11/30/2013

തലക്കെട്ടുകള്‍ അറിയാത്ത ചില കവിതകള്‍.




വെയിലാറിടുന്നിരുളുള്‍പരക്കയായ് ....
അറുതിയില്ലാത്ത വ്യാധി നഖമാഴ്ത്തി 
രസിക്കുമീ കൊടിയനോവിന്റെ ജീവദളങ്ങളില്‍.

ഒരു മാത്രയെന്നരികിലൊന്നിരിയ്ക്കുമോ;  നീ .
ഒന്നു നിന്‍ മിഴിനിലാവൊഴുകി പരക്കുകില്‍
തീര്‍ന്നുപോകുന്നു നീറി പടരുമീ 
അന്ധകാരത്തിനാരണ്യകാണ്ഡങ്ങള്‍.
നിന്‍ വിരലോടുന്ന മാത്രയില്‍
നൊമ്പരപ്പൂക്കളോരോന്നും  ഞെട്ടറ്റു -
കിളിര്‍ക്കുന്നു വീണ്ടും പുത്തന്‍ പൂമൊട്ടുകള്‍!


പൊള്ളുമെന്‍ മിഴിനീര്‍കണങ്ങളെ 
പ്രണയം ജ്വലിയ്ക്കുമാ നെഞ്ചേറ്റി വാങ്ങി നീ.
മിടിയ്ക്കും ഒരേതന്തു ലയമാം ജനിതക-
കരക്കൂട്ടിലെന്നെ  ചേര്‍ത്തുനീ  നിര്‍ത്തവേ ,,
അരനാഴിക കൂടി അകലേയ്ക്കു വീണ്ടും
മൃതി  പകച്ചുപോവുന്നു തലതാഴ്ത്തി മെല്ലെ  .

ആശതന്‍കരവലയത്തിലൊതുക്കി 
ഉറങ്ങാതരികിലിന്നും  നീ കാവലിരിയ്ക്കുമ്പോള്‍
മെല്ലെ  ഇരുള്‍ കൈകള്‍ നീട്ടുമീ 
മരണവുമെന്നെ തൊടുവതെങ്ങിനെ ?.



11/20/2013

പൂ പോലെ..!!



പ്രിയപ്പെട്ട പൂക്കളേ ..
വിടരും മുമ്പേ 
ഹൃദയത്തില്‍ സൂക്ഷിച്ച 
സുഗന്ധം :
കാറ്റിനും കാമുകനും കൊടുക്കാന്‍
 എത്ര വിശാല ഹൃദയമാണ് 
നിങ്ങളുടേത് !!

പകരം ഒന്നും പ്രതീക്ഷിക്കാതെ 
കൊഴിഞ്ഞു വീഴുമ്പോള്‍ പോലും 
നിറങ്ങള്‍ ഭൂമിയ്ക്കും 
കവിതകള്‍ ഞങ്ങള്‍ക്കും തരുന്ന 
കരുണാമയികള്‍ തന്നെ നിങ്ങള്‍.


11/16/2013

കാണാതെയാകുന്ന ചിലത്.




എവിടെപോയെന്നു 
വ്യാകുലപ്പെടുന്ന ചിലതുകള്‍..
ഒരിയ്ക്കലും തിരികെ കണ്ടുകിട്ടിയില്ലെനിക്ക് !!!
കിളിപച്ച നിറവും 
മിട്ടായി മണവുമുള്ള  ചെറിയൊരു  റബ്ബര്‍....
അതൊരു പക്ഷെ ,ബാല്യം തേയ്ച്ചുമായ്ച്ചു 
തീര്‍ന്നുപോയാതാവാം .

മഴവില്‍ നിറമുള്ള കുപ്പിവളകള്‍
കൌമാരത്തിന്റെ തിമര്‍പ്പില്‍
പ്രണയത്തിന്റെ കാല്‍ത്തട്ടി വീണു 
ഉടഞ്ഞുപോയതാവാം .

പിന്നെയുമുണ്ട് ചിലത് ...
മയില്‍പ്പീലി അടയാളം വെച്ചു - 
വായിച്ചു മുഴുവനാക്കാനാകാതെപോയ 
പുസ്തകങ്ങള്‍.
സൗഹൃദങ്ങളുടെ കൈമറയലില്‍
ചിതലരിച്ചു പോയിരിക്കാം .

എന്റെ ചൂണ്ടു വിരലിനും 
തള്ളവിരലിനുമിടയില്‍.....
മിനുപ്പോടെ...തണുപ്പോടെ ഇരുന്ന 
എന്റെ പ്രിയപ്പെട്ട പേന .
മുനയൊടിഞ്ഞാലും മഷിതീര്‍ന്നാലും 
കളയില്ലെന്നു ഉറപ്പിച്ചത് ,
ഭാരിച്ച വാക്കുകള്‍ വീണു... വീണു ;
താങ്ങാനാകാതെ ...എങ്ങോ മറഞ്ഞുപോയി.


അവിചാരിതത്വത്തിന്റെ  കമ്പില്‍ക്കെട്ടിയ 
പൂ തിരുവാതിരയുടെ ഊഞ്ഞാല്‍.
നിലാതിരി വീണു കത്തിയെരിഞ്ഞതാകണം.
മനം ഇടയ്ക്കൊന്നു ആടാനായ് വീണ്ടും 
അന്വേഷിക്കാതിരുന്നില്ല !

സൂക്ഷിക്കണമെന്നു വേണ്ടപ്പെട്ടവരെല്ലാം 
ഓര്‍മ്മിപ്പിക്കാറുള്ള മറ്റുചിലത് ;
സ്വന്തം സ്വപനങ്ങള്‍, സൃഷ്ടികള്‍,
പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍
വെളുപ്പിനാരോ ...അടിച്ചുകൂട്ടിയെങ്ങോ 
തീയിട്ടുകളഞ്ഞു .

സൂക്ഷിച്ചു വെയ്ക്കാനറിയാത്ത 
എനിക്കിനി വിലപിടിച്ചതൊന്നും 
തരാതിരിയ്ക്കാനൊരു........
അപേക്ഷ മാത്രമേയുള്ളൂ മനസ്സില്‍ ബാക്കി .