8/18/2013

ഇതെല്ലാം ആരുടെ വികൃതികൾ

                                                                             
                                                                           
ദൈവമില്ലെങ്കിൽ പിന്നെ 
പൂമ്പാറ്റ ചിറകുകളിൽ 
ഇത്രയും  വർണ്ണങ്ങൾ 
വരച്ചുവിട്ടതാര്
ആ നിറങ്ങൾക്കുണ്ടു വളരാൻ പൂക്കിണ്ണത്തിൽ 

തേനോലും പരാഗങ്ങൾ നിറച്ചുവെച്ചതാര്?



ദൈവമില്ലെങ്കിൽ അമ്മ്യ്ക്കുള്ളിൽ നിന്നും 
കുഞ്ഞുദൈവങ്ങളെ 
കൊത്തി മിനുക്കിയെടുക്കുന്ന 
ശില്പിയാര് ? 

ദൈവമില്ലെങ്കിൽ പിന്നെയാരാണ് 
കൃത്യതയോടെ ഋതുക്കൾ മറിച്ചിട്ട് 
കാലത്തെ കൈപിടിച്ചു നടത്തിയ്ക്കുന്നത്?

ദൈവമില്ലെങ്കിൽ പിന്നെ ;
മനുഷ്യന്റെ സ്വപ്നങ്ങൾക്ക് 
ഇത്രയും ഉയരങ്ങളും വർണങ്ങളും 
താണ്ടാൻ ശക്തി കൊടുത്തതാര്?
ദൈവമല്ലെങ്കിൽ പിന്നെ ;
നാളേയ്ക്കായി ആഴക്കടലിൽ 
വിലയേറിയ മുത്തും പവിഴവും 
ഒളിച്ചു വെച്ചതാര് ?

ദൈവമല്ലെങ്കിൽ പിന്നെ മീനിനു തുഴയാനും 
പറവയ്ക്ക് പറക്കാനും വേറെ വേറെ 
ചിറകുകൾ കണ്ടെത്തിയതാര് ?

ദൈവമല്ലെങ്കിൽ പിന്നെ 
ആകാശഗംഗയെ മാരിവില്ലിൻ അമ്പെയ്തു 
മഴയായ് മണ്ണിൻ ചുണ്ടിൽച്ചുരത്തുന്നതാര്?

ദൈവമല്ലെങ്കിൽ ആരാണീ 
വിതക്കാൻ മണ്ണും- നന്മയും ,
നശിക്കാൻ തീയും- തിന്മയും തന്നുപോയത് ?

ദൈവമല്ലെങ്കിൽ കാട്ടിലും മേട്ടിലും 
പച്ചയും നിറങ്ങളും തുന്നിയ  പുടവനെയ്തു 
ധരയുടെ നാണം മറയ്ക്കുന്നതാര് ?

ദൈവമല്ലെങ്കിൽ ..
ഓരോ പൂവിതളും ശ്രദ്ധയോടെ വിന്യസിച്ചു 
ഓരോ പൂമൊട്ടിനുള്ളിലും 
ഓരോരോ പൂമണം നിറച്ചു,
ഒന്നിനോരോപൂവിനെ വ്യത്യസ്ഥമാക്കുന്നതാര് ?

ദൈവമല്ലെങ്കിൽ  കൈവിരൽ തുമ്പിൽ 
നമുക്കായ് മാത്രം അടയാളവാക്യങ്ങൾ രചിച്ചു  
നമ്മെ നീയും..ഞാനുമാക്കിയതാര്  ?
ദൈവമല്ലെങ്കിൽ പിന്നെയാര് 
പൂവിനും ഫലത്തിനും ഭൂമിയെ 
സ്നേഹിക്കാൻ ആകർഷണബലം കൊടുത്തു ?
അവയെന്തേ ആകാശത്തേക്ക് 
പറന്നു പോകുന്നില്ല ?

ദൈവമല്ലെങ്കിൽ ആരാണ് സൂര്യനിൽ ,
അണയാത്ത വെളിച്ചത്തിന്റെ -
തിരിക്കത്തിച്ചു വെച്ചത്?
ആരാണീ വെളിച്ചത്തിന് ഇരുട്ടിനെ തുളച്ചു 
വഴി തെളിയിയ്ക്കാൻ ഇത്രയും ശക്തമായ 
ആയുധം നീട്ടികൊടുത്തത് ?

ആരാണ് ഭൂമിക്കു തിരിയാൻ അച്ചുതണ്ടും 
സൂര്യനും ചന്ദ്രനും ഭ്രമണപഥങ്ങളും 
കൃത്യമായി വരച്ചുവെച്ചത് ?

ദൈവമല്ലെങ്കിൽ പിന്നെ 
നിന്നെ എനിയ്ക്ക് മാത്രമായ് 
എടുത്തു സൂക്ഷിച്ചുവെച്ചതാര് ?
ഹൃദയത്തിനുള്ളറകളിൽ 
പ്രണയത്തിന്റെ വിത്തുക്കൾ 
പാകി ജന്മാന്തരങ്ങളോളം 
കാത്തിരിയ്ക്കാൻ പ്രതീക്ഷ തരുന്നതാര് ?

4 അഭിപ്രായങ്ങൾ:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.