1/09/2012

ഒരേ കടല്‍ .






നമുക്കിടയില്‍ എന്നാണൊരു
കടല്‍ നിറഞ്ഞു വന്നത് ?
തൊട്ടു നോക്കുമ്പോള്‍ ഘനമില്ല
കോരികുടിക്കുമ്പോള്‍ ഉപ്പുമില്ല .
എങ്കിലും ദാഹം മാറ്റാനാകുന്നില്ലല്ലോ !

നിന്റെ നിശ്വാസം ഉറക്കെ ആയിട്ടും
തിരകളോ, തിരമാലകളോ -
ഉണര്‍ന്നില്ല കടലില്‍ .
തീരത്തോ , ദൂരത്തോ നീയല്ലാതാരും
ഉലാത്തുവാനും എത്തിയില്ല .

ചാന്ദ്രവെളിച്ചത്തില്‍ വേലിയേറ്റങ്ങളില്ലാതെ ,
കരയാകണ്ണില്‍ ഇടിമിന്നല്‍ത്തിരകള്‍ -
നിമിഷനീലത്തില്‍ തെളിയുമ്പോള്‍ ...
നിനക്ക് പിന്നിലായ് ;
നിദ്രഒളിപ്പിച്ചു
ആരോ നില്‍ക്കുന്നപോലെ !
ഒരുപക്ഷെ എനിക്കുമാത്രം കാണുന്നതോ ?

ശിശിര നിദ്രയില്‍ ഞാനാ കടലും
ശീലങ്ങളുടെ മറുകടലും കടന്നു
സ്വര്‍ണ്ണപ്പൂക്കള്‍ വളരുന്ന
രാവിന്‍റെ ഹിമതാഴ്വാരത്തേക്ക്
നടന്നു ചെന്നു .
നീണ്ട മുടിതുമ്പുവരെ പെറുക്കിയെടുത്ത
സുവര്‍ണ്ണ നക്ഷത്രപൂക്കള്‍
തുന്നിച്ചേര്‍ത്ത് ,
നീലനീല കടലിനു മേലെ
ഒരു തുമ്പിയെപോല്‍ പാറി പറന്നു .
തുമ്പി ചിറകുകളില്‍ മാരിവില്‍
പൊടി വീണു മിന്നി .
മിന്നായങ്ങളില്‍ ഓരോന്നും
സൂര്യകണങ്ങള്‍ പൊട്ടിച്ചെടുത്ത്
ചിറകുകളില്‍ അഗ്നിയാളിച്ചു .

ഉണരുമ്പോള്‍ വീണ്ടും
അതേ കടല്‍ -
നിനക്കും എനിക്കും ഇടയില്‍ !
നമുക്കൊരിക്കലും കൊരിക്കുടിക്കാനോ
കോരികളയാനോ ആകാത്ത
മരണത്തിന്റെ കറുത്തകടല്‍ .




animated water and planet



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.