ഓറഞ്ചുനിറമുള്ള പൊടികാറ്റിനെ
കെട്ടഴിച്ചുവിട്ടു ദൈവം
ആരും കാണാതെ
മരുഭൂമിയില്‍ നടക്കാനിറങ്ങി .
ചുരുളുകളായ് ഉറയുന്ന കാറ്റില്‍
അറബിപെണ്ണിന്റെ
കറുത്തവസ്ത്രങ്ങള്‍ വവ്വാലുകളെ പോലെ പറന്നു
ഭൂമിയുടെ സ്വന്തം ആകാശം
അവക്കുള്ളില്‍ അത്തറിന്റെ മണം തേടിനിറഞ്ഞു .
എന്റെ മുറിയിലെ ചില്ലുജാലകത്തില്‍
പൊടിക്കാറ്റിന്‍ പറവവന്നു കൊക്കുരുമ്മി ഇരുന്നു
എനിക്കവയുടെ പളുങ്കുക്കണ്ണ്കള്‍
കൊതിയോടെ തിളങ്ങുന്നത് കാണാം !
ഭൂമിയെ ഓറഞ്ച് നിറമുള്ള പൊടിയാക്കി
വിഴുങ്ങാനുള്ള അവയുടെ ആര്‍ത്തി കാണാം.
തണുത്തവെള്ളം തളിച്ച്
ഞാനവയെ ഓടിച്ചുവിടാന്‍ നോക്കി .
പാതി നനഞ്ഞ അവയുടെ ചിറകുകള്‍ കുടഞ്ഞു
രൂക്ഷമായവ എന്നെ നോക്കി ...
പിന്നെ ജലദോഷത്തിന്റെ ഭാഷയില്‍ ശകാരിക്കാന്‍ തുടങ്ങി .
ഇനി നീ നിന്റെ പൂക്കളെ കാണില്ല .
ഇനി നീ ചിത്രശലഭങ്ങളുടെ പാട്ടുകേള്‍ക്കില്ല .
നിന്റെ താമരപൂവിലെ തേന്‍കുടിക്കാന്‍
ഞാന്‍ സര്‍പ്പങ്ങളെ വിട്ടുകഴിഞ്ഞു .
വിറയലോടെ കറുത്തിരുണ്ട ഒച്ചകള്‍
എന്റെ ചങ്കില്‍ മരിച്ചു വീഴുമ്പോള്‍ ;
നടക്കാനിറങ്ങിയ ദൈവത്തെ ഞാനോര്‍ത്തു .
"എനിക്കെന്റെ പൂക്കളെ തിരിച്ചു താ !
എനിക്കെന്റെ പാട്ടില്‍ ചിത്രശലഭങ്ങളുടെ
ചിറകടി സ്വരം നിറച്ചു താ !
ഇവര്‍ പറഞ്ഞു തന്നില്ലെങ്കില്‍
ഞാനൊരുപക്ഷെ
എന്റെ ഇഷ്ടങ്ങള്‍ അറിയാതെ പോയേനെ !
എനിക്കുമുന്നില്‍
നീയെന്നും ശത്രുവാകാമോ
പൊടികാറ്റിന്‍ പറവകളേ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.