വീട്ടിലെ കാശിത്തുമ്പ പൂത്തിരിക്കും
ഞാൻ ചെന്ന് അടർത്തുമെന്നു കരുതി
ഉറുമ്പിനോടും ഈച്ചയോടും
ഇതൾ പൊഴിക്കാതെ വാശിയിൽ ,
ചെറുത്തു നിൽപ്പുണ്ടാവും ...
പക്ഷെ ...നീ നിന്റെ നേരത്തും
ഞാൻ എന്റെ നേരത്തും ആയിപോയി
ഓണവെയിൽ നിന്നെ തൊട്ടു
തഴുകി ഒരൂട്ടം കാര്യം പറയാം
എന്ന വാഗ്ദാനങ്ങളുമായി
നിനക്ക് ചുറ്റും വട്ടമിടുന്നുണ്ടാവാം
പക്ഷെ അവനറിയില്ലല്ലോ;
നിനക്കുള്ളിൽ എനിയ്ക്കായി
മാത്രം സൂക്ഷിച്ച സുഗന്ധം .
തെക്കിനി പറമ്പിൽ നില്ക്കുന്ന
ചെമ്പരത്തി പാവമാണ് .
ആദ്യം ഒരിത്തിരി അസൂയയിൽ
നിന്നോട് കിന്നാരം ചൊല്ലുന്നത്
എത്തി നോക്കി നിന്നിരുന്നെങ്കിലും
യാത്ര പറയും വേളയിൽ
വാടിയ പൂമുഖം താഴ്ത്തി
ഞാൻ നോക്കിക്കോളാം
എന്നും നിന്നെയെന്ന്...
എനിക്ക് വാക്കുതന്നിരുന്നു .
നിനക്ക് കൂട്ടിനായി ഇത്തവണയും
മഷിതൊടപ്പൻ പടർന്നു നില്പ്പില്ലേ ?
അയ്യപ്പൻറെ കൈകോട്ടിൽ
അവന്റെ ജീവൻ പോവാതിരിക്കാൻ
എന്നെ പോലെ നീയും പ്രാർഥിക്കാറില്ലേ?
അവനെന്നോട് പറയാറുണ്ട് ..
എല്ലാ ജന്മാന്തരങ്ങളിലും
നിങ്ങൾ ഇങ്ങനെ ഒന്നാവാൻ,
ജനിക്കാൻ .......................
എന്തു പുണ്യം ചെയ്തുവെന്ന്
തൊടുമ്പോൾ പൊട്ടി തെറിക്കണ
ഓർമ്മ വിത്തുകൾ കാശിത്തുമ്പയക്കും
ഓരോ ഓണവും പൂവിറുക്കാൻ
പൂക്കളമൊരുക്കാൻ ഇടയ്ക്കിടെ
പുനർജനി നടത്തുന്ന ഒരു ഹൃദയവും
ഒന്നാകാതിരിക്കുന്നതെങ്ങിനെ .
ഞങ്ങൾ രണ്ടും ഒരുപോലെയല്ലേ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.