8/15/2014

ജൂണിന്റെ...ഏഴു മഴകുഞ്ഞുങ്ങള്‍


ജൂണിന്റെ ഡയറിക്കുള്ളില്‍ ഞാന്‍ കണ്ടു ..
ജനിയ്ക്കാനിരിക്കുന്ന  മഴക്കുഞ്ഞുങ്ങളുടെ 
മനോഹര നാമധേയങ്ങള്‍ .
പുലരിവെട്ടത്തില്‍ കണ്‍ത്തുറക്കുമോമന -
നിന്നെ പ്രിയംവദയെന്നു വിളിയ്ക്കുമെന്നും .
കുഞ്ഞിളം കൈകാലിളക്കി 
മെല്ലെ മൊഴിയുമവള്‍ ...
അമ്മേയെന്നു  ഭൂമിയെ.

സൂര്യനുച്ചത്തില്‍ ഉദിച്ചിരിക്കുമാവേളയില്‍
സാമഗാനം പാടിവരുമൊരോമന  ;
കൃഷ്ണവേണിയെന്നവള്‍ക്കുപേര്‍.. 
കുനുകുനെ കരിമുകില്‍ അളകങ്ങളിളക്കിയവള്‍
ഉപവനസല്‍ക്കാരങ്ങളിലെ
പൊന്‍വീണനീട്ടി പാടുമൊരു  പാട്ടുകാരിയാകും.


മഴമുകില്‍ മാനത്തെ
മഞ്ഞപട്ടുടുപ്പിക്കുമൊരു 
സന്ധ്യയില്‍ ...
തരിവള കിലുക്കംപോലെ..
മെല്ലെ പെയ്തിറങ്ങുമവള്‍ ;
നാലുമണി പൂവിനിതളില്‍ മഴവിരലാലെ 
ജലചിത്രമെഴുതി പിന്നെയോരോ  
ജ്യോത്സനകളിലും മുഖമമര്‍ത്തി മെല്ലെ ...
സുന്ഗന്ധം മുത്തിക്കുടിക്കുന്നവള്‍ മൃദുല.

ഇരുട്ടിന്‍ കറുത്ത പട്ടുടുപ്പിനുള്ളില്‍.. 
ചിണുങ്ങി ചിണുങ്ങി ആദ്യമാദ്യം ,
പിന്നെയലറി കരഞ്ഞു താണ്ഡവ -
തുടിമുഴക്കി നൃത്ത ചുവടു വെയ്ക്കും 
 നീ ശിവാനി .

തൊഴുകയ്യോടെ പെയ്യുമവള്‍
പ്രാര്‍ഥനാ ഗാനം പോലെ..
കേരളക്കരയിലെ കിണറ്കളിലും ;
വേനല്‍  ചീന്തിക്കീറിയ പാടങ്ങളിലും .
ചുടുനിശ്വാസം പോലിലക്കൊഴിച്ച 
മാമരങ്ങളിലും  ...
അവള്‍ അക്ഷയ .

സഹ്യസാനുക്കളില്‍ കാറ്റിന്‍ കൈകോര്‍ത്ത് ;
ചരിഞ്ഞും ചാഞ്ഞും 
വെള്ളദാവണിത്തുമ്പു പറത്തി
മീന്‍കോലമിട്ട പാലക്കാടന്‍ ഗ്രാമങ്ങളില്‍
ചിത്രപണികള്‍ തീര്‍ത്ത്,
 ജ്വലിക്കുന്ന വേരുകളില്‍ ചുംബിച്ചു മെല്ലെ ,
പൊന്‍ചെമ്പകത്തിന്റെ നെറുകയില്‍ 
രോമാഞ്ചത്തിന്‍ മൊട്ടുകളൊരുക്കും നീ വര്‍ഷ .

നിളയുടെ ഈറന്‍ മിഴികളെ വാലിട്ടെഴുതി 
നീറും ധരണിയ്ക്കതര്‍ഷോന്മാദമാക്കും  
നിന്റെ നൃത്തോജ്ജ്വല പദചലനാവേഗങ്ങള്‍  
നിന്നെ മണ്ണിലെ ഉര്‍വ്വശിയാക്കുന്നു.
_______________________________________

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.