12/29/2010

കാത്തിരിപ്പ്‌

പതിയെ വീശുന്ന കാറ്റിന്‍..
നിന്റെ തോളോരം ചാരി,
അനുരാഗം അന്ജനമെഴുതിയ കണ്ണാല്‍ 
അലകളില്‍ കുംമ്കുമ കാടുപൂക്കും 
അസ്തമയം കാണുമ്പോള്‍ -
അന്തരംഗത്തില്‍ കടലോളം ഉയരുന്നു 
ജീവന്റെ മോഹം..
ജീവിക്കാന്‍ ഇന്നോളമില്ലാത്ത മോഹം!

മെല്ലെ അലിയും ചുവപ്പിത് 
നീലിമയില്‍ അലിയുന്ന കറുപ്പാവുന്നു..
മടിയില്‍ കിടന്നു ദൂരെ തെളിയും 
താരയെ നോക്കുമ്പോള്‍ ..
നിറയുന്നതെന്തിനോ മിഴികള്‍ .!.
വിട പറയുവതെങ്ങിനെ ഇനി 
ഞാന്‍ നിന്നോട് ?

രാവൊരു നാഴിക ഉയരെ 
താലത്തില്‍ താരക പൂക്കളുമായ്‌ നില്‍ക്കെ 
കൈനീട്ടി എത്താത്ത പ്രണയവുമായ്‌ 
ഇങ്ങു ദൂരെ മിഴിപൂട്ടി നില്കയാണ് ഞാനും .
നമ്മെ പൊതിയുന്ന നിലാവിന്റെ 
നീല വിരിപ്പെത്ര വിചിത്രം 
നിറദൂരങ്ങളെ പൊതിഞ്ഞു -
നമ്മെ ചേര്‍ത്തിരുത്തി.
ഒരു കാണാ തീരം ഇടയില്‍ മരുകടലായ്..
നമ്മെ ദൂരെപകുത്തു  മാറ്റുകിലും,
അകതാരില്‍ നീ തീര്‍ത്ത കനവിന്റെ 
അഴകാര്‍ന്ന പൂന്തോണി ഒഴുകുന്നു ,
ആഴകടലിലെ മുത്തും പവിഴവും വാരി.
അറിവീല പ്രജ്ഞയില്‍ എങ്ങോ ..
അവ  തേടും പ്രണയദ്വീപിലെ ഖനികള്‍ .

രാവേറെ ആയി ...നീ ഉമ്മവെച്ചു 
പിരിയും ദൂരെ വിളക്കുമര ചോട്ടിലെ 
കനത്ത ഇരുളിലേക്കായി.
മിഴികളില്‍ ആ ഇരുളിലെ 
സങ്കട കരിയുമായ് കാത്തിരുനോട്ടെ ഞാന്‍ ?
ഇനിയി ജന്മം ഇരുട്ടി വെളുക്കുവോളം!
മറു ജന്മ പുലരിയില്‍ ...
വിരിയും നന്ദ്യാര്‍വട്ടപൂക്കള്‍...
ഇന്നലെ രാവില്‍ എന്റെ കനവിലെ -
ഇതള്‍ കൊഴിഞ്ഞ ആകാശ താരകള്‍ പോലെ..
അന്നു പകുത്തെടുക്കും നമ്മള്‍ 
മധുരം  ഹൃദയാഭിലാക്ഷങ്ങള്‍ .

12/27/2010

ജന്മാന്തരം .


ഒടുവില്‍ ചെന്ന് ചേരുന്ന വഴിയില്‍
ഒരു ഓരം ചേര്‍ന്ന് അവനും  നടക്കുന്നുണ്ടായിരുന്നു.
ഒന്നും നല്‍കാന്‍ ബാക്കി ഇല്ലാത്ത കിനാവിന്റെ
മുഷിഞ്ഞ  ഭാണ്‍ഡത്തിലേക്കവന്‍ വീണ്ടും
കനിവില്ലാതെ മിഴി നീട്ടി പരതിയോ?
വഴിവക്കിലെ പാഥേയമായ അവയെല്ലാം
ഇന്നലയുടെ കിളികള്‍ കൊത്തി പറന്നത്
ഇനിയും അവനറിഞ്ഞില്ലെന്നോ?


അവനറിയാതെ കാലം കരിമഷിയില്‍ 
എഴുതിയ മാന്ത്രിക കോലത്തില്‍,
പരിഹാസത്തിന്റെ ..ക്രോധത്തിന്റെ -
ചാട്ടവാറടികള്‍ എത്ര ഏറ്റുവാങ്ങി .
ഒഴിഞ്ഞു പോവാത്ത എത്ര പ്രതീക്ഷകള്‍ 
ചാട്ടവാറടിയേറ്റു കുഴഞ്ഞു വീണു 
കളത്തില്‍ ചിതറിയ മുടിയില്‍ -
പ്രണയത്തിന്റെ രക്തകറയുമായി 
ബോധമറ്റു  വീണു കിടന്നു.

ഇന്നീ വഴിയില്‍ കണ്ടു മുട്ടുമ്പോള്‍ 
എടുത്തു നീട്ടാന്‍ ഇനി-
എന്തുണ്ട് എന്റെ പക്കല്‍ ?
കനല്‍ ചില്ലയില്‍ ഉരുകി പിടക്കുന്ന 
എന്റെ നിശ്വാസ പക്ഷികളുടെ 
നിറം മങ്ങിയ തൂവലുകള്‍ അല്ലാതെ ..!

നമ്മുക്ക് ഈ സമാന്തര രേഖയിലെ 
വെറും സഞ്ചാരികള്‍ ആവാം .
മിഴികള്‍ കോര്‍ക്കാതെ..,

പരസ്പരം പദചലനം കേള്‍പ്പിക്കാതെ,
ഒരേ തീരത്തേക്ക് നടന്നടുക്കാം.
മറ്റൊരു ജന്മത്തേക്ക് എത്തുന്നവരേയ്ക്കും.

12/21/2010

ധ്വനി .




ഉണരുന്നു മഴവില്ലിന്‍ മാണിക്യ വീണ

ഹൃദയം കൊതിച്ച അനുരാഗ സന്ധ്യയില്‍

മൃദുവായ് നീ മീട്ടി നിറയും ശ്രീരാഗം,

മകരന്ദ ബിന്ദുവായ്‌ മയങ്ങുന്നു മനതാരിലും .


മാലിനി നദിതട പര്‍ണശാലയിന്നിതാ..

നന്ദന വനമായ് മാറുന്നു ..

കാര്‍വണ്ടിന്‍ മുരളി നാദവര്‍ഷത്തില്‍

കാനന ദേവതയാടിടുന്നു വിലാസ നൃത്തം .


വസന്തങ്ങള്‍ കൈകുമ്പിളില്‍ വാടമാലരായ്

പുഷപാന്ജലി അര്‍പിക്കും കോവിലില്‍

പൂജമന്ത്രമിതു നിന്‍ ഹൃദയമിടിപ്പോ

അലിവായ് ചെവിയോരം -

നിറയും നിന്‍ സ്വനബിന്ദുവോ ?


ലോകം ചിരിച്ചാലും ..

കാലം പഴിച്ചാലും ,

കാലമേ നിന്‍ കാല്‍ക്കല്‍ വെക്കുന്നു ഞാനിന്നു

താമരയിലയില്‍ ഞാന്‍ എഴുതിയോരാ ..

പ്രണവം പോല്‍ പാവന പ്രണയ ലേഖനം .


നിന്‍ കോപ പരിഭവ വൃത്ത മന്ജരികള്‍

ഇന്നെന്റെ കാവ്യഭാവനാ കാല്‍തളകള്‍

വിണ്ണിലെ ദേവസഭാതലം പോലും

കാതോര്‍ത്തിരിപ്പൂ നിരവദ്യമീ ധ്വനിമേളം .


ഇനിയെന്റെ ജീവനില്‍ ഉണരില്ല ഗാനം

ശ്രുതി മീട്ടാന്‍ നിന്‍വിരല്‍ ചലനമില്ലെന്നാല്‍ -

ഇനി ഉണരില്ല പ്രിയനേ എന്‍ -

സ്വപ്ന വിപഞ്ചിക

ഗാനവസന്തമായ് നിന്‍ -

പ്ര ണയോന്മാദമില്ലയെങ്കില്‍ .

വിടപറഞ്ഞിടല്ലേ ...ഞാനുമീ

സോപാന ഗാനമായ് ഉരുകുന്നു

നീയാം ശ്രീകോവിലില്‍ നടതുറന്നിടുവാന്‍ .

12/16/2010

വൃത്തം -വിചിത്രം !

  •                       
ഒരു ബിന്ദുവിനും ചുറ്റും കറങ്ങി ഞാന്‍-
ഒരേകാന്ത വൃത്തമായ്!
ഒരേ ആകാരമുള്ള ഒരു നൂറുവൃത്തം,
ഒന്നും ഞാന്‍ ആവുന്നില്ല!
ഞാന്‍ എന്നതെന്നും ഒരേകാന്ത വൃത്തം .
ഒരാകാശത്തെ ഒരേ ഒരു പൂര്‍ണ ചന്ദ്രന്‍പോല്‍ !

ഇന്നലെ അമ്മ തൊട്ട ചാന്തുപൊട്ടിനും.,
രാവിലെ കിഴക്കേ മാനത്തു കണ്ട സൂര്യനും,
വീട്ടിലെ കിണറിനും,
കണ്ണന് മുന്നിലെ പോന്നുരുളിക്കും ,
ഒരേ ആകാരം!
"മാളുനു ഇതാന്നു "മുത്തശന്‍ നീട്ടിയ -
ചൂടന്‍ പപ്പടത്തിനും ,
അമ്മുമ്മയുടെ കണ്ണാട ചില്ലിനും
കുഞ്ഞു വാവയുടെ കവിളിലെ കരിമഷിക്കും
മഴതുള്ളി മണ്ണില്‍വരച്ച കൊച്ചു അക്ഷരങ്ങള്‍ക്കും -
കഴുകന്‍ കണ്ണിനും,
സൂര്യന്റെ ബ്ലാക്ക്‌ ഹോള്‍സിനും .
ട്രാഫിക്കിലെ നിറം മാറി വരുന്ന വെളിച്ചത്തിനും ,
ഒരേ ആകാരം .
എന്നിട്ടും എല്ലാം എന്നും വ്യത്യസ്ഥം.

ഒരു ബിന്ദുവിനു ചുറ്റും ഒരേകാന്ത വൃത്തം
തീര്‍ക്കും ഞാനും തീര്‍ത്തും വ്യത്യസ്തം .
green, yellow & red dots Pictures, Images and Photos

മഴ

             
മഴ അവള്‍ പാവം ആണ്
ഇന്നലെ കാര്‍മേഘമോഹങ്ങളെ
ഇരുകയ്യാലും പുണര്‍ന്നു
മാരിവില്‍ മാലയിട്ടതാണ്
ഒരു തെക്കന്‍ കാറ്റി ല്‍  അവ ദൂരെ
പാറി പറന്നപോള്‍ ..
വെറുതെ പൊലിഞ്ഞത് രണ്ടു തുള്ളി
മിഴിനീര്‍ മാത്രമായിരുന്നു.
മഴ പാവമല്ലേ ?


മഴ സുന്ദരിയാണ് .
ശിശിര രാവിന്റെ മൂകതയില്‍
വെള്ളി പാദസ്വര കിലുക്കവുമായവള്‍-
കുളിരിന്റെ വെള്ള ദാവണി തുമ്പും പറത്തി
നൃത്തമാടാന്‍ തുടങ്ങും .
പാദപദനങ്ങളില്‍ ഭൂമി തരളിതമാക്കി ,
ഓരോ പുല്‍നാമ്പുകളിലും
നിറമൊട്ടുകള്‍ വിരിയിച്ചു പുളകിതയാവും.
അവളുടെ പാദസ്വരങ്ങളും,ചിരിയും
സ്വര്‍ണവര്‍ണ്ണ കനവായ്
നിന്റെ നിദ്രയെ പൊതിയുമ്പോള്‍ -
മഴ സുന്ദരിയല്ലേ ?


മഴക്കൊരു അലിവുള്ള ഹൃദയം ഉണ്ട് .
മഞ്ഞനിറമുള്ള മഴക്കാല സന്ധ്യാഹൃദയം.
ദൂരെ അലഞ്ഞ വേഴാമ്പല്‍ ചുണ്ടിലവള്‍
അലിവിന്റെ ദാഹജലമായി .
വരണ്ടുണങ്ങിയ ഭൂമിയിലേക്കവള്‍
ജീവന്റെ അമൃതായ്‌ പെയ്തിറങ്ങി.
വിയര്‍ത്ത കര്‍ഷകന്റെ മേനിയെ
ചിരിയോടെ തഴുകി തുടച്ചു .
അവള്‍ പെയ്തു മടങ്ങിയ ഒരു പകലിലാണ്
ആദ്യമായ് ഞാന്‍ കവിത എഴുതി തുടങ്ങിയത്
അവളായിരുന്നു എനിക്ക് കവിതയുടെ ഹരിശ്രീ
ആര്‍ദ്രമായ്‌ ചെവിയിലും ...
ഹൃത്തിലും മന്ത്രിച്ചു തന്നത് .
മഴയുടെ ഹൃദയം അലിവുള്ളതല്ലേ?


പിന്നെ പിന്നെ അവള്‍
എനിക്കരൊക്കെയോ ആയി തീര്‍ന്നു .
ഇടിമിന്നലുമായ് വന്നു ചില്ല് വാതിലില്‍
ഒളിച്ചു നിന്ന് ഇടക്ക് ഉറക്കെ കളിയാക്കി ചിരിച്ച്,
നിറയെ കളിപറഞ്ഞു മെല്ലെ ഉറക്കി
വിടപറഞ്ഞോടിയ കളിത്തോഴി ആയി .


വേനലില്‍ അവള്‍ വന്നപ്പോള്‍ ,
അറിഞ്ഞത് - ആശ്വാസമാവുന്ന
അച്ഛന്റെ കരസ്പര്‍ശം ആയിരുന്നു .
അലിവോരുന്ന വാത്സല്യമായ് -
മൂര്‍ധാവില്‍ ഉമ്മവെച്ചു
സന്തോഷാശ്രു പൊഴിച്ചു നിന്നു.


ധനുമാസ സന്ധ്യയൊന്നില്‍
ഉമ്മറത്തിണ്ണയില്‍ നോക്കിയിരിക്കെ -
ചാറ്റല്‍മഴയായ്......
വിറയാര്‍ന്ന ചുണ്ടോടെ നാമം ജപിക്കുന്ന
മുത്തശ്ശി മഴയായ് അവള്‍ വന്നു
കൊതിയോടെ മണ്ണില്‍ ഇറങ്ങി
കൈ നീട്ടി ഓടിചെല്ലവേ
തിരികെ സ്വര്‍ഗത്തിലേക്കവള്‍
കൈ തരാതെ മടങ്ങിപോയ്.
കര്‍ക്കിട സന്ധ്യയില്‍ എന്റെ
അനാഥത്വം പോലെ ചിലനേരം
അവള്‍ അനാവശ്യമായ് പെയ്തു വന്നു.
എത്ര ചാലു കീറിയിട്ടിട്ടും...
മനസ്സാകെ ചെളിവെള്ള കടലാക്കി അവള്‍ .
എന്റെ കണ്ണിരിന്‍ ഉപ്പു ചേര്‍ത്തെ അന്നവള്‍ക്ക്
  • മരുന്ന് കഞ്ഞി തികഞ്ഞുള്ളൂ.
ഈറന്‍ നിലാവിന്റെ കടല്‍ കടന്നു
ആരവത്തോടെ അവള്‍ വരുമ്പോള്‍ ,
സുകൃതസ്മൃതികള്‍ ഉണര്‍ത്തും ,
പ്രണയമഴയായ് അവള്‍ -
മണമുള്ള നിറകാടുകളില്‍ പെയ്യുന്നു.
മഴവില്‍ ചിറകുകളുള്ള മാന്ത്രിക കുതിരയെ
മേഘങ്ങളുടെ പളുങ്ക് കൊട്ടാരത്തിലേക്ക് പറത്തി
കവിതയുടെ പാല്‍കടലിലേക്ക് -
കൊണ്ടുപോയിടുന്നു.


മരണചിത്രം


                                                                              


കാറ്റിന്റെ നേര്‍ത്തൊരു തൂലിക കൊണ്ടൊരു
വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കട്ടെ ഇന്ന് ഞാന്‍ .
വന്നു ചേരുക ചിത്ര പതംഗമേ ...
മാരിവില്ലിന്‍ നിറകൂട്ടുമായി നീ.

നീല നിറം കടം തരിക നീ ഗഗനമേ
നീല യില്‍ മറഞ്ഞു കിടപ്പുണ്ടെന്‍
ചിന്തചേരും തത്വചിന്തകള്‍‍
ആദിയും അന്തവും ഇല്ലാത്ത ജീവനെ
ആരാഞ്ഞു തളരുന്ന നിത്യ വിസ്മയങ്ങള്‍!‍

പച്ചയാവുന്നത് നിറമേഴും ഓര്‍മ്മകള്‍ ..
മുറ്റത്തെ മാവിലെ ആദ്യ കണ്ണിമാങ്ങയും,
കര്‍ക്കിട പുലരിയില്‍ ശ്രീഭോതി മുന്നില്‍ -
വാല്‍കണ്ണാടി നോക്കി തൊടുകുറിയിട്ട
മുക്കുറ്റി ചാന്തും !

ചുവപ്പെന്റെ അനുരാഗത്തിന്‍ നിറം
നീ നീട്ടിയ ഹൃത്തിലും .....
പിന്നെ , നീ മുത്തി തുടുപ്പിച്ച ചുണ്ടിലും
തൊട്ടെടുത്തു വരച്ചു ഞാന്‍ ചിത്രം.

മഞ്ഞ നിറം തരിക നീ മഴ സന്ധ്യേ ...
മഞ്ഞയില്‍ പുതഞ്ഞു കിടപ്പൂ എന്‍ മന്മഥ ചിന്തകള്‍‍
എന്റെ പൂങ്കാവനം പൂത്ത്‌ തളിര്ത്തതും
പൂക്കളില്‍ നിറയും പൂന്തേനിനും നിറം മഞ്ഞ !

വെണ്ണിലാ ചന്ദനം ചാര്‍ത്തി...

താരകള്‍‍ താഴോട്ടു ഇട്ടൊരു വെന്‍ചെമ്പകം -
മോഹ താഴ്വരമാകവേ പൂ വിതറീടുന്നു.
എന്തൊരു വെണ്മയും സുഗന്ധവു-
മെന്‍ മോഹങ്ങള്‍ക്കെന്നുമേ!

എല്ലാം എടുത്തു വെക്കുന്ന കറുപ്പാണെന്നും
ഏറെ സന്തോഷിപ്പതെന്നെ ...!
എങ്കിലും മരണമേ ഇത്ര സൌന്ദ്യര്യം
എങ്ങും ഞാന്‍ കണ്ടില്ല നിന്നലല്ലാതെ!

കറുപ്പില്‍ നിറയുന്നി വര്‍ണങ്ങള്‍ അത്രയും ..
നീലയും ചുവപ്പും ...കൂടും വയലറ്റും ,
മഞ്ഞയും നീലയും ...കൂടും പച്ചയും,
മരണമേ നീ തന്നെ നിറവും നിദാന്തവും!!

കണ്ടു ഞാന്‍ , നിന്റെ നീല മിഴികള്‍ -
ആകാശ നീലയിട്ടു വരച്ചു ഞാനിന്നതും
കണ്ടു നിന്റെ ചുവന്ന ചുണ്ടുകള്‍ -
കണ്ടു ഞാനിന്നു നിന്‍ വെന്‍ചിരിയും!

മോഹിപ്പൂ എന്നെ നിന്‍ കഴുത്തഴകും
മിനുസമാര്‍ന്ന പുറം വടിവും.
ദൃഡമാര്‍ന്ന നിന്‍ കൈ കരുത്തും
മരണം മണക്കും നിന്‍ ദേഹഗന്ധവും.

എത്ര നിറങ്ങളാല്‍...എത്ര വര്‍ണാഭമായ്
വരച്ചു തീര്‍ക്കും ഞാനിനി
വര്‍ണം നമിച്ചു ...വലം വെച്ച് വീഴുമീ
വര്‍ണ പ്രപഞ്ചമാം മരണചിത്രം !