4/30/2012

നുണമരത്തിലെ പൂക്കള്‍ .




പ്രിയപ്പെട്ട പൂമരമേ ..
നീ പൂത്തു നില്‍ക്കുന്നത്
നിറയെ നുണകളുടെ
പൂക്കളുമായെന്നാകിലും
നിന്നില്‍ നിന്നും 
മണ്ണില്‍ വീണുപോകുന്ന 
പൂക്കള്‍ക്കൂടി എനിക്കേറെ
 പ്രിയപെട്ടവയാണ് .

കാറ്റും തിരയും ...
കടല്‍തീരത്തെ  അമ്പലവും
കൊടിമരത്തിനു പിന്നില്‍
നിറഞ്ഞു പൂത്തുനില്‍ക്കുന്ന നീയും,
എന്റെ അഹന്തയുടെ ഉത്സവങ്ങളാണ് .


ചുറ്റുവിളക്കിന്റെ അവസാന തിരി
നിന്റെ നിശ്വാസത്തില്‍ 
കെട്ടൊടുങ്ങുമ്പോള്‍ ;
നിന്റെ പൂക്കള്‍ക്ക് 
അസ്തമയകാന്തിയുണ്ടായിരുന്നു .
നിന്റെ ചില്ലകൈകള്‍
എന്റെ ഉടലില്‍ പോറിയ
ചിത്രങ്ങള്‍ക്ക്
ഉയിരും ഉടലുമുണ്ടായിരുന്നു .

കാറ്റോടിയ വടക്കിനി മുറ്റത്ത്
നിന്റെ പൂക്കള്‍ ..
പുലര്‍കാലേ പ്രേമനൈവേദ്യമായ് ,
എന്റെ പാദസ്വരങ്ങളില്‍
കെട്ടിപിടിച്ചുമ്മവെച്ചു.

മഞ്ഞസന്ധ്യകളില്‍
നീയൊഴുക്കിയ മാരിവില്‍പ്പൂക്കള്‍
എന്റെ മുടിയില്‍
മഴവള്ളികളില്‍ക്കൊരുത്ത 
മുഗ്ദമാല്യങ്ങളായി .

നിന്റെപൂക്കള്‍ രാത്രിയുടെ
ദീര്‍ഘനിശ്വാസങ്ങളില്‍ രമിച്ച്
എനിക്കുതരാന്‍ നക്ഷത്രക്കുഞ്ഞുങ്ങളുടെ
അരഞ്ഞാണം സൂക്ഷിച്ചുവെച്ചു .

വൈശാഖരാത്രികളില്‍
കടല്‍തന്ന വെളുത്ത ലാച്ചസാരികള്‍
നീയെനിക്കായ് സൂക്ഷിച്ചുവെച്ചു .
കടലിനേക്കാള്‍ സൌദര്യം 
എനിക്കാണെന്നു നീ ആണയിട്ടു ചൊല്ലി .

നിന്റെ ഒപ്പ് പതിഞ്ഞ 
മഞ്ഞയിലകള്‍  
രാപകലില്ലാതെ 
എന്റെ ജാലകത്തില്‍ 
പ്രണയംക്കു റിച്ച്  പാറി നടന്നു .

എനിക്കറിയാം ;
നീ നുണപറയുകയാണെന്ന് .
എന്നാലും കേള്‍ക്കാന്‍ ഇതെനിക്ക് 
ഏറെ ഇഷ്ടമായിപ്പോയി .







4/24/2012

പട്ടം


ഞാന്‍ പട്ടം പറത്തിയിട്ടില്ല .
നൂലറ്റത്ത് നിസ്സഹായതോടെ
ഉയര്‍ന്നു പറന്നു
ആകാശതെത്തുമ്പോള്‍
അവയെ നോക്കി നില്‍ക്കാറുണ്ട് .
എന്തൊരു അഹന്തയാണ്
പട്ടങ്ങള്‍ക്ക് !
മേഘം തൊട്ടു മടങ്ങുന്ന
പട്ടങ്ങള്‍ക്ക് നനവുള്ളത്
അഹംകാരം കൊണ്ടുതന്നയോ ?
ആരും കാണാത്ത ഉയരത്തില്‍
അവയും കണ്ണീരാല്‍ നനക്കപ്പെടുന്നുവോ  ?

നിന്റെ നീലയും പച്ചയും
ചുവപ്പും
ഈര്‍ഷയോടെ നോക്കിയിരുന്ന
എന്റെ കണ്ണുകളില്‍
വര്‍ണങ്ങള്‍ നിറം മങ്ങി മായുന്നു .
മഴവെള്ളം കുത്തിയൊലിച്ചു
കൊണ്ടുപോയാ നിന്റെ
നിറമുള്ള സ്വപ്നങ്ങള്‍ ;
എന്റെ വര്‍ണങ്ങളെ-
ഓര്‍മയുടെ എണ്ണപാടകളാക്കി !

നൂല്‍ കെട്ടി നീനിന്ന
നിന്റെ ഭൂമി.
നിന്റെ ആകാശം.
നിന്റെ ഇത്തിരി വര്‍ണങ്ങള്‍ ..
മനം കുളിര്‍പ്പിച്ച
ഒരു ഗസലിന്റെ അനാഥദുഖങ്ങള്‍ക്ക്
ഇതാ എന്റെ സ്മൃതിഗാനചഷകം .

ആകാശത്തിനും ഭൂമിക്കും ഇടയില്‍ 
നീ വീണു കിടക്കുമ്പോള്‍ 
ഈ ഗസ്സല്‍ വരികളില്‍ 
നിന്നെ പാടി പുകഴ്ത്തി 
നൃത്തം ചെയ്യിപ്പിക്കാന്‍ 

ഞാന്‍ ഓടിയെത്തും .