8/03/2011

ഏകാന്തം .



ഓര്‍ക്കാന്‍ അവരെന്നോട് പറഞ്ഞു ; 
ഓര്‍മകളുടെ ഏട് മറയുംമുന്നവെ ..
നിന്റെ മുഖം
മെല്ലെ മിഴിയടയുമ്പോള്‍
നിന്റെ സ്വരമാണ് കാതില്‍ .
"മുഖമല്‍പ്പം ചരിച്ചു ഇങ്ങോട്ട് നോക്ക്.
ഇപ്പോള്‍  നിന്റെ -
കണ്ണുകള്‍ക്ക് നല്ല ഭംഗി "
ഡിജിറ്റല്‍ കാമറ ഒപ്പിയെടുക്കുന്ന
എന്റെ പറന്നുപോയ ഭാവങ്ങള്‍ ...!

നൈല്‍ നദിയേക്കാള്‍ ഭംഗി നിന്റെ
ചലനങ്ങള്ക്കെന്നു ക്രൂയിസിന്റെ
ചില്ല് വാതിലില്‍ നീ
 മുഖം ചേര്‍ത്തുമൊഴിയവേ..
 ജനല്‍ തന്ന  ബാക്കി  വെളിച്ചം 
എന്റെ ചുണ്ടില്‍ വീണു മിന്നി.
അത് മെല്ലെ ഈറനോടെ
എടുത്തു നീ , നിന്റെ കണ്ണില്‍ -
 താമര വിരിയിക്കും ചിരിയാക്കി .

എന്റെ വലതു വശത്തിപ്പോള്‍
ചെര്‍ന്നിരിക്കുന്നത് മരണമാണോ ?
മെല്ലെ മുടിയിഴകളെ തലോടി
പിന്‍ കഴുത്തില്‍ തേറ്റ ഉരച്ചു
കലാപാശത്തിന്‍ കുരുക്കിലേക്ക്
എന്നെ കൊണ്ടുപോവുന്ന കാലന്റെ രതി.

കാഴ്ചകളുടെ കയര്‍ പിരികള്‍ പിന്നി പിന്നി
കാലപാശത്തിന്റെ ഇഴകള്‍ അഴിയുന്നു .
വീണ്ടും തൃശൂര്‍  പൂരത്തിന്റെ
കൂട്ടി എഴുനെള്ളിപ്പു മേളം ..
വടക്കുംനാഥന് മൃത്യുന്ജയഹോമം നേര്‍ന്നു
കണ്ണടച്ചിരിക്കുന്ന അച്ഛന്റെ കയ്യിനു -
ഇന്ന് സുഖമുള്ള തണുപ്പ്.
കനല്‍ക്കെട്ട  മാര്‍ദവം.
എരിക്കിലയില്‍  ജീവന്‍ തിരിച്ചു തരാന്‍ -
ബാധ്യസ്ഥനായ കാലന്റെ ദയനീയത !!

വടക്കുംനാഥന്റെ മൂന്നാംതൃകണ്ണില്‍ -
തീയണഞ്ഞപ്പോള്‍ ....
തിയറ്ററിലെ വിളക്കണഞ്ഞു.
ഇപ്പോള്‍ കാണുന്നത്
മുന്നിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍
തെളിഞ്ഞു മിന്നുന്ന എന്റെ ഹൃദയം!
മുഖം മൂടികള്‍ ആരൊക്കെയോ
നുള്ളിയും തുന്നിയും  അത് -
അടച്ചു  വെക്കുന്നു .
ആ ഹൃദയത്തിനുള്ളില്‍  ഇല്ലേ നീ ?
ഞാന്‍ നിന്നോട് കള്ളം പറഞ്ഞതായിരുന്നോ
 അതിനുള്ളില്‍ നീ ഉണ്ടെന്നു!.
തുറന്നപ്പോള്‍ അവരെല്ലാം കൂടെ
തള്ളി പുറത്തിട്ടോ നിന്നെ ?
ഇനി ഒരു പഴുതുപോലും ;
ഇല്ലാതെ അവരത് അടച്ചു കളഞ്ഞു.
ഇനിയാര്‍ക്കും ഉള്ളില്‍ കയറാനോ
ഉള്ളില്‍ കയറിയവന് പുറത്തു വരാനോ ,
ആകാതെ എല്ലാ പഴുതുകളും
എന്നെന്നേക്കുമായ് അടച്ചു കളഞ്ഞു.
എന്റെ ഹൃദയം ഏകാന്തമായി..




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.