എനിക്കായ് ഒഴിച്ചിട്ട സീറ്റില്‍ ചാരവേ ..
കിതപ്പോടെ യാത്രയായിത് വണ്ടിയും.
കിളിവാതിലില്‍ യാത്രയയപ്പിനായ് .
ആരുമെത്താനില്ലെന്നൊ ?
ഒപ്പമോടേണ്ട മരങ്ങളേ നിങ്ങള്‍ ...
എത്തുകില്ലോരുനാളും എന്നോടൊപ്പം നിങ്ങളും
വേഗമേറും സൂപ്പര്‍ഫാസറ്റിലല്ലോയെൻ യാത്ര!
ഒപ്പമെത്തെന്നു നീ മാത്രം അമ്പിളി,
ഒട്ടു മറഞ്ഞങ്ങു മേഘവീചിയില്‍
ഓടിയോടി എത്തുന്നു നീ വേഗം .
ഓടും വണ്ടിതന്‍ ഇരമ്പലിലോ
കേട്ടില്ല ഞാൻ നിൻ കിതപ്പിന്‍ താളം .
കണ്ടു ...
കുഞ്ഞുനാളില്‍ കണ്മുന്നില്‍ നീയൊരു
കൊതിക്കും പൊന്നിന്‍ പാല്‍ക്കിണ്ണമായി ,
പിന്നെ കൌമാര സന്ധ്യയില്‍ നിന്‍ മുഖം
കാണാന്‍ കൊതിച്ചൊരു തൂമുഖമായ് .
ഇന്ന് ഞാന്‍ നോക്കുമ്പോള്‍ ശുദ്ധശൂന്യം
നിന്മുഖം, നിര്‍വികാര പരബ്രഹമം .
കണ്ണില്ല , മൂക്കില്ല ..ചിരിയില്ല നിന്നില്‍
ഏകാന്ത ശൂന്യമാം നീലവെളിച്ചമോ നീ ?
ഒപ്പമോടുന്നതെന്നിട്ടും എന്തിനീ
കണ്ടറിവില്ലാത്ത എന്നോടുകൂടി നീ ?
കണ്ടാല്‍ ചിരിക്കാന്‍
അറിയില്ല എനിക്കിന്ന്
മുഴുവന്‍ ചിരിയും ഞാന്‍
ചിരിച്ചേ കഴിഞ്ഞു
എന്നെ ഒറ്റിക്കൊടുക്കുന്നോ നീയും
നിലാവിൻ നാലഞ്ചു വെള്ളി നാണയത്തിനു ?
ഒടിവിലെ അത്താഴം ഇന്നായിരുന്നോ എന്റെയും !.
ഭയപെടുന്നില്ല ഞാൻ കുരിശും മുൾമുടിയും
ഭയപ്പെടുത്തുന്നതു നിന്റെ വ്യാജ നിഷ്കളങ്കത.
തൊട്ടടുത്തു വന്നൊന്നു ചെവിതരുകിൽ
ചൊല്ലിടാനുണ്ട് നിന്നോടു പലതും
എന്തറിയാം നിനക്കെന്നെക്കുറിച്ചു
നീ കണ്ട വിഗ്രഹം ...കണ്ണും കരളും ;
ഒന്നുമല്ലാതെ ഇനിയും തിളക്കുന്നുണ്ട്
ഉള്ളിലൊരു ഭൂഗർഭ ലാവയെനിക്കുള്ളിൽ .
കാത്തിടുകയെന്റെ ഉയർപ്പു നീ വീണ്ടും .
@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.