8/17/2010

ദൂരെ പോകൂ.....!

മറഞ്ഞു പോ നീ സ്മരണകളെ ..
തിരഞ്ഞെടുക്കാന്‍ ഒന്നും ഇല്ല നിങ്ങളില്‍,
വെറുതെ ചേര്‍ത്തു കെട്ടിയ
കടലാസുപട്ടങ്ങള്‍ അല്ലോ നിങ്ങള്‍!.

ഒന്നിച്ചു ചേര്‍ക്കുകില്‍ മറക്കും
ഒന്നോടെ എന്റെ ആകാശവും,
ഒട്ടലിവോടെ നെഞ്ചോടടക്കിയ
സമഗാനത്തിന്‍ ഈരടിയോക്കെയും.

ദൂരെ പോ നിങ്ങള്‍ ..
അതിവിശാലമി കാലയവനിക്കുള്ളില്‍,
എത്ര സുമങ്ങള്‍ പൊലിഞ്ഞിട്ടും ധര
ചേര്‍ത്ത് വെക്കും വസന്തങ്ങളിനിയും .

വിളക്കണച്ചു പ്രാര്‍ത്ഥിക്കാന്‍
പഠിപ്പിച്ചതില്ലെന്റെ അച്ഛനും
പഠിച്ചതില്ല ഞാനും വേദന-
അറിയാത്ത വേദാന്തമൊന്നും.

സൂര്യജ്വാല അടങ്ങിയ
സമുദ്രഗര്‍ഭത്തില്‍ നിന്നും
നാളെ ഉയരും നവജ്യോതി വീണ്ടും
പാട്ടെനിക്ക് വേണ്ടത് ഇന്നിന്റെ മാത്രം

മറയു ..മറയു നീ വേഗം....
നോക്കി നില്‍ക്കെ നോവുന്നു കണ്ണുകള്‍ .
പൊട്ടി വീര്‍ക്കുന്നു വീണ്ടും പൂമൊട്ടുകള്‍
ഞെട്ടറ്റു വീഴുവാന്‍ വിരിയല്ല-നീ വീണ്ടും!

നീ അറിയുന്നോ ..തോഴി
നെയ്ത്തിരി പോല്‍ കത്തുമെന്നുള്ളിലെ
നക്ഷത്രവീര്യവും ...സ്നേഹചാപല്യവും .
ഓര്‍ത്തു വെക്കുവാന്‍ ഒന്നുമേ
ഇല്ലാത്ത ശൈശവകാലവും .
വേണ്ട ഇനി ആരോടും ചൊല്ലി
തീര്‍ക്ക വേണ്ട ദുഷിക്കും സംസ്കൃതി.

ദൂരെ പോയ്‌ മറിയുക എല്ലാമേ
യാത്ര പോകട്ടെ ഞാനും ഇനി ഒരു
പുത്തന്‍ നൌകയില്‍ ...
കരളിനഗാധമാം ഉള്ളറയിലേക്കായ്

കേവലമൊരു വിശ്വാസം പോല്‍..
കരളിലെ നിര്‍വൃതി തിരപോല്‍ ...
ശരിയും തെറ്റും പിരിച്ചിട്ടു നീ എന്റെ
പാദങ്ങള്‍ നേര്‍വഴി കണ്ടു പോകാന്‍ .

തരിക നിദ്രയും,,,സ്വസ്ഥതയും ..
തരിക പണ്ടത്തെ വിപ്ലവ വീര്യവും..
ജീവിക്കാന്‍ വയ്യ ..കനവും കണ്ണീരുമായ് ,
ജയിക്കാന്‍ മാത്രേ ജയ ഇനിയും പഠിക്കൂ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.