5/05/2010

വൃദ്ധിഭംഗം


ഓരോ കല്പടവിലെ വഴുവഴുപ്പിലും
കൈതന്നു കൂടെ വന്നു നീ............
നിന്റെ കൈയില്‍ വസന്തത്തിന്റെ ചേമന്തി പൂക്കള്‍
ഞാന്‍ തൊടുംവേളയില്‍ അവയുടെ ഞെട്ടറ്റു -
അവയോടൊപ്പം ഞാനും ,
കല്പടവുകളില്‍ തെന്നി തെന്നി -
പ്രണയത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍
പിടിവള്ളിയില്ലാതെ പതിക്കുമെന്നറിയാം!.

നീ എന്നും മഴയായി പെയ്യുന്ന കല്പടവുകളില്‍
എന്റെ പ്രണയത്തിന്റെ പാലാഴി ,
 ഒഴുകി നീങ്ങുകയായിരുന്നു കടമ്പ്പൂക്കളെ-
ആകാശത്തിന്റെ നീലകാടുകള്‍ക്കേകാന്‍ .
അവ നിന്റെ കാര്‍വര്‍ണവും..പുഞ്ചിരിയും 
ആവാഹിച് ഒഴുകി പോയി.....

ആലിലയായത് എന്റെ ഹൃദയം -
നീ കാല്‍വിരല്‍ ഉണ്ടപോളും-
ചെഞ്ചുണ്ടില്‍ ഓടകുഴല്‍ ചേര്‍ത്ത് വെച്ചപോളും-
ഓളങ്ങള്‍ ഇളകിയത് -
പൂപോല്‍ , പൊന്നുപോല്‍ .. 
ചേര്‍ത്തു വെച്ചൊരെന്‍ -
ശുദ്ധസങ്കല്പ ഹൃതടതിങ്കല്‍ .

ഒരേ സമയം വെറുപ്പും
സ്നേഹവും തരുന്ന നിന്റെ പ്രണയത്തില്‍
കളഞ്ഞു പോവുന്നതത്രയും
എന്റെ കുഞ്ഞിക്കുരു മോഹങ്ങള്‍ മാത്രം.
കായാമ്പൂ കണ്ണിലെ മോഹപിച്ചകങ്ങള്‍
എന്നുമെന്‍ കനവില്‍ പടരുന്ന 
താരകമുല്ലകളല്ലോ ?

ശൈശവ സ്വപ്നമായ് നീ 
 ചുരക്കാത്ത മാറിലെ വെണ്ണയുണ്ടു ..
 കുഞ്ഞരി പല്ലിനാല്‍ മുദ്രയൊരുക്കി.
കൌമാര കാല്‍തള കിലുക്കി കിലുക്കി -
 മോഹത്തിന്‍ കാലിമേച്ചു നടന്നു.
യൌവ്വന വൃന്ദാവനിയില്‍ നീ ...
രാസകേളിയാടിയാടി തിമിര്‍ത്തു.

ഞാന്‍ തേടിയ പ്രണയത്തിന്‍ പൂവേതോ ?
ഹേയ്‌...നരന്‍ ...നീ വരൂ
വീണ്ടും ഈ പ്രണയത്തിന്‍ വെയിലാറും മുമ്പേ ...
വീണ്ടും ശിശിരത്തിലെ പാച്ചോറ്റി പൂ പറിക്കാന്‍  ...!!!
വീണ്ടും നിലാവൊരു വൃദ്ധിഭംഗത്തില്‍ എത്തും മുന്നേ ..
പീതാംബരധരീ ! നീ വരൂ! .....

സപ്തസാഗരവും തകര്‍ത്ത്‌...
സമസ്ത സ്വപ്നകൂടുകളും തകര്‍ത്ത്‌...
സപ്താശ്വാരൂഡനായി നീ വരൂ...നരന്‍ !
സ്വര്ഗാനുരാഗ കുങ്കുമസീമയില്‍..
സൌവര്‍ണ സിംഹാസനമേറാന്‍ .
സങ്കല്പ സാമ്രാജ രാജകുമാരന്‍ -
നീ മാത്രം മതി എന്നും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.