6/15/2014

ഒരു ഡിസംബറില്‍ വിരിഞ്ഞവ .





നിനക്കറിയാമോ ?
നിന്റെ അഭാവം പോലും നീയാണ് 
ഒറ്റവാക്കിലെ പാട്ടുപോലെ ...
നീ മൂളി മൂളി തെളിയുമ്പോള്‍ 
നമുക്കിടയില്‍ പാറുന്ന 
നിറമുള്ള പക്ഷിതൂവലുകള്‍ 
ഓരോരോ ജന്മത്തിലേതായിരുന്നു .


എനിക്കുമാത്രം കേൾക്കാവുന്ന 
ചെറിയൊരീണം ,
ആരോ മൂളുന്നുണ്ട് ചെവിയില്‍ !....
ആര്ദ്രമായിപ്പോഴും .
ആകാശത്തിന്റെ അതിരുകളില്‍ നിന്നും
എന്നെ വിട്ടുപോയ സ്നേഹത്തിന്റെ 
 നീലപക്ഷികളെ വിളിച്ചു ...വാ 

നീ ...തിരിച്ചു വാ .

എന്റെ ചിത്രങ്ങളില്‍ 

നിന്റെ ഓരോ ഭാവങ്ങളെയും .
കനവായി  പടര്‍ത്താന്‍ ..
മഞ്ഞിലും ,മഴയില്‍ മുക്കി  ,
ഋതുക്കളുടെ നേര്‍ത്തവിരലുകളാല്‍ 
വസന്തത്തിന്റെ നിറമാകെ
ഞാനെടുത്തു വെച്ചിരിക്കയാണ്‌ .


ഇലകളെ പോലെ ഇളകിത്തുടങ്ങിയ 
കല്‍പടവുകളില്‍ കയറി നിന്ന് 
ആകാശത്തേക്ക് കയ്യുയര്‍ത്തി 
നീ പറന്നകന്ന ആകാശം മുഴുവന്‍ 
ഞാന്‍  നെഞ്ചോടു ചേര്‍ത്തിരിക്കയാണ് .

നിനക്കുമുന്നില്‍ എനിക്ക് മഴയാവണം.

വെയിലാവണം ..
രാവും പകലുമാകണം 
നിലാവും സന്ധ്യയുമാകണം .
എന്റെ മഴ നിന്നെ പൊതിയുമ്പോള്‍ 
നീ എന്നെപ്പോലെ ഒരു മഴപ്പക്ഷിയായ് ..
എന്നെയും കൊണ്ട് പറക്കണം .

വെയിൽ   നാളങ്ങള്‍ നിന്നെ പൊതിയുമ്പോള്‍  ;

കുളിര്‍മയ്ക്കായ് ...
മഴമേഘങ്ങളില്‍  പൊതിഞ്ഞൊരു കൈത്തലം ഞാന്‍ -
നിന്റെ നെറ്റിയ്ക്കു മുകളില്‍ വിരിച്ചിടും .
രാവും പകലും ഒരുമിക്കുന്ന ഒരു ഗ്രഹണസന്ധ്യയായി ..
നിനക്കായി ഞാനൊരു  സൂര്യമോതിരം 
നിന്റെ  വിരലുകൾക്കന്നേകും  .
ഒടുവിലാ  രാത്രിയിൽ നിലാപോലെ നിന്നിലലിഞ്ഞ് ..
നിന്നിലെ ഓര്‍മമാത്രമായി തീരും .
************



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.