8/12/2011

കിളി പാടും നേരം .


ദൂരെ ഏതോ തേന്മാവിന്‍ ചില്ലയില്‍
ദൂതുത്തന്നൊരു കിളികൊഞ്ചലില്‍ ..
നെയ്തൊരുക്കി ഞാന്‍ നേര്‍ത്തനാരിന്‍
നെയ്തലാമ്പല്‍കൂടോന്നെന്‍ ചില്ലയില്‍ .

ആളറിയില്ലെങ്കിലിവനനെന്നും പാടി
യൊഴിക്കിയ കൊച്ചുസ്വപ്നങ്ങളെ..
ചേര്‍ത്തൊരുക്കി ഞാനാക്കിളിക്കൂട്ടില്‍
ചേര്‍ന്നിരിക്കാന്‍ പട്ടിന്‍ പുതപ്പും .

കാലവര്‍ഷം പച്ചപ്പൊരുക്കുംചില്ലയില്‍
ദൂരെയായ്ക്കണ്ടു ചെറുഅനക്കങ്ങള്‍ -
ഇറ്റും മഴതുള്ളിത്തെളിമയോ ...?
നിന്റെ കണ്ണിന്‍ നിലാവെട്ടമോ ?

പൊന്നശോകച്ചില്ലയില്‍ പിന്നെ
പാരിജാതത്തിലും, ചെമ്പകത്തിലും,
നിന്റെ കിളിയൊച്ചഗാനങ്ങള്‍ ,
കാതില്‍ തേന്മഴയായി പൊഴിയവെ ..

കണ്ടു ഞാന്‍ ..ഇതുവരെ കാണാത്ത
ഇന്ദ്രജാലങ്ങളൊക്കവേ ...
കത്തുംവെയിലന്നു പൊന്‍ തിരകളിളകും
കതിരണിപ്പാടമായ് ..

കുത്തും ഇരുട്ടിലും നക്ഷത്രശോഭയായ് ..
തീര്‍ത്തു മിന്നാമിനുങ്ങൊരു നക്ഷത്രലോകം.
കേട്ടു ഇലത്താളം കാറ്റിന്‍തിരയനക്കത്തില്‍
പാട്ടവന്‍ പാടിയതിനു താളമാവുന്നതും.

പകല്‍കിനാവിന്‍ ഗോപുരമോരോന്നും
പവിഴാധരങ്ങളാലവന്‍ പടുത്തുയര്‍ത്തവേ;
പാടി ഞാനും അനുപല്ലവിയായ് ആ ഗാനം
പാടാത്ത പ്രണയത്തിന്‍ മധുരാലാപനം .

നാളധികം പാടിയില്ല ...
ഒരുപകല്‍കിനാവിന്‍ പാതിക്കുവച്ചന്നു
കാതരയായ് ..ഉണര്‍ന്നുനോക്കുമ്പോള്‍
ഇല്ല ചെത്തിയിലും...ചെമ്പകത്തിലും അവന്‍
പാരിജാതത്തിലും ..അശോകത്തിലും
പാട്ടില്ലവന്റെ ...നേര്‍ത്ത മേളങ്ങളും .

എല്ലാമൊരുമാത്ര നിനച്ചതാവാം ..
പറന്നിരിക്കില്ല ..ആ കിളി അന്നവിടെ !
പാടിയിരിക്കില്ല ,എനിക്കായ് അന്നവന്‍ !.
പാടെമറന്നിരിക്കും കിനാവിലെന്നും ഞാന്‍
തേടുന്നതെന്തിനു പാട്ടുംപൂന്തേനും? .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.