6/16/2014

പൊടിക്കാറ്റിന്‍ പറവകള്‍ .




ഓറഞ്ചുനിറമുള്ള പൊടികാറ്റിനെ 

കെട്ടഴിച്ചുവിട്ടു ദൈവം
ആരും കാണാതെ 
മരുഭൂമിയില്‍ നടക്കാനിറങ്ങി . 

ചുരുളുകളായ് ഉറയുന്ന കാറ്റില്‍ 
അറബിപെണ്ണിന്റെ 
കറുത്തവസ്ത്രങ്ങള്‍ വവ്വാലുകളെ പോലെ പറന്നു 
ഭൂമിയുടെ സ്വന്തം ആകാശം 
അവക്കുള്ളില്‍ അത്തറിന്റെ മണം തേടിനിറഞ്ഞു . 

എന്റെ മുറിയിലെ ചില്ലുജാലകത്തില്‍
പൊടിക്കാറ്റിന്‍ പറവവന്നു കൊക്കുരുമ്മി ഇരുന്നു 
എനിക്കവയുടെ പളുങ്കുക്കണ്ണ്കള്‍ 
കൊതിയോടെ തിളങ്ങുന്നത് കാണാം !
ഭൂമിയെ  ഓറഞ്ച് നിറമുള്ള പൊടിയാക്കി 
 വിഴുങ്ങാനുള്ള  അവയുടെ ആര്‍ത്തി കാണാം. 
തണുത്തവെള്ളം തളിച്ച് 
ഞാനവയെ ഓടിച്ചുവിടാന്‍ നോക്കി . 
പാതി നനഞ്ഞ അവയുടെ ചിറകുകള്‍ കുടഞ്ഞു 
രൂക്ഷമായവ എന്നെ നോക്കി ... 
പിന്നെ ജലദോഷത്തിന്റെ ഭാഷയില്‍ ശകാരിക്കാന്‍ തുടങ്ങി . 

ഇനി നീ നിന്റെ  പൂക്കളെ കാണില്ല .
ഇനി നീ ചിത്രശലഭങ്ങളുടെ പാട്ടുകേള്‍ക്കില്ല . 
നിന്റെ താമരപൂവിലെ തേന്‍കുടിക്കാന്‍ 
ഞാന്‍ സര്‍പ്പങ്ങളെ വിട്ടുകഴിഞ്ഞു .
വിറയലോടെ കറുത്തിരുണ്ട ഒച്ചകള്‍ 
എന്റെ ചങ്കില്‍ മരിച്ചു വീഴുമ്പോള്‍ ;
നടക്കാനിറങ്ങിയ ദൈവത്തെ ഞാനോര്‍ത്തു .

"എനിക്കെന്റെ പൂക്കളെ തിരിച്ചു താ !
എനിക്കെന്റെ പാട്ടില്‍ ചിത്രശലഭങ്ങളുടെ 
ചിറകടി സ്വരം നിറച്ചു താ !

ഇവര്‍ പറഞ്ഞു തന്നില്ലെങ്കില്‍ 
ഞാനൊരുപക്ഷെ 
എന്റെ ഇഷ്ടങ്ങള്‍ അറിയാതെ പോയേനെ !
എനിക്കുമുന്നില്‍ 
നീയെന്നും ശത്രുവാകാമോ 
പൊടികാറ്റിന്‍ പറവകളേ?

6/15/2014

ഒരു ഡിസംബറില്‍ വിരിഞ്ഞവ .





നിനക്കറിയാമോ ?
നിന്റെ അഭാവം പോലും നീയാണ് 
ഒറ്റവാക്കിലെ പാട്ടുപോലെ ...
നീ മൂളി മൂളി തെളിയുമ്പോള്‍ 
നമുക്കിടയില്‍ പാറുന്ന 
നിറമുള്ള പക്ഷിതൂവലുകള്‍ 
ഓരോരോ ജന്മത്തിലേതായിരുന്നു .


എനിക്കുമാത്രം കേൾക്കാവുന്ന 
ചെറിയൊരീണം ,
ആരോ മൂളുന്നുണ്ട് ചെവിയില്‍ !....
ആര്ദ്രമായിപ്പോഴും .
ആകാശത്തിന്റെ അതിരുകളില്‍ നിന്നും
എന്നെ വിട്ടുപോയ സ്നേഹത്തിന്റെ 
 നീലപക്ഷികളെ വിളിച്ചു ...വാ 

നീ ...തിരിച്ചു വാ .

എന്റെ ചിത്രങ്ങളില്‍ 

നിന്റെ ഓരോ ഭാവങ്ങളെയും .
കനവായി  പടര്‍ത്താന്‍ ..
മഞ്ഞിലും ,മഴയില്‍ മുക്കി  ,
ഋതുക്കളുടെ നേര്‍ത്തവിരലുകളാല്‍ 
വസന്തത്തിന്റെ നിറമാകെ
ഞാനെടുത്തു വെച്ചിരിക്കയാണ്‌ .


ഇലകളെ പോലെ ഇളകിത്തുടങ്ങിയ 
കല്‍പടവുകളില്‍ കയറി നിന്ന് 
ആകാശത്തേക്ക് കയ്യുയര്‍ത്തി 
നീ പറന്നകന്ന ആകാശം മുഴുവന്‍ 
ഞാന്‍  നെഞ്ചോടു ചേര്‍ത്തിരിക്കയാണ് .

നിനക്കുമുന്നില്‍ എനിക്ക് മഴയാവണം.

വെയിലാവണം ..
രാവും പകലുമാകണം 
നിലാവും സന്ധ്യയുമാകണം .
എന്റെ മഴ നിന്നെ പൊതിയുമ്പോള്‍ 
നീ എന്നെപ്പോലെ ഒരു മഴപ്പക്ഷിയായ് ..
എന്നെയും കൊണ്ട് പറക്കണം .

വെയിൽ   നാളങ്ങള്‍ നിന്നെ പൊതിയുമ്പോള്‍  ;

കുളിര്‍മയ്ക്കായ് ...
മഴമേഘങ്ങളില്‍  പൊതിഞ്ഞൊരു കൈത്തലം ഞാന്‍ -
നിന്റെ നെറ്റിയ്ക്കു മുകളില്‍ വിരിച്ചിടും .
രാവും പകലും ഒരുമിക്കുന്ന ഒരു ഗ്രഹണസന്ധ്യയായി ..
നിനക്കായി ഞാനൊരു  സൂര്യമോതിരം 
നിന്റെ  വിരലുകൾക്കന്നേകും  .
ഒടുവിലാ  രാത്രിയിൽ നിലാപോലെ നിന്നിലലിഞ്ഞ് ..
നിന്നിലെ ഓര്‍മമാത്രമായി തീരും .
************



6/09/2014

സ്വപ്നത്തിന്‍ പൊട്ട് .



പണ്ടുപണ്ടൊരു രാജ്യത്ത് 
പൂവു പോലൊരു പെണ്ണൊരുത്തി..
പിറക്കാനിരിക്കുന്നവരുടെ 
സ്വപ്നങ്ങളില്‍ വന്നു ജനിച്ചുവീണു .

മഴയവള്‍ക്ക് ദാഹജലമേകി  
മരമവള്‍ക്ക്  തണലേകി ..
കാറ്റവള്‍ക്ക് സ്വരമോതി കൊടുത്തു 
ഇലകളവള്‍ക്ക് ഉടുവസ്ത്രമേകി.

കാട്ടിലും മേട്ടിലും ..
കായല്‍ കരയിലും ...
നീളെ വിശാല ലോകത്തവള്‍
പാറി പറന്നങ്ങു നടക്കും നേരം .
പെട്ടെന്നൊരിരവില്‍ തിരിഞ്ഞൊന്നു നോക്കി .

അരികത്തോ ആരുമില്ല ...!
പിന്നിലോ മുന്നിലോ ആരുമില്ല .!
കാലടി പാടുകള്‍ പോലുമില്ല .
"ആരുമില്ലാരുമില്ല ഒറ്റയാണേ "ഞാനെന്നു 
എല്ലാരും കേള്‍ക്കാനായ് പാടി നടന്നു .

മഴവില്ലാല്‍ മൂടി പുതച്ചൊരുത്തന്‍ 
മറയത്തു നിന്നിതു കേട്ടോടിവന്നു .
എത്ര നിറങ്ങളിതവനുമേല്‍ ...
എത്ര വെട്ടങ്ങളയ്യോ അവനുമേല്‍ !

അവള്‍ പേടിച്ചോടി ...
മരംകൊത്തി പൊത്തിലൊളിച്ചു .
അവനൊരു നാള്‍ മുഴുവനതിനു കാവലിരുന്നു .
പിന്നെ പുലരിയില്‍ അവള്‍ പറന്നപ്പോള്‍
പിന്നാലെ പാഞ്ഞവന്‍ പിടിച്ചു നിര്‍ത്തി .

അറിയാമൊഴിയില്‍ അവന്‍ കേട്ടതൊന്നിനും 
ഉത്തരം എകാനാകാതെ അമ്പരന്നു നിന്നവള്‍ .
"ഏന്റെ കുടില്‍ വിളക്കായ് പോരാമോ ?
ഏന്റെ കുഞ്ഞിന്റെ അമ്മയാകാമോ ? "

വേള്‍ക്കാന്‍ എടുത്തവന്‍ മാരിവില്‍  നൂലില്‍ 
കൊരുത്തൊരു കുഞ്ഞു നക്ഷത്ര താലി .
കൊരുത്തെടുത്തവനവള്‍ക്കായ് 
അവനിലെ നിറങള്‍  പൂക്കളായ് 
അവള്‍ക്കണിയാനൊരു പൂമാല .

കാറ്റോടി വന്നു ...ഇലകളോടി വന്നു 
കാറ്റിനൊപ്പം മഴയും വന്നു 
എന്‍ മകളെ ഇതാരിവന്‍ നിനക്കൊപ്പം 
മാറി മാറി അവര്‍ കേള്‍വി കേട്ടവളോടായ്.

കാറ്റില്‍ മഴയില്‍ ഇലകളില്‍ മൂടി 
മാരിവില്‍ നിറമെല്ലാം ഒലിച്ചു പോകെ 
മൊഴി കൊടുക്കാത്ത വിധി മെല്ലെ 
പൊഴിയും അന്ധകാരമായ് പരക്കേ

വീണ്ടും ജനിക്കുന്നവരുടെ സ്വപ്നത്തിലേയ്ക്കവളും
ജനിച്ചവരുടെ നിസ്സഹായതയിലേയ്ക്കവനും 
തിരിച്ചു പോയി പോലും .


             ************************************************************************************************************************