8/06/2010

അയ്യപ്പന്‍ !




അയ്യപ്പന്‍ ഒരു കൌതുകം ഉണര്‍ത്തുന്ന കാഴ്ചയായിരുന്നു ഞങളുടെ കുട്ടികാലത്ത് എന്നും. ജട പിടിച്ച മുടി കെട്ടി തലയില്‍ ഉയര്‍ത്തി കെട്ടിവെച്ചിരിക്കും .ഒരു മയില്‍ പീലി കൃഷ്ണനെ പോലെ എപ്പോളും മുടിയില്‍ കാണാം . പിന്നെ  അതില്‍ എന്നും അലങ്കാരമായി വെച്ചിരുന്നത് ചെമ്പരത്തി പൂക്കള്‍ ആയിരുന്നു. വലതു ചെവിയിലും എപ്പോഴും ഒരു ചെമ്പരത്തി പൂ കാണും. നെറ്റിയില്‍ വലിയ ഒരു ചുവന്ന പൊട്ടുതൊടും. മിക്കവാറും അതിനുള്ളില്‍ വേറെ ഒരു കുങ്കുമ കളര്‍ കൂടെ വെച്ച് ഒരു പൊട്ടു കൂടെ തൊടാറുണ്ട്‌ . മുറുക്കി ചുവന്ന ചുണ്ടുകള്‍ . ഒരൊറ്റ പല്ലുപോലും ചിരിച്ചാല്‍ കാണില്ല. ചുവന്ന മോണ കാട്ടി വായ തുറന്നുള്ള ആ ചിരി ഞങ്ങള്‍ കുട്ടികളെ വളരെ സന്തോഷിപ്പിക്കുന്ന  ഒന്നായിരുന്നു. അതിനു പ്രധാന കാരണം അയ്യപന്റെ ഒട്ടി കിടക്കും വയറിനു കീഴെ ഒരു ചുവന്ന അരഞാണ്‍ കയറില്‍ തൂങ്ങി കിടക്കുന്ന പലതരം നിറത്തിലുള്ള കളര്‍ കുങ്കുമങ്ങള്‍   ആയിരുന്നു.

ശനി ആഴ്ച തോറും
എല്ലാ വീടുകളിലും അയ്യപന്‍ വരും. കയില്‍ ഒരു ശംഖും തോളില്‍ ഒരു ഭാണ്ഡവും കാണും. വീടുകള്‍ക്ക് മുന്നിലെത്തിയാല്‍ അയ്യപന്‍ ശംഖടെത്തു നീട്ടി ഊതും . ആ ശംഖു വിളി കേട്ടാല്‍ ഞങ്ങള്‍ കുട്ടികള്‍ എവിടെ ആയാലും ഓടി വരും. കൊച്ചു കൊച്ചു കടലാസ്സില്‍ പൊതിഞ്ഞു ഒന്നോ രണ്ടോ കളര്‍ കുങ്കുമം അയ്യപന്‍ ഞങ്ങള്‍ക്ക് തരും. എത്ര ചോദിചാലും പിന്നെ വേറെ കളര്‍ അയ്യപന്‍ തരില്ല. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു നില്‍ക്കുകയേ ഉള്ളു.

അയ്യപന്റെ വീടോ നാടോ ഏതാണെന്നു ആര്‍ക്കും അറിഞ്ഞു കൂടാ . ശിവന്റെ അമ്പലത്തിനു മുന്നിലെ ആല്‍തറയില്‍ ആണ് അയ്യപന്റെ രാത്രികാലത്തെ ഉറക്കം. പകല്‍ എവിടെയെങ്കിലും അലഞ്ഞു നടക്കും . കിട്ടുന്ന കാശ് മിച്ചം വെച്ച് കളര്‍ കുംകുമം വാങ്ങികും . ആരെങ്കിലും കൊടുക്കുന്ന ഭക്ഷണത്തിന് പകരം ആ കുങ്കുമം  കൊടുക്കും.

12classu കഴിഞ്ഞു നീണ്ട അവധി കാലമായിരുന്നു അത് . അച്ഛനോടൊപ്പം കല്‍കൊത്ത യില്‍ നിന്നും വന്ന നാള്‍ ...അച്ഛന്‍ പറഞ്ഞു"
മോളുട്ടി നിനക്കൊരു surprise ഉണ്ട് ഇന്ന് വൈകുനേരം "എന്ന്.
പിന്നെ അതെന്തെന്നു എത്ര ചോദിചാലും ആ നേരം വരാതെ അച്ഛന്‍ പറയില്ല. വൈകുന്നേരം ആകാന്‍ ഞാന്‍ കാത്തിരിക്കയായിരുന്നു. 4 മണി ആയപോള്‍ എനിക്ക് ആകാംഷ അടക്കാന്‍ ആവാതെ അച്ഛനരികെ ചെന്ന് നിന്നു...എന്റെ അക്ഷമ കണ്ടാവണം അച്ഛന്‍ ചിരിച്ചു പറഞ്ഞു
"മോളുട്ടി റെഡി ആയിക്കോളൂ ...നമ്മുക്കിന്നു ശാര്കര ഭഗവതി അമ്പലത്തില്‍ നടന്നു പോവാം."
എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു . കാരണം നടന്നു ഭഗവതി അമ്പലത്തില്‍ റെയില്‍ലിന്റെ അരികിലുള്ള വഴിയെ ആണ് പോകുക.  കണ്ണെത്താ ദൂരം നെല്‍പാടം ആണ് . അതിനു നടുക്കില്‍ കൂടെ റെയില്‍ . പാടത്തിന്റെ ഒരു ഭാഗത്ത് അതിരിടുന്നത് വാഴാനി കുന്നുകള്‍ ആണ് .
മഴക്കാലം ആണെങ്കില്‍ ആ കുന്നുകള്‍ക്കു മീതെ മേഘങ്ങള്‍ തീര്‍ഥയാത്ര നടത്തുന്നത് കാണാം .കറുത്തിരുണ്ട കാടുകള്‍ക്ക് മുകളില്‍ ഐരാവതത്തെ പോലെ മേഘങ്ങള്‍ തിമിര്‍ത്തു നടക്കുന്നത് എത്ര കണ്ടാലും മതിയാകാത്ത കാഴ്ചയായിരുന്നു എനിക്ക്.
അച്ഛന് ആ വഴി എന്നെ നടത്തി കൊണ്ട് പോകാന്‍ ഇഷ്ടം അല്ല. ഞാന്‍ ഇടയ്ക്കിടയ്ക്ക് നിന്നു പോകും...ഒരു ചുവന്ന തുമ്പിയെ കണ്ടാല്‍...ഒരു കുയിലിരുന്നു പാടുന്നത് കേട്ടാല്‍...മുഖം മാറി മാറി ...കുന്നിന്‍ മുകളിലൂടെ ഓടുന്ന മേഘം കണ്ടാല്‍ എല്ലാം , ഞാന്‍ വഴിയില്‍ നില്‍ക്കും. കുറച്ചു ഉയര്‍ന്നു നില്ക്കുന്ന റെയില്‍ന്റെ അരികിലുള്ള നടപാതയിലൂടെ അശ്രദ്ധമായി നടന്നാല്‍ കാല്‍തെറ്റി ഞാന്‍ വീണു പോവും എന്നൊക്കെ ആയിരുന്നു അച്ഛന്റെ ചിന്തകള്‍ .
മുത്തച്ഛന്റെ കൂടെ ആണ് അധികവും ഞാന്‍ ആ വഴി നടന്നു പോയിരിക്കുനത്. ആ റെയില്‍ നു അരികില്‍ ഞങളുടെ കൃഷി ഇടവും ഉണ്ടായിരുന്നു. അതി രാവിലെ മുത്തശ്സന്‍ ആ പാടത്തേക്ക് മോട്ടോര്‍ അടിക്കാന്‍ പോവും. ശനി , ഞായര്‍ ദിവസങ്ങളില്‍ എന്റെ ഉറക്കം കളയാന്‍ ആ ചിന്ത ധാരാളം മതിയായിരുന്നു. ഞാന്‍ നേരത്തെ എഴുനേറ്റു പല്ല് തേച്ചു തയ്യാറാവും. അമ്മ മിക്കവാറും വഴക്ക് പറയും.
ഈ പെണ്ണിന്റെ ഇത്തരം ഭ്രാന്തിനൊക്കെ അച്ഛനാണ് വളം വെച്ച് കൊടുക്കുന്നതെന്ന് പറയും. മുത്തശ്ശന്‍ എന്റെ കയ്യും പിടിച്ചു

മാളുട്ടി വാ എന്ന് പറയാന്‍ കാത്തു നില്‍ക്കാവും ഞാന്‍ . മുത്തശന്‍ മോട്ടോര്‍ ഇടാന്‍ പോവുന്ന നേരം പാടത്തെ പന്തലിച്ചു നില്ക്കുന്ന ഒരു ചെറിയ മാവിന്‍ തയ്യില്‍ കയറി ഇരിക്കും ഞാന്‍   . അവിടെ ഇരുന്നാല്‍ നീണ്ടു പച്ചപട്ടും പുതച്ചു കിടക്കുന്ന പാടം കാണാന്‍ നല്ല രസം അന്ന്. പാട വരമ്പിലെ പുല്ലിലെ മഞ്ഞു തുള്ളികളില്‍ ഓരോന്നിലും മാരിവില്‍ നിറങ്ങളില്‍ ഉള്ള സൂര്യ ബിംബങ്ങള്‍ കാണാം.അതെല്ലാം മുത്തുകള്‍ ആയെങ്കില്‍ എന്ന് ആശിച്ചു ..ആശിച്ചു അങനെ നോക്കി ഇരിക്കും.
മാളുട്ടി ..നീ റെഡി ആയിലെ...അച്ഛന്റെ വിളി കേട്ടപോള്‍ ആണ് വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു വന്നത്.
"പോകാം അച്ഛാ ഞാന്‍ റെഡി." കുട എടുക്കാന്‍ അമ്മ ഓര്‍മ്മിപ്പിച്ചു . മഴകാറുള്ള സന്ധ്യയാണ് ഇന്ന്. കൃഷണന്റെ മഞ്ഞ പട്ടു പോലെ ..പോക്കുവെയില്‍ വീണു കിടക്കുന്നു. സന്ധ്യ ക്ക് ഇന്ന് ചുവപ്പല്ല ...ഒരു അഴകുള്ള മഞ്ഞ നിറം..എനിക്ക് ഇഷ്ടപെട്ട സന്ധ്യ കളാണ് മഴക്കാറുള്ള സന്ധ്യകള്‍ . റെയില്‍വേ ഗേറ്റ് കടന്നു ഞാനും അച്ഛനും റെയില്‍ വഴി കയറുമ്പോള്‍ ഒന്ന് രണ്ടു തുള്ളി മഴ മുഖത്ത് വീണു.
"മാളുട്ടി കുട നിവര്‍ത്തിക്കോ ജലദോഷം പിടിച്ചാല്‍ അമ്മ വഴക്ക് പറയാന്‍ തുടങ്ങും"
"അച്ഛാ കുറച്ചു കഴിയട്ടെ..ഇപ്പോള്‍ ഒന്നും മഴ പെയ്യാന്‍ പോവുനില്ല."...ഞാന്‍ കുട നിവര്‍ത്താന്‍ തയ്യാറല്ലായിരുന്നു.
റെയില്‍ ന്റെ തിരുവില്‍ ഇവിടെ നിന്നും നോക്കിയാല്‍ ഒന്നും കാണാന്‍ കഴിയില ..അവിടെ അടുത്തെത്താന്‍ ആയപ്പോള്‍ വലിയ ഒരു ആള്‍ കൂട്ടം റെയിലില്‍ ....മഴയുടെ ആരവം പോലെ ഒരു ശബ്ദവും.
"അയ്യോ !ആരെയോ വണ്ടി തട്ടി എന്ന് തോന്നുന്നു". അച്ഛന്റെ ആത്മഗതം.

എന്റെയും ഹൃദയമിടിപ്പുകള്‍ എന്റെ ചെവിയില്‍ തന്നെ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങി.

ഞാന്‍ അങ്ങോട്ട്‌ നോക്കാന്‍ ധൈര്യം ഇല്ലാതെ പുറം തിരിഞ്ഞു നിന്നു. അച്ഛന്‍ ആരോടോ പോയി ചോദിക്കുന്ന കേട്ടു...ആരാ..?
"അത് നമ്മുടെ അയ്യപ്പനാ .."
ഒരു ഞെട്ടലോടെ ഞാന്‍ അത് കേട്ടതും , വലിയ ശബ്ദത്തോടെ ഇടി വെട്ടി മഴ പെയ്യാന്‍ തുടങ്ങി .
അച്ഛന്‍ അടുത്ത് വന്നു ..."മാളുട്ടി കുട നിവര്‍ത്" എന്ന് പറഞ്ഞു ...ബിംബം പോലെ നിന്ന എന്റെ കയ്യില്‍ നിന്നും കുട വാങ്ങി നിവര്‍ത്തി കയില്‍ പിടിപ്പിച്ചു. വിറയ്ക്കുന്ന എന്റെ കയ്യില്‍ നിന്നും ആ കുട പറന്നു അകലെ വയലിലൂടെ പറന്നു പോയി. അയ്യപന്‍ കഴിഞ്ഞ തവണ വന്നപോള്‍ തന്ന വയിലട്ടു നിറമുള്ള കുങ്കുമം പോലെ .... അത് കാലത്തിന്റെ വിദൂര പാട  ശേഖരത്തിലേക്ക്   ഒരു  പൊട്ടായി മറഞ്ഞു പോയി.
അച്ഛന്‍ നടന്നു പോയതറിയാതെ ഞാന്‍ അവിടെ തന്നെ നിന്നു പോയി.
സന്ധ്യയുടെ അന്നത്തെ കുങ്കുമം മുഴുവന്‍ എന്റെ മേല്‍ മഴയായ് പെയ്തു നിറയാന്‍ തുടങ്ങി ..
എന്റെ കണ്നീരോളം ശക്ത്തമാവാന്‍ ഇന്നത്തെ മഴയ്ക്ക് ആവിലെന്ന അറിവാവാം അച്ഛന്‍ തിരികെ നടന്നു വന്നു എന്നെ അച്ഛന്റെ കുടക്കു കീഴില്‍ നിര്‍ത്തി ചേര്‍ത്ത് പിടിച്ചു.
"നമുക്കിനി തിരികെ പോവാം അല്ലെ മാളുട്ടി?അമ്പലത്തിലേക്ക് വേറെ ഒരു ദിവസമാകാം "
ആ പെരുമഴയത്ത് ഒരു ഉത്തരവും ഇല്ലാതെ മറ്റൊരു മഴയായ് പെയ്യാന്‍ എന്റെ കണ്ണുകള്‍ തയ്യാറാവുക ആയിരുന്നു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.