6/09/2014

സ്വപ്നത്തിന്‍ പൊട്ട് .



പണ്ടുപണ്ടൊരു രാജ്യത്ത് 
പൂവു പോലൊരു പെണ്ണൊരുത്തി..
പിറക്കാനിരിക്കുന്നവരുടെ 
സ്വപ്നങ്ങളില്‍ വന്നു ജനിച്ചുവീണു .

മഴയവള്‍ക്ക് ദാഹജലമേകി  
മരമവള്‍ക്ക്  തണലേകി ..
കാറ്റവള്‍ക്ക് സ്വരമോതി കൊടുത്തു 
ഇലകളവള്‍ക്ക് ഉടുവസ്ത്രമേകി.

കാട്ടിലും മേട്ടിലും ..
കായല്‍ കരയിലും ...
നീളെ വിശാല ലോകത്തവള്‍
പാറി പറന്നങ്ങു നടക്കും നേരം .
പെട്ടെന്നൊരിരവില്‍ തിരിഞ്ഞൊന്നു നോക്കി .

അരികത്തോ ആരുമില്ല ...!
പിന്നിലോ മുന്നിലോ ആരുമില്ല .!
കാലടി പാടുകള്‍ പോലുമില്ല .
"ആരുമില്ലാരുമില്ല ഒറ്റയാണേ "ഞാനെന്നു 
എല്ലാരും കേള്‍ക്കാനായ് പാടി നടന്നു .

മഴവില്ലാല്‍ മൂടി പുതച്ചൊരുത്തന്‍ 
മറയത്തു നിന്നിതു കേട്ടോടിവന്നു .
എത്ര നിറങ്ങളിതവനുമേല്‍ ...
എത്ര വെട്ടങ്ങളയ്യോ അവനുമേല്‍ !

അവള്‍ പേടിച്ചോടി ...
മരംകൊത്തി പൊത്തിലൊളിച്ചു .
അവനൊരു നാള്‍ മുഴുവനതിനു കാവലിരുന്നു .
പിന്നെ പുലരിയില്‍ അവള്‍ പറന്നപ്പോള്‍
പിന്നാലെ പാഞ്ഞവന്‍ പിടിച്ചു നിര്‍ത്തി .

അറിയാമൊഴിയില്‍ അവന്‍ കേട്ടതൊന്നിനും 
ഉത്തരം എകാനാകാതെ അമ്പരന്നു നിന്നവള്‍ .
"ഏന്റെ കുടില്‍ വിളക്കായ് പോരാമോ ?
ഏന്റെ കുഞ്ഞിന്റെ അമ്മയാകാമോ ? "

വേള്‍ക്കാന്‍ എടുത്തവന്‍ മാരിവില്‍  നൂലില്‍ 
കൊരുത്തൊരു കുഞ്ഞു നക്ഷത്ര താലി .
കൊരുത്തെടുത്തവനവള്‍ക്കായ് 
അവനിലെ നിറങള്‍  പൂക്കളായ് 
അവള്‍ക്കണിയാനൊരു പൂമാല .

കാറ്റോടി വന്നു ...ഇലകളോടി വന്നു 
കാറ്റിനൊപ്പം മഴയും വന്നു 
എന്‍ മകളെ ഇതാരിവന്‍ നിനക്കൊപ്പം 
മാറി മാറി അവര്‍ കേള്‍വി കേട്ടവളോടായ്.

കാറ്റില്‍ മഴയില്‍ ഇലകളില്‍ മൂടി 
മാരിവില്‍ നിറമെല്ലാം ഒലിച്ചു പോകെ 
മൊഴി കൊടുക്കാത്ത വിധി മെല്ലെ 
പൊഴിയും അന്ധകാരമായ് പരക്കേ

വീണ്ടും ജനിക്കുന്നവരുടെ സ്വപ്നത്തിലേയ്ക്കവളും
ജനിച്ചവരുടെ നിസ്സഹായതയിലേയ്ക്കവനും 
തിരിച്ചു പോയി പോലും .


             ************************************************************************************************************************





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.