4/26/2011

കാത്തിരുപ്പ് .

ഒരു പക്ഷെ നീ കേള്‍ക്കുന്നത്
ചിത്രശലഭങ്ങളുടെ ചിറകനക്കമാകാം ...
മഴത്തുള്ളികള്‍ മണ്ണില്‍ വീണു കിലുങ്ങിയതാവാം ..
നിന്റെ ഉമ്മറ തൊടിയിലെ പൂവിരിയുന്ന സ്വരമാകാം ..
കരിയിലകള്‍ കാറ്റിന്റെ കൈതട്ടി മാറ്റി
വിറയലോടെ പാറി പറക്കുന്നതാവം ..
മുളംകൂടിന്‍ ശീല്‍ക്കാര വേണുനാദമാകാം .
മഴവില്‍ മാഞ്ഞ സന്ധ്യയുടെ -
മേഘമല്‍ഹാര്‍ രാഗവുമാകാം..
രാത്രിമഴയിലെ കുങ്കുമതിരയിളകും ,
പുഴയുടെ മൃദു മര്‍മരവുമാവാം
കുറുകി ജനല്‍വഴി എത്തിനോക്കുന്നൊരു
പ്രാവിണകളുടെ ശൃംകാര കേളി രസമാകാം.
പവിഴമല്ലി മഞ്ചലില്‍ ഏറിയ -
കാറ്റിന്റെ അനുരാഗമന്ത്രണമാകാം
മുറ്റത്തെ മാവിലെ തുടുത്തൊരു തേന്‍കണം
മണ്ണില്‍ മധുരമായ് വീണതുമാകാം .
കാവിലെ കല്‍ത്തറ തിരികളില്ലൊന്നു
പടുതിരി കത്തും നിസ്വനവുമാകാം
നിറയെ പൂത്ത ചെമ്പകം എന്റെ
വിറയാര്‍ന്ന നിശ്വാസമായ് വന്നതുമാകാം .
ഗുല്‍മോഹറിലെ പൂത്തകൊമ്പില്‍ ഇരുന്നൊരു
കിളി പാറിപറന്നു പോവതുമാകാം .
മയില്‍വര്‍ണ്ണ തൂവലായ് എന്റെ കനവുകള്‍
നിന്‍ ഹൃദയവീണയില്‍ ശ്രുതി മീട്ടിയതുമാവാം .
കാത്തിരുന്നീടണം എന്റെ കാലടി സ്വരം ,
നിന്റെ കാളിന്ദികരയില്‍ കാലമെത്രയാകിലും!.
( രാധയെ കാത്തും കണ്ണന്‍ ഇരിക്കട്ടെ)


4/25/2011

വയലറ്റു പൂക്കള്‍ ചൂടി ഒരു ഒറ്റമരം .

നീല ചില്ല് കൂടാരമോന്നില്‍ -
വയലറ്റുപ്പൂക്കളും ഒരൊറ്റ മരം.
വേരുകള്‍ നിര്‍ദയാകഠിനതയില്‍
പരതി ചുറ്റും .......
നിര്‍നിദ്ര നീലിച്ചഉറവയെ,
ദാഹാര്‍ദ്രം നോക്കി നോക്കി..
ഒരൊറ്റ മരം .
കൈനീട്ടി നീട്ടി സന്ധ്യക്ക്-

തൊട്ടെടുത്ത കുങ്കുമനിറം ,
കടലിന്‍ കല്ലിച്ച നീല ഞരമ്പില്‍
ചാലിചെടുത്തിട്ടു ഇന്നുനീ
ചേലുള്ള വയലറ്റ് പൂക്കളാക്കിയോ?
ഇല്ല കിളിപാട്ടും
ഇല്ലൊരു
പൂത്തുമ്പിയുമീ
നിശ്ചലമീ
നിമിഷത്തിന്‍ ഏടിലെന്നോ?
കത്തും പകലിലും, ഉറയും നിലാവിലും ;
നിശബ്ദം തപം ചെയ്തു നീ .
വയലറ്റ് പൂക്കളും ചൂടി ഒരൊറ്റ മരം!.
കണ്ണാല്‍ .... കരളാല്‍ ;
കരിമുകിലിന്‍ വിയര്‍പ്പുമണികള്‍
നിര്‍ലജ്ജം ഹരമായ് നിറവൂ ,
മണമുള്ള പൂന്തേനായ്‌ ....
നിന്റെ വയലറ്റ് പൂക്കളില്‍ !
വയലറ്റ് പൂക്കള്‍ .....
എന്റെ കനവുകള്‍ക്കുള്ളില്‍
കനവായ് ചൂടിയിതാ ,
നില്‍ക്കുന്നു ഒരൊറ്റമരം ഞാന്‍
njaന്‍

.

അരൂപി .








അ വനു കണ്ണില്‍ കുത്തുന്ന

കറുത്ത കുന്തമുനകള്‍ പോലുള്ള

മുടിയിഴകളില്ല.

അവനു മനമുരുക്കുന്ന

തീക്ഷ്ണ കണ്ഗോളങ്ങലില്ല .

അവന്റെ ശ്വാസത്തിന്

പുതുമഴയുടെ ഗന്ധമില്ല .

അവന്റെ ചുണ്ടുകളില്‍

എന്റെ പേനക്കുള്ളില്‍-

കവിതയായ് നിറയുന്ന

മഷിചോപ്പുകളും ഇല്ല .

അവന്റെ കവിളുകളില്‍

എന്റെ കിനാവുകള്‍ പൂക്കുന്ന

നുണകുഴിത്തടങ്ങളില്ല ..

അവന്റെ കഴുത്തില്‍

ശീല്‍കാരത്തോടെ തലനിവര്‍ത്തി

ആടുന്ന എന്റെ പരിരംഭണങ്ങളുടെ

വാസുകിയും ഇല്ല.

അവന്റെ നെഞ്ചിലെ പാനപാത്രത്തില്‍

എന്നെ മധുരിപ്പിച്ചു മയക്കും

മുന്തിരിച്ചാറുകളില്ല .

അവന്റെ നീണ്ട കൈവിരലിന്‍ അറ്റത്ത്‌

ചിത്രലിപികള്‍ കുറിക്കും നഖങ്ങളുമില്ല.

അവന്റെ ഒട്ടിയ അടിവയറില്‍

എന്റെ മാതൃത്തത്തിലേക്ക് -

കുതിക്കും ജീവരേണ്ക്കളും ഇല്ല.

എങ്കിലും ഊണില്‍ ഉറക്കത്തില്‍ ;

പ്രപഞ്ചം നിറയുമൊരു ....

മഹാ നിശബ്ദതയായ്.....

നില്പാണ് എപ്പോഴും എന്നിലവന്‍.


ഒരിക്കല്‍ ആ നിശബ്ദതയുടെ


ഇരമ്പിലേക്കിരങ്ങി അവന്‍


സ്വകാര്യമായ് ചോദിക്കും ;


"നമുക്ക് നിലാവിന്റെ-


അഗ്നിപുഷ്പങ്ങള്‍ പെറുക്കാന്‍


അലിവിന്റെ നീലാകാശത്തിലേക്ക്


പോകാമെന്ന് ................."


ആ ദിനവും കാത്തിരിപ്പാണ് ഞാനിന്ന്‌.

കുരുത്തംകെട്ടവന്‍

ദേഷ്യം  തീര്‍ക്കാന്‍ വെറുതെ ഒന്നെറിഞ്ഞതാ
 ചന്ദ്രനില്‍ അറിയാതെ പോറല്‍ വീണു .
ആ കറുത്ത പാട് എന്റെ ഏറുകൊണ്ട്
ചോര കക്കിയതാ!!
ആരും ചോദിച്ചില്ലെങ്കിലും -
നീ ഇതൊന്നും പറഞ്ഞു പോവരുത്.
കടലില്‍ ഒന്നുരണ്ടു വട്ടം -
കഴുകി എടുത്തു ഞാന്‍ അവനെ.
വെളുത്ത സ്ഫടിക തളിക പോലെ
തിളങ്ങാന്‍ ഞാന്‍ എത്ര-
കെഞ്ചി കേട്ടു അവനോടു.
സൌരയൂഥത്തോട് ചോദിക്കണം പോലും!.
ഇപ്പൊ വരാം എന്ന് പറഞ്ഞു മുങ്ങിയതാ.
പതിനാലു നാളാവുന്നു...ഇത് വരെ വന്നില്ല .
വാക്ക് പറഞ്ഞാല്‍ വാക്കാകാത്തവരെ
എന്തോ വിളിക്കൂലോ...
അത് ഞാന്‍ അവനെ വിളിച്ചിരിക്കുന്നു.
കറുപ്പിലെവിടെയോ ഒളിച്ചിക്കുകയാണ്-
ആ ത #*# ഇല്ലാത്തവന്‍ .
നീ ഇതൊന്നും ആരോടും പറയണ്ട കേട്ടോ.
                           OOOO

വിരിഞ്ഞതെന്തെന്തിനു സൂര്യകാന്തി മലരേ !!



സൂര്യനെ പ്രണയിച്ച ദേവത അന്നൊരു
സൂര്യകാന്തി മലരായ് പുനര്‍ജനിച്ചു .
സൌവര്‍ണ്ണ ഇതളുകള്‍ മെല്ലെ വിടര്‍ത്തി
സൂര്യനെ മോഹിച്ചു നിന്നു.
ഓരോ  ഇതളിലും  നിറം  പടര്‍ത്തി  ദേവന്‍ 
നീള്‍വിരല്‍  ഓടിച്ചു  നിന്നു.
ഏതോ  നിര്‍വൃതി  മോഹങ്ങളാല്‍  പൂ ;
ഇതളുകള്‍  വാടുന്ന   നേരറിഞ്ഞില്ല.

കണ്ണോന്നടച്ചില്ല  പകലുകളില്‍  പൂ;
സൂര്യന്  നേരെ  മുഖം  ചേര്‍ത്ത്-
സൂര്യതേജസ്സുപോല്‍  ചിരിച്ചുനിന്നു .
നിന്റെ നോക്കില്‍ വാക്കില്‍ കൊതിപ്പു ദേവ-
സൂര്യകാന്തി മലരായ്ദേവി ഞാനെന്നു
ആയിരം വട്ടം ഓതിയങ്ങിനെ  .

എല്ലാ  ഇതളും  പൊഴിയുമൊരുനാളില്‍
കരിമിഴി  നനഞ്ഞതെന്തിനോ  പൂവേ ?
നിന്നെ  സ്നേഹിച്ച   സൂര്യനായ്  വീണ്ടും
സൂര്യകാന്തികള്‍ ജനിക്കില്ലെന്നോ
ധരിച്ചു നീ പാവം !

പൊള്ളുന്നഭൂവില്‍  ഇനിയും  കിടപ്പൂ നീ 
മഞ്ഞഇതളലിരികിലുരുകി 
മെല്ലെ ഒഴുകും 
ഒടുവിലെ  തേനും നീട്ടി
നിരാലംബം സൂര്യദേവനെ നോക്കി നോക്കി.
വിടരുന്നു  നൂറു  നൂറു  സൂര്യകാന്തികള്‍
വീണ്ടും ഇതെന്തിനോ 
ആകാശദേവന്റെ  പ്രണയതീക്ഷണക്കായ് !.

വേദന  നിന്നെ  കുറിച്ച്  എനിക്കിന്നു പൂവേ 
 സങ്കടത്തിന്‍ മുളംതണ്ടും കാറ്റില്‍ ഓതുന്നു .
അറിയാതെ  വീണ്ടും  നീ  ജന്മങ്ങള്‍ 
അലിവോലുമില്ലാതെ  പാഴാക്കുന്നതെന്തിനോ?
ദിക്കുതോറും  സ്മരണാഞ്ജലിക്കായ്-
ചേര്‍ത്ത്  വെക്കുന്നു കുംകുമ  പൂക്കളും ;
നേര്‍ത്ത കണ്ണീരിന്‍ ഈര്‍പ്പവും നിനക്കായ്‌ 
ദുഖാര്‍ത്തയാം  സന്ധ്യയുമിന്നിതാ  .

വെട്ടിപിടിച്ച കിനാവിന്റെ സൂര്യപ്രഭ 
നഷ്ടസ്വര്ഗങ്ങളെ പണിയുവാന്‍ മാത്രം.
വെയിലിറക്കത്തില്‍ ഓമനേ നിന്നുടെ;
നെഞ്ചകം നീറി പിളര്‍ന്നതും..കരഞ്ഞതും -
കാണുകില്ലാരുമേ നിര്ദയമീ  ലോകം ! .
ആരു ഞാന്‍ നിന്നെ കുറിച്ച് പാടാന്‍ സഖി ..
വിടയോതി കണ്ണച്ചീടുന്നു  ഇന്നിനി വയ്യ മറ്റൊന്നിന്നും .