4/30/2012

നുണമരത്തിലെ പൂക്കള്‍ .




പ്രിയപ്പെട്ട പൂമരമേ ..
നീ പൂത്തു നില്‍ക്കുന്നത്
നിറയെ നുണകളുടെ
പൂക്കളുമായെന്നാകിലും
നിന്നില്‍ നിന്നും 
മണ്ണില്‍ വീണുപോകുന്ന 
പൂക്കള്‍ക്കൂടി എനിക്കേറെ
 പ്രിയപെട്ടവയാണ് .

കാറ്റും തിരയും ...
കടല്‍തീരത്തെ  അമ്പലവും
കൊടിമരത്തിനു പിന്നില്‍
നിറഞ്ഞു പൂത്തുനില്‍ക്കുന്ന നീയും,
എന്റെ അഹന്തയുടെ ഉത്സവങ്ങളാണ് .


ചുറ്റുവിളക്കിന്റെ അവസാന തിരി
നിന്റെ നിശ്വാസത്തില്‍ 
കെട്ടൊടുങ്ങുമ്പോള്‍ ;
നിന്റെ പൂക്കള്‍ക്ക് 
അസ്തമയകാന്തിയുണ്ടായിരുന്നു .
നിന്റെ ചില്ലകൈകള്‍
എന്റെ ഉടലില്‍ പോറിയ
ചിത്രങ്ങള്‍ക്ക്
ഉയിരും ഉടലുമുണ്ടായിരുന്നു .

കാറ്റോടിയ വടക്കിനി മുറ്റത്ത്
നിന്റെ പൂക്കള്‍ ..
പുലര്‍കാലേ പ്രേമനൈവേദ്യമായ് ,
എന്റെ പാദസ്വരങ്ങളില്‍
കെട്ടിപിടിച്ചുമ്മവെച്ചു.

മഞ്ഞസന്ധ്യകളില്‍
നീയൊഴുക്കിയ മാരിവില്‍പ്പൂക്കള്‍
എന്റെ മുടിയില്‍
മഴവള്ളികളില്‍ക്കൊരുത്ത 
മുഗ്ദമാല്യങ്ങളായി .

നിന്റെപൂക്കള്‍ രാത്രിയുടെ
ദീര്‍ഘനിശ്വാസങ്ങളില്‍ രമിച്ച്
എനിക്കുതരാന്‍ നക്ഷത്രക്കുഞ്ഞുങ്ങളുടെ
അരഞ്ഞാണം സൂക്ഷിച്ചുവെച്ചു .

വൈശാഖരാത്രികളില്‍
കടല്‍തന്ന വെളുത്ത ലാച്ചസാരികള്‍
നീയെനിക്കായ് സൂക്ഷിച്ചുവെച്ചു .
കടലിനേക്കാള്‍ സൌദര്യം 
എനിക്കാണെന്നു നീ ആണയിട്ടു ചൊല്ലി .

നിന്റെ ഒപ്പ് പതിഞ്ഞ 
മഞ്ഞയിലകള്‍  
രാപകലില്ലാതെ 
എന്റെ ജാലകത്തില്‍ 
പ്രണയംക്കു റിച്ച്  പാറി നടന്നു .

എനിക്കറിയാം ;
നീ നുണപറയുകയാണെന്ന് .
എന്നാലും കേള്‍ക്കാന്‍ ഇതെനിക്ക് 
ഏറെ ഇഷ്ടമായിപ്പോയി .







2 അഭിപ്രായങ്ങൾ:

  1. ... ഇനി നുണമരങ്ങൾ പൂക്കാതിരിക്കട്ടേ...സത്യമരങ്ങൾ പൂക്കട്ടേ..നുണ കേൾക്കുന്നവർ നുണ സഞ്ചിയുമായി വരും..മുഴുവൻ പെറുക്കിയെടുക്കും... ഹ ഹ..കൊള്ളാം നന്നായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.