍ത്തിട്ടിലാ " എന്ന വലിയ ചിരിയോടെ സമര്പിക്കുന്ന  "അനുരാഗത്തിന്റെ  ദിനങ്ങള്‍ " ഭാവന തന്നെ ജീവിതമാക്കുന്ന ബഷീറിന്റെ മാന്ത്രികഭാവം വ്യക്തമാക്കി തരുന്നു.
"തന്റെ  വിഷാദകാവ്യത്തില്‍ " കണ്ണിലും ചുണ്ടിലും ചുംബിക്കുന്ന ഒരു കാമുകന്‍  അവളുടെ ഓര്‍മയില്‍  സ്വന്തം ഭക്ഷണത്തെ പോലും മറന്നു പോകുന്നു. അനുരാഗത്തിന്റെ രാസമാറ്റങ്ങള്‍  സ്വന്തം അസ്ഥിത്തം പോലും ഉപേക്ഷിക്കുന്ന ഒന്നാണെന്ന് ബഷീര്‍ ജീവിച്ചു കാണിച്ചു തരികയാണ് ഇവിടെ.

ഇതു തന്നെയാണ് ബാലകലസഖിയേയും   ബഷീറിനെയും ലോകപ്രശസ്തമാക്കിയതും . ഇതുവരെ കേള്‍ക്കാത്ത സംഗീതം പോലെ മധുരമായിരുന്നു അത്. രാഗം അറിയാത്തവരും ..അറിയുന്നവരും ഒരുപോലെ ആസ്വദിച്ച ഒരു ഗാനം. അതായിരുന്നു ബഷീര്‍കഥകള്‍ .നര്‍മം അധികം കലരാത്ത ഒരു രചന ബഷീറിന്റെ ഇതുതന്നെ ആണെന്ന് പറയാം . ഒരു പക്ഷെ അത് സ്വന്തം ജീവിതത്തിന്റെ തന്നെ ഒരേട്‌ ആയതു കൊണ്ടും ആകാം ജീവന്റെ  പിടച്ചില്‍ ആണ് അധികവും കാണാന്‍ കഴിഞ്ഞത് .

ബാല്യകാലസഖി " എം . പി . പോളിന്റെ പ്രാരംഭ വാചകത്തിലൂടെ തന്നെ നമുക്കത് പരിചയപെടാം "ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ് . വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്ക് ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത  ഒരു പേടിയും അറപ്പും തോന്നും . ബോധക്ഷയം തന്നെ സംഭവിചേക്കാം."

കാലില്‍  വിഷകല്ല് കുത്തി കളില്‍ വലിയൊരു കുരുവുമായി വേദനിച്ചു പുളയുന്ന  മജീദ്‌ പറയുന്നു
"സുഹ്രാ ..ഞാന്‍ മരിച്ചു പോകും "എന്ത് ചെയ്യണമെന്നു രൂപമില്ലാതെ സുഹ്റാ മജീദിന്റെ വലതു കാലടി കവിളില്‍ ചേര്‍ത്ത് പിടിച്ചു . ഉള്ളം കാലില്‍ ഗാഡമായി ഒന്നു ചുംബിച്ചു .അവള്‍ എഴുനേറ്റു ചെന്ന് , ചൂടുപിടിച്ച നെറ്റിയില്‍ തടവികൊണ്ട്‌ മജീദിന്റെ മുഖത്തേക്ക് കുനിഞ്ഞു .
സുഹ്രയയുടെ  ചുവന്ന ചുണ്ടുകള്‍ മജീദിന്റെ ചുണ്ടില്‍ അമര്‍ന്നു....
ആ വിഷകല്ല് ചവിട്ടി വീര്‍ത്ത കുരു അതോടെ ഒരു അത്ഭുതം പോലെ പോട്ടിപോകുന്നു.
ഇത് ബഷീറിന്റെ തന്നെ അത്മാഷ്ക്കാരമാണ്. ഏതു വിഷവും ഇറക്കാന്‍ പോന്ന നൈര്‍മല്യമായി ഒരു പ്രണയം ...അത് ഭാഗ്യമോ ..നിര്‍ഭാഗ്യമോ എന്നറിയാതെ ശ്വാസത്തില്‍ നമ്മള്‍ കൊണ്ടുനടക്കാറുണ്ട്.
ബഷീര്‍ തന്നെ ഈ കഥയില്‍ വന്നു നമ്മളോട് പറയുന്ന ഒരു ഉത്ബോധനം ഉണ്ട് .
"ദാരിദ്രം ഒരു മഹാവ്യാധി ആണെന്ന് "
ഇതാണ് പലപ്പോഴും നമ്മളെ കൊണ്ട് പലതും ചെയ്യിക്കുന്നതും ചെയ്യിക്കാതെ ഇരിക്കുന്നതും .സുഹ്രക്കും മജീദിനും ഇടയില്‍ "ബാല്യകാലസഖിയില്‍ " വില്ലനായി വരുന്നതും ഇതുതന്നെയാണ്.
മാനുഷികമായ എല്ലാറ്റിനെയും ചുരുങ്ങിയ വാക്കുകളെ കൊണ്ട് സാമാന്യവല്‍ക്കരിക്കുന്ന ഒരു മനുഷ്യസ്നേഹികൂടി ആയിരുന്നു ബഷീര്‍ എന്ന് എനിക്കു പലപ്പോഴും അദ്ധേഹത്തിന്റെ വരികളിലൂടെ കടന്നു പോവുമ്പോള്‍ തോന്നാറുണ്ട് .ഈ വരികളൊന്നു വായിച്ചു നോക്കു.
"മനുഷ്യര്‍ എവിടെയും ഒരുപോലെ , ഭാഷക്കും വേഷത്തിനും മാത്രം വ്യത്യാസം . എല്ലാം സ്ത്രീപുരുഷന്മാര്‍ ..ജനിച്ച്, വളര്‍ന്ന് ഇണചേര്‍ന്നു പെരുപ്പിക്കുന്നു . പിന്നെ മരണം . അത്രതന്നെ ജനിമരണങ്ങളുടെ ഇടയിലുള്ള കഠിനയാതന എവിടെയും ഉണ്ട് "      
 ഇതിലും വലിയ സാമുദായിക പരിഷ്കര്‍ത്താവിനെ നിങ്ങള്‍ക്ക് വേറെ കണ്ടെത്താനാവുമോ ?

മുസ്ലിം സമുദായത്തെയാണ് അധികവും ബഷീര്‍ കഥകളിലൂടെ അവതരിപ്പിക്കുന്നത്, അതുകൊണ്ട് ആ സമുദായത്തിന്റെ കഥാകാരാനായി അതില്‍  തന്നെ  ഏറ്റവും  താണവനായി ചിത്രീകരിക്കുന്ന പല  നിരൂപണങ്ങളും ഉണ്ടായിട്ടുണ്ട് . ഇവക്കു പിന്നിലെ കഥയില്ലായ്മയെ ചിരിച്ചു തള്ളാന്‍ മുകളില്‍ ഉദ്ധരിച്ച ഈ ചെറിയ വരികള്‍ തന്നെ ധാരാളം മതി എന്നാണു എന്റെ വിശ്വാസം .

ഹിജഡകളുടെ കഥപറയുന്ന ശബ്ദത്തിലെ നായകന്‍ ഒരു അനാഥനാണ് .ആ അനന്തതയില്‍ ഏകാന്തമാക്കപെട്ട അയാള്‍ ചോദിക്കുന്നു  ദൈവം ഉണ്ടോ എന്ന് ..? അങ്ങിനെ ഒരു ചിന്ത അയാള്‍ക്കുള്ളിലേക്കിട്ട് സ്വയം ഉത്തരം കണ്ടെത്തുന്നു ഇവിടെ എഴുത്തുകാരന്‍ .."വേണെങ്കില്‍ ഉണ്ട് " എന്ന്. ആര്‍ക്കു വേണമെങ്കില്‍ എന്ന കടംകഥ എല്ലാവര്ക്കും വേണ്ടി ബാക്കി വെച്ചിരിക്കുന്നു. ആ ദൈവത്തെ പങ്കിട്ടെടുത്തു നമുക്കും സന്തോഷിക്കാം വേണമെങ്കില്‍

 . റെയില്‍പാളത്തില്‍ ശബ്ദത്തിലെ നായകന്‍ തലയും വെച്ച് എല്ലാ അര്‍ത്ഥത്തിലും ഒരു അനാഥപ്രേതത്തിനെ സൃഷ്ടിക്കാന്‍ കാത്തു കിടപ്പാണ് . "ഒരു പുകച്ചിലും ഒരു കുളിരും എന്റെ അവയവങ്ങളിലൂടെ പാഞ്ഞു . റയിലുകള്‍ മുഴങ്ങുന്നു .എനിക്കാകെ ഒരു പരിഭ്രമം , ഇതു നിങ്ങള്‍ പാളത്തില്‍ തലവെച്ചു കിടന്നാലേ അറിയാന്‍ കഴിയു .......ആകാശവും ഭൂമിയും ഞെട്ടതക്ക ഒരു ചൂളംവിളി . പ്രപഞ്ചം എങ്ങും കേട്ടുകാണും !വണ്ടി പാഞ്ഞു വരികയാണ് ...ദൈവമേ ! പക്ഷെ ആ വണ്ടി അടുത്ത പാളത്തിലൂടെ ചീറിപാഞ്ഞ് പോകുന്നു. സ്വന്തമായി വേറെ ആളുകളെ വെടിവെച്ചു കൊല്ലുകയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ലെന്ന് സമ്മതിക്കുന്ന ഒരു പട്ടാളക്കാരന്റെ  ഒരു ആത്മഹത്യ ശ്രമം ആണിത് . ഈ ഒരു അനുഭവ പ്രപഞ്ചം സൃഷിക്കാന്‍ അവിടെ ദൈവത്തിനെ സാക്ഷി ആയി നിര്‍ത്താന്‍ വേറെ ആര്‍ക്കും ഒരു ഭാഷയിലും കഴിഞ്ഞിരിക്കുമെന്ന് തോന്നുന്നില്ല .

ഇതാണ് ഞാന്‍ മുമ്പ് പറഞ്ഞ ബഷീര്‍ എന്ന കഥ . സ്വയം കഥയായും , കവിതയായും മാറിയ അധികം എഴുത്തുകാ രൊന്നും നമുക്കില്ല . ചംങ്ങപുഴയും , ബഷീറും ...( മാധവികുട്ടിയും എന്ന് വേണമെങ്കില്‍ കൂട്ടാം) അല്ലാതെ വേറെ ആരെയും കാണാന്‍ കഴിയുന്നില്ല .
അദ്ധേഹത്തിന്റെ കഥകള്‍ ഇനിയും ബാക്കി കിടക്കെ ....
ഞാന്‍ വീണ്ടും വരും വരേയ്ക്കും ...കാത്തിരിക്കുക .