8/06/2010

കാട്ടിലെ മരം

കൈകാല്‍ കുടഞ്ഞെഴുനേറ്റു നീ
കുഞ്ഞു പുല്‍ചെടി പോല്‍
വിത്തിന്‍ ആവരണം പോയ്‌ പോയ
അരക്ഷിതത്വമായ് നിന്നില്‍ നിറയവേ.

കൊച്ചു കൈകള്‍ മേലോട്ടുയര്‍ത്തി നീ
കൈവിരല്‍ തുമ്പ് തേടുന്നോ താതന്റെ ?
കൈ തന്നു ഉയര്‍ത്തുവാന്‍ ഇല്ലാരും ചുറ്റിലും -
ഇറ്റു  ചുണ്ടില്‍ വീഴില്ല അമൃതവും .

പൊന്നണി  വേനലും ..തേന്‍മഴയും നിന്നെ
ആകാശം പടരും മരമാക്കി.
 അപാരതപുല്‍കി  ആലോലം ആടി
പ്രാര്‍ത്ഥന  പോല്‍  നില്‍ക്കുമൊരു  മാമരം നീ  .
ഋതു കല്പനകള്‍ ഉണര്‍ത്തി വിട്ടോരാതളിരും പൂവും ..
മിഴികളായ്‌ മാനത്തെ ഉറ്റു നോക്കവേ ...
ചിരി തൂകി മാനവും,  താരക കണ്ണാലെ !

ജീവ   കാമനകള്‍  സ്പന്ദിക്കും  നിന്നില്‍ ,
 കിളികള്‍ തന്‍ കുഞ്ഞു നൃത്തചുവടിനാല്‍
  കൊക്കുരുമി അവ പാടുമാ  പാട്ടില്‍-
പൂത്തിതോ നിന്റെ പൂക്കാത്ത ചില്ലകള്‍ .

വന്നു വനദേവതമാര്‍ നിന്‍ മുന്നില്‍
പൂവിട്ടു അടിമുടി നീയും ....
വര്‍ണ വിരലിനാല്‍ അവര്‍ തൊടും വേളയില്‍ 
വ്രീളാവിവശയായ് നിന്നു നീ പൂമരം.
കോരിത്തരിച്ചുവോ നിന്നെ തലോടി
തെക്കന്‍ കാറ്റിന്‍ കാമുക ഹൃത്തും
കാട്ടിലെ ചന്തക്കാരി  മയിലും
നോക്കി നിന്നുവോ സാകൂതം നിന്നെ !

കേട്ടു ദൂരെ ദിക്കില്‍ നിന്നേതോ ..
വന്യ മൃഗങ്ങള്‍ തന്‍ നോവും നിരക്കവും
ചുറ്റും പരന്നിതു ചൂടും പുകയും ...
കാട്ടുതീയായ് വന്നെത്തി ദുര്‍വിധി!

ഇളകിയാടും മഞ്ഞ , ചുവന്ന നാക്കുകള്‍
കാടിന്റെ ചെന്‍ചോര നക്കി കുടിക്കവേ..
കാമുകകാറ്റു  കൈവിട്ടു  നിന്നെ -
കാട്ടുതീയിനെയവന്‍  പ്രണയിനി  ആക്കിയോ ?

അറിയില്ല നിനക്കേത് പേര്‍ ചൊല്ലി
ദൈവങ്ങളെ വിളിക്കുവാന്‍ -
അറിയില്ല ഒന്ന് സ്മരിക്കാന്‍ അച്ഛനെ അമ്മയെ
കാട്ടില്‍ വളര്‍ന്നൊരു അനാഥയാം വൃക്ഷം നീ .

ഒട്ടു കനിവെന്നോടും കാണിക്കൂ .....
ദുഷ്ടനാം ദുര്‍വിധിയാണ് നീയെങ്കിലും!
 ഓര്‍ത്തു തീര്‍ന്നിലാ ..ഇന്നലെ പകലില്‍,
ചേര്‍ത്ത് നിര്‍ത്തി കാറ്റു ചൊന്നതോന്നുമേ ..!

"നിന്നടുത്തെതുകില്‍ എന്ത് മോഹമെന്നും -
ഒന്നണക്കുകില്‍ എന്തു കുളിരെന്നും-
നിന്റെ കൈകളില്‍ എന്റെ സ്വര്‍ഗമെന്നും "-
പിന്നേതോ രാഗമവന്‍  ചെവിയില്‍ മൂളിയതും    !

ഉടല്‍ കത്തി കനലായ് പുകഞ്ഞു നീറുമ്പോളും
ഉയിരില്‍ കുളിരാവും നിന്‍ ഓര്‍മകളെന്നു-
ഒരു മൊഴി പറയാതെ ബാക്കിയാവുന്നു ..
ഓര്‍ത്തു വെച്ചിടുക വരും ജന്മത്തില്‍ ഇതും.
*******************************************************************************************
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.