9/18/2013

കൊമ്പത്തെ കാഴ്ച്ചകൾ

Inline image 1

മാനത്തും ..മണ്ണിലും 
കാണുന്ന കാഴ്ചകളല്ല 
മരത്തിലിരുന്നാൽ കാണുന്നത്.

ആദ്യകിരണത്തിന്റെ ചുവപ്പും 
 തണുപ്പും കുളിരും 
അവിടെയിരുന്നാലാദ്യം  പങ്കിടാം 
കടലിലെ ചിരിപതയും 
കണ്ണീരിനുപ്പും ....ഇടയ്ക്കിടെ 
വേരിനിടയിലൂടെ 
നുണഞ്ഞു കുടിയ്ക്കാം  .

തിമിർത്തുവരുന്ന മഴ
മേഘങ്ങളെ പുണർന്നു വരുമ്പോൾ  ;
എന്റെ കാതുകൾ  നിറയും അവളുടെ 
തലയിണ മന്ത്രങ്ങളാൽ  .
മണ്ണിന്റെ സ്നേഹം 
ചില്ലകളിൽ തളിർക്കുമ്പോൾ .....
തളിരുകളുടെ നനവുള്ള ചുംബൻമേൽക്കാം .

രാവ് ഇന്നലെ കണ്ട നക്ഷത്ര കനവുകൾ 
പൂക്കളായി വിടരുമ്പോൾ 
മൊട്ടിനുള്ളിലെ സുഗന്ധവും പരാഗവും 
ആത്മാവിനുള്ളോളം ആവാഹിച്ചെടുക്കാം .

മേഘങ്ങളുടെ സാരി ചുറ്റി 
ഗിരിനിരകളൊരുങ്ങുമ്പോൾ 
ഇടക്കിടയ്ക്കെത്തി നോക്കി 
കുഞ്ഞരുവികളുടെ പദസ്വരം 
ചെവിയോർത്തിരിക്കാം .

ചുറ്റും പ്രളയം വന്നാലും ഉയരത്തിൽ 
അതും നോക്കിയിരുന്നു രസിക്കാം !
ഇടയ്ക്കാരെങ്കിലും മേലോട്ട് നോക്കി 
ഒരിത്തിരി ബഹുമാനവും അസൂയയും 
കലർത്തി പറയും ...
"വല്യേ കൊമ്പത്തല്ലേ ..ഇരുപ്പെന്നു ."

ഉയരങ്ങളിൽ എന്നും ഒടുങ്ങാത്ത 
അത്ഭുതങ്ങൾ ആണോ ഒരുക്കി വെയ്ക്കുന്നത്‌ ?
എങ്കിലുമീ  ആകാശം 
ഇനിയുമെത്രെയോ ദൂരെയാണ്.

Inline image 2

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.