7/15/2012

നിനക്ക് ബാക്കി വെച്ചത്




നിന്റെ മഴവല്ലികളെല്ലാം 
ഉണങ്ങി പോയിരിക്കുന്നു .
ആകാശത്തേക്ക് പടര്‍ന്ന 
അവയുടെ ചാരുതയുള്ള ഇലകളില്‍ 
വാടി കിടക്കുകയാണ് സൂര്യതാപം.

ഞാന്‍ ജനിക്കുന്നതിനു എത്രയോ മുമ്പേ 
നീര്‍മാതളം പൂത്തിരുന്നു .
പൂവും ഇലകളുമായി 
അവ ആകാശത്തോളം കുതിച്ചിരുന്നു .
അവയുടെ വേരുകള്‍ ;
കടലിന്റെ അടിത്തട്ടില്‍ -
തിമിംഗലങ്ങളുമായ് രമിച്ചിരുന്നു .

എഴുതാ കവിതകളുടെ ..
കഥകളുടെ ..കണ്ണീരും 
വിയര്‍പ്പുമായൊരു തലയിണ ,
വാതായന  കാഴ്ചക്കായ് -
എന്നും നീ കാത്തു വെച്ചിരുന്നു .

സമുദ്രം അലറി തുളുമ്പുമ്പോള്‍ 
അലകള്‍ വലിച്ചെടുത്തു നീ 
തലമൂടി , ചിറകുവെച്ച് 
സ്വര്‍ലോകങ്ങളുടെ റാണിയായി.

ഉയര്‍ന്നു പൊങ്ങിയ ദീപനാളം .
അതിനൊരസ്തമയ കാന്തിയുണ്ടായിരുന്നു .
ഒരിക്കല്‍ .........
തിരിക്കെടുത്താന്‍ കാറ്റെത്തും .
അതു നീയറിയാതെ  പോയോ ? 
കാലഹരണപ്പെടാത്ത കാറ്റ് .

എനിക്ക് നിന്റെ ഊരി വീണ 
തിരുവസ്ത്രങ്ങള്‍ കിട്ടി .
പാദസ്വരം കിട്ടി .
കിട്ടാതെ പോയത് ..
മഴയില്‍ അളിഞ്ഞ 
നിന്റെ തിരുഹൃദയംമാത്രം .
ആകാശത്തിനും 
കടലിനും ഇടയിലുള്ള 
നേരിന്റെ 
ദൂരത്തില്‍ അതെന്നേ
നഷ്ടപ്പെട്ടു പോയിരിക്കാം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.