11/16/2013

കാണാതെയാകുന്ന ചിലത്.




എവിടെപോയെന്നു 
വ്യാകുലപ്പെടുന്ന ചിലതുകള്‍..
ഒരിയ്ക്കലും തിരികെ കണ്ടുകിട്ടിയില്ലെനിക്ക് !!!
കിളിപച്ച നിറവും 
മിട്ടായി മണവുമുള്ള  ചെറിയൊരു  റബ്ബര്‍....
അതൊരു പക്ഷെ ,ബാല്യം തേയ്ച്ചുമായ്ച്ചു 
തീര്‍ന്നുപോയാതാവാം .

മഴവില്‍ നിറമുള്ള കുപ്പിവളകള്‍
കൌമാരത്തിന്റെ തിമര്‍പ്പില്‍
പ്രണയത്തിന്റെ കാല്‍ത്തട്ടി വീണു 
ഉടഞ്ഞുപോയതാവാം .

പിന്നെയുമുണ്ട് ചിലത് ...
മയില്‍പ്പീലി അടയാളം വെച്ചു - 
വായിച്ചു മുഴുവനാക്കാനാകാതെപോയ 
പുസ്തകങ്ങള്‍.
സൗഹൃദങ്ങളുടെ കൈമറയലില്‍
ചിതലരിച്ചു പോയിരിക്കാം .

എന്റെ ചൂണ്ടു വിരലിനും 
തള്ളവിരലിനുമിടയില്‍.....
മിനുപ്പോടെ...തണുപ്പോടെ ഇരുന്ന 
എന്റെ പ്രിയപ്പെട്ട പേന .
മുനയൊടിഞ്ഞാലും മഷിതീര്‍ന്നാലും 
കളയില്ലെന്നു ഉറപ്പിച്ചത് ,
ഭാരിച്ച വാക്കുകള്‍ വീണു... വീണു ;
താങ്ങാനാകാതെ ...എങ്ങോ മറഞ്ഞുപോയി.


അവിചാരിതത്വത്തിന്റെ  കമ്പില്‍ക്കെട്ടിയ 
പൂ തിരുവാതിരയുടെ ഊഞ്ഞാല്‍.
നിലാതിരി വീണു കത്തിയെരിഞ്ഞതാകണം.
മനം ഇടയ്ക്കൊന്നു ആടാനായ് വീണ്ടും 
അന്വേഷിക്കാതിരുന്നില്ല !

സൂക്ഷിക്കണമെന്നു വേണ്ടപ്പെട്ടവരെല്ലാം 
ഓര്‍മ്മിപ്പിക്കാറുള്ള മറ്റുചിലത് ;
സ്വന്തം സ്വപനങ്ങള്‍, സൃഷ്ടികള്‍,
പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍
വെളുപ്പിനാരോ ...അടിച്ചുകൂട്ടിയെങ്ങോ 
തീയിട്ടുകളഞ്ഞു .

സൂക്ഷിച്ചു വെയ്ക്കാനറിയാത്ത 
എനിക്കിനി വിലപിടിച്ചതൊന്നും 
തരാതിരിയ്ക്കാനൊരു........
അപേക്ഷ മാത്രമേയുള്ളൂ മനസ്സില്‍ ബാക്കി .






















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.