8/26/2011

വിചിത്രം ഈ യാത്രയും.



  വിചിത്രമായൊരു തെരുവ് . ഒരു കറുത്ത പാമ്പിനെ പോലെ അത് നമ്മളെയും കൊണ്ട് പാഞ്ഞുപോവുന്നു .  ഇവിടെ ശബ്ദകോലാഹങ്ങളില്ല , കീറിമുറിഞ്ഞ ആകാശ തുണ്ടുകളുടെ മേലാപ്പില്ല . മുകളില്‍ കാലത്തിന്റെ നിറങ്ങളില്ലാത്ത മൂടികെട്ടിയ മേല്പൂര . വഴിയരികില്‍ സമയത്തിന്റെ മരങ്ങളില്‍ ജന്മവ്യഥകളുടെ തീ ആളികത്തുന്ന വെളിച്ചം മാത്രം ഉണ്ട്. ഒന്ന് വിശ്രമിക്കാന്‍ ഇറങ്ങണമെങ്കില്‍ കത്തുന്ന ആ മരകൊമ്പില്‍ പിടിച്ചു കൈപൊള്ളി മാത്രമേ നിങ്ങള്‍ക്ക് (എനിക്കും)ഇറങ്ങാന്‍ ആവുകയുള്ളൂ . വഴിയരികിലെ കത്തും സമയ മരച്ചുവട്ടില്‍ ഒരു വില്പനകാരന്‍ . കൈപൊള്ളി ..പൊള്ളി സമയമരത്തിന്റെ ചില്ലകളില്‍ പിടിച്ചിറങ്ങവേ , എനിക്കറിവായി   വെറും കൈകളോടെ യാത്രചെയ്യാന്‍ എനിക്കൊരിക്കലും ആവുകയില്ലെന്നു  .  ജീവിതം കാലിചാക്കാവുന്ന ഒന്നുമില്ലായ്മ എന്നും എന്നെ ഭയപ്പെടുത്തിയിരുന്നു . അതുകൊണ്ട് തന്നെ ഞാന്‍ സ്വപ്നങ്ങള്‍ വാങ്ങാനായി അവിടെ ഇറങ്ങി .
അയാളുടെ മടിശീലനിറയെ പലവര്‍ണ്ണസ്വപനങ്ങളുടെ മുത്തുക്കള്‍ ആയിരുന്നു . അതിലൊന്ന് ഞാന്‍ എടുത്തു . മഴവില്ലിന്റെ നിറമുള്ള ഒരു സ്വപനം . അയാള്‍ കാശിനായി കൈനീട്ടിയപ്പോള്‍ , എല്ലായിടത്തും കാശു  തിരഞ്ഞു  ഞാന്‍ . അയാള്‍  ഒരു ചെറുചിരിയോടെ എന്നോട് പറഞ്ഞു . ഈ നഗരത്തില്‍ നിങ്ങളുടെ കാശിനു ഒന്നും വാങ്ങാന്‍ ആവില്ല . ഇവിടെ നാണയം ഹൃദയമാണ് . 



 "നിന്റെ ഹൃദയം തരൂ "
അയാള്‍ എന്നോട് അവശ്യപെട്ടു

അയാള്‍ എന്റെ ഹൃദയത്തിനായി കൈനീട്ടി . എനിക്കാ സ്വപ്നം ഉപേക്ഷിക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് ഞാന്‍ എന്റെ ഹൃദയം എടുത്തു ...അപ്പോഴാണ് എനിക്ക് വേദനയും ഇല്ലെന്നു ഞാന്‍ അറിഞ്ഞത്‌. ഞാന്‍ അതെടുത്തു അയാള്‍ക്ക്‌ നീട്ടി . എന്റെ ഹൃദയം കണ്ടു,  അയാളൊന്നു കൈകള്‍കുള്ളില്‍ ഇട്ടു അമ്മാനമാട്ടി  വിലയിരുത്തി . പിന്നെ അയാളുടെ ചില്ലറ ഭരണിയില്‍ നിന്നും വിലയുടെ ബാക്കി ആയി ഒരു ചെറിയ ഹൃദയം എനിക്കെടുത്തു നീട്ടി .


അവിടെ നിന്നും അങ്ങോട്ടുള്ള എന്റെ യാത്രയില്‍ ഞാന്‍ ആ കുഞ്ഞു ഹൃദയത്തിന്റെ ഉടമയായിരുന്നു . സമയത്തിന്റെ കത്തുന്ന മരങ്ങളില്‍ ഉമ്മവെച്ചുകൊണ്ട് എന്റെ സ്വപനങ്ങളുടെ പൂമ്പാറ്റകള്‍ പറക്കാന്‍ തുടങ്ങി . അവയുടെ തീ നിറമുള്ള ചിറകുകളില്‍ ,എന്റെ സ്വപ്നങ്ങളുടെ.... മാരിവില്‍ മുത്തുക്കളുടെ അഴകുള്ള നിറകൂട്ടുകള്‍ ഉണ്ടായിരുന്നു .

നിശബ്ദത ഒരു ചാറ്റല്‍ മഴയായി അങ്ങിനെ പെയ്യാന്‍ തുടങ്ങി . അവ സമയമരത്തിന്റെ ഇലകളെ തഴുകി മിനുക്കി സ്വര്‍ണ വര്‍ണമാക്കി.  അനന്തതയുടെ തരികള്‍ നക്ഷത്രങ്ങളെ പോലെ മിന്നി മിന്നി എന്റെ ആകാശ ഹൃദയത്തില്‍ വിളക്കേറ്റി നിന്നു. ഇപ്പോഴെനിക്ക്‌ നിന്റെ കണ്ണിലെ ധ്രുവ നക്ഷത്രത്തെ കാണാം. എന്റെ അടുത്ത് എന്നെ ഇമ ചിന്നാതെ നോക്കിയിരിക്കയാണ് അവ .പ്രകാശം പഞ്ചസാര തരികളായി മഞ്ഞു പോലെ ..മഴപോലെ ഞങ്ങളില്‍ വീണു . അവന്റെ ചുണ്ടില്‍ ..മുഖത്തും എല്ലാം മധുരത്തിന്റെ  സഫടികതരികള്‍ . ചിരിയുടെ പാല്‍പുഴ ഞങള്‍ക്കിടയിലൂടെ ഒഴുകാന്‍ തുടങ്ങി .

ഞങ്ങളുടെ ഞരമ്പുകളിലൂടെ അപ്പോള്‍  ശൈശവത്തിന്റെ ഇളം ചുവപ്പുള്ള തളിരുകള്‍ വിടര്‍ത്തി ..രക്തം ഓടി തുടങ്ങി . ശലഭങ്ങളുടെ വര്‍ണവനത്തില്‍ കൈപിടിച്ച് ഞങ്ങള്‍ പിച്ചവെച്ചു നടന്നു  .വീണു കിടന്ന ശലഭച്ചിറകുകള്‍ അവന്‍ നിറ ങ്ങള്‍ക്കായി  പെറുക്കി കൂട്ടി.   അവന്‍ എന്നിലെ ഒരു ഹരിത ഞരമ്പ്  , കൈവിരല്‍ത്തുമ്പിനാല്‍  മൃദുവായി  .  അതൊരു ആകാശത്തേക്ക് നീളുന്ന  താമരനൂലാക്കി ....അവയിലൂടെ പിടിച്ചു ഞങ്ങള്‍ കൌമാരത്തിന്റെ ഇളംചൂടുള്ള താഴ്വാരത്തിലെത്തി  .
അവിടെ പനിനീര്‍ പൂക്കുന്ന മരങ്ങളും ..ചന്ദനം മണക്കുന്ന മണ്ണും ഞങ്ങളെ സന്തോഷിപ്പിച്ചേ ഇരുന്നു. കാണാമറയത്തിരുന്നു അനുരാഗത്തിന്റെ പൂംകുയില്‍ അപ്പോള്‍ പാടാന്‍ തുടങ്ങി . അതോടെ ആകാശത്തിന്റെ അതിരുകളില്‍ എല്ലാം നീലതാമര പൂവിട്ടു . അതിലെ വലിയ മൃദുഇതളുകള്‍ ചവിട്ടി നിന്നപ്പോള്‍ ഞങ്ങളില്‍ യൌവ്വനമായി . അവന്റെ കണ്ണിലെ തിളങ്ങി നിന്നതു  മീനമാസത്തിലെ തീക്ഷണ സൂര്യനായി .  വെയിലൊളിയില്‍ താമര ഇതളുകള്‍  മലര്‍ക്കെ തുറന്നു . ..അവയിലെ മണമുള്ള പരാഗങ്ങള്‍ക്കായി ഞങ്ങളുടെ വിശപ്പ്‌ കൈനീട്ടി ചെന്നു. ഒരു അണുവിലും സുഗന്ധമായും മുഗദ്ധമായും നിറയുന്ന വിശപ്പ്‌.

താമര ഇതളനക്കത്തില്‍ ഞങ്ങള്‍ കാറ്റിന്റെ സംഗീതം അന്നാധ്യം കേട്ടു.  പെറുക്കി വെച്ച വര്‍ണാഭമായ ശലഭ ചിറകുകള്‍ ചേര്‍ത്ത് വെച്ച് അവന്‍  മെത്തവിരിച്ചു. നിറങ്ങളുടെ നനുത്ത ആ ഉത്സവമേളത്തില്‍ ഞങ്ങള്‍   ഉടലുകള്‍ ചേര്‍ത്ത് കുളിരകറ്റി. ഹൃദ്സ്പന്ധനങ്ങളുടെ താരാട്ടില്‍ ഞങ്ങള്‍ ഉറങ്ങാന്‍ തുടങ്ങി .

ഉറങ്ങി ഉണരവെ ...വെയില്‍ ആറാന്‍ തുടങ്ങി കഴിഞ്ഞിരുന്നു . ജീവിത്തത്തിന്റെ സായാഹ്നം . നിഴല്‍ പെയ്യാന്‍ ഒരുങ്ങുന്ന ആ  സായാന്ഹത്തില്‍ ഒന്നും ചെയ്യാനില്ലാതെ ഞങ്ങള്‍ വെറുതെ ഇരുന്നു. താമര ഇതളുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു...താമര നൂലും വാടി.. പിടിവള്ളി തെറ്റി ഞങള്‍ വീണ്ടും ...പഴയ യാത്രക്കാര്‍ ആയി.വഴിയരികിലെ ..സ്വപ്ന വില്പനക്കാരെ പിന്നിട്ട്‌...കാലത്തിന്റെ കറുത്ത മേലാപ്പിനടിയില്‍ എവിടെ തീരും എന്നറിയാത്ത യാത്രയില്‍ ...ഉറങ്ങാന്‍ പോലും അറിയാതെ .



 

3 അഭിപ്രായങ്ങൾ:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.