12/27/2010

ജന്മാന്തരം .


ഒടുവില്‍ ചെന്ന് ചേരുന്ന വഴിയില്‍
ഒരു ഓരം ചേര്‍ന്ന് അവനും  നടക്കുന്നുണ്ടായിരുന്നു.
ഒന്നും നല്‍കാന്‍ ബാക്കി ഇല്ലാത്ത കിനാവിന്റെ
മുഷിഞ്ഞ  ഭാണ്‍ഡത്തിലേക്കവന്‍ വീണ്ടും
കനിവില്ലാതെ മിഴി നീട്ടി പരതിയോ?
വഴിവക്കിലെ പാഥേയമായ അവയെല്ലാം
ഇന്നലയുടെ കിളികള്‍ കൊത്തി പറന്നത്
ഇനിയും അവനറിഞ്ഞില്ലെന്നോ?


അവനറിയാതെ കാലം കരിമഷിയില്‍ 
എഴുതിയ മാന്ത്രിക കോലത്തില്‍,
പരിഹാസത്തിന്റെ ..ക്രോധത്തിന്റെ -
ചാട്ടവാറടികള്‍ എത്ര ഏറ്റുവാങ്ങി .
ഒഴിഞ്ഞു പോവാത്ത എത്ര പ്രതീക്ഷകള്‍ 
ചാട്ടവാറടിയേറ്റു കുഴഞ്ഞു വീണു 
കളത്തില്‍ ചിതറിയ മുടിയില്‍ -
പ്രണയത്തിന്റെ രക്തകറയുമായി 
ബോധമറ്റു  വീണു കിടന്നു.

ഇന്നീ വഴിയില്‍ കണ്ടു മുട്ടുമ്പോള്‍ 
എടുത്തു നീട്ടാന്‍ ഇനി-
എന്തുണ്ട് എന്റെ പക്കല്‍ ?
കനല്‍ ചില്ലയില്‍ ഉരുകി പിടക്കുന്ന 
എന്റെ നിശ്വാസ പക്ഷികളുടെ 
നിറം മങ്ങിയ തൂവലുകള്‍ അല്ലാതെ ..!

നമ്മുക്ക് ഈ സമാന്തര രേഖയിലെ 
വെറും സഞ്ചാരികള്‍ ആവാം .
മിഴികള്‍ കോര്‍ക്കാതെ..,

പരസ്പരം പദചലനം കേള്‍പ്പിക്കാതെ,
ഒരേ തീരത്തേക്ക് നടന്നടുക്കാം.
മറ്റൊരു ജന്മത്തേക്ക് എത്തുന്നവരേയ്ക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.