1/20/2012

ഒളിച്ചോട്ടം.


fantasy


വേണ്ടെന്നു വെച്ചിട്ടുംവെറുതെ ;
ഓര്‍ത്തുപോവുകയാണ്‌ നിന്നെ .
കിളിക്കുഞ്ഞിന്റെ
കൊക്കിലമര്‍ന്ന പൂത്തുമ്പിയുടെ ;
പ്രതീക്ഷയടങ്ങിയ ചിറകിന്റെ പിടപ്പും
നിശബ്ദ തേങ്ങലുമായി .

തുമ്പിയുടെ
അതേ അങ്കലാപ്പോടെ .
അവസാന നിശ്വാസത്തോടെ .

നിന്റെ കൈചൂട്കുടഞ്ഞു
നിരത്തിലെ തിരക്കില്‍ -
ഒറ്റപെട്ടു പകച്ചുനില്‍ക്കുമ്പോള്‍
മുഖത്തണിയാന്‍ തേടുകയാണ് ,
ഒരു തിരക്കിന്റെ മുഖംമൂടി .

അരികില്‍ അകലങ്ങളുടെ
അലുക്ക് വെച്ച് മോടിയാക്കിയ
മുഖംമൂടി .

അകലത്തല്ലാതിപ്പോഴും
കേള്‍ക്കുന്ന നിന്റെ വിളിയൊച്ച
കാതിലെത്താതിരിക്കാന്‍ .
ആകാശം നോക്കി
ഉറക്കെ വിളിച്ചു ശകാരിക്കയാണ്
ഞാനൊരില്ലാ... മുകിലിനെ .
നിന്നെപോലെ ഏതു നിമിഷവും
എന്നെ നനയിക്കാന്‍പോന്ന
ഒരു കരിമുകിലിനെ .

എനിക്കറിയാം
നീ പെയ്തുവന്നാല്‍
നിന്നെ തടുക്കാന്‍
ഒരു കുട എനിക്കിതുവരെയില്ലെന്ന് .



1/16/2012

നിന്റെ ഓര്‍മ്മകള്‍ .





അക്ഷരങ്ങളിലറിയാതെ
കണ്ണോടും നേരത്ത് ;
കാല്‍തട്ടിവീണു
നില്‍ക്കാറുണ്ടുഞാന്‍ -
നിന്റെ ഓര്‍മകളുടെ
വിരലോരത്ത് .

ഇരുളിന്‍ ലഹരിയില്‍
പുതഞ്ഞുറങ്ങും നേരം
കവിളില്‍ തട്ടി വിളിച്ച്
ചുണ്ടില്‍ നിലാവായ് പരന്നു
കണ്ണറിയാതെ കൂമ്പി പോകാറുണ്ട്
നിന്റെ ചുമലോരം .

മഴനിറയുമാകാശം
ഇഴതീര്‍ത്ത സ്മൃതിപായയില്‍
കടംകഥ പറഞ്ഞിരിക്കും വേളയില്‍
അറിയാറുണ്ടൊരു സ്നേഹചൂടെന്നെ
ചുറ്റിവരിഞ്ഞു നില്‍പ്പതും .

ഉച്ചവെയില്‍ ഉള്‍താപമായ്
ചുറ്റുംതീയായ് ഉരുകിയോലിക്കവേ
പതിയാറുണ്ടൊരു നിശ്വാസം -
പിന്‍കഴുത്തില്‍ മെല്ലവേ ,
ഊതിയാറ്റും മഞ്ഞായെന്നില്‍ .
http://api.ning.com/files/sDwIAl6iVe-HiMoDRedj8etwytd2VD0sIlSDUtzJzmJ*T4epBfDiJdW5NTixxeDGU5tTEBLO8vq0GyLcbRs7tj-Snnttne70/redgolddiv.gif

1/09/2012

ഒരേ കടല്‍ .






നമുക്കിടയില്‍ എന്നാണൊരു
കടല്‍ നിറഞ്ഞു വന്നത് ?
തൊട്ടു നോക്കുമ്പോള്‍ ഘനമില്ല
കോരികുടിക്കുമ്പോള്‍ ഉപ്പുമില്ല .
എങ്കിലും ദാഹം മാറ്റാനാകുന്നില്ലല്ലോ !

നിന്റെ നിശ്വാസം ഉറക്കെ ആയിട്ടും
തിരകളോ, തിരമാലകളോ -
ഉണര്‍ന്നില്ല കടലില്‍ .
തീരത്തോ , ദൂരത്തോ നീയല്ലാതാരും
ഉലാത്തുവാനും എത്തിയില്ല .

ചാന്ദ്രവെളിച്ചത്തില്‍ വേലിയേറ്റങ്ങളില്ലാതെ ,
കരയാകണ്ണില്‍ ഇടിമിന്നല്‍ത്തിരകള്‍ -
നിമിഷനീലത്തില്‍ തെളിയുമ്പോള്‍ ...
നിനക്ക് പിന്നിലായ് ;
നിദ്രഒളിപ്പിച്ചു
ആരോ നില്‍ക്കുന്നപോലെ !
ഒരുപക്ഷെ എനിക്കുമാത്രം കാണുന്നതോ ?

ശിശിര നിദ്രയില്‍ ഞാനാ കടലും
ശീലങ്ങളുടെ മറുകടലും കടന്നു
സ്വര്‍ണ്ണപ്പൂക്കള്‍ വളരുന്ന
രാവിന്‍റെ ഹിമതാഴ്വാരത്തേക്ക്
നടന്നു ചെന്നു .
നീണ്ട മുടിതുമ്പുവരെ പെറുക്കിയെടുത്ത
സുവര്‍ണ്ണ നക്ഷത്രപൂക്കള്‍
തുന്നിച്ചേര്‍ത്ത് ,
നീലനീല കടലിനു മേലെ
ഒരു തുമ്പിയെപോല്‍ പാറി പറന്നു .
തുമ്പി ചിറകുകളില്‍ മാരിവില്‍
പൊടി വീണു മിന്നി .
മിന്നായങ്ങളില്‍ ഓരോന്നും
സൂര്യകണങ്ങള്‍ പൊട്ടിച്ചെടുത്ത്
ചിറകുകളില്‍ അഗ്നിയാളിച്ചു .

ഉണരുമ്പോള്‍ വീണ്ടും
അതേ കടല്‍ -
നിനക്കും എനിക്കും ഇടയില്‍ !
നമുക്കൊരിക്കലും കൊരിക്കുടിക്കാനോ
കോരികളയാനോ ആകാത്ത
മരണത്തിന്റെ കറുത്തകടല്‍ .




animated water and planet



1/05/2012

യക്ഷി

http://th08.deviantart.net/fs5/PRE/i/2004/284/6/b/Hanging_girl_by_angelthanatos.jpg

ആരാ മരിച്ചത് ?
അച്ചുതന്റെ ഭൂമികയോ?
മഴപെയ്തൊഴിഞ്ഞ രാത്രിയില്‍
അവളുടെ മേല്‍ പതിച്ചത്
ഉഷ്ണങ്ങളുടെ ഉല്‍ക്കയായിരുന്നു .
കടലിനുമുകളില്‍
അവള്‍ നീലജ്വാലയായി.
പ്രണയത്തിലോ, പ്രജ്ഞയിലോ
ഒതുങ്ങാതെയവള്‍ -
നിസ്സഹായാംബരത്തിലേക്ക്
പുകയുടെ സര്‍പ്പപടങ്ങളുമായി
ഉയര്‍ന്നുപൊങ്ങി .
ഇപ്പോഴവള്‍ ചന്ദ്രന്റെ
വെളുത്തരക്തം കുടിച്ചു
ഉന്മാദിനി ആയിരിക്കും .
രാത്രിയുടെ കരിമ്പനക്കുമുകളില്‍
പൊട്ടിച്ചിരിച്ചു നക്ഷത്രങ്ങളുടെ
പാലപൂക്കള്‍ വിരിയിക്കുന്നുണ്ടാകും .
ദൈവമുറങ്ങുമ്പോള്‍ അവളിനി
കടവാതിലുകളുടെ ചിറകടിയൊച്ചയുമായ്‌
കറുത്തകാറ്റിന്റെ ഊഞ്ഞാല്‍ വള്ളികളില്‍
കൂര്‍ത്തദ്രംഷ്ടങ്ങള്‍ മറച്ച്
ചുണ്ണാമ്പിന്റെ നീറ്റലുമായ്
സിരകള്‍ പൊട്ടിച്ചു രക്തംകുടിക്കാന്‍
കാത്തുകാത്തിരിക്കും .
അച്യുതന്‍ കയറില്‍ തൂങ്ങിയാടുന്ന
അവളെ മാത്രമേ കണ്ടതുള്ളു.
അവളപ്പോള്‍ നീണ്ടു നീണ്ടു
നീലവേണിയും പറപ്പിച്ചു
ആകാശചാരിണി ആയികഴിഞ്ഞിരുന്നു
.



നിനക്കൊപ്പം .

http://fc08.deviantart.net/fs49/i/2009/227/5/6/_waiting_for_you__by_rikigurl14.jpg
നീട്ടി തരട്ടേ ഞാനീകിനാവിന്‍
നേര്‍ത്ത നുറുങ്ങുവെട്ടം നിന്‍നേര്‍ക്ക്‌ ?
നോക്കിയിരിക്കാന്‍ കൊതിയായിടുന്നു നിന്‍ -
കണ്ണില്‍ മെല്ലെ, ഉറങ്ങി ഉണരും ,
സുപ്തമുഗ്ദ്ധമാ കാണാകനവിലെ -
നിറംപതയുമീ.. നിലാമഴതോര്‍ച്ചകള്‍ .

എന്റെ സ്വപനത്തിന്‍ നീരുവലിചൂറ്റി,
തുമ്പില്‍ കത്തട്ടെ വെളിച്ചത്തിന്‍ താമര.
ഇല്ല വാടാന്‍ വിടില്ല ഞാനൊരിക്കലും;
എന്‍ വഴിത്താരയില്‍ വെട്ടമായിടും
നിന്റെ കണ്ണിലെ താമരപ്പൂകളെ .

എനിക്കു ദൈവത്തെ തിരിച്ചു നല്കാനായ്,
വിളിച്ചു പ്രാര്‍ഥിച്ച നിസ്സാര്‍ത്ഥസ്നേഹമേ
തിരിച്ചു നല്‍കുവാന്‍ എന്തുണ്ട് എന്‍കയ്യില്‍ ?
വിളര്‍ത്തഅക്ഷര കവിതയുമീ നിറകൂട്ടുമല്ലാതെ !.

തെറ്റുന്ന പാദത്തില്‍ ഉമ്മവെച്ചു കൊഞ്ചിച്ചു
തിരവലിച്ചോടും മണലില്‍ കൈതന്നുറപ്പിച്ചും;
പാതിരാവിലെ മാരിവില്‍ കാണിച്ചും ...
സ്നേഹമാരി പെയ്തു നിറച്ചും ...
പകുതിയും പാഴായ ജന്മത്തെ പൂവാക്കി
പ്രണയ ശ്രീകോവിലില്‍ അര്ച്ചനയാക്കി നീ.

പൊന്‍വെയില്‍ കുളിച്ചീറന്‍ മാറും
പൊന്നോണ പുലരിയിലെ മുക്കുറ്റിപോലവേ
നിന്റെ സ്നേഹപൊന്‍വെയില്‍ കാഞ്ഞു
നിന്നിടട്ടെ ഞാന്‍ അസ്തമയംവരെ ..!

ജീവനില്‍ ..സ്വപ്നസാനിധ്യവുമായെന്റെ
ജീവന്റെ ജീവനാം സാന്ത്വനമേ ..
ദൂരെയെന്നാകിലും അടുതെന്നപോലെപ്പോഴും
തൊട്ടുതഴുകുന്ന മോഹനരാഗമേ ;
തൃക്കാല്‍ക്കല്‍ വെക്കുന്നു ഞാനിതാ സര്‍വവും
എന്റെ ജന്മാന്തര ഇടക്കകൊട്ടി നീ
ചേര്‍ത്ത് പാടുകയീ സോപാനഗാനവും.
*