6/20/2012

രഹസ്യം .

ഞാന്‍ ഇത് എവിടെയാണ് ?
കണ്ണ് തുറന്നപോള്‍ കണ്ടത് അമ്മയുടെ ചുവന്ന മൂക്കിന്‍ത്തുമ്പാണ്
.
"അമ്മ കരയണ്ടയെന്നു" പറയണമെന്നുണ്ടായിരുന്നു , പക്ഷെ വാക്കുകള്‍ തൊണ്ടയില്‍ വരണ്ടു കിടപ്പായിരുന്നു.
അമ്മ നെറ്റിയില്‍ കൈവെച്ച് , വീണ്ടും കരഞ്ഞു മൂക്ക് തുടക്കുന്നത് കണ്ടു .
 

" എന്താ ഈശ്വരാ എന്റെ കുട്ടിയുടെ പനി കുറയാതെ നില്‍കുന്നത്" .
ഓ ..എനിക്ക് പനിയാണ്. അതാണ് എന്റെ ശബ്ദം ചുട്ടു പഴുത്തു പുറത്തു വരാതെ തൊണ്ടയില്‍ നില്‍ക്കുന്നത്.
 
കൂകി വിളിച്ചാണ് ഞങ്ങള്‍   മല  മുകളിലേക്ക് കയറിയത്. പക്ഷെ കുത്തനെയുള്ള  കയറ്റം ശരിക്കും ഞങ്ങളെ വലച്ചു. ഹിമയാണ് ആദ്യം "വെള്ളം വേണം"  ന്നു പറഞ്ഞത്. എനിക്കും വേണം എന്നുണ്ടായിരുന്നു.
ഞാന്‍ പറഞ്ഞാല്‍ കാര്‍ത്തിക്കും, പ്രവീണും , മായയും കളിയാക്കും. അത്രക്കും നിസ്സാരമായി ഞാന്‍ ഈ മല കയറും  എന്നായിരുന്നു ഞാന്‍ അവരോടു വാതു വെച്ചിരുന്നതും.
കയറി തുടങ്ങിയപ്പോള്‍ എനിക്കും ബോധ്യം ആയി ഇതെളുപപം അല്ലാ എന്ന്. പ്രവീണും മായയും പലതവണ കയറിയിട്ടുണ്ട്. അവരുടെ വീടിനടുത്തുള്ള ഈ കുന്നില്‍..പട്ടത്തി പാറക്കു മുകളില്‍ നിന്നുള്ള പ്രകൃതി ഭംഗി അവര്‍ വിവരിക്കുന്നതു കേട്ടാണ് ഞാനും ഹിമയും ഈ സാഹസത്തിനു പുറപെട്ടതും.

മായയുടെ വീട്ടിലിരുന്നു നോക്കിയാല്‍ പട്ടത്തിപാറ കാണാം.അവള്‍ പറയാറുണ്ട് രാത്രി കാലങ്ങളില്‍ പാറക്കു മുകളില്‍ തീകത്തുന്നത് നോക്കിയാല്‍ ..ഒരു ജമന്തിപൂ  വിരിഞ്ഞു നില്ക്കുന്നപ്പോലെയാണ് തോന്നുക എന്ന്. അതുകേട്ടിട്ട് എനിക്ക് കൊതി അടക്കാനായില്ല .ആ പട്ടത്തിപാറയും , അതിനടുത്ത കാടും എന്റെ സ്വപ്നങ്ങളില്‍ എന്നും ജമന്തിപ്പൂപാടം തീര്‍ത്തു.

വീട്ടില്‍ ചോദിച്ചാല്‍ ഒരിക്കലും സമ്മതം തരുകയില്ല . തിങ്കളാഴ്ച മാത്രം ആണ് കോളേജില്‍ ലാബില്‍ പോകണ്ടാത്ത ഒരു ദിവസം . അത് തിരഞ്ഞെടുത്ത് ഞങ്ങള്‍ പട്ടത്തി പാറ കാണാന്‍ തന്നെ നിശ്ചയിച്ചു.മുകളിലേക്ക്  കയറാന്‍ വഴി കാണിക്കാന്‍ മായ , കുന്നിന്റെ മുകളില്‍ താമസിക്കുന്ന ഒരു പയ്യനെ പറഞ്ഞു ഏല്പിച്ചിരുന്നു. ഒരു കറുത്ത ട്രൌസര്‍ മാത്രം ഇട്ട  8  വയസ്സോളം പ്രായം വരുന്ന കണ്ണന്‍ എന്ന പയ്യനായിരുന്നു അവന്‍ .  ഞങ്ങളുടെ വഴി കാട്ടി.

കണ്ണന്റെ വീട്ടിലെ കിണറ്റില്‍ നിന്നും ഞങ്ങള്‍ വെള്ളം കോരി കുടിച്ചു...അവന്‍ നല്ല പഴുത്ത പേരക്കയും ഞങ്ങള്‍ക്ക് തന്നു,ബുക്കും ബാഗും എല്ലാം മായ യുടെ വീട്ടില്‍ കൊണ്ടുവെക്കാന്‍ പോയപ്പോള്‍ , മായയുടെ അമ്മ ഒരു 10 തവണ ആവര്‍ത്തിച്ചു പറഞ്ഞു.4  മണിക്ക് മുമ്പേ തിരികെ വന്നു കൊള്ളണം എന്ന്. അപ്പോള്‍ സമയം 12  മണി കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളു. ഉച്ചവെയില്‍ ആണെങ്കിലും ചൂടൊന്നും തോന്നിയില. നിറയെ മരങ്ങള്‍ ആയിരുന്നു  വീടിനു ചുറ്റും ..നടവഴികളിലും എല്ലാം..

കണ്ണന്റെ വീടും കഴിഞ്ഞു മുകളിലേക്ക് പോകും തോറും വെയില്‍ പോയി..വെളിച്ചം തന്നെ കുറവായ കാടു വഴി ആയി.ഒരാള്‍ക്ക് മാത്രം നടക്കാവുന്ന കുത്തനെ ഉള്ള വഴി.

ഒരു ഭാഗത്ത്‌ ഇന്നലെ രാത്രിയിലെ കത്തി വീണ ഏതോ മരത്തിന്റെ അവശിഷ്ടങ്ങളില്‍ കനലുകള്‍ .ആ കനലിന്റെ ചൂട് മുഖത്തടിക്കുന്നു.

"സിസ്റ്റര്‍ ...ട്രിപ്പ്‌ മാറ്റി ഇടറായി..."അമ്മയുടെ നേര്‍ത്ത സ്വരം. മുഖത്ത് ..വീണ്ടും തണുപ്പുള്ള അമ്മയുടെ കരം തൊട്ടുവോ?..!


"ഹിമ നീ നിന്റെ പാവാട ഒതുക്കി പിടിക്ക്..അത് തീപിടിക്കാന്‍ നല്ല സാധ്യത ഉണ്ട്".ഹിമയുടെ നിറയെ ഒറഞ്ഞു പൂക്കളുള്ള നീല പാവാട കാറ്റില്‍ പറന്നു കളിക്കായിരുന്നു .പ്രവീണിന്റെ ചിരിയും കമന്റും.കാര്‍ത്തിക്കും  ഒപ്പം ചിരിക്കാന്‍ തുടങ്ങി .

വഴിയില്‍ കിടന്ന മുള്ളുകള്‍ നീക്കി ഇട്ടു മുമ്പില്‍ തന്നെ കണ്ണന്‍ നടന്നിരുന്നു.പെട്ടന്നാണ് എന്റെ ചെരുപ്പില്‍ ഒരു വള്ളി തടഞ്ഞതും ഞാന്‍ വീണു പോയതും മായ കൈ തന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ആ കത്തുന്ന മരത്തിനു മുകളിലേക്ക് വീണു പോയേനെ.അതിനിടയില്‍ എന്റെ ചെരുപ്പിന്റെ വള്ളി പോട്ടിപോയി.

കണ്ണന്‍ ഓടി വന്നു. അവന്‍ അവിടെ നിന്നിരുന്ന ഒരു മുള്‍ചെടിയില്‍ നിന്നും മുല്ലെടുത്തു അതെന്റെ ചെരുപ്പിലെക്ക് ഒരു കല്ല്‌ വെച്ച് ചേര്‍ത്ത് അടിച്ചു തന്നു. ഒരു ആണി പോലെ അതവിടെ നിന്നു. അപ്പോള്‍ ആണ് ഞാന്‍ അവനെ ശരിക്കും അത്ഭുതത്തോടെ നോക്കി കണ്ടത്.


നമ്മള്‍ എഴുതിയും വായിച്ചും പഠിച്ചതൊന്നും അല്ല ജീവിതത്തില്‍ പലപ്പോളും പ്രയോജനപെടുന്നത് എന്ന് ഞാന്‍ അരിഞ്ഞത് അപ്പോഴായിരുന്നു ആദ്യം . ഒരു mechanical engineering student ആയ പ്രവീണിന് തോന്നാത്ത അത്ര വേഗത്തില്‍ കണ്ണന്‍ കാര്യങ്ങള്‍ ചെയ്തു.

കുന്നിന്റെ മുകളില്‍ എത്താറായപോളെക്കും എല്ലാവരും ശരിക്കും കിതച്ചു പോയിരുന്നു. കണ്ണന്‍ ഒരു മരത്തണലില്‍ ഞങ്ങളോട് ഇരുന്നോളാന്‍ പറഞ്ഞു.  അവിടെ ഇരുന്നു നോക്കിയാല്‍ താഴെ പലനിറത്തില്‍ വെയില്‍ വീണു കിടക്കുനത് കാണാം. ഓരോ ഭാഗത്തിനും ഓരോ നിരകൂട്ടുകള്‍ ആയിരുന്നു.  ദൈവത്തിന്റെ വിശാലമായ ആ ഓയില്‍ പൈന്റിങ്ങിനു മുന്നില്‍ ഞാന്‍ അത്ഭുതപെട്ടു നിന്നു.

ഞങ്ങള്‍ക്ക് അവിടെ ഇരുന്നാല്‍ പട്ടത്തി പാറ കാണാം. നല്ല കറുത്തുമിനുത്ത പാറ. ആ ഭാഗത്ത്‌ മാത്രം ഒരു പുല്ലു പോലും മുളചിട്ടില്ല .  അതിനടുത്തായി തലയെടുപോടെ നല്ല ഒരു പച്ചക്കുന്നും കാണാന്‍ ഉണ്ട്. പുല്ലു മുളക്കാത്ത ഈ പാറ യാണ് പട്ടത്തിപാറ .
അതിന്‍ മുകളില്‍ കയറാന്‍ കണ്ണന്‍ സമതിച്ചില്ല. ഇപ്പോള്‍ അത് നല്ല ചുട്ടു പഴുത്തു കിടപ്പാവും എന്ന് അവന്‍ പറഞ്ഞു. എനിക്കും അതിനു മുകളില്‍ കയറാനൊന്നും അപ്പോള്‍ ശക്തി തോന്നിയില്ല.
തിരികെ നടക്കുമ്പോള്‍ ...കാടും ഭൂമികയും പാട്ട് പാടാന്‍ ആരംഭിച്ച പോലെ തോന്നി. ഹിമയോടാണ് ആദ്യം പറഞ്ഞത് ..നീ കേള്‍ക്കുന്നുണ്ടോ ...ആ പാട്ട് ..
 "എന്ത് പാട്ട് ?....ഡീ നിനക്ക് തുടങ്ങി ഓരോന്ന് !!".. അവള്‍ എന്റെ പുറത്തു കൈ വെച്ച് പതുക്കെ ഉന്തി ഇറക്കി എന്നെ. പക്ഷെ എനിക്ക് ആ പാട്ട് ചെവിയില്‍ വളരെ വലിയ ശബ്ദത്തില്‍ കേള്‍ക്കാന്‍ തുടങ്ങി ....

സ്വരങ്ങള്‍ എല്ലാം ചേര്‍ന്ന് വലിയൊരു അലര്‍ച്ചയായ് ചെവിയില്‍ കേള്‍ക്കാന്‍ തുടങ്ങി. ഞാന്‍ ചെവി രണ്ടും പൊത്തി പിടിച്ചു. എന്റെ ഭാവമാറ്റം കണ്ടാവണം എല്ലാവരും എന്റെ അടുത്ത് വന്നു..എന്തൊകെയോ പറയുന്നുണ്ടായിരുന്നു അവര്‍ . പക്ഷെ എനിക്ക് അവരുടെ ആരുടേയും ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല.

വലിയ ഒരു ആരവമായി ആ ശബ്ദം എന്റെ ചെവിയിലൂടെ ..തലയില്‍ അത്ഭുത ദൃശ്യങ്ങളോടെ അരങ്ങേറി .

"പട്ടത്തി പാറയില്‍ ...മുട്ടുത്തി കേറിയാലും...
പട്ടത്തി പാറയില്‍ ...മുട്ടുത്തി കേറിയാലും...
ചേട്ടന്റെ കഞ്ഞി ഞാന്‍ തന്നോളം......"
 ഒരു ആദിവാസി ഗാനത്തിന്റെ വിസ്താരത്തോടെ ...ആരോ ഒരുവള്‍ നീട്ടി പാടുന്നു...
 

പിന്നെ അവിടെ നിന്നും ഒരു ആരവം .....
കണ്ണ് തുറന്നപോള്‍ ഞാന്‍ ഹോസ്പിറ്റലില്‍ തന്നെ. ...
അമ്മ വീണ്ടും വിളിക്കുന്നു. മോളെ ...
ആ വിളിയും ...ചെവിയും കടന്നു അപ്പുറത്തെ ആരവത്തില്‍ ലയിക്കുന്നുവോ ?
കടലും ...കാടും...കാറ്റും ....എല്ലാം ചേര്‍ന്ന് പാടുന്നു.

ഞാന്‍ ഇപ്പോള്‍ എവിടെയാണ്..? ആരെങ്കിലും ഒന്ന് പറഞ്ഞു തരു...എന്നെ ഒറ്റക്ക് ഇവിടെയിരുത്തി ,  കളിയ്ക്കാന്‍ ഈ പച്ചക്കല്ലിന്റെ ഭൂമിയും തന്നു  ദൈവം എവിടെ പോയി ?.


അവസാനിക്കാത്ത കാത്തിരുപ്പ് !


എനിക്ക് സ്വപ്നം കാണാന്‍കൂടി
കഴിയുന്നില്ലല്ലോ നിന്നെ , നരന്‍ !
കണ്ണാടിയില്‍ എന്നപോലെ ;
എന്റെ സ്വപ്നപ്രതലമാകെ ,
വഴുക്കിപോകുന്നല്ലോ !
കൈകളില്‍ ഒരു കനവിന്‍ -പിടിവള്ളിക്കൂടി 
തരാതെ
ജന്മാന്തരങ്ങളുടെ അന്ധകാരങ്ങള്‍ക്കുള്ളില്‍
പനിച്ചു വിറച്ചുക്കിടക്കുന്നുവോ നീ ? .
പകലിന്റെ പീതാംബരത്തില്‍
തീ പടര്‍ത്തുന സന്ധ്യയില്‍ ..
നിന്റെ ഓര്‍മ്മകള്‍ സന്ധ്യാ ദീപമാകുന്നു .
വേദനയോടെ മനസ്സില്‍ പിടക്കുന്നു ,
കണീരോടെ ഒരു പ്രാര്‍ഥന ..
എന്റെ നരനെ എന്നും കാത്തു കൊള്ളണേ"!
നിറവുംമണവും മറന്ന രാത്രികളില്‍ .....
നീ വിരിയാത്ത കാണാപൂവിന്‍മണംപോലെ
മനസിലെന്നും ശ്രീരാഗമായി ഉണരുന്നു.
ഒരുസ്വരം ...മാത്രം എനിക്ക് തരൂ നരന്‍ ..!

നീ പോയ വഴിയിലെ കാലടികളെങ്കിലും
വെറുതെ ..കാണിച്ചു തരൂ നീ നരന്‍ ..!
നിന്‍ നിഴല്‍വീണവഴിയിലെ,
ധൂളി പറന്നെന്റെ സിന്ദൂരമായെങ്കില്‍ !
ഒരിക്കലും കാണില്ലെന്നു നീ പറഞ്ഞീല .
പക്ഷെ...ഒരിക്കലും വരുവാന്‍ ഒരുക്കമല്ലേ നീ ?
നീ യൊരുക്കുമീ അഗ്നിപരീക്ഷയില്‍ ജയിക്കാന്‍
ജാനകി അല്ലലോ ഞാന്‍ .... നരന്‍ !!..


ആഗ്നേയം .


അഗ്നി സൂക്ഷിപ്പൂ
കണിമലര്‍ മൊട്ടുപോല്‍ -
വിരിഞ്ഞു പടരവേ -
ഒരു നീലാകാശം കരിയേറ്റിടും,
ഒരഗ്നി നാളം,
ഹൃദയത്തില്‍സൂക്ഷിപ്പൂഞ്ഞാനും.
ഒരുപ്രളയജലത്തിലും -
അണയാത്തോരഗ്നിനാളം
എന്നും സൂക്ഷിപ്പൂഞാന്‍ .
സ്വര്‍ണ്ണനൂലില്‍
മിന്നുംതാലിപോല്‍ .
സീമന്തരേഖയില്‍
സൌവര്‍ണസിന്ദൂരമായ് .
സ്വപ്ന സീമയില്‍
ആടും നാഗരാജാവായ് -
അഗ്നിസൂക്ഷിപ്പൂഞാനിന്നും.
ഏതരണികടഞ്ഞതാണിതെന്നു
അറിവീലെനിക്കും ,
ഏതുസ്നേഹദുഃഖശിലകള്‍
ഉറഞ്ഞുരഞ്ഞു ജ്വലിച്ചിത്
ഉയിരെടുത്തെന്നുമറിവില്ലാ.

സൂര്യഗോളചെപ്പിലിട്ടടച്ചാലും ..
ചാന്ദ്രശീതളതാലത്തിലെടുക്കിലും,
താങ്ങരുതാത്തോരഗ്നി
എന്നുംസൂക്ഷിപ്പൂഞാനും .


6/14/2012

ജലപക്ഷികള്‍



ഇടക്കുണര്‍ന്നു ചിറകടിച്ചു 
ആകാശത്തിനും ജലത്തിനുമിടക്ക് 
ഓര്‍മയുടെ ജലപക്ഷികള്‍ 
കൂടൊരുക്കാന്‍ നാരുകള്‍ തേടുന്നു .
ചിലപ്പോള്‍ 
അച്ഛന്റെ നീല മഷിപ്പാടുകള്‍കൊണ്ട് 
നീലിച്ചോരു കൂടൊരുക്കുന്നു.
ചിലപ്പോള്‍ അമ്മയുടെ 
ചന്ദനമണമുള്ള നേര്യതിന്റെ-
തുമ്പില്‍ തിരുപ്പിടിച്ച് ..

നനഞ്ഞു നില്‍ക്കുന്ന ഒരോര്‍മ
നിന്നെക്കുറിച്ചിപ്പോഴുമുണ്ട് .
മുടിക്കൂട്ടില്‍ മുട്ടയിട്ടു പെരുകുന്ന
ഒരോര്‍മ . 
മഴനനഞ്ഞു നനഞ്ഞു കായലിന്‍
നിശ്ശബ്ദതയില്‍ ഉറക്കത്തിനു വേണ്ടി
നാം കാതോര്‍ത്തിരുന്ന രാത്രി .
അനക്കമില്ലാത്ത ഹൌസ്ബോട്ടില്‍
നീ ആകാശം നോക്കി കിടക്കുന്നതും
മുടി കൊണ്ട് മൂടി നിന്നെ മഴയില്‍
നിന്നും പൊതിഞ്ഞു  പിടിച്ചതും.

കറുത്തപട്ടുപോലെ രാത്രി
നമുക്കുമേല്‍ നില്‍പ്പുണ്ടായിരുന്നു .
ഒരു ചിന്തകൊണ്ട് പോലും ഒച്ചയുണ്ടാക്കാന്‍
നമ്മളാഗ്രഹിച്ചില്ല   .

അരികിലെ കറുത്ത വൃക്ഷങ്ങള്‍
ഗായകരായി .
പാട്ടുംപ്രണയവും വിഴുങ്ങിയ
ശരീരവുമായി നമ്മളും .
നിദ്രക്കു പുറത്ത് നിലാവ് പോലെ
നിന്റെ തലോടല്‍ വീണുകിടന്നു .

ഒഴുകാതെ നിന്ന ജലത്തിനും
എന്തൊരു വേഗതയായിരുന്നു
നാളെയെ കൊണ്ടുവരാന്‍ .
പുലരി വെളിച്ചം വീണജലം
നാം തെന്നിവീണ സ്ഫടികം കണക്കെ ,
നമ്മെ പ്രതിബിംബിപ്പിച്ചു .
വാതുറന്ന മതസ്യചിത്രങ്ങള്‍
പേരറിയാത്ത എന്നെയും
നിന്നെയും മാറി മാറി വിളിച്ചു

ഒടുവില്‍
എനിക്കുമാത്രമുണ്ടായി ഒരുകാഴ്ച

നദിയിലേക്ക് ഇലപൊഴിക്കുന്ന
ഒരു മരം .
ഓര്‍മകളുടെ ഇലകള്‍ കീറിയ
സ്ഫടികതലത്തില്‍ പതുക്കെ
മുറിഞ്ഞ കൈതലത്തിന്റെ
ചുവപ്പ് രാശി പടര്‍ത്തി
ഞാന്‍ മാത്രം യാത്രയായി .

*****

സതി


പര്‍വതനന്ദിനി ..
പറഞ്ഞു തരുമോ 
പ്രണവംപോല്‍
പരമശിവഹൃത്തില്‍ നീയോതിയ
പ്രണയപഞ്ചാക്ഷരിയേതെന്ന് ?

പൊന്നരയന്നങ്ങള്‍ നടനംചെയ്യും
മാനസസരോവരെ
പൊന്‍തിങ്കള്‍ക്കലചൂടും ദേവന്‍;
മഹേശ്വരന്റെ
ശിലാഹൃദയം ഉരുകാന്‍
നീതൊടുത്ത മലരമ്പേതു ദേവി ?

പദസരണിയില്‍ കോര്‍ത്ത്
നീയേകിയ കൂവളമാല്യം
കോര്‍ത്തതെടുത്തതേതു
ശിവം ശിവദം രഹസ്യമന്ത്രം ?

നന്ദിയും ഭൂതഗണങ്ങളും
നടനം നിര്‍ത്തി പതുങ്ങും
ശിവതപസ്സിന്‍ ഘോരാഗ്നിയില്‍
കൈലാസഗിരി പൂങ്കാവനമാക്കാന്‍
നിന്റെ മലര്‍പാദസ്വനങ്ങള്‍
പാടിയാടിയതേതു തൃപുട
ഉണര്‍ത്തും മാസ്മരിക
നൃത്തചുവടുകള്‍ ദേവീ ?

കനല്‍മിഴിക്കണ്ണാല്‍ മലരമ്പനെയെരിച്ച
കാമനാശകന്‍ ഹരന്‍
കമപി വര്‍ഷന്തം നിന്‍ പ്രണയാതിരാ
മാലേയമണിഞ്ഞെങ്ങിനെ
മദഭരം നിന്നെ മാറോടുചേര്‍ത്തു ?

ഹിമഗിരിസുധേ ..നിന്‍
ധരലളിതനീലോല്പനങ്ങള്‍
പരനുടെ തൃക്കണ്ണില്‍
പെയ്തുനിറച്ചതേതൊരു
മാധുര്യ തുഷാരസൂനങ്ങള്‍ ?

വേണം എനിക്കും ഓരോന്നും നിന്നുടെ ,
വരും പ്രേമപരീക്ഷ ജയിച്ചിടാന്‍ .
കലയാ നീ തരികെന്നുടെ
രാഗസിന്ദൂരം അടയാളമായ് ...
പ്രിയനവനോട് മാപ്പോതി
പുനര്‍ജനിയില്‍  വീണ്ടും
സതിയിവള്‍ അണിയട്ടെ
സീമന്തരേഖയില്‍ .
***********