8/27/2011

എന്റെ ഓണപൂ .



തൊട്ടില്ല നിന്നെ ഞാന്‍ തേവിടിശ്ശിപൂവേ
തൊട്ടാല്‍ കൂടെ പോരും നിന്‍ഗന്ധം ..
തൊട്ടില്ലെന്നു ആണയിട്ടു പറയുകിലും
തൊട്ടകൈയ്യില്‍  മുറ്റിനിന്നിടും നിന്‍വാസനകള്‍   
തോന്ന്യവാസംപോലെന്നുമേ .

ഉണ്ടുകൊച്ചുമുള്ളുകള്‍ മുറിവേല്‍പ്പിയ്ക്കയില്ലെങ്കിലും
ചുട്ടുനീരാറുണ്ട് നിന്റെ കൈ തൊടുംവേളയില്‍ .

ഒട്ടും കിലുങ്ങാതെ വീണടിയാറുണ്ടുനിന്‍  കുഞ്ഞുപൂക്കളും
കൊച്ചു വളപൊട്ടുകള്‍ പോലവേ മണ്ണില്‍ .

പട്ടുമെത്തവിരിച്ചു  നീ കരിയിലക്കട്ടിലില്‍
കാത്തിരുന്നിട്ടും വന്നില്ല ആരുമേ.
രാത്രി വൈകി വന്നവര്‍ നിന്റെ
ദുഷ്ടഗന്ധത്തിലും ഉന്മത്തരാകുന്നോ ?

കൈവിരല്‍ മറയായ്‌ കിട്ടുകില്‍ -
കണ്ണടച്ചേതു
തേവടിശ്ശി പൂവിനേയും മാറോടണക്കാന്‍
 മടിക്കില്ല പകല്‍മാന്യരുടെ ലോകം  .
ഒരിറ്റിരുട്ടിന്‍ മറവില്‍
ഒട്ടിച്ചേരും ചെറ്റജന്മങ്ങള്‍ .    

തൊട്ടരികെ നില്പൂ തുളസി ,
പൂവില്ല ...നിറവില്ലയെങ്കിലും ,
  നല്ലകുലീനയെന്ന പേരവള്‍ക്കെന്നും.
പൂജ്യയായവള്‍ വീഴുന്നു ദേവന്റെ മാറിലും.

വര്‍ണ്ണപൂകുട  നീ തീര്‍ക്കിലുമെന്നും
വേലിക്കരികിലൊരിടം മാത്രം നിനക്കായെന്നും.
ഇല്ല മുറ്റത്ത്‌ സ്ഥാനം നിനക്കെന്തോ...
ഭ്രുഷ്ടു കല്‍പ്പിച്ചതാര് ദൈവമോ ?

ചെത്തി മനദാരം , മുല്ല പിച്ചകം,
നിന്നെ സഖിയായ്‌ ചേര്‍ത്തതേയിലലെന്നോ?
ദൂരെ നിന്നെത്തി ചെമ്പകമണം
നിന്നെ ഗൂഡം പരിഹസിച്ചീടുന്നോ ?

ഇല്ല  പൊന്നോണത്തിനു ഞാനും 
തേടി നടക്കില്ല പൂക്കളെ ഒന്നൊന്നായ്
വേണ്ട മുക്കുറ്റി , തുമ്പകുടവും ,കാശിതുമ്പയും
എന്റെമുറ്റത്തു പൂക്കളം തീര്‍ക്കാന്‍ ,
നിന്റെപൂക്കള്‍ നീ തന്നിടുമെങ്കില്‍ .







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.