12/25/2011

നനവുപെയ്തിറങ്ങുമ്പോള്‍ !


ഒരു ചില്ലു ജാലകമപ്പുറം
ഒരു ദീര്‍ഘ നിശ്വാസവുമായ് നീ
മറയ്ക്കുന്നു എന്റെ മഴവില്‍ കാഴ്ചകളെ .
ഇടയില്‍ വിരിഞ്ഞ പുഷ്പതാഴ്വാരങ്ങള്‍
ഈറനണിഞ്ഞു വിറക്കുന്നു .
ഇനിയും തൊട്ടു വിതുമ്പുന്നിതോ
ആകാശമോ , ഹൃദയമോ ?.

അറിവീല അകലത്തില്‍
ഇതേതു വിരല്‍തുമ്പില്‍ പിടഞ്ഞു
തംബുരുവൊന്നില്‍ തകരും രാഗം .

മിന്നിയാശാകിരണമായ് നൊടിയിടെ-
ആര്‍ത്തനാദമായ് വീണു
തകര്‍ന്നു നീ മണ്ണില്‍ ,
ചിലവേള കൂരിരുട്ടായ് തണിര്‍ത്തു കിടക്കും,
ഉള്‍താപം നിറയു
മൊരു അനുരാഗ സൗരഭമായ്
മണ്ണില്‍
നിന്നുയരും മന്ദം നീയും .

ഓര്‍ത്തുപോവിന്നിതാ ഞാനും ;
ചെമ്പരത്തികള്‍ ചുവപ്പിച്ച ,
നാട്ടുവഴിത്തിരുവിലെ കൂട്ടുപാലവും -
കാത്തുനീളുന്നൊരു കണ്ണുമായ് അച്ഛനും .
കാറ്റുനനക്കുമെന്നു ഭയന്നിത്തിരിയെന്നെ,
ചേര്‍ത്തു
നിര്‍ത്തി കുടയും ചെരിച്ചു;
നേരത്തെ പോരാത്തതിന്‍ ശാസന -
ചുണ്ടിലോ ചിരിയില്ലാമൌനമായ് തങ്ങവേ .
കുടപിടിയിലെ ആ കയ്യില്‍
ഒട്ടുബലത്തില്‍ കൈതട്ടി ഞാന്‍ ചിരിക്കവേ ,
വിട്ടു പോകുന്നു അച്ഛന്റെ ചുണ്ടിലും -
കാര്‍കൊണ്ട വാനിലും നിലാവുദിച്ചപോല്‍ ,

അലിവും വാത്സല്യവും ചേര്‍ന്നോരാച്ചിരി .


പൊന്‍മുകുളങ്ങള്‍പോയകാലം നിലാവല മൂടിയ -
ആമ്പല്‍ തടാകം പോലെന്റെ മുന്നില്‍
ആശയോടെ മാടി വിളിക്കുന്നു .
ഓടിയെത്താന്‍ കൊതിച്ചിടുന്നിപ്പോഴും,
ഓര്‍മതന്‍ മുകുളങ്ങള്‍ നുള്ളിയെടുക്കാനായ് ..!

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.