8/06/2010

കൂട്ട് പോരുന്ന കിനാവള്ളികള്‍

http://oilpainting-store.com/images/artmis28/gainsb666.jpg

ഞായറാഴ്ച യുടെ ചലനമില്ലാത്ത ഒരു പകലായിരുന്നു അത്.അമ്മുവിന് ഫുട്ബോള്‍ കളി ടിവിയില്‍ നടക്കുന്നതും നോക്കിയിരുന്നു  വല്ലാതെ വിരസത  തോന്നി .അനന്തേട്ടന്റെ ശ്രദ്ധ തിരിക്കുവാന്‍ എല്ലാ ആര്‍ദ്രതയും ഊറുന്ന നനുത്ത സ്വരത്തില്‍ അവള്‍ വിളിച്ചു

"അനന്തേട്ടാ ...!
"

ഫുട്ബോള്‍ വേള്‍ഡ് കപ്പ്‌ന്റെ ലഹരിയില്‍ മുഴുകിയിരുന്ന അയാളുടെ ചിന്തകള്‍ക്ക് മുറിവേറ്റപ്പോള്‍ ,അയാള്‍ ,അവളെ  അസ്വസ്ഥതയോടെ കൂര്‍പ്പിച്ചു ഒന്നുനോക്കി  .

"അനന്തേട്ടാ ..നമുക്കിന്നു പുതിയ ഒരു കളി കളിക്കാം ..നമ്മള്‍ ഈ അടുത്ത കാലത്ത് കണ്ട സ്വപനങ്ങളെക്കുറിച്ച് പറയാം" ..എത്ര എണ്ണം കൂടുതല്‍ പറയുന്നുവോ ; ആ ആള്‍ ജയിച്ചു. കുറച്ചൊക്കെ നമ്മുടെ ഭാവനയും ആവാം" അവള്‍ ചിരിയോടെ കൂട്ടിചേര്‍ത്തു .

അയാള്‍ ടി.വി യില്‍ നിന്നും കണ്ണെടുക്കാതെ ചിരിച്ചു കൊണ്ട് പറഞ്ഞു

"അമ്മൂനു അല്ലെങ്കിലും നല്ല നുണ പറയാന്‍ അറിയുമെന്ന് എനിക്കറിയാം . അതുകൊണ്ടു ഈ കളിയില്‍  അമ്മു തന്നെയേ ജയിക്കുള്ളൂ ". 

ഉള്ളില്‍ ദേഷ്യം വരുന്നെങ്കിലും അത് മറച്ചുകൊണ്ട്‌ അയാള്‍ കൂട്ടിചേര്‍ത്തു 

"എനിക്കങ്ങിനെ സ്വപ്‌നങ്ങള്‍ ഒന്നും ഓര്‍മയില്‍ നില്‍ക്കാറില്ല അമ്മു".

അയാളുടെ കണ്ണുകള്‍ അപ്പോഴും  കളിയില്‍ തന്നെ  ആയിരുന്നു.

"ഈ അനന്തേട്ടന്‍ എപ്പോഴുംഇങ്ങനെയാ!! എന്തായിരുന്നു പ്രണയിക്കണകാലത്തെ വാഗ്ദാനങ്ങള്‍ ? എന്റെ അമ്മുന്റെ കൂടെ ..എപ്പോഴും ഉണ്ടാവും .ഒരു നിമിഷം പോലും അടുത്തുനിന്നു  മാറിനില്‍ക്കില്ലഅങ്ങിനെ എന്തൊക്കെ പറഞ്ഞതാണ്..ഇപ്പോള്‍ ഏത് നേരവും ഈ ടി വി നോക്കി ഇരിയ്ക്കല്‍ തന്നെ. അനന്തേട്ടനു ഇപ്പോള്‍ എന്നോടുള്ള ഇഷ്ടം കുറഞ്ഞു വരുകയാ.."

അടുത്ത പടി അവളുടെ കരച്ചിലാവും എന്ന് അറിയാവുന്നതുകൊണ്ട് , അയാള്‍ വേഗം ടി വി ഓഫാക്കി

അവളെ ഒന്ന് കൂടെ അടുത്തു പിടിച്ചിരുത്തി അയാള്‍

"അനന്തേട്ടന്റെ ചക്കരകുട്ടി കഴിഞ്ഞല്ലേ അനന്തേട്ടനു എന്തും വേറെയുള്ളൂ." അയാള്‍ അവളെ സമാധാനിപ്പിച്ചു.
അതവളെ കുറച്ചു സമാധാനപ്പെടുത്തുകതന്നെ ചെയ്തു.
എന്തോ ഓര്‍ത്തു അയാളവളുടെ മടിയില്‍ കിടന്നു..അങ്ങിനെ ..ഉറക്കത്തിലേയ്ക്കു വീണു. അനന്തന്‍ വീണ്ടും വേള്‍ഡ് കപ്പിലേക്ക് പോയി.

അമ്മു ഉമ്മറത്തെ തിണ്ണയില്‍ഇരുന്നുമുടി പിന്നിയിടുകയായിരുന്നു , അപ്പോള്‍ ആണ് അച്ഛമ്മ കുളത്തില്‍ നിന്നും മേലുകഴുകി വന്നത് . അച്ഛമ്മയുടെ കാലില്‍ നിറയെ മണല്‍ ഒട്ടി പിടിച്ചു ഒരു വെളുത്ത ചെരുപ്പ് പോലെ കിടന്നിരുന്നു. ഉമ്മറത്തിണ്ണയില്‍ കിണ്ടിയില്‍ വെച്ചിരുന്ന വെള്ളം എടുത്തു അച്ഛമ്മ കാല്‍ കഴുകി ഉമ്മറപടി കയറി വന്നു. അപ്പോള്‍ മാത്രമായിരുന്നു അച്ഛമ്മ എന്നെ കണ്ടത് എന്ന് തോന്നുന്നു .

"അമ്മു ഇന്ന് മേല്കഴുകാന്‍ വരാഞ്ഞത് എന്താ ? ഈ കുട്ടി ഈയിടെ ആയി ഒരുകൂട്ടം പറഞ്ഞാല്‍ കേള്‍ക്കണ്ടേ .."

അച്ഛമ്മ വഴക്ക് തുടങ്ങിയപ്പോള്‍ ..ഞാന്‍ കുളകടവിലേക്ക് ഓടി . എന്റെ കാലൊച്ച കേട്ടാവണം കുളത്തിന്റെ പായലില്‍ നിന്നൊരു നീലപൊന്മാന്‍ ചികിട്ടടിച്ചു പറന്നു പോയി. അതിന്റെ കൊക്കില്‍ ഒരു മീന്‍ കിടന്നു പിടയുന്നുണ്ടായിരുന്നു.

സന്ധ്യക്ക് ഇങ്ങനെ ഒറ്റക്ക് മേല്കഴുകാന്‍ വരാന്‍ വേണ്ടി ആണ് അച്ഛമ്മ മേല്‍കഴുകി പോകുന്ന വരെ അവിടെ ഓരോന്നും ചെയ്തു നില്‍ക്കുന്നത്. ഇല്ലെങ്കില്‍ അച്ഛമ്മ നൂറു ശാസ്ത്രം നോക്കും വടക്കോട്ട്‌ നോക്കി മുങ്ങു അമ്മൂ ..കയ്യില്‍ ഇത്തിരി വെള്ളം എടുത്തു സൂര്യന് നേരെ ഒഴിച്ചാല്‍ എന്താ...ഇങ്ങനെ ഒടുക്കം ദേഷ്യം പിടിച്ചു കയറുകയാണ് പതിവ്.

സന്ധ്യക്ക് ഇങ്ങനെ കുളത്തിലെ നനുത്ത ചൂടുള്ള...ചുവന്ന വെളിച്ചം പടര്‍ന്ന വെള്ളത്തില്‍ ,കഴുത്തറ്റം മുങ്ങി കിടക്കാന്‍ എന്താ ഒരു രസം!.
കുഞ്ഞു മീനുകള്‍ വന്നു പതുക്കെ ഇക്കിളിയാക്കും ...അങ്ങനെ എത്ര നേരം വേണമെങ്കിലും കിടക്കാന്‍ എനിക്ക് നല്ല ഇഷ്ടമാണ് .അങ്ങിനെ ഏറെ നേരം ഒന്നും കിട്ടാറില്ല . അതിനു മുമ്പേ ഓപ്പോളുടെ വിളിവരും . അച്ഛന്‍ പെങ്ങളെ ..അച്ഛന്‍ വിളിക്കുനത്‌ കേട്ട് ഞാനും "ഓപ്പോളേ" എന്നാണ് വിളിച്ചു പഠിച്ചത്.

"ഈ കുട്ടി എന്ത് ഭാവിച്ചാ ..ഈ തൃസന്ധ്യ നേരത്ത് ഒറ്റക്ക് കുളത്തില്‍ ചെന്നിരിക്കുന്നത് ? എന്റെ ഭഗവതി ഇതിനു എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നുണ്ടോ ? " 

ഓപ്പോള്‍ കുളക്കടവിലെ  ഉയര്‍ന്ന മണല്‍ തിണ്ടില്‍ കയറി നിന്ന് തുടങ്ങുകയായി .അതേ വേഗത്തില്‍ തിരിച്ചും നടന്നു കഴിയും .

പിന്നെ വേഗത്തില്‍ തുവര്‍ത്തി ..ഒരൊറ്റ ഓട്ടത്തിന് ഉമ്മറത്തെത്തി. ഓട്ടത്തിനിടയിലും തെച്ചിക്കാട്ടിലെക്ക് ഒന്നുനോക്കാന്‍ അമ്മു മറന്നില്ല . തെച്ചിക്കാടാണ് അമ്മുവിന് ഏറ്റവും പേടിയുള്ള ഇടം. ഓപ്പോളുടെ കഥകളില്‍ നിന്നും കിട്ടിയ പേടിയായിരുന്നു  അതിനും കാരണം .

അച്ഛമ്മയുടെ ഇളയ മുത്തശ്ശി അതി സുന്ദരിയായിരുന്നുവത്രേ ! അത്രക്കും അഹങ്കാരവും ഉണ്ടായിരുന്നു അവര്‍ക്ക്  . ഒരിയ്ക്കെ, മോഹിച്ചു സംബന്ധത്തിനു വന്ന ഒരു നമ്പൂതിരിയെ വിഡ്ഢിയാക്കി മടക്കി അയച്ചുവത്രേ . നമ്പൂരി ആവട്ടെ അസാധ്യ മാന്ത്രികനും ആയിരുന്നു പോലും! . 

 ഒരുനാള്‍ മുത്തശ്ശി കുളിച്ചു വരുന്ന വഴി ആരോ വലിച്ചിഴച്ചു മുത്തശ്ശിയെ കൊണ്ടുപോയെന്നും , പിന്നീട്‌ തെച്ചിക്കാടിനുള്ളില്‍ മുത്തശ്ശിയുടെ നീല നിറത്തിലുള്ള ശവം ആണ് കണ്ടത് .ശവം സ്ഫുടം ചെയ്ത നേരം അത് ഒരു പച്ച വെളിച്ചമായി മാറി തെച്ചികാട്ടിലേക്ക് പോയി എന്നാണ് കഥ. ആ മുത്തശ്ശി ഇപ്പോഴും ആ തെച്ചിക്കാട്ടില്‍ കഴിയുന്നു എന്നാണ് ഓപ്പോള്‍ പറയുന്നത്.

സന്ധ്യ കഴിഞ്ഞു സ്ത്രീകള്‍ ആ വഴി പോയാല്‍ മേലില്‍ കയറും എന്നാണ് ഓപ്പോള്‍ പറയുക . എന്നാല്‍ അനന്തേട്ടനും , അപ്പുവേട്ടനും എല്ലാം പാതിരാത്രി കൂടെ പോയി കുളത്തില്‍ കുളിച്ചു വരും. അവരെ മുത്തശ്ശി ഒന്നും ചെയ്യില്ല പോലും!

അകത്തെ മുറിയില്‍ വെളിച്ചം കണ്ടു. അത് അനന്തേട്ടന്റെ മുറിയാണ് . അതിനര്‍ത്ഥം ഇന്ന് അനന്തേട്ടന്‍ നേരത്തെ വന്നിരിക്കുന്നു എന്നാണ്. അനന്തേട്ടനു ഇലകട്രിക്ക് ഓഫീസില്‍ ആണ് ജോലി. മിക്കവാറും രാത്രി ഊണിനു നേരത്തെ ആളെ കാണാറുള്ളു. ഇന്നൊരു പക്ഷെ, അമ്മു വീട്ടില്‍ വരുന്നുണ്ടെന്നു അച്ഛന്‍ വിളിച്ചു പറഞ്ഞിരിക്കും.

തളത്തിലേക്ക് ചെന്നപ്പോള്‍ ..ഓപ്പോളും അനന്തേട്ടനും കൂടി വലിയ വര്‍ത്തമാനത്തിലാണ് ..അമ്മയും മോനും എപ്പോഴും വലിയ കിന്നാരം ആണെന്ന് മനസ്സില്‍ ഓര്‍ത്തു .

അമ്മുവിനെ കണ്ടതും അനന്തേട്ടന്‍ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.

"അമ്മുനു ഇപ്പോള്‍ സന്ധ്യാനാമം ജപിക്കലൊന്നും ഇല്ല അല്ലെ?" ഓപ്പോളുടെ കയ്യില്‍ നിന്നും വഴക്ക് കേള്‍പ്പിക്കാന്‍ ഉള്ള സൂത്രം ആണ് അനന്തെട്ടന്റെ. 


ഓപ്പോള്‍ വാ തുറക്കും മുമ്പേ അമ്മു ഉമ്മറത്ത്‌ കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍ ഭസ്മം തൊട്ടിരുന്നു നാമം ജപിക്കാന്‍ തുടങ്ങി .

അടുക്കളയില്‍ നിന്ന് തിരക്കിട്ട് ഓപ്പോള്‍ വിളിച്ചപപോള്‍ മംഗളം ചൊല്ലി നാമജപം നിര്‍ത്തി എഴുന്നേറ്റു ചെന്നു.

"അമ്മു ..നീ ഈ ഉള്ളി ഒന്ന് എരിഞ്ഞെടുക്ക് ..അപ്പുവും അനന്തനും സിനിമയ്ക്ക് പോവുകയാണെന്ന്."

ഇവിടെയ്ക്ക് എന്നെ പറഞ്ഞയക്കുന്നത് അച്ഛന്റെ പണിയാനാണ് . ഇവിടെ വന്നാല്‍ , ഞാന്‍ വീട്ടുജോലിയൊക്കെ പഠിക്കു എന്നതാണ് അതിനു ഒരു  കാരണം. അമ്മ വീട്ടില്‍ എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കാറില്ല . അമ്മയ്ക്കു ഇത്തരം ചിട്ടകളില്‍ ഒന്നും വിശ്വാസവും ഇല്ല. 


അച്ഛന് നേരെ തിരിച്ചാണ് . പെണ്‍കുട്ടികള്‍ എല്ലാം ചിട്ടയോടെ വളരണം എന്നൊക്കെ വാശിയാണ്. അതുകൊണ്ട് സ്കൂളിലും കോളേജിലും രണ്ടു  ദിവസത്തില്‍ കൂടുതല്‍ ലീവ് കിട്ടിയാല്‍ ഉടനെ അച്ഛന്‍ വിളിച്ചു പറയും

"അമ്മു അച്ഛമ്മയുടെ അടുത്ത് പോകൂ" എന്ന്.

എനിക്ക് അവിടെ കുളത്തില്‍ കുളിക്കാനും തെങ്ങും , കവുങ്ങും , മാവും ഉള്ള തൊടികളും എല്ലാം ഇഷ്ടായിരുന്നു.പിന്നെ അനന്തേട്ടന്‍ എന്ന എന്റെ ഭാവി വരനും അവിടെ ഉണ്ടല്ലോ .

അനന്തേട്ടന്‍ കുളിച്ചു വന്നു MP 3 പ്ളയറില്‍ സൗന്ദര്യലഹരി കാസെറ്റ് ഇട്ടു. അച്ഛമ്മയെ സന്തോഷിപ്പിയ്ക്കാനുള്ള  അനന്തെട്ടന്റെ വിദ്യകളാണ് ഇതൊക്കെ.

' ശിവശക്ത്യോ യുക്താ യതി ഭവതി ശക്തപ്രഭവിതം.... ...."
ഈ വേക്കഷന്‍ സമയത്ത് സൌദര്യലഹരി മുഴുവന്‍ പഠിച്ചിരിക്കണം എന്നാണ് അച്ഛന്റെ ഡിമാന്റ്. പകരം അച്ഛന്‍ സിങ്കപ്പൂരില്‍ കൊണ്ടുപോകാം  എന്നൊരു വാഗ്ദാനം തന്നിട്ടുണ്ട് . അതുകൊണ്ട് കുറെവ രികള്‍ ഞാന്‍ ഇപ്പോള്‍ത്തന്നെ കാണാപാഠമാക്കിയിരുന്നു.

ഓപ്പോള്‍ അടുക്കളയില്‍ ആയ തക്കത്തിന് അനന്തെട്ടനോടും, അപ്പു ഏട്ടനോടും കെഞ്ചി പറഞ്ഞു എന്നെ കൂടി സിനിമയ്ക്ക് കൊണ്ട് പോകാന്‍ . ദീലിപിന്റെ "പാണ്ടിപട" ആയിരുന്നു ഫിലിം.

രണ്ടാളും ഒരേ സ്വരത്തില്‍ പറഞ്ഞു

 "അമ്മമ്മ സമ്മതിക്കില്ല പെണ്ണെ!..ഗോപാല്‍ അങ്കിള്‍ അറിഞ്ഞാല്‍ വഴക്കാവും" എന്ന്.
പക്ഷെ അനന്തെട്ടന്റെ മുഖത്ത് എന്നെ കൂടി കൊണ്ടുപോവണം എന്നു ചെറിയൊരു അനുകൂല ഭാവം ഉണ്ടായിരുന്നു. ഞാന്‍ കുറെ കെഞ്ചി പറഞ്ഞു തുടങ്ങിയപ്പോള്‍ , അനന്തേട്ടന്‍ "ശരി ..ശരി എന്നായി.
അപ്പുവേട്ടന്‍ അപ്പോഴും 


"വേണ്ട അനന്ത , അതൊക്കെ പോല്ലപ്പാവും" എന്നായിരുന്നു .

ഒടുവില്‍ അനന്തേട്ടന്‍ പറഞ്ഞു "നമുക്ക് സെക്കന്റ്‌ ഷോ ആക്കാം അപ്പുഎട്ടാ എന്ന്."

പിന്നെഎന്നേ നോക്കി അനന്തേട്ടന്‍ പറഞ്ഞു
" നീ ഒരു കാര്യം ചെയ്യ് . തളത്തില്‍ കിടന്നാല്‍ മതി . ഞാനും അപ്പുവേട്ടനും വാതില്‍ മൂന്ന് വട്ടം മുട്ടുമ്പോള്‍ ,തുറന്നു ഞങളുടെ കൂടെ വന്നാല്‍ മതി."ഞാന്‍ സമ്മതിച്ചു.

വാതില്‍ പുറത്തു നിന്ന് പൂട്ടി പോകാന്‍ പ്ലാന്‍ ചെയ്തു നേരത്തെ പോയി തളത്തില്‍ കട്ടിലില്‍ കിടന്നു.

9 മണിക്കേ ഉറക്കം ആവും അച്ഛമ്മയും ഓപ്പോളും.അവര് രണ്ടു പേരും അതിരാവിലെ എണീയ്ക്കുകയും ചെയ്യും .എനിക്ക് കിടന്നിട്ടും ഉറക്കം വന്നില്ല .അവര്‍ വന്നുമുട്ടിയിട്ടു തുറന്നില്ലെങ്കില്‍
, ആ പേരും പറഞ്ഞു എന്നെ കൊണ്ടു പോകാതെ സിനിമക്ക് പോകും എന്നുറപ്പാണ് .

അറിയാതെ കണ്ണടഞ്ഞു എന്ന് തോന്നുന്നു..വാതില്‍ മുട്ടുന്നത് കേട്ടാണ് ഓടിച്ചെന്നു വാതില്‍ തുറന്നത്.

വാതിലില്‍ ,സുന്ദരിആയ ഒരു സ്ത്രീ രൂപം അവരുടെ വൈര മൂക്കുത്തിയുടെ തിളക്കം കണ്ണഞ്ചിക്കുന്നതായിരുന്നു .നല്ല വെളുത്ത വേഷ്ടി മുണ്ടില്‍ തിളങ്ങുന്ന ഒരു സുന്ദരരൂപം . ചുരുണ്ട മുടിയിഴകള്‍  നിലാവെളിച്ചത്തില്‍ നീല സര്‍പ്പങ്ങളെ പോലെ തോന്നിച്ചു .

"അയ്യോ ..തെച്ചിക്കാട്ടിലെ മുത്തശ്ശി..കരച്ചില്‍ പാതിയായി ചങ്കില്‍ കിടന്നു പിടച്ചു . 

"അച്ഛമ്മേ...ഓപ്പോളേ..അനന്തേട്ടാ ..."ശബ്ദം പുറത്തു വരാതെ പിടക്കുമ്പോള്‍ ..ആരോ പിടിച്ചു കുലുക്കുന്നു. കണ്ണ് തുറന്നപ്പോള്‍ ...
അനന്തെട്ടന്റെ മുഖം . ആശ്വാസത്തോടെ അനന്തെട്ടന്റെ മടിയില്‍ നിന്നും ചാടി എണീക്കുമ്പോള്‍ ..അനന്തേട്ടന്‍ പിറുപിറുക്കുന്നതു കേട്ടു

" മെസ്സിയുടെ നല്ലൊരു ഗോള്‍ മിസ്സ്‌ ആയി ..ആ നേരത്താണ് അമ്മൂന്റെ പേടിസ്വപ്നം!" .

അത് കേട്ടില്ലാ എന്ന് നടിച്ചു , വലിയ ആശ്വാസത്തോടെ അമ്മു എണീറ്റ്‌ അടുക്കളയിലേക്കു നടന്നു .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.