9/04/2011

എന്റെ നീലചിത്രശലഭം .



ഒറ്റയ്ക്ക് നിന്നൊരു മേഘമേ നീ 
തട്ടി തെറിപ്പിച്ചോ
ആകാശചില്ലു കൊട്ടാരം .
മഴ ..മഴ ..ഒരു ചില്ലു മഴയിതാ.

കാറ്റില്‍ ദൂരെ ദൂരെ പറന്നുയര്‍ന്നോരെന്‍
കടലാസുപ്പട്ടത്തെ ആദ്യം നനച്ചു നീ 
കണ്ണുരുട്ടി നിന്നെ പേടിപ്പിക്കുംമുന്നവേ 
കണ്ണില്‍ തറച്ചു വീണു; നീ.. മഴ .

 നാട്ടുമാവിലെ കുഞ്ഞുമൈനക്ക് 
നോട്ടം തെറ്റി വീണതോ 
മുറ്റം പരന്നുപൊഴിഞ്ഞ നിന്‍ 
മുത്തുപോലുള്ള ആലിപഴങ്ങള്‍ .

കാറ്റിന്‍ തൂവിരല്‍പ്പിടിച്ചു നീ ചാഞ്ചാടി
നേര്‍ത്ത പൂമ്പട്ടായ്‌ എന്നെ പൊതിയുമ്പോള്‍ 
 സംശയിപ്പിതു  ഇന്നുഞാനും ;
തന്നുവിട്ടതോ മുത്തശ്സന്‍ നിന്‍ കയ്യില്‍ 
മാനത്തെ നെയ്തുശാലയില്‍ നിന്നും 
മറക്കാതെ എനിക്കേകാനൊരു 
മുണ്ടുംനേര്യതും ഓണകോടിയായി .

കാട്ടുപുല്ലിനു വൈഡൂര്യകമ്മലേകി നീ 
നാട്ടുമുല്ലയെ താലിയും  കെട്ടി .
പക്കമേളത്തിനെത്തി ഇടിയും ,
ഫോട്ടോ എടുക്കുന്നിതാരു മിന്നലോ ?

കാട്ടരുവി ഒരുക്കി രാവിന്‍ 
നിലാമഴയില്‍ നിനക്കായ്‌ വെന്‍മെത്ത
നീ തഴുകി ഒഴുകിയ പനിനീര്‍ദളങ്ങള്‍ 
നല്ല പനീര്‍ വീശുന്നിതാ നിനക്കായ് .
നൃത്തമാടുന്നു മുളംകൂട്ടവും ..
നിന്റെ പാട്ടില്‍ ലയിച്ചങ്ങിനെ .

നിന്റെ ചുംബനം ഏറ്റുവിരിയുന്നിതാ 
കാട്ടുമുല്ല പൂവിനിതളുകള്‍
നിന്റെ കല്യാണരാത്രി  മേളങ്ങളില്‍ 
ഒറ്റവ്യാധിമാത്രം അലട്ടുന്നു എന്നെയും ,
പൂക്കാരി മുല്ല തണലില്‍ വരാറുള്ള 
എന്റെ നീലച്ചിത്രശലഭത്തിന്‍
നേര്‍ത്ത ചിറകരുകുകളില്‍ 
നിന്‍നഖച്ചില്ലുകള്‍  പോറി നൊന്തിരിക്കുമോ
ആവോ  ?









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.