5/09/2011

എന്റെ കണ്ണാടിക്കു ഭ്രാന്താണ് .


എന്റെ കണ്ണാടിക്കു ഭ്രാന്തു പിടിച്ചു 
കുളിച്ചു കണ്ണാടിക്കു മുന്നില്‍ -
ഒരു പൊട്ടു വെക്കാന്‍ നിന്നതായിരുന്നു ,
എന്റെ കണ്ണാടി ഒരു ദേവതയെ 
എനിക്ക് മുന്നില്‍ കൊണ്ടുവന്നു 
അവളുടെ നെറ്റിയില്‍ ഉദിക്കുന്ന 
സൂര്യഗോളം പൊട്ടായി ഉണ്ടായിരുന്നു.
കയ്യിലുള്ള sticker പൊട്ടും വെച്ച് 
ഞാന്‍ പകച്ചു നിന്നു.

എന്റെ കണ്ണാടിക്കു ഭ്രാന്തു പിടിച്ചു !
വീണ്ടും നോക്കുമ്പോള്‍ -
ഒരു വികൃത രൂപം കണ്ണാടിക്കുള്ളില്‍ 
മരിച്ച കണ്ണുകളും കറുത്ത പല്ലുകളും 
ഇനിയൊരിക്കലും നോക്കില്ലെന്നു 
ഉറപ്പിച്ച്ചാലും മനസ്സുറക്കുന്നില.
ഈ പ്രാവശ്യം നോക്കിയപ്പോള്‍ 
അതിനുള്ളില്‍ നിന്നും ഒരു വെടിയുണ്ട 
ചീറിപാഞ്ഞു പുറത്തേക്ക് വരുന്നു.
കണ്ണടച്ചില്ലായിരുന്നെങ്കില്‍-
അതെന്റെ കൃഷ്ണമണികളെ 
കുന്നികുരുക്കളാക്കി മാറ്റിയേനെ!

എന്റെ കണ്ണാടിക്കു ഭ്രാന്തുപിടിച്ചു 
ഇന്നും അതെന്റെ നേര്‍ക്ക് 
ചുവന്ന രക്തത്തില്‍ പൊതിഞ്ഞ 
നീലഹൃദയം എടുത്തു നീട്ടി .
എന്റെ തുറിച്ച കണ്ണുകളെ നോക്കി 
അത് ഞെട്ടി മിടിച്ചു കോണ്ടേ ഇരിക്കുന്നു .
ഞാനിത് എവിടെ വെക്കും ?
ചോര കുഞ്ഞിനെ പോലെ എനിക്കിത് 
മടിയില്‍ വെക്കനാവുമോ ?
പ്രേമത്തോടെ നെഞ്ചോടു ചെര്‍ക്കാനാവുമോ ?

ഇതിലും വലിയ പാരിതോഷികങ്ങള്‍ 
ഭ്രാന്തന്‍ കണ്ണാടി നീട്ടി തരും മുമ്പേ 
ഞാനതിനെ അടിച്ചുടച്ചു .
വീണുടഞ്ഞ ചില്ലുകള്‍ പെറുക്കാന്‍ 
ഞാനെന്റെ തലയിണയിലെ 
പഞ്ഞി മുഴുവന്‍ പുറത്തെടുത്തു .
കുടവയര്‍ കുലുക്കി ചിരിക്കുന്ന -
ചാരനിറമുള്ള ഫാനിന്റെ കൈകള്‍ 
അവയെ മുറിക്കുള്ളില്‍ പറത്തി.

എന്റെ കണ്ണാടിക്കാണ് ഭ്രാന്ത്
എനിക്കല്ല ദയവായി 
എല്ലാവരും ഇത് വിശ്വസിക്കൂ .
എന്റെ കണ്ണാടി ചില്ലുക്കള്‍ക്കിടയില്‍ 
നിറയെ ഭ്രാന്താണ് 
തിളങ്ങുന്ന എല്ലുകള്‍ക്കിടയിലൂടെ 
വയലറ്റ് ചോരയും ഒലിപ്പിച്ചു
ഇപ്പോഴും അതെന്നെ നോക്കി 
ആര്‍ത്തു ചിരിക്കയാണ് .

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.