8/28/2011

എന്റെ പൂക്കാലം .


നീ തൊട്ടപൂ പവിഴമല്ലി
അവയുടെ ചുവന്ന ഞെട്ടുകള്‍
നിന്റെ കൈവിരലുകളെ ഓര്‍മ്മിപ്പിച്ചു.
എന്റെ മുഖത്തെന്നും പറന്നുവന്നിരിക്കുന്ന 
നിന്റെ കണ്ണുകള്‍ കാക്കപൂവുകള്‍ .
എന്റെ പരിഭവം തീര്‍ക്കാന്‍
നിന്റെ ചുണ്ടില്‍ പൂക്കുന്നിത്
നിത്യവിസ്മയത്തിന്റെ തുമ്പപൂക്കുടങ്ങള്‍  .
അറിവില്ലാതോരോനേരം-
അരുതാത്തെന്തോ ഞാന്‍ ചെയ്തിടുമ്പോള്‍ ,
നിന്‍മുഖത്ത് പൂക്കുന്നത് ..
കോപത്തിന്‍ തെച്ചികാടുകള്‍ .
പതിയെ മുഖംകുനിച്ചു ഞാന്‍ ;
മാപ്പിരന്നു കണ്‍നിറക്കുമ്പോള്‍ -
നിന്നില്‍പൂക്കും  കുസൃതിയുടെ 
സുവര്‍ണ മുക്കുറ്റിപൂക്കള്‍ .
മഷിഇളകിയ നിറമിഴികളില്‍
അലിവോടെ കൂട്ട്ചൊല്ലി ഉമ്മവെക്കുംനേരം
നിന്നില്‍ പൂക്കുന്നത് പ്രണയത്തിന്റെ
രാജമല്ലി പൂക്കാടുകള്‍ .
വിരഹത്തിന്റെ വേലിക്കരികില്‍
നമുക്കിടയില്‍ പൂക്കുന്നതോ
വേദനയുടെ ശുദ്ധചെമ്പരത്തികള്‍ .
നീ തന്ന സ്വപ്നങ്ങളിലെന്നും
മണമോടെ പൂത്തുലയുന്നത്
പൊന്‍ചെമ്പക മലരുകള്‍ .
നക്ഷത്രങ്ങളില്‍ നീ കൊടുത്തുവിടും 
പ്രണയാക്ഷരങ്ങള്‍ മറുനാളില്‍ 
ഞാന്‍ ഉമ്മ വെക്കുന്ന നന്ധ്യാര്‍വട്ടപൂക്കള്‍  .
ദീപാരാധനനേരത്ത് എന്റെ പ്രാര്‍ത്ഥനകള്‍ 
നിനക്കായ്‌ മാത്രം പൂക്കുന്ന കൃഷ്ണതുളസികള്‍ .
മഴക്കാല രാത്രികളില്‍ നിന്നെ കനവുകണ്ടു 
മിഴി കൂമ്പി വിടരാന്‍ ഒരുങ്ങി നില്‍ക്കുന്നതോ 
മഞ്ഞമന്ദാരവൃന്ദങ്ങള്‍ .
നീ തരും ഉറപ്പിന്‍  സൌഭാഗ്യങ്ങളില്‍ ,
പൂക്കുന്നത് ജന്മജന്മാന്തരങ്ങളുടെ താമരപൂക്കള്‍ .
എന്റെപൂക്കൂട നിറയെ  നീ തന്നപൂക്കള്‍ 
പൂപ്പൊലി വിളിച്ചു മലരവേ..
തേടി പോകതെവിടെ ഞാനിനിയും പൂ പറിക്കാന്‍ ?
തീര്‍ക്കാം നമുക്കൊരു പൊന്നോണ പൂക്കളം
ഇനിയും പണിതീരാത്ത നമ്മുടെ വീട്ടുമുറ്റത്തും .


Image Detail











8/27/2011

എന്റെ ഓണപൂ .



തൊട്ടില്ല നിന്നെ ഞാന്‍ തേവിടിശ്ശിപൂവേ
തൊട്ടാല്‍ കൂടെ പോരും നിന്‍ഗന്ധം ..
തൊട്ടില്ലെന്നു ആണയിട്ടു പറയുകിലും
തൊട്ടകൈയ്യില്‍  മുറ്റിനിന്നിടും നിന്‍വാസനകള്‍   
തോന്ന്യവാസംപോലെന്നുമേ .

ഉണ്ടുകൊച്ചുമുള്ളുകള്‍ മുറിവേല്‍പ്പിയ്ക്കയില്ലെങ്കിലും
ചുട്ടുനീരാറുണ്ട് നിന്റെ കൈ തൊടുംവേളയില്‍ .

ഒട്ടും കിലുങ്ങാതെ വീണടിയാറുണ്ടുനിന്‍  കുഞ്ഞുപൂക്കളും
കൊച്ചു വളപൊട്ടുകള്‍ പോലവേ മണ്ണില്‍ .

പട്ടുമെത്തവിരിച്ചു  നീ കരിയിലക്കട്ടിലില്‍
കാത്തിരുന്നിട്ടും വന്നില്ല ആരുമേ.
രാത്രി വൈകി വന്നവര്‍ നിന്റെ
ദുഷ്ടഗന്ധത്തിലും ഉന്മത്തരാകുന്നോ ?

കൈവിരല്‍ മറയായ്‌ കിട്ടുകില്‍ -
കണ്ണടച്ചേതു
തേവടിശ്ശി പൂവിനേയും മാറോടണക്കാന്‍
 മടിക്കില്ല പകല്‍മാന്യരുടെ ലോകം  .
ഒരിറ്റിരുട്ടിന്‍ മറവില്‍
ഒട്ടിച്ചേരും ചെറ്റജന്മങ്ങള്‍ .    

തൊട്ടരികെ നില്പൂ തുളസി ,
പൂവില്ല ...നിറവില്ലയെങ്കിലും ,
  നല്ലകുലീനയെന്ന പേരവള്‍ക്കെന്നും.
പൂജ്യയായവള്‍ വീഴുന്നു ദേവന്റെ മാറിലും.

വര്‍ണ്ണപൂകുട  നീ തീര്‍ക്കിലുമെന്നും
വേലിക്കരികിലൊരിടം മാത്രം നിനക്കായെന്നും.
ഇല്ല മുറ്റത്ത്‌ സ്ഥാനം നിനക്കെന്തോ...
ഭ്രുഷ്ടു കല്‍പ്പിച്ചതാര് ദൈവമോ ?

ചെത്തി മനദാരം , മുല്ല പിച്ചകം,
നിന്നെ സഖിയായ്‌ ചേര്‍ത്തതേയിലലെന്നോ?
ദൂരെ നിന്നെത്തി ചെമ്പകമണം
നിന്നെ ഗൂഡം പരിഹസിച്ചീടുന്നോ ?

ഇല്ല  പൊന്നോണത്തിനു ഞാനും 
തേടി നടക്കില്ല പൂക്കളെ ഒന്നൊന്നായ്
വേണ്ട മുക്കുറ്റി , തുമ്പകുടവും ,കാശിതുമ്പയും
എന്റെമുറ്റത്തു പൂക്കളം തീര്‍ക്കാന്‍ ,
നിന്റെപൂക്കള്‍ നീ തന്നിടുമെങ്കില്‍ .







8/26/2011

വിചിത്രം ഈ യാത്രയും.



  വിചിത്രമായൊരു തെരുവ് . ഒരു കറുത്ത പാമ്പിനെ പോലെ അത് നമ്മളെയും കൊണ്ട് പാഞ്ഞുപോവുന്നു .  ഇവിടെ ശബ്ദകോലാഹങ്ങളില്ല , കീറിമുറിഞ്ഞ ആകാശ തുണ്ടുകളുടെ മേലാപ്പില്ല . മുകളില്‍ കാലത്തിന്റെ നിറങ്ങളില്ലാത്ത മൂടികെട്ടിയ മേല്പൂര . വഴിയരികില്‍ സമയത്തിന്റെ മരങ്ങളില്‍ ജന്മവ്യഥകളുടെ തീ ആളികത്തുന്ന വെളിച്ചം മാത്രം ഉണ്ട്. ഒന്ന് വിശ്രമിക്കാന്‍ ഇറങ്ങണമെങ്കില്‍ കത്തുന്ന ആ മരകൊമ്പില്‍ പിടിച്ചു കൈപൊള്ളി മാത്രമേ നിങ്ങള്‍ക്ക് (എനിക്കും)ഇറങ്ങാന്‍ ആവുകയുള്ളൂ . വഴിയരികിലെ കത്തും സമയ മരച്ചുവട്ടില്‍ ഒരു വില്പനകാരന്‍ . കൈപൊള്ളി ..പൊള്ളി സമയമരത്തിന്റെ ചില്ലകളില്‍ പിടിച്ചിറങ്ങവേ , എനിക്കറിവായി   വെറും കൈകളോടെ യാത്രചെയ്യാന്‍ എനിക്കൊരിക്കലും ആവുകയില്ലെന്നു  .  ജീവിതം കാലിചാക്കാവുന്ന ഒന്നുമില്ലായ്മ എന്നും എന്നെ ഭയപ്പെടുത്തിയിരുന്നു . അതുകൊണ്ട് തന്നെ ഞാന്‍ സ്വപ്നങ്ങള്‍ വാങ്ങാനായി അവിടെ ഇറങ്ങി .
അയാളുടെ മടിശീലനിറയെ പലവര്‍ണ്ണസ്വപനങ്ങളുടെ മുത്തുക്കള്‍ ആയിരുന്നു . അതിലൊന്ന് ഞാന്‍ എടുത്തു . മഴവില്ലിന്റെ നിറമുള്ള ഒരു സ്വപനം . അയാള്‍ കാശിനായി കൈനീട്ടിയപ്പോള്‍ , എല്ലായിടത്തും കാശു  തിരഞ്ഞു  ഞാന്‍ . അയാള്‍  ഒരു ചെറുചിരിയോടെ എന്നോട് പറഞ്ഞു . ഈ നഗരത്തില്‍ നിങ്ങളുടെ കാശിനു ഒന്നും വാങ്ങാന്‍ ആവില്ല . ഇവിടെ നാണയം ഹൃദയമാണ് . 



 "നിന്റെ ഹൃദയം തരൂ "
അയാള്‍ എന്നോട് അവശ്യപെട്ടു

അയാള്‍ എന്റെ ഹൃദയത്തിനായി കൈനീട്ടി . എനിക്കാ സ്വപ്നം ഉപേക്ഷിക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് ഞാന്‍ എന്റെ ഹൃദയം എടുത്തു ...അപ്പോഴാണ് എനിക്ക് വേദനയും ഇല്ലെന്നു ഞാന്‍ അറിഞ്ഞത്‌. ഞാന്‍ അതെടുത്തു അയാള്‍ക്ക്‌ നീട്ടി . എന്റെ ഹൃദയം കണ്ടു,  അയാളൊന്നു കൈകള്‍കുള്ളില്‍ ഇട്ടു അമ്മാനമാട്ടി  വിലയിരുത്തി . പിന്നെ അയാളുടെ ചില്ലറ ഭരണിയില്‍ നിന്നും വിലയുടെ ബാക്കി ആയി ഒരു ചെറിയ ഹൃദയം എനിക്കെടുത്തു നീട്ടി .


അവിടെ നിന്നും അങ്ങോട്ടുള്ള എന്റെ യാത്രയില്‍ ഞാന്‍ ആ കുഞ്ഞു ഹൃദയത്തിന്റെ ഉടമയായിരുന്നു . സമയത്തിന്റെ കത്തുന്ന മരങ്ങളില്‍ ഉമ്മവെച്ചുകൊണ്ട് എന്റെ സ്വപനങ്ങളുടെ പൂമ്പാറ്റകള്‍ പറക്കാന്‍ തുടങ്ങി . അവയുടെ തീ നിറമുള്ള ചിറകുകളില്‍ ,എന്റെ സ്വപ്നങ്ങളുടെ.... മാരിവില്‍ മുത്തുക്കളുടെ അഴകുള്ള നിറകൂട്ടുകള്‍ ഉണ്ടായിരുന്നു .

നിശബ്ദത ഒരു ചാറ്റല്‍ മഴയായി അങ്ങിനെ പെയ്യാന്‍ തുടങ്ങി . അവ സമയമരത്തിന്റെ ഇലകളെ തഴുകി മിനുക്കി സ്വര്‍ണ വര്‍ണമാക്കി.  അനന്തതയുടെ തരികള്‍ നക്ഷത്രങ്ങളെ പോലെ മിന്നി മിന്നി എന്റെ ആകാശ ഹൃദയത്തില്‍ വിളക്കേറ്റി നിന്നു. ഇപ്പോഴെനിക്ക്‌ നിന്റെ കണ്ണിലെ ധ്രുവ നക്ഷത്രത്തെ കാണാം. എന്റെ അടുത്ത് എന്നെ ഇമ ചിന്നാതെ നോക്കിയിരിക്കയാണ് അവ .പ്രകാശം പഞ്ചസാര തരികളായി മഞ്ഞു പോലെ ..മഴപോലെ ഞങ്ങളില്‍ വീണു . അവന്റെ ചുണ്ടില്‍ ..മുഖത്തും എല്ലാം മധുരത്തിന്റെ  സഫടികതരികള്‍ . ചിരിയുടെ പാല്‍പുഴ ഞങള്‍ക്കിടയിലൂടെ ഒഴുകാന്‍ തുടങ്ങി .

ഞങ്ങളുടെ ഞരമ്പുകളിലൂടെ അപ്പോള്‍  ശൈശവത്തിന്റെ ഇളം ചുവപ്പുള്ള തളിരുകള്‍ വിടര്‍ത്തി ..രക്തം ഓടി തുടങ്ങി . ശലഭങ്ങളുടെ വര്‍ണവനത്തില്‍ കൈപിടിച്ച് ഞങ്ങള്‍ പിച്ചവെച്ചു നടന്നു  .വീണു കിടന്ന ശലഭച്ചിറകുകള്‍ അവന്‍ നിറ ങ്ങള്‍ക്കായി  പെറുക്കി കൂട്ടി.   അവന്‍ എന്നിലെ ഒരു ഹരിത ഞരമ്പ്  , കൈവിരല്‍ത്തുമ്പിനാല്‍  മൃദുവായി  .  അതൊരു ആകാശത്തേക്ക് നീളുന്ന  താമരനൂലാക്കി ....അവയിലൂടെ പിടിച്ചു ഞങ്ങള്‍ കൌമാരത്തിന്റെ ഇളംചൂടുള്ള താഴ്വാരത്തിലെത്തി  .
അവിടെ പനിനീര്‍ പൂക്കുന്ന മരങ്ങളും ..ചന്ദനം മണക്കുന്ന മണ്ണും ഞങ്ങളെ സന്തോഷിപ്പിച്ചേ ഇരുന്നു. കാണാമറയത്തിരുന്നു അനുരാഗത്തിന്റെ പൂംകുയില്‍ അപ്പോള്‍ പാടാന്‍ തുടങ്ങി . അതോടെ ആകാശത്തിന്റെ അതിരുകളില്‍ എല്ലാം നീലതാമര പൂവിട്ടു . അതിലെ വലിയ മൃദുഇതളുകള്‍ ചവിട്ടി നിന്നപ്പോള്‍ ഞങ്ങളില്‍ യൌവ്വനമായി . അവന്റെ കണ്ണിലെ തിളങ്ങി നിന്നതു  മീനമാസത്തിലെ തീക്ഷണ സൂര്യനായി .  വെയിലൊളിയില്‍ താമര ഇതളുകള്‍  മലര്‍ക്കെ തുറന്നു . ..അവയിലെ മണമുള്ള പരാഗങ്ങള്‍ക്കായി ഞങ്ങളുടെ വിശപ്പ്‌ കൈനീട്ടി ചെന്നു. ഒരു അണുവിലും സുഗന്ധമായും മുഗദ്ധമായും നിറയുന്ന വിശപ്പ്‌.

താമര ഇതളനക്കത്തില്‍ ഞങ്ങള്‍ കാറ്റിന്റെ സംഗീതം അന്നാധ്യം കേട്ടു.  പെറുക്കി വെച്ച വര്‍ണാഭമായ ശലഭ ചിറകുകള്‍ ചേര്‍ത്ത് വെച്ച് അവന്‍  മെത്തവിരിച്ചു. നിറങ്ങളുടെ നനുത്ത ആ ഉത്സവമേളത്തില്‍ ഞങ്ങള്‍   ഉടലുകള്‍ ചേര്‍ത്ത് കുളിരകറ്റി. ഹൃദ്സ്പന്ധനങ്ങളുടെ താരാട്ടില്‍ ഞങ്ങള്‍ ഉറങ്ങാന്‍ തുടങ്ങി .

ഉറങ്ങി ഉണരവെ ...വെയില്‍ ആറാന്‍ തുടങ്ങി കഴിഞ്ഞിരുന്നു . ജീവിത്തത്തിന്റെ സായാഹ്നം . നിഴല്‍ പെയ്യാന്‍ ഒരുങ്ങുന്ന ആ  സായാന്ഹത്തില്‍ ഒന്നും ചെയ്യാനില്ലാതെ ഞങ്ങള്‍ വെറുതെ ഇരുന്നു. താമര ഇതളുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു...താമര നൂലും വാടി.. പിടിവള്ളി തെറ്റി ഞങള്‍ വീണ്ടും ...പഴയ യാത്രക്കാര്‍ ആയി.വഴിയരികിലെ ..സ്വപ്ന വില്പനക്കാരെ പിന്നിട്ട്‌...കാലത്തിന്റെ കറുത്ത മേലാപ്പിനടിയില്‍ എവിടെ തീരും എന്നറിയാത്ത യാത്രയില്‍ ...ഉറങ്ങാന്‍ പോലും അറിയാതെ .



 

8/20/2011

(ഒഴിഞ്ഞ കലങ്ങള്‍ ) ഇതും സ്വാതന്ത്ര്യമോ ?





മറിയാമ്മയുടെ വീട്ടിലെ ചോറുംകലവും
രണ്ടുമൂന്നു സ്റ്റീല്‍ഗ്ലാസ്സും എന്നുംരാത്രി
പത്തുമണിയോടെ സ്വതന്ത്രരായി
അടുക്കള ജനാലയിലൂടെ പുറത്തു ചാടും .
ഉറക്കംതൂങ്ങുന്ന ഉറുമ്പുകള്‍ പിന്നെ
ഓരോ ചോറുവറ്റുകളെയും ഉയര്‍ത്തിപ്പിടിച്ചു
സിന്ദാബാദ് വിളിച്ചു ..
മണലിനടിയിലെ അവരുടെ
പാര്‍ട്ടിഓഫീസിലെ വിശാലതയില്‍
കൊണ്ടുപോയിരുത്തി എണ്ണമിട്ടുവെക്കും.
പിറ്റേന്ന് രാവിലെ കാറൊഴിഞ്ഞ മുഖവും
ഒഴിഞ്ഞ ചോറുംകലവുമായ്....
മറിയാമ്മ വീണ്ടും അകത്തേക്ക് കയറുമ്പോള്‍
പുതിയ രക്തസാക്ഷികള്‍ക്കായ് -
മണ്ണുമാന്തി പുതച്ചു ഉറുമ്പുകള്‍
അക്ഷമരായി ഉറക്കംനടിക്കുന്നു.
വറീത് മാപ്പിള ഇന്നും
മറിയാമ്മയുടെ പുറത്തു ബാന്‍ഡ് അടിച്ചു
ചോറുംകലത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു .
റൂട്ട് മാര്‍ച്ചിനായ്‌ വീണ്ടും ഉറുമ്പുകള്‍ വരിയാവുന്നു .
എല്ലാ ദിവസവും സ്വാതന്ത്ര്യം
വിധിക്കപെട്ട ചോറുംകലം
ചുളുങ്ങി ഞണുങ്ങി ദിനംതോറും
നിസ്സഹായമായി സ്വാതന്ത്ര്യം ആഘോഷിക്കാന്‍
നിര്‍ബന്ധിതനാണ് നമ്മളെപോലെ .
http://bestanimations.com/Animals/Insects/Ant-01-june.gif

8/15/2011

നിന്റെ വാക്കുകള്‍ .




നിന്റെ  വാക്കുകള്‍ ;
അവ ഇന്നലെയെന്‍ജാലകം തള്ളി തുറന്ന്
അലിവോടെ എനിക്കരികില്‍ ഇരുന്നു.
മെല്ലെ എന്റെ മൂര്‍ധാവില്‍ തഴുകി
ചൂണ്ടുവിരലാല്‍ കണ്ണുനീര്‍ വടിചെടുത്തു.
വേണ്ടെന്നു വിലക്കുന്ന എന്റെ ചുണ്ടില്‍
വിറയലോടെ ഉമ്മവെച്ചു .
നിര്നിദ്രയുടെ കട്ടിലില്‍ താരാട്ട് പാട്ടായി
തുടകളില്‍ മെല്ലെ താളം തട്ടി ഉറക്കി .
നിന്റെ വാക്കുകള്‍ ....
അവ എന്റെ സ്വപനത്തില്‍  വീണ്ടും വരുന്നു.
സ്വപനത്തില്‍ എന്റെ മേശപുറത്ത് -
ഞാന്‍ പാതി എഴുതി നിര്‍ത്തിയ കവിതയില്‍ ;
ഒരു ചിരിയോടെ ഉരുളുന്നു .
പിന്നെ എന്റെ പേനയില്‍ -
രഹസ്യ പ്രണയത്തിന്റെ മഷിയാവുന്നു.
തെളിയാത്തോരാ പേനക്കൊണ്ടെന്‍
കൈവെള്ളയില്‍ നിന്റെ പേരെഴുതി
 കുസൃതിയോടെഎനിക്കു നേരെ നീട്ടുന്നു.
നിന്റെ വാക്കുകള്‍ ..
എന്റെ ലിപ്സ്ടിക്കിലും നെയില്‍ പോളിഷിലും
ഉരുമ്മി തുടിപ്പോടെ എന്നെ നോക്കി നെടുവീര്പിടുന്നു .
പിന്നെ എന്റെ ചുണ്ടിലും വിരലിലും ,
വിപ്ളവത്തിന്റെ അടയാളങ്ങള്‍ പടര്‍ത്തുന്നു .
നിന്റെ വാക്കുകള്‍ ...
എന്റെ ലാപിന്റെ അക്ഷര കളങ്ങളില്‍
വീണകമ്പികളില്‍ എന്നപോലെ

തൊട്ടുണര്‍ന്നു പ്രണയോന്‍മാദമാവുന്നു
അവയെന്റെ മെസ്സേജ് ബോക്സില്‍ താനേ
അലങ്കാരമായി നിറയുന്നു.

നിന്റെ വാക്കുകള്‍

നിശയും...നിലാവും പോയ്‌പോയിട്ടും ..
രാപകലുകളിലെല്ലാം ...
എന്നെ സ്വപ്നങ്ങളില്‍ നിന്നും മോചിപിക്കാതെ,
എന്നും മാറോടടക്കുന്ന പനീര്‍ കാറ്റായി ..,
അത്മാവിലെക്കിറങ്ങി ചെന്ന് ;
കയറി വന്ന എല്ലാ ജാലകങ്ങളും അടക്കുന്നു .

8/12/2011

നീ മറയൂ ഇനി.


ഒരു വാക്കിന്‍ മൌനമേ നിന്നില്‍
ഒരു ജന്മനൊമ്പരം കാണുന്നു ഞാന്‍
വെറുതെ പടരുക നീയെന്‍ ജീവനേ
അടരും പ്രതീക്ഷതന്‍ പൊന്‍നൂലിലും.

മറയുന്നു പകലിന്‍ രാഗസിന്ദൂരവും 
രാവിന്‍ ഇരുള്‍ പടര്‍പ്പിലായിതാ.. 
അലമുറ തുടരും സാഗരഹൃദയം
അടങ്ങി അമരുന്നു തിരനുരകളില്‍ .

ഇലപൊഴിയും വേദനയില്‍
തകരും ശിശിരംപോലവേ ..
ഇവിടെ നിന്‍ ഓര്‍മതന്‍
ഇല വീണു പിടയുന്നതെന്‍ പ്രാണനും.

കാലവും ..കാതവും കിതപ്പടക്കുന്നു
അലിയാത്ത ഒടുങ്ങാത്ത നിന്‍
പ്രണയ കുളമ്പടി  നാദവിസ്മയം
തേടി തേടി വൃഥാവില്‍ .

ഒടുവിലീ  തിരി കെടും വേളയില്‍
എരിയുമീ പ്രാണനില്‍ വിരഹമായ്
പടുതിരി സ്വനമായ് നിന്‍ നാമവും
വിറകൊണ്ടു ഒന്നുയരെ  ജ്വലിച്ചേ മറഞ്ഞിടും .











കിളി പാടും നേരം .


ദൂരെ ഏതോ തേന്മാവിന്‍ ചില്ലയില്‍
ദൂതുത്തന്നൊരു കിളികൊഞ്ചലില്‍ ..
നെയ്തൊരുക്കി ഞാന്‍ നേര്‍ത്തനാരിന്‍
നെയ്തലാമ്പല്‍കൂടോന്നെന്‍ ചില്ലയില്‍ .

ആളറിയില്ലെങ്കിലിവനനെന്നും പാടി
യൊഴിക്കിയ കൊച്ചുസ്വപ്നങ്ങളെ..
ചേര്‍ത്തൊരുക്കി ഞാനാക്കിളിക്കൂട്ടില്‍
ചേര്‍ന്നിരിക്കാന്‍ പട്ടിന്‍ പുതപ്പും .

കാലവര്‍ഷം പച്ചപ്പൊരുക്കുംചില്ലയില്‍
ദൂരെയായ്ക്കണ്ടു ചെറുഅനക്കങ്ങള്‍ -
ഇറ്റും മഴതുള്ളിത്തെളിമയോ ...?
നിന്റെ കണ്ണിന്‍ നിലാവെട്ടമോ ?

പൊന്നശോകച്ചില്ലയില്‍ പിന്നെ
പാരിജാതത്തിലും, ചെമ്പകത്തിലും,
നിന്റെ കിളിയൊച്ചഗാനങ്ങള്‍ ,
കാതില്‍ തേന്മഴയായി പൊഴിയവെ ..

കണ്ടു ഞാന്‍ ..ഇതുവരെ കാണാത്ത
ഇന്ദ്രജാലങ്ങളൊക്കവേ ...
കത്തുംവെയിലന്നു പൊന്‍ തിരകളിളകും
കതിരണിപ്പാടമായ് ..

കുത്തും ഇരുട്ടിലും നക്ഷത്രശോഭയായ് ..
തീര്‍ത്തു മിന്നാമിനുങ്ങൊരു നക്ഷത്രലോകം.
കേട്ടു ഇലത്താളം കാറ്റിന്‍തിരയനക്കത്തില്‍
പാട്ടവന്‍ പാടിയതിനു താളമാവുന്നതും.

പകല്‍കിനാവിന്‍ ഗോപുരമോരോന്നും
പവിഴാധരങ്ങളാലവന്‍ പടുത്തുയര്‍ത്തവേ;
പാടി ഞാനും അനുപല്ലവിയായ് ആ ഗാനം
പാടാത്ത പ്രണയത്തിന്‍ മധുരാലാപനം .

നാളധികം പാടിയില്ല ...
ഒരുപകല്‍കിനാവിന്‍ പാതിക്കുവച്ചന്നു
കാതരയായ് ..ഉണര്‍ന്നുനോക്കുമ്പോള്‍
ഇല്ല ചെത്തിയിലും...ചെമ്പകത്തിലും അവന്‍
പാരിജാതത്തിലും ..അശോകത്തിലും
പാട്ടില്ലവന്റെ ...നേര്‍ത്ത മേളങ്ങളും .

എല്ലാമൊരുമാത്ര നിനച്ചതാവാം ..
പറന്നിരിക്കില്ല ..ആ കിളി അന്നവിടെ !
പാടിയിരിക്കില്ല ,എനിക്കായ് അന്നവന്‍ !.
പാടെമറന്നിരിക്കും കിനാവിലെന്നും ഞാന്‍
തേടുന്നതെന്തിനു പാട്ടുംപൂന്തേനും? .


8/03/2011

ഏകാന്തം .



ഓര്‍ക്കാന്‍ അവരെന്നോട് പറഞ്ഞു ; 
ഓര്‍മകളുടെ ഏട് മറയുംമുന്നവെ ..
നിന്റെ മുഖം
മെല്ലെ മിഴിയടയുമ്പോള്‍
നിന്റെ സ്വരമാണ് കാതില്‍ .
"മുഖമല്‍പ്പം ചരിച്ചു ഇങ്ങോട്ട് നോക്ക്.
ഇപ്പോള്‍  നിന്റെ -
കണ്ണുകള്‍ക്ക് നല്ല ഭംഗി "
ഡിജിറ്റല്‍ കാമറ ഒപ്പിയെടുക്കുന്ന
എന്റെ പറന്നുപോയ ഭാവങ്ങള്‍ ...!

നൈല്‍ നദിയേക്കാള്‍ ഭംഗി നിന്റെ
ചലനങ്ങള്ക്കെന്നു ക്രൂയിസിന്റെ
ചില്ല് വാതിലില്‍ നീ
 മുഖം ചേര്‍ത്തുമൊഴിയവേ..
 ജനല്‍ തന്ന  ബാക്കി  വെളിച്ചം 
എന്റെ ചുണ്ടില്‍ വീണു മിന്നി.
അത് മെല്ലെ ഈറനോടെ
എടുത്തു നീ , നിന്റെ കണ്ണില്‍ -
 താമര വിരിയിക്കും ചിരിയാക്കി .

എന്റെ വലതു വശത്തിപ്പോള്‍
ചെര്‍ന്നിരിക്കുന്നത് മരണമാണോ ?
മെല്ലെ മുടിയിഴകളെ തലോടി
പിന്‍ കഴുത്തില്‍ തേറ്റ ഉരച്ചു
കലാപാശത്തിന്‍ കുരുക്കിലേക്ക്
എന്നെ കൊണ്ടുപോവുന്ന കാലന്റെ രതി.

കാഴ്ചകളുടെ കയര്‍ പിരികള്‍ പിന്നി പിന്നി
കാലപാശത്തിന്റെ ഇഴകള്‍ അഴിയുന്നു .
വീണ്ടും തൃശൂര്‍  പൂരത്തിന്റെ
കൂട്ടി എഴുനെള്ളിപ്പു മേളം ..
വടക്കുംനാഥന് മൃത്യുന്ജയഹോമം നേര്‍ന്നു
കണ്ണടച്ചിരിക്കുന്ന അച്ഛന്റെ കയ്യിനു -
ഇന്ന് സുഖമുള്ള തണുപ്പ്.
കനല്‍ക്കെട്ട  മാര്‍ദവം.
എരിക്കിലയില്‍  ജീവന്‍ തിരിച്ചു തരാന്‍ -
ബാധ്യസ്ഥനായ കാലന്റെ ദയനീയത !!

വടക്കുംനാഥന്റെ മൂന്നാംതൃകണ്ണില്‍ -
തീയണഞ്ഞപ്പോള്‍ ....
തിയറ്ററിലെ വിളക്കണഞ്ഞു.
ഇപ്പോള്‍ കാണുന്നത്
മുന്നിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍
തെളിഞ്ഞു മിന്നുന്ന എന്റെ ഹൃദയം!
മുഖം മൂടികള്‍ ആരൊക്കെയോ
നുള്ളിയും തുന്നിയും  അത് -
അടച്ചു  വെക്കുന്നു .
ആ ഹൃദയത്തിനുള്ളില്‍  ഇല്ലേ നീ ?
ഞാന്‍ നിന്നോട് കള്ളം പറഞ്ഞതായിരുന്നോ
 അതിനുള്ളില്‍ നീ ഉണ്ടെന്നു!.
തുറന്നപ്പോള്‍ അവരെല്ലാം കൂടെ
തള്ളി പുറത്തിട്ടോ നിന്നെ ?
ഇനി ഒരു പഴുതുപോലും ;
ഇല്ലാതെ അവരത് അടച്ചു കളഞ്ഞു.
ഇനിയാര്‍ക്കും ഉള്ളില്‍ കയറാനോ
ഉള്ളില്‍ കയറിയവന് പുറത്തു വരാനോ ,
ആകാതെ എല്ലാ പഴുതുകളും
എന്നെന്നേക്കുമായ് അടച്ചു കളഞ്ഞു.
എന്റെ ഹൃദയം ഏകാന്തമായി..