9/11/2011

മരണത്തിന്‍ മറുപുറം .

നീലനിലാവിന്റെ ഭംഗിയുള്ള പരവതാനി ആയിരുന്നു അത്. ആയിരംരാവുകളില്‍ നിന്നും കടം കിട്ടിയ നീലപരവതാനി. അത് നിറയെ സ്വരണനക്ഷത്രങ്ങള്‍ തുന്നി പിടിപ്പിച്ചിരിക്കുന്നു . .അതിലേറി പതുക്കെ ആകാശത്തേക്ക് പൊങ്ങുമ്പോള്‍ ഒരേഒരാഗ്രഹം മാത്രേ ഉണ്ടായിരുന്നുള്ളൂ...ഹരിയേട്ടന്റെ അടുത്തെത്തണം. എത്ര നദികള്‍ കടക്കണമെന്ന് അറിയില്ല. ഏട്ടന്‍ പറഞ്ഞ പോലെ നൈല്‍ നദി കാണും . ഉയര്‍ന്നു നില്‍ക്കുന്ന ഈജിപ്ത് പിരിമിഡുകള്‍ കാണും .

പതുക്കെ ഉയര്‍ന്നു ഉയര്‍ന്നു നിലാവില്‍ തിളങ്ങുന്ന വെള്ളി മേഘങ്ങള്‍ക്കടുത്ത് എത്തിയപ്പോള്‍ അവയെന്തോ എന്നോടു മന്ത്രിക്കണപോലെ തോന്നി . ഏട്ടന്‍ അവരുടെ കൈയില്‍ വല്ല സന്ദേശവും കൊടുത്തു വിട്ടതാണോ ?

ഞാന്‍ ആ മേഘഹൃദയത്തോട് ചെവി ചേര്‍ത്തുവെച്ചു. അപ്പോള്‍ അതെന്റെ നീല പരവതാനിയില്‍ എന്നോട് ചേര്‍ന്നുവന്നിരുന്നു. എനിക്കിപ്പോള്‍ അതിന്റെ മന്ത്രണം വ്യക്തമായി കേള്‍ക്കാം.

"അമ്മൂ ..പിടിച്ചിരിക്കണേ! " ഇത് ഹരിയെട്ടന്റെ സ്വരം തന്നെയാണ്.
അമ്മൂന് പേടിയില്ല ഹരിയേട്ടാ...ഹരിയേട്ടന് അടുത്ത് എത്താന്‍ ഏതു നരകവും കടന്നു പോകുവാന്‍ അമ്മു എന്നേ തയ്യാറായതല്ലേ ഹരിയേട്ടാ.

"എന്നാലും എന്റെഅമ്മു ഇത്ര സാഹസപെടരുതായിരുന്നു , എത്ര ദൂരം എന്റെ അമ്മു ഒറ്റക്ക് ഇങ്ങനെ ..."

"എന്താപ്പോ ഇനി പേടിക്കാന്‍ ..ഹരിയേട്ടന്‍ അയച്ച ഈ കുഞ്ഞു മേഘം ഇപ്പോള്‍ എന്റെ കൂടെ ,പൂച്ചകുഞ്ഞുപോല്‍ ഇരിപ്പുണ്ടല്ലോ ..അതിന്റെ നെഞ്ചിടിപ്പുകള്‍ ഹരിയേട്ടന്റെ കവിതകള്‍ എനിക്ക് പാടിത്തരുന്നു."


"ഇതാ മേഘമേ ഈപരവതാനിയിലെ ഒരു നക്ഷത്രം, ഇത് നിനക്ക് സമ്മാനമായി ഇരിക്കട്ടെ . എന്റെ ഹരിയേട്ടന്റെ സ്വരവും കവിതകളും എല്ലാം നീ എനിക്ക് കേള്‍പ്പിച്ചു തരു ."

ഞാന്‍ ഒരു നക്ഷത്രം എടുത്തു മേഘത്തിനു കൊടുത്തു.

പാവം മേഘത്തിന്റെ കണ്ണ് നിറഞ്ഞു.

"അമ്മു ..ഇതുവരെ എനിക്കൊരു നക്ഷത്രം പോലും സ്വന്തം ആയി കിട്ടിയിട്ടില്ല. എല്ലാം എന്നെ നോക്കി കളിയായി ചിരിച്ചു തഴുകി പോവുകയേ ഉള്ളു .."

"അതെന്താ മേഘമേ ..ഇത്രയും സുന്ദരനായ നിന്നെ ഈ നക്ഷത്രങ്ങള്‍ ഒന്നും സ്വന്തമാക്കാന്‍ കൊതിക്കാത്തത്‌ ?"ഞാന്‍ ചോദിച്ചുപോയി.

"അമ്മൂ ..ഞാന്‍ വെറും ഒരു സഞ്ചാരി അല്ലേ? മഴമുത്തുക്കള്‍ വിതറാന്‍ മാത്രം അറിയുന്ന ഒരു സഞ്ചാരി . എനിക്ക് സ്വന്തമായി എന്തുണ്ട് ?"

"അതിനു ഈ...നക്ഷത്രങ്ങള്‍ക്ക് ഇത്ര അഹംകരിക്കാന്‍ എന്താ ഉള്ളത് മേഘമേ?"

ഉണ്ടല്ലോ ..അമ്മൂ ..അവര്‍ക്ക് സ്വന്തം പ്രകാശം ഉണ്ടല്ലോ ..ഉള്ളവര്‍ക്ക് ഇത്തിരി അഹംകാരവും അലംങ്കാരമാണ് അമ്മു. ഈ നക്ഷത്രങ്ങള്‍ അല്ലേ എനിക്ക് പോലും വെളിച്ചവും ചൂടും തരുന്നത് ? ..അവരെങ്ങിനെ പിന്നെ എന്നെ സ്വന്തമാക്കാന്‍ ആശിക്കും? "

"ഇനി ഒന്നും നിനക്കില്ലെങ്കില്‍ കൂടി നിന്നെ എനിക്ക് നല്ല ഇഷ്ടാണ് മേഘമേ . നിന്റെ മഴനൂലുകള്‍ കൊണ്ടാണല്ലോ ഭൂമിക്കു ഇത്രയും ചന്തമുള്ള .പച്ച പരവതാനി നീ തുന്നി കൊടുത്തത്. അത് കൊണ്ടല്ലേ അവിടെ നിറകൂട്ടുകളായി പൂക്കളും , നിറങ്ങള്‍ ചിറകിലേറ്റി പാറി നടക്കുന്ന ചിത്രശലഭങ്ങളും ഉണ്ടായത്?, അതൊക്കെ പോകട്ടെ, ഈ രാത്രി എനിക്കു കൂട്ടിരിക്കാന്‍ , എന്റെ ഹരിയേട്ടന്റെ സ്വരവും ..കവിതകളും ആയി നീ എന്റെ അരികില്‍ വന്നുലോ .."

മേഘത്തിന്റെ കണ്ണ് നിറഞ്ഞു തുളുമ്പി ..മഴമുത്തുക്കള്‍ ഒന്നൊന്നായി പരവതാനിയില്‍ തുള്ളി തെറിച്ചു വീണു ..രാത്രിയുടെ പൊട്ടിപോയ വെള്ളി അരഞ്ഞാണം പോലെ അത് താഴേക്ക് ഒഴുകി‌!

അരഞ്ഞാണ മണികള്‍ ഇപ്പോള്‍ ഭൂമിയുടെ ഏതോ താഴ്‌വരയില്‍ മഴയോ ..മഞ്ഞോ ആയി പെയ്തിരിക്കും.

ഹരിയേട്ടാ എനിക്കിതൊക്കെ ഇങനെ ആകാശത്തിരുന്നു കാണാന്‍ കഴിയുമെന്നു ഞാന്‍ വിചാരിച്ചതേ ഇല്ല .

"അമ്മൂനോട് ഞാന്‍ പറയാറില്ലേ ..ഒരു മലയോളം നമ്മള്‍ മോഹിക്കുമ്പോള്‍ , ഒരു കുഞ്ഞികുരുവോളമെങ്കിലും നമുക്ക് എന്നെങ്കിലും കിട്ടാതെ വരില്ലായെന്ന് . അതാ ഇപ്പോള്‍ നടന്നത് ."

"ശരിയാണ് ഹരിയേട്ടാ ..ഇതും എന്റെ സ്വപനത്തില്‍ ഉണ്ടായിരുന്നു....ഒരു പാട് മോഹിച്ചസ്വപ്നത്തില്‍ ഒന്ന് ഇതുതന്നെയായിരുന്നു."

മേഘം ഏതോ കവിത മൂളാന്‍ തുടങ്ങി ..

"തിരികൊളുത്തും കിനാവിന്റെ
താരാപഥത്തിലെ താരാറാണിമാര്‍ ആരോ ....."

എവിടെ നിന്നോ ചെമ്പക പൂമണം ഒഴുകി പടരുന്നുണ്ടായിരുന്നു. "മേഘമേ നമ്മളിപ്പോള്‍ എവിടെയാണ്? ഈ ചെമ്പകമണം എവിടെ നിന്നാണ് ?"

"ഇതാ നിലാവില്‍ സൂക്ഷിച്ചു നോക്കുമ്പോള്‍ അമ്മൂന് കാണാന്‍ ഇല്ലേ ആ കുന്നിന്റെ താഴ്വാരത്ത് ഒറ്റക്ക് നില്‍ക്കുന്ന ഒരു ചെമ്പക മരം?" മേഘം വാചാലമായി .

"ആ ചെമ്പകം എന്നും പൂക്കും ...ഒരു ഗന്ധര്‍വന്‍ പ്രണയിച്ച, കന്യകയായിരുന്നു ആ ചെമ്പകമരം ..ഗന്ധര്‍വന്‍ പതിവിനു വിപരീതമായി അവളെ ശരിക്കും പ്രണയിച്ചു പോയി . അവളും .

അമ്മു സാകൂതം കാതുകള്‍ കൂര്‍പ്പിച്ചു.

"ഗന്ധര്‍വ ലോകത്തെ പതിവനുസരിച്ച് അവളെ പിരിഞ്ഞു പോകാന്‍ നേരം അവള്‍ മനം നൊന്തു കരഞ്ഞു. കരളുരുകിയ ഗന്ധര്‍വന്‍ അവളെ നിത്യം പൂക്കുന്ന ചെമ്പകമരം ആക്കി. ഗന്ധര്‍വയാമങ്ങളില്‍ ഈ ചെമ്പക പൂമണം ആകാശത്താകെ അവരുടെ പ്രണയ സുഗന്ധമായി പരക്കും.താരകളും ഞാനും എന്നും അത് ആസ്വദിക്കാറുണ്ട്.

എനിക്കും അങ്ങനെ ആകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ...ഹരിയേട്ടന്റെ മുറ്റത്തു എന്നും പൂക്കുന്ന ഒരു ചെമ്പകമരമാകാനെങ്കിലും കഴിഞ്ഞിരുന്നുവെങ്കില്‍ .

ഹരിയേട്ടാ ഇനിയും രാവേറെയുണ്ടോ എനിക്ക് ഹരിയേട്ടന് അടുത്തെത്താന്‍ ? ഈ പരവതാനി മെല്ലെ പോവുകയാണോ എന്റെ ക്ഷമ പരീക്ഷിക്കാന്‍ .

താരകളും മെല്ലെ ഉറക്കം തൂങ്ങി തുടങ്ങിയിരിക്കുന്നു. ചന്ദ്രബിംബം തെളിമ പോയി ഏതോ കടലാസ് വഞ്ചി പോലെ ദൂരെ നിലാ കായലിലേക്ക് പോകാന്‍ മറയുന്നു.

കിഴക്കേ ചക്രവാളത്തില്‍ ചുവന്ന വര മിന്നി പൊങ്ങി ഒരു തണുത്ത നേര്‍വര ആവുന്നു.

electro cardio gram reading മിന്നി മിന്നി ഒരു നേര്‍ വരയായി നിന്നു.
പുറത്തു കാത്തു നിന്നവരോട് ഡോക്ടര്‍ വ്യസനസമേതം അറിയിക്കുന്നു.

"I'm sorry."

കരയുന്നവര്‍ ...എന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. ..ഞാന്‍ ഹരിയേട്ടനെ കാണാന്‍ പോയ വിവരം ഇത്ര വെളുപ്പിനേ അവരെല്ലാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു!!.

അരികത്ത്‌ കഥ പറഞ്ഞിരുന്ന ആ വെളുത്ത മേഘം എവിടെപോയി? നിറയെ മേഘകൂട്ടങ്ങളാണ് ഇപ്പോള്‍ ചുറ്റിലും. അവക്കിടയില്‍ ഒരു വെളുത്ത മേഘമായി ഞാനും മാറി കഴിഞ്ഞിരിക്കുന്നു,
എന്തൊരു ഭാരകുറവാണ് എനിക്കിപ്പോള്‍ . ഒരു തൂവല്‍ പോലെ ആകാശത്തു പറന്നു മഴവില്ലുകളില്‍ ഉമ്മവെക്കനാവുന്നു....ഇങ്ങനെ പാറി നടക്കാന്‍ എന്തുരസമാണ്. പരവതാനിയും ..മേഘവും ഒന്നും കൂട്ടിരിക്കാതെ ..ഇരുട്ടിനെ പേടിക്കാതെ ..സ്വയംഒഴുകി നടന്നു !... എപ്പോള്‍ വേണമെങ്കിലും എന്റെ ഹരിയേട്ടനരികില്‍ എത്താവുന്ന ഒരു കുഞ്ഞുമേഘം ആയി ഞാന്‍ മാറിയിരിക്കുന്നു. എത്ര മനോഹരമാണ് ഇപ്പോള്‍ ഈ യാത്ര.


2 അഭിപ്രായങ്ങൾ:

  1. കൊള്ളാമല്ലോ ഇത് വായിച്ചപ്പോള്‍ ഹരിയെട്ടനും മേഘവും അമ്മുവും ഒക്കെ അടുത്തിരുപ്പുണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. മരണത്തിനുമപ്പുറമുള്ള ചിന്തകള്‍ , ഒരു സഹസമെന്നോ അസാധാരണമെന്നോ പറയേണ്ടത് , എന്തോ എനിക്കൂഹിക്കാന്‍ കഴിയുന്നില്ല ! മരണാന്തര ജീവിതത്തെക്കുറിച്ച് പലരും എഴുതിയിട്ടുണ്ടെങ്കിലും ഇത്ര ഹൃദ്യമായ രീതിയില്‍ ആദ്യമായി വായിക്കുകയാണ് . നല്ല വായനാനുഭവം .

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.