6/07/2011

വിട!


വെറുതെ ഈ വീഥിയില്‍
കൊഴിയും കരിയിലപോല്‍
പിരിയുന്നു പലവഴികളില്‍
സമയ കാറ്റില്‍ നമ്മളും .

ഒരു നിശ്വാസ ഇടവേളകളില്‍
പതിയെ കൈകോര്‍ത്തു മുകരവേ -
കരളിന്‍ അനുരാഗമേഘങ്ങള്‍ -
പെയ്യാന്‍ നിറയുന്നു കണ്ണിലും .

അരുതെന്നത്ര വിലക്കിലും
ചെവിയോരം നിറയുന്ന നിന്‍ സ്വരം
മനതാരില്‍ മലരായ് പോഴിയുമോ
പ്രണയ സര്‍വസ്വമേ !

ഇനിയും ഒഴുകാത്ത പുഴയിലെ -
കളിയോടമോ നമ്മളിരുവരും!?
അറിയാത്ത ദൂരത്തു ഒരുമിക്കാന്‍ -
ജന്മങ്ങള്‍ തേടും കുഞ്ഞോളമോ ?

ഇനി വരും പെരുംവേനലില്‍
ഇടറുന്ന കാല സ്മൃതിവേദിയില്‍...
നീ മാത്രമെന്നിടനെഞ്ചില്‍ പൊരിയും
ജീവനാം ശ്വാസസ്പന്ദനം .

മടിയില്‍ പറന്നു വീണ മയില്‍പീലിപോല്‍
കാണാതാളില്‍ ഒളിപിച്ചു നിന്നെ ഞാന്‍ .
വരു അരികില്‍ മഴവില്‍ കിനാവേ നീ ...
മായല്ല ...അഴലിന്‍ പെരുമഴയില്‍ വീണ്ടുമേ .

പുലര്‍മഞ്ഞിന്‍ നേര്‍ത്ത കുളിരുമായ്
പൊതിയും നിന്‍ മൃദുസ്വാന്ത്വനവും
ഇനിവരില്ലെന്നറിഞ്ഞാലും വീണ്ടും -
വയല്‍ വരമ്പില്‍ പൂത്ത മുക്കുറ്റിപൂ പോല്‍
വെയില്‍ കായാന്‍ കൊതിക്കുന്നതെന്‍ മനം .

ഇനി വേണ്ട ജന്മങ്ങളൊന്നുമേ -
വിരഹത്തിന്‍ മഹാജ്വലനങ്ങളും.
തേങ്ങി കരയുന്നതിവിടെ പൂമണം -
ജന്മാന്തരങ്ങളുടെ മുറ്റത്തും .
തീപിടിച്ച ചിറകുമായ് ചിത്രപതംഗവും
ഇരുളില്‍ വെളിച്ചമാകുന്നതിവിടെ !
നിന്‍ വിരലാല്‍ മൂടി അണക്കുക്ക
നിന്നെ കാത്ത കണ്‍കളും കനവും.
വിടതരിക ഇനി പഞ്ചഭൂതങ്ങളെ
വിടതരിക ജീവിതമേ ...!
വിട ചൊല്ലി പ്രാര്‍ത്ഥിച്ചു നില്‍പ്പു ഞാന്‍ -
നിന്നോടും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.