4/26/2011

കാത്തിരുപ്പ് .

ഒരു പക്ഷെ നീ കേള്‍ക്കുന്നത്
ചിത്രശലഭങ്ങളുടെ ചിറകനക്കമാകാം ...
മഴത്തുള്ളികള്‍ മണ്ണില്‍ വീണു കിലുങ്ങിയതാവാം ..
നിന്റെ ഉമ്മറ തൊടിയിലെ പൂവിരിയുന്ന സ്വരമാകാം ..
കരിയിലകള്‍ കാറ്റിന്റെ കൈതട്ടി മാറ്റി
വിറയലോടെ പാറി പറക്കുന്നതാവം ..
മുളംകൂടിന്‍ ശീല്‍ക്കാര വേണുനാദമാകാം .
മഴവില്‍ മാഞ്ഞ സന്ധ്യയുടെ -
മേഘമല്‍ഹാര്‍ രാഗവുമാകാം..
രാത്രിമഴയിലെ കുങ്കുമതിരയിളകും ,
പുഴയുടെ മൃദു മര്‍മരവുമാവാം
കുറുകി ജനല്‍വഴി എത്തിനോക്കുന്നൊരു
പ്രാവിണകളുടെ ശൃംകാര കേളി രസമാകാം.
പവിഴമല്ലി മഞ്ചലില്‍ ഏറിയ -
കാറ്റിന്റെ അനുരാഗമന്ത്രണമാകാം
മുറ്റത്തെ മാവിലെ തുടുത്തൊരു തേന്‍കണം
മണ്ണില്‍ മധുരമായ് വീണതുമാകാം .
കാവിലെ കല്‍ത്തറ തിരികളില്ലൊന്നു
പടുതിരി കത്തും നിസ്വനവുമാകാം
നിറയെ പൂത്ത ചെമ്പകം എന്റെ
വിറയാര്‍ന്ന നിശ്വാസമായ് വന്നതുമാകാം .
ഗുല്‍മോഹറിലെ പൂത്തകൊമ്പില്‍ ഇരുന്നൊരു
കിളി പാറിപറന്നു പോവതുമാകാം .
മയില്‍വര്‍ണ്ണ തൂവലായ് എന്റെ കനവുകള്‍
നിന്‍ ഹൃദയവീണയില്‍ ശ്രുതി മീട്ടിയതുമാവാം .
കാത്തിരുന്നീടണം എന്റെ കാലടി സ്വരം ,
നിന്റെ കാളിന്ദികരയില്‍ കാലമെത്രയാകിലും!.
( രാധയെ കാത്തും കണ്ണന്‍ ഇരിക്കട്ടെ)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.