പിന്നെ എന്റെ ചൂണ്ടാണി വിരലിലെ നഖത്തിലും ബാക്കിയായ നെയില്‍പോളിഷ് ഇട്ടു .പതുക്കെ കൈവിരലുകള്‍ മണത്തപ്പോള്‍ ..നൈല്‍പോളിഷിന്റെ മണം സത്യത്തിന്റെ ഭാഷ പറഞ്ഞു എന്നെ കളിയാക്കി ചിരിച്ചപോലെ . അപ്പൊ ഇതൊക്കെ സത്യം ആണ് . ഞാന്‍ ഒന്നും സ്വപനം കാണുകയല്ല .
കണ്ണുയര്‍ത്തി വീണ്ടും അവിടേക്ക് നോക്കി . ആ ചുണ്ടുകള്‍ പതുക്കെ അനങ്ങുന്നത് പോലെ.
ഹേയ് ...അതെനിക്ക് വെറുതെ തോന്നുന്നതാവാം . അങ്ങോട്ട് നോക്കണ്ട എന്ന് തോന്നലുണ്ടെങ്കിലും,എന്റെ കണ്ണുകള്‍ അങ്ങോട്ടേക്ക് തന്നെ ഓടിപോവുന്നു . വീണ്ടും നോക്കിയപ്പോള്‍ അല്ല ...ആ ചുണ്ടുകള്‍ അനങ്ങുന്നുണ്ട് . എന്നോട് എന്തോ പറയാനുള്ള ബന്ധപാടിലാണ് അതെന്നു തോന്നി . പക്ഷെ ചില്ലിനു അപ്പുറം ആ ശബ്ദം കേള്‍ക്കവയ്യ .
അറിയാതെ ഒരു ഭയം എന്നെ കീഴ്പെടുത്താന്‍ തുടങ്ങി
ഞാന്‍ വേഗത്തില്‍ ആ മുറി വിട്ടു പുറത്തേക്കിറങ്ങി .
അന്ന് മുഴുവന്‍ ആ മുറിയിലേക്ക് പിന്നെ കയറാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു .
പിറ്റേന്ന് രാവിലെ കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളം നിറച്ചു വെച്ചതില്‍ കൂടി നേരത്ത പൊടിയുടെ പാട കാണാമായിരുന്നു . ഓഫ് ആക്കി വെച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാന്‍ ഓണ്‍ ആക്കി , ബാത്ത്ടബില്‍ വെള്ളം തുറന്നിട്ടു. പെട്ടെന്ന് എക്സ്ഹോസ്റ്റ് ഫാനിന്റെ ഇതളുകള്‍ തമ്മില്‍ അടിക്കണ ശബ്ദവും കേട്ടാണ് തിരിഞ്ഞു നോക്കിയത് . ഫാനിനുള്ളില്‍ നിന്നും ഒരു കൈ നീണ്ടു ഉള്ളിലേക്ക് വരുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ ആ രൂപം മുഴുവന്‍ ഒരു മനുഷ്യനായി എന്റെ മുന്നില്‍ . പൊടിഘനീഭവിച്ച ആ രൂപത്തിന് ഓറഞ്ചുനിറമായിരുന്നു .കണ്ണുകളില്‍ കൃഷണമണികള്‍ കാണാന്‍ ഇല്ലായിരുന്നു . പക്ഷെ ആ ചുണ്ടുകള്‍ , എന്റെ ചൂന്ടുവിരലില്‍ കിടന്ന നൈല്‍പോളിഷിന്റെ മെറൂണ്‍ നിറത്തോടു കൂടിയത് തന്നെ ആയിരുന്നു ..സ്വന്തം നഗ്നത പോലും മറയ്ക്കാന്‍ മറന്നു ഞാനാ രൂപത്തെ ഭയപ്പാടോടെ നോക്കിനിന്നു . എന്റെ തൊണ്ടയില്‍ വെള്ളംവറ്റിപോയപോലെ! . ഒന്നു ഉറക്കെ നിലവിളിക്കാന്‍ കൂടി ശക്തിയില്ലാതെയായി .
ആ രൂപം പതുക്കെ എനിക്കു അടുത്തേക്ക് നീങ്ങി വന്നു ..ഒഴുകി വരുന്ന പോലെയാണ് തോന്നിയത് .ഞാന്‍ ഭയത്തോടെ നീങ്ങി നീങ്ങി ബത്ത്ടബ്ബിനുള്ളില്‍ കയറി ഇരുന്നു. ഇപ്പൊള്‍ എനിക്കും വാതിലിനും ഇടയിലായി ആണ് അയാള്‍ നില്‍ക്കുന്നത് . അയാളെ മാറ്റിയല്ലാതെ എനിക്ക് വാതില്‍ തുറന്ന് പോവുക വയ്യ.
എന്റെ ബാത്ത്ടബ്ബിറെ ഉയര്‍ന്ന അരികില്‍ അയാള്‍ ഇരുന്നു . മുഖം കുനിച്ചു എന്നെ നോക്കുകയാണെന്ന് തോന്നി .
"നന്ദി താരകേ "
അയാളുടെ സ്വരം പക്ഷെ , ശാന്തവും സുഖകരവും ആയ എന്തോ ആയിരുന്നു . അതുവരെ മനസ്സില്‍ ഉണ്ടായ ഭീതി എല്ലാം ആ സ്വരം കേട്ടപ്പോള്‍ അലിഞ്ഞു പോകുന്നപോലെ തോന്നി .
"എന്റെ പേര് താരക" എന്നല്ല ഞാന്‍ പെട്ടെന്ന് പറഞ്ഞു പോയി .
പക്ഷെ എനിക്ക് അങ്ങിനെ വിളിക്കാനാണിഷ്ടം. ഇപ്പോള്‍ ആ സ്വരം മധുരതരം കൂടിയാണെന്ന് എനിക്ക് തോന്നി .ബാത്ത്ടബ്ബിലെ ഇളംചൂടുവെള്ളത്തില്‍ കാലുംകൈയ്യും കൂട്ടി പിണച്ചു ഞാന്‍ നാണം മറച്ചു .
"നാണിക്കേണ്ട താരകേ ..ഞാനെന്നും കാണുന്നതാണ് നിന്നെ , നീ അറിയാറില്ലെന്നു മാത്രം ."
"എനിക്കീ ലോകത്തിന്റെ ഏതു മൂലക്കും എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാം. ഞാന്‍ പൊടികാറ്റാണ് . ഒരു നിമിഷം എന്റെ നിറത്തില്‍ രൂപത്തില്‍ നീ അകൃഷ്ടയായത് എനിക്ക് രൂപം തന്നു . നീ വരച്ച ചുണ്ടുകള്‍ എനിക്ക് ശബ്ദം തന്നു . ഇനി നിന്റെ സ്നേഹം എന്നെ പൊതിയുന്ന രൂപഭംഗികള്‍ തന്നേക്കാം . പിന്നെ നിന്റെ പ്രണയം എനിക്ക് ഹൃദയം തന്നേക്കാം . "
ഏതോ മന്ത്രം എന്റെ കാതില്‍ അയാള്‍ ജപിക്കയാണെന്നാണ് എനിക്കപ്പോള്‍ തോന്നിയത് .
"പൊടികാറ്റ്...!!!" അങ്ങിനെ വിളിക്കുന്നത് നന്നല്ലെന്നു എനിക്കു തോന്നി ..എനിക്ക് മാത്രം കാണാന്‍ ആയി വന്ന ഒരാള്‍ ...എന്റെ സ്നേഹം ആവരണമായും , എന്റെ പ്രണയം ഹൃദയമായും കൊണ്ടുനടക്കാന്‍ ഒരാള്‍ . അയാളെ ഞാന്‍ പൊടികാറ്റെന്നു പേരുചൊല്ലി വിളിക്കാമോ ? .
"ഞാന്‍ നിന്നെ അനിലന്‍ എന്ന് വിളിക്കാം .."ഏതോ ഉള്‍പ്രേരണയാല്‍ ഞാന്‍ അങ്ങിനെ പറഞ്ഞു .
നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ക്ക് ഇളം ചുവന്ന നിറത്തിലുള്ള പുറം തൊലി വന്നു . മിനുത്തു സുന്ദരനായൊരു ആണ്‍രൂപം . പക്ഷെ കണ്ണുകള്‍ അപ്പോഴും ഭീകരമായ് തോന്നി . കൃഷണമണികള്‍ ഇല്ലാത്ത ആ കണ്ണുകള്‍ എവിടെയാണ് നോക്കുന്നതെന്നോ ,ഒന്നും അറിവില . ഞാന്‍ വീണ്ടും ഒന്നു ചൂളികൂടി ടബ്ബില്‍ തന്നെ ഇരുന്നു .അതറിഞ്ഞപോലെ , അയാളുടെ ചുണ്ടില്‍ മനോഹരമായ ഒരു ചിരി വിടര്‍ന്നു . ഞാന്‍ അത് നോക്കിയിരുന്നപ്പോള്‍ ...അയാള്‍ക്ക് നല്ല കറുത്ത രണ്ടു കണ്ണുകള്‍ മെല്ലെ തെളിഞ്ഞു വന്നു . ഇപ്പോള്‍ ആ കൃഷ്ണമണികള്‍ക്കുള്ളില്‍ എന്നെ കാണാം . ചിരിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ക്കും പല്ലുകള്‍ക്കും ഒരു പോലെ തിളക്കം . ഒരു നുണകുഴികൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ത് ഭംഗി ആയേനെ ഞാന്‍ മനസ്സില്‍ കരുതി .
പെട്ടെന്ന് അയാളുടെ ഇടതുകവിളില്‍ ഭംഗിയുള്ള ഒരു നുണകുഴിയും വിരിഞ്ഞു . മനസ്സെന്തോ തുള്ളിച്ചാട്ടം നടത്തി . വിചാരിക്കുന്നതൊക്കെ നടത്താന്‍ ഇതാ എനിക്കുമുന്നില്‍ ഒരാള്‍ !. ഞാന്‍ അയാളെ തൊടാന്‍ പതുക്കെ കൈ നീട്ടി . അയാള്‍ അവിടെ നിന്നും എഴുനേറ്റു മാറി നിന്നു ചിരിച്ചു . അപ്പോള്‍ എനിക്ക് ആ നുണകുഴികളില്‍ ഉമ്മവെക്കാന്‍ കലശലായൊരു മോഹം തോന്നി .
ഇപ്പോള്‍ അയാളൊന്നു ദീര്‍ഘമായി നിശ്വസിച്ചപോലെ ..ആ നെഞ്ചില്‍ കൂട് ഉയര്‍ന്നു താഴുന്നത് കാണാമായിരുന്നു എനിക്ക് .
"താരകേ ..വെള്ളത്തില്‍ എന്റെ ജീവനൊടുങ്ങും. നീ കുളിച്ചു കയറി എന്നോടൊപ്പം വരൂ ."
"നീ ആഗ്രഹിക്കുന്നതെന്തും ഞാന്‍ നടത്തിത്തരും ." ചിരിച്ചുകൊണ്ട് മന്ത്രമധുരമായ സ്വരത്തില്‍ അയാള്‍ പറഞ്ഞു .
"ആഗ്രഹിക്കുന്നതെന്തും ?" ആ വാക്കുകള്‍ എന്നില്‍ ചെറിയൊരു ആഗ്രഹമുണര്‍ത്താന്‍ പോന്നതായിരുന്നു .
അതുവരെ ഉണ്ടായിരുന്ന ഭയം പതുക്കെ അലിഞ്ഞില്ലാതെ ആയി . ഇപ്പോള്‍ മുന്നില്‍ എന്നോ സ്വപ്നങ്ങളില്‍ ഞാന്‍ കണ്ടിട്ടുള്ള ഒരു രൂപം യാഥാര്‍ത്ഥ്യമായി വന്ന തോന്നലാണ് .
വസ്ത്രമെടുക്കാന്‍ കണ്ണുകള്‍ പോയതും ...ആ രൂപം വളരെ മാന്യനെ പോലെ കുളിമുറിയുടെ വാതിലൂടെ പുറത്തേക്കു കടന്ന് പുറംതിരിഞ്ഞു നിന്നു .
ഞാന്‍ വേഗത്തില്‍ കയ്യില്‍ കിട്ടിയ വസ്ത്രം ധരിച്ചു പുറത്തേക്ക് ചെന്നു . അയാള്‍ പിന്തിരിഞ്ഞു നില്‍ക്കയാണ്. ചോക്ലേറ്റ് നിറമുള്ള അയാളുടെ മുടിക്ക് താഴെ നീണ്ട ഓറഞ്ചു നിറമുള്ള കഴുത്ത് . ഞാന്‍ മനസ്സില്‍ ഓര്‍ത്തു ഇളം നീല ഷര്‍ട്ടും കറുത്ത ഷോര്‍ട്ട്സും അയാള്‍ക്ക് നന്നായി ചേരുമെന്ന് .വിചാരിച്ചു തീരുന്നതിനു മുമ്പേ അയാളത് ധരിച്ചു കഴിഞ്ഞു.!
അനിലന്‍ ഇപ്പോള്‍ സുന്ദരനായിരിക്കുന്നു . അയാള്‍ തിരിഞ്ഞുനിന്ന് ആ വിചാര ശകലത്തിന് ഉത്തരമെന്നോണം എന്നെ നോക്കി ചിരിച്ചു .ചിരിച്ചപ്പോള്‍ തെളിഞ്ഞ ആ നുണകുഴികളില്‍ ഉമ്മവെക്കാന്‍ വീണ്ടും കലശലായൊരു മോഹം . അയാള്‍ എനിക്കരികിലേക്ക് വന്നു എന്റെ കണ്ണിനു മുന്നില്‍ ഇപ്പോള്‍ ആ ഭംഗിയുള്ള നുണക്കുഴികളാണ് .എന്റെ ചുണ്ടിന്റെ നനവ് തട്ടിയതും ..ആ ഭാഗങ്ങള്‍ അടര്‍ന്നു വന്നു . വീണ്ടും വല്ലായ്മയോടെ ഞാന്‍ ദൂരേക്ക് നീങ്ങി നിന്നു.
"താരകേ നിന്റെ പ്രണയത്തിനു മാത്രമേ എന്നിലുള്ള എല്ലാ പോരായ്മകളും തീര്‍ക്കാനാവുകായുള്ളൂ." അയാള്‍ ആ മാസ്മരിക ശബ്ദത്തില്‍ വീണ്ടും പറഞ്ഞു .
വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടക്കുള്ള ഒരു ചെറിയ ചരടില്‍ രണ്ടറ്റവും കൈനീട്ടി തൊട്ടു, പിന്നെ കൈപിന്‍വലിച്ച് ,അങ്ങിനെ ഏതാണ് എത്തിപിടിക്കാനുള്ള അറ്റം എന്ന ബോധംത്തന്നെ എനിക്കു നഷ്ടപ്പെട്ടുപോയിരിക്കയാണെന്ന് തോന്നി .
അയാളുടെ മിഴികള്‍ കുറച്ചൊരു ഉദ്വേഗത്തോടെ എന്റെ മുഖത്താണിപ്പോള്‍ .
"താരകേ ..നീയെന്നെ വിശ്വസിക്കണം "ചെറിയ ഒരു ഇടര്‍ച്ചയും ഈര്‍പ്പവും ആ സ്വരത്തില്‍ ഇപ്പൊ കലര്‍ന്നിരുന്നു . കണ്ണുകളില്‍ ഒരു ദുഖത്തിന്റെ കറുപ്പും കണ്ടു . എന്റെ മനസ്സ് പെട്ടെന്ന് അലിഞ്ഞുപോയി .
"ശരി അനിലന്‍ ..ഞാന്‍ ഈ അറേബ്യന്‍ വീഥികളില്‍ ഒരിക്കലും ഒറ്റക്ക് നടന്നിട്ടില്ല . എന്നെ ഈ നഗരവീഥിയിലെക്കൊന്നു ഒന്നു കൊണ്ടുപോകാമോ ? " എന്റെ ചിരിയും ചോദ്യവും വീണ്ടും അയാളുടെ കണ്ണിലെ തിളക്കം തിരിച്ചെടുത്തുവെച്ചു .
കണ്ണടച്ച് തുറക്കുന്നതിനു മുമ്പ് ഞാനൊരു തെരുവിലെ ആള്‍ തിരക്കില്ലാത്ത ഒരു വഴിയിലെത്തി . ഭീതിയോടെ ഞാന്‍ എന്റെ വസ്ത്രങ്ങളിലേക്ക് നോക്കി . ഞാന്‍ ബുര്‍ക്ക ഒന്നും ഇട്ടിരുനില്ലലോ.
പിന്നെ ഞാന്‍ തിരഞ്ഞത് അനിലനെ ആയിരുന്നു . ഞാന്‍ നോക്കുമ്പോള്‍ ആ ഇളം നീല ഷര്‍ട്ടും കറുത്ത ട്രൌസേര്സും ധരിച്ചു, ഒരു വീടിന്റെ വലിയ മതിലും ചാരി അയാള്‍ നില്‍പ്പുണ്ട് . അന്നേരം അനിലന്‍ ഒരു ആശ്വാസമാണെന്ന് എനിക്ക് തോന്നി .അയാള്‍ വേഗത്തില്‍ നടന്ന് എന്റെ അടുത്തു വന്നു .
"താരകേ നീ ഒന്നും ഭയപ്പെടേണ്ട . എന്റെ കൂടെ നീ വരുമ്പോള്‍ നിന്നെ ആര്‍ക്കും കാണാന്‍ കഴിയുകയില്ല . നിനക്ക് മുകളില്‍ ബുര്‍ക്കയായി ഇപ്പോള്‍ ഉള്ളത് എന്റെ ആവരണമാണ്." അവന്‍ വീണ്ടും മനോഹരമായി ചിരിച്ചു
എനിക്കും ചിരി വന്നു . എത്രയോ വട്ടം ഞാന്‍ ഇങനെ സങ്കല്പ്പിച്ചിരിക്കുന്നു . കാര്‍ കഴുകി തുടയ്ക്കാന്‍ വഴിയരികില്‍ നില്‍ക്കുന്ന ഒരുവന്റെ സൈക്കിള്‍ എടുത്തു നല്ല സ്പീഡില്‍ ഓടിച്ചു പോവുന്നതും , നടപ്പാതക്കരികിലെ ചുവന്ന ചീരചെടികള്‍ക്കു മീതെ, ചുവന്ന കാര്‍പെറ്റിലെന്നപോലെ ഉരുണ്ടുകളിക്കുന്നതും. .
വിചാരിച്ചുതീരുന്നതിനുമുമ്പ് ഞാന്‍ ഒരു സൈക്ളിനു മുകളില്‍ സ്പീഡില്‍ ഓടിച്ചു പോകാന്‍ തുടങ്ങിയിരുന്നു .നാട്ടിലെ എന്റെ ആ പിങ്ക് കളര്‍ സൈക്കില്‍ , മുമ്പിലെ കറുത്ത ബാസ്കറ്റിന് , നിറം മാറ്റി അടിച്ച ചുവന്ന പൈന്റും എല്ലാം അത് പോലെ . മനസ്സ് സന്തോഷം കൊണ്ടു തുള്ളിച്ചാടി . ഇതാ ആ ചീരചെടികള്‍ !
ഞാന്‍ സൈക്കിള്‍ നിലത്തിട്ട് അതിനടുത്തേക്ക് ഓടിചെന്നു . പിന്നെ ആ ഫുട്പാത്തില്‍ ആകാശം നോക്കി മലര്‍ന്നു കിടന്നു . ഈന്തപനകള്‍ തൃശൂര്‍പൂരത്തിന്റെ കുടകള്‍ പോലെ നിരന്നു നില്‍ക്കുന്നു . ആകാശത്തു ഒരു മേഘം പോലും ഇല്ല .
അനിലന്‍ എന്റെ അടുത്തു വന്നിരുന്നു .എന്റെ നീണ്ടു കറുത്ത മുടിയിഴകളെ അവന്‍ കയ്യിലെടുത്തു .
"താരകേ നിന്റെ മുടിക്ക് നല്ല ഭംഗിയാണ് . എനിക്ക് വലിയ ഇഷ്ടമാണ് നീണ്ടമുടി ..അതിനുള്ളില്‍ ഒളിച്ചു കളിക്കാന്‍ നല്ല രസമായിരിക്കും .
"എന്നാല്‍ നീ ഒന്നു ഒളിച്ചു കളിക്ക് കാണട്ടെ ". ഞാന്‍ ആകപ്പാടെ ഒരു സന്തോഷത്തിന്റെ മൂഡിലായിരുന്നു .
പെട്ടെന്ന് അവന്‍ ഒരു മഞ്ഞച്ച കാറ്റായി എന്റെ മുടിക്കുള്ളില്‍ കയറി .
സാവധാനം ഞാന്‍ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങി . ഇപ്പോള്‍ ഞാന്‍ ഒരു ചിറകില്ലാത്ത പക്ഷിയെ പോലെ ആകാശത്തില്‍ മലര്‍ന്നു പറക്കയാണ് .
സൗദി അറേബ്യയിലേക്ക് ഫ്ലൈറ്റില്‍ വരുമ്പോള്‍ വെറുതെയെങ്കിലും ഇങ്ങനെ ഒരാഗ്രഹം തോന്നിയിരുന്നു . മേഘള്‍ക്കുള്ളില്‍ അവയെ തൊട്ടു പറക്കാന്‍ എനിക്കും ആയെങ്കില്‍ എന്ന് . ഇപ്പോള്‍ അതാണ് നടന്നിരിക്കുന്നത് .
"അനിലന്‍ നീ എവിടെയാണ് ?" കൂടുതല്‍ ഉയരത്തിലേക്ക് പോകുമ്പോള്‍ ഞാന്‍ അവ
നെ വിളിച്ചു ചോദിച്ചു .
"നീയിപ്പോള്‍ എന്റെ കൈക്കുള്ളിലാണല്ലോ താരകേ " എന്റെ ചെവിക്കരികില്‍ അവന്റെ ശബ്ദംകേട്ടു.
എനിക്ക് ഫൈസാലിയ ടവറിനു മുകളില്‍ പോകണം ...പിന്നെ കിങ്ങഡം ടവ്വരില്‍ തൊട്ടുവരണം .
നിമിഷനേരം കൊണ്ടു ഞാന്‍ അവിടെ എത്തി ചേര്‍ന്നു. വെയിലില്‍ ഫൈസാലിയ ടവ്വറിന്റെ ചുവരുകള്‍ നക്ഷത്രങ്ങളെ പോലെ മിന്നി .. കീഴേക്ക് നോക്കുമ്പോള്‍ ടോയ് കാറുകള്‍ പോലെ വാഹനനിരകള്‍ . കളം വരച്ചപോലെ കെട്ടിടങ്ങള്‍ . എന്റെ സന്തോഷത്തിനു അതിരില്ലാതായി . ഞാന്‍ ഉറക്കെ കൂവിയാര്‍ത്തു .
അങ്ങുമിങ്ങും ലൈറ്റുകള്‍ തെളിയാന്‍ തുടങ്ങിയപ്പോള്‍ ആണ് ഞാന്‍ ആ മായകാഴ്ച്ചയില്‍ നിന്നും ഉണര്‍ന്നത് . വിനീത് ഓഫീസില്‍ നിന്നും തിരിച്ചെത്താനുള്ള നേരമായിരിക്കുന്നു .
"അനിലന്‍ എന്നെ വീട്ടില്‍ കൊണ്ടുപോവു ..വേഗം ."നിമിഷ നേരതിനുള്ളില്‍ ഞാന്‍ എന്റെ വീട്ടിലെ സ്വീകരണമുറിയില്‍ എത്തിച്ചേര്‍ന്നു .
അനിലനും എന്റെ മുന്നില്‍ വന്നു നിന്നു . മനസ്സില്‍ അവനോടു യാത്രപറയാന്‍ ഒരുങ്ങവേ ..അവന്‍ ഒന്നും മിണ്ടാതെ എയര്‍കണ്ടിഷന്റെ ചെറിയ കള്ളികള്‍ക്കുള്ളിലൂടെ ഒരു പൊടിപടല പൂമ്പാറ്റപോലെ പറന്നകന്നു പോയി .
വിനീത് ജോലി കഴിഞ്ഞു വന്നപ്പോഴും അവനോടു ഇതു പറയണോ വേണ്ടയോ എന്ന ഒരു ശങ്ക മനസ്സില്‍ കിടന്നു കളിക്കയായിരുന്നു .
"ഇന്നെന്താ നിനക്കൊരു മൌനം! ആലോചന ?" അവന്‍ തലമുടി പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചപ്പോള്‍ ...പറയാം എന്നുതന്നെ മനസ്സില്‍ ഉറപ്പിച്ചു .
പറയാന്‍ ഒരുങ്ങുമ്പോഴേക്കും അവന്റെ മുഖത്തെ ഭാവം മാറി .
"ഇതെന്താ നിന്റെ മുടിയില്‍ മുഴുവന്‍ പൊടിപിടിച്ചു ചെമ്പിന്റെ നിറമായിരിക്കുന്നല്ലോ!" അവന്‍ കുറച്ചൊരു ദേഷ്യത്തോടെ കൈ കുടഞ്ഞുകൊണ്ട്
"ഇങനെ പൊടികാറ്റില്‍, നീ ജനാല തുറന്ന് ഇരുന്നു അല്ലെ ? നിന്റെ മുടി നിറയെ പൊടിയാണ് " മുഴുമിപ്പിച്ചു .
"ഇല്ല ." ഞാന്‍ കണ്ണു മിഴിച്ചു ..പിന്നെ ഇന്ന് ഉണ്ടായതൊക്കെ പറയാന്‍ ആരംഭിച്ചു .
"നിര്‍ത്ത് ..നിര്‍ത്ത് ..നിന്റെ ഭാവന ഈ നിലക്ക് പോയാല്‍ നിന്നെ ഏതെങ്കിലും ഭ്രാന്താശുപത്രിയില്‍ ഞാന്‍ തന്നെ കൊണ്ടാക്കേണ്ടി വരും പെണ്ണെ "
ഒന്നും പറയാന്‍ സമ്മതിക്കാതെ അവന്‍ കുളിമുറിയിലേക്ക് കയറി . ഞാന്‍ സ്വീകരണ മുറിയുടെ എയര്‍കണ്ടിഷനിലെക് ആശയോടെ നോക്കി .
അനിലന്‍ നീ ഒന്നു വന്നു വിനീതിന്റെ മുന്നില്‍ നില്‍ക്കു . അവനു വിശ്വാസം ആകട്ടെ .ഉടനെ അനിലന്‍ മുന്നില്‍ എത്തി പക്ഷെ വസ്ത്രമൊന്നും ഇല്ലാതെയായിരുന്നെന്നു മാത്രം . ആ നിലയില്‍ അവനെ കണ്ടപ്പോള്‍ ഞാനും ഒന്നു ഞെട്ടാതിരുന്നില്ല .
"അയ്യേ ..ഇതെന്താ ഇങനെ വന്നു നില്‍ക്കുന്നത് ?. "ഞാന്‍ ചോദിച്ചു .
എനിക്കുള്ള വസ്ത്രമൊന്നും നീ മനസ്സില്‍ തിരഞ്ഞെടുതില്ലല്ലോ താരകേ ? പിന്നെ ഞാന്‍ എങ്ങിനെ അത് ധരിക്കാന്‍ ?
"മം. ശരി നീ ഇളം വയലറ്റ് ടീ ഷര്‍ട്ടും ജീന്‍സും ഇട്ടോ . " നിമിഷനേരത്തില്‍ അനിലന്‍ അതും ഇട്ടു മുന്നില്‍ വന്നു.
ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു , അനിലന്‍ നീ വിനീതിന് മുന്നില്‍ വരാമോ . ഞാന്‍ പറയുന്നതൊന്നു അവനെ വിശ്വസിപ്പിക്കാന്‍ ആണ് .
"താരകേ എന്നോട് ക്ഷമിക്കണം . നിനക്കല്ലാതെ മറ്റാര്‍ക്കും എന്നെ ഇങ്ങിനെ ഈ
രൂപത്തില്‍ കാണാന്‍ ആവുകയില്ല ."
എനിക്കാകെ വിഷമമായി കാണാതെ ഒരിക്കലും വിനീത് ഇതു വിശ്വസിക്കാനും പോകുന്നില്ല .
രാത്രിയിലെ ഭക്ഷണ നേരത്തിലും ടി വി കാണുമ്പോഴും എല്ലാം തൊട്ടടുത്തായി അനിലനും നിന്നിരുന്നു .കിടക്കാന്‍ നേരം അവനും ഞങ്ങള്‍ക്കിടയില്‍ വന്നു കിടന്നു .
വിനീത് ശ്വാസം മുട്ടലോടെ അവിടെ നിന്നു എഴുനേറ്റ് ബെഡ് ലാംബ് ഇട്ടു .
"നീ ഇന്ന് ഈ മുറിയിലേയും ജനവാതിലുകള്‍ തുറന്നിട്ടു അല്ലെ?"
അവന്‍ ഈര്‍ഷയോടെ മുഖം കൂര്‍പ്പിച്ചു കൊണ്ടു കൂട്ടി ചേര്‍ത്തു " കിടക്കയില്‍ കൂടി പൊടിമണം .എത്രപറഞ്ഞാലും നിനക്ക് മനസ്സിലാവില്ല എന്നുണ്ടോ ?"
ഞാന്‍ ഒന്നും മിണ്ടാതെ അനിലനെ നോക്കി . അവന്റെ കണ്ണുകള്‍ മിന്നുന്നുണ്ടായിര്‍ന്നു . നുണകുഴികളില്‍ ചിരിയടയാളങ്ങള്‍ കാണാം .
വിനീത് അലമാര തുറന്ന് ഒരു ബെഡ് സ്പ്രെഡും എടുത്ത് ദേഷ്യത്തോടെ തലയിണയും വലിച്ചെടുത്ത് സ്വീകരണ മുറിയില്‍ പോയി കിടന്നു .
അവനില്ലാതെ ബെഡ്റൂമില്‍ ഒറ്റക് കിടക്കാന്‍ പേടിയുള്ള ഞാന്‍ അന്ന് അവന്റെ പിന്നാലെ ചെന്നു ഒത്തുതീര്‍പ്പിനോ ഒന്നും പോയില്ല. ഇവിടെ
ഇപ്പോള്‍ അനിലന്‍ ഉണ്ടല്ലോ പേടിക്കാനില്ല . ലൈറ്റ് ഓഫ് ആക്കി . കിടന്നപ്പോള്‍ ഞാന്‍ മെല്ലെ വിളിച്ചു .
"അനിലാ ..."
"എന്താ താരകേ ?" അവന്‍ വിളികേട്ടു എന്റെ തൊട്ടടുത് , ഇപ്പോള്‍ അവന്റെ നിശ്വാസം ഉണ്ട് . പുതുമഴയുടെ ഗന്ധമാണിപ്പോള്‍ അവന് . ഞാന്‍ പതുക്കെ എന്റെ കയ്യെടുത്ത്
അവന്റെ മുഖത്തുതൊട്ടു . അവനപ്പോള്‍ എന്റെ അടുത്തേക്ക് നീങ്ങി കിടന്നു. എന്റെ തലയിപ്പോള്‍ അവന്റെ ഇടതു ചുമലില്‍ മുട്ടിയിരിക്കയാണ് .
പെട്ടെന്ന് മനസ്സില്‍ ഒരു അരുതായ്ക തലപൊക്കി . വിനീത് .
അതറിഞ്ഞ പോലെ അനിലന്‍ കിടക്കയില്‍ എഴുനേറ്റിരുന്നു.
"താരകേ ..ഞാന്‍ പോകട്ടെ ?" അവന്റെ സ്വരത്തിനപ്പോള്‍ ഒരു വിറയല്‍ ഉണ്ടായിരുന്നോ? അറിയില്ല.
"ഞാനും വരട്ടെ അനിലന്‍ നിന്റെ കൂടെ ? എനിക്ക് കടല്‍തീരത്തു നിറയെ നക്ഷത്രം തെളിഞ്ഞ ആകാശം നോക്കി ഇരിക്കണം . എന്നെ കൊണ്ടുപോകൂ ."
ഞാന്‍ എന്റെ കിടപ്പുമുറിയുടെ വാതില്‍ അകത്തു നിന്നും തഴുതിട്ടു . ഇല്ലെങ്കില്‍ ഒരുപക്ഷെ വിനീത് അനേഷിച്ചു വന്നാല്‍ എന്നെ ഇവിടെ കണ്ടില്ലെങ്കിലോ .
നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ ഹാഫമൂന്‍ ബീച്ഹിനരികിലെ
മണല്‍ത്തിട്ടകളിലൊന്നില്‍ എത്തിച്ചേര്‍ന്നു . ആയിരം നക്ഷത്രങ്ങള്‍ പൂത്ത ആകാശം ഞങ്ങള്‍ക്ക് കുട പിടിച്ചു നിന്നു .ഹായ്! എന്ത് രസമാണ് ഈ കാഴ്ച ആരും അവിടെങ്ങും ഉണ്ടായിരുന്നില്ല . ദൂരേ കാര്‍ത്തിക വിളക്കുകള്‍ പോലെ വഴിവിളക്കുകള്‍ നിരന്നു നില്‍ക്കുന്നു .
ഇത്രയും
വിജനമായൊരിടത്ത്
ഒരിക്കലും എന്നെയും കൂട്ടി വിനീത് വന്നിരിക്കില്ല . അതൊക്കെ റിസ്ക് ആണെന്നാണ് അവന്റെ എപ്പോഴത്തേയുംപക്ഷം .
നിലാവ് വീണുകിടക്കുന്ന വഴികളിലൂടെ അനിലനോപ്പം നടക്കുമ്പോള്‍ ..കാറ്റിലെവിടെയോ തിരുവതിരപ്പാട്ടിന്‍ ഈരടികളും ഉണര്ത്തുപ്പാട്ടിന്‍ തുടിതാളങ്ങളും ഉണ്ടെന്നു തോന്നി . ഒന്നു ഊഞ്ഞാലാടാന്‍ ഒരുമോഹം മനസ്സില്‍ വളര്‍ന്നു വന്നു.
അനിലന്റെ മുഖത്തെ നുണകുഴികള്‍ വീണ്ടും തെളിഞ്ഞു ...നിറയെപൂത്തു നില്‍ക്കുന്ന ഒരു കല്‍ക്കണ്ടമാവായി മാറി രാത്രി . ഒന്നുറക്കെ ആടിയാല്‍ നക്ഷത്രങ്ങള്‍ ഉതിരുന്നൊരു മാവിന്‍കൊമ്പില്‍ എനിക്കായി ഒരു ഊഞ്ഞാലും വന്നു . അമ്പിളിമാമനുള്ളിലെ കലമാനിനെ തൊട്ടു വരാന്‍ , ഞാന്‍ ഉയരത്തില്‍ ഉയരത്തില്‍ ആടികൊണ്ടേയിരുന്നു .ആട്ടി വിടാന്‍ ചിരിച്ചുകൊണ്ടു അനിലനും . ആ രാത്രിയില്‍ , ആ നേരം അവനോടെനിക്ക് എന്തെന്നില്ലാത്ത പ്രണയം തോന്നി . അവനോടു ചേര്‍ന്നിരുന്നു ആ ഊഞ്ഞാലില്‍ ആടി ,മേഘങ്ങള്‍ക്കിടയിലൂടെ രാത്രിയുടെ മൃണ്‍മയനിശ്വാസമറിഞ്ഞു . ഇമകളില്‍ കാറ്റുവന്നു പോറിയപ്പോള്‍ , ഊഞ്ഞാലിന്‍ കമ്പുകള്‍ മഴവില്ലുകളായി മാറി അതറിഞ്ഞപോലെ അനിലനെന്നോട് പതുക്കെ നിറങ്ങളെ പറ്റി പറയാന്‍ തുടങ്ങി .
പൌര്‍ണമിരാവിന്റെ പാല്‍പതയില്‍ എണ്ണപാട വീണപോലവെ നിറക്കൂട്ടുകള്‍ തെളിഞ്ഞു .ഭൂമിയുടെ കാലടി മുതല്‍ ആകാശത്തിന്റെ നെറുകവരെ വിവിധ നിറങ്ങള്‍ . നിറങ്ങളില്‍ നിന്നും നിറങ്ങളിലേക്ക് അനിലന്റെ സ്വരം എന്നെ കൊണ്ടുപോയി . ജമന്തിപാടങ്ങളുടെ മഞ്ഞനിറം .നീലകുറിഞ്ഞികളുടെ നീലമലനിരകള്‍ . കടലിനഗാധതയിലെ ചുവന്നമാണിക്യതീരങ്ങള്‍ . മരുഭൂമിയുടെ ഊതനിറം .അവയെന്റെ മനസ്സില്‍ നിറങ്ങള്‍ ചൊരിഞ്ഞു .
ചന്ദ്രന്‍ മധു നിറച്ച ഒരു പാനപാത്രമായി . അതുകുടിച്ചു ഉന്മത്തമാകുന്നത് ഞാന്‍ സ്വയമറിഞ്ഞു .അന്ധകാരത്തിന്റെ പേജില്‍ കൊള്ളിയാനുകള്‍ ഒരു പുതിയ പ്രണയകാവ്യം എഴുതാന്‍ തുടങ്ങുന്നു . അവയില്‍ തൊട്ടു ജീവന്റെ ഇതളായിടാന്‍ നമുക്കാകുമോയെന്ന ചെറിയൊരു നീറ്റല്‍ ഉള്ളില്‍ അരിച്ചിറങ്ങുന്നു . നിയമങ്ങള്‍ തെറ്റിച്ചു ഞാനിതാ ഉന്മാദത്തിന്റെ ഭവനങ്ങള്‍ പണിയാന്‍ പോകുന്നു .
ഇരുട്ട് വീണ ഇലകൂട്ടത്തിലെക്ക് പ്രണയചങ്ങലയില്‍ തളച്ച കാറ്റായി നീ.കൂടെ . നക്ഷത്രങ്ങളുടെ പവിഴമല്ലി പൂക്കള്‍ചൂടി ഞാനും . ഇപ്പോള്‍ ഓരോ ഇലയനക്കത്തിലും നീ സ്പന്ദിക്കുന്നത് എനിക്ക് കാണാം, കേള്‍ക്കാം !.എന്നെ വരിഞ്ഞു മുറുക്കുമ്പോള്‍ നിനക്ക് മദയാനയുടെ ശക്തിയുണ്ട് . തഴുകി പിരിയും നേരം കടല്‍ തിരയുടെ കുളിരും ഒഴുക്കുമുണ്ട് .നീ എന്റെ കാലടി മുതല്‍ ..ശ്വാസം വരെ നിറഞ്ഞു ....മണ്ണില്‍ പുതഞ്ഞ മരണമെന്ന സ്വപനം അപ്പോള്‍ ഞാന്‍ ആയി മാറി . മണ്ണിനടിയില്‍ മുളപൊട്ടുന്ന വിത്തുക്കളുടെ ഗര്‍ഭപാത്രങ്ങളുടെ ശീല്‍ക്കാരം ഞാന്‍ കേട്ടു . കുഴിയാനകള്‍ എന്റെ പൊക്കിള്‍ കുഴിക്കുള്ളിലൂടെ നിന്നെ പറത്തിവിട്ടു മുന്നേറുന്നുണ്ടായിരുന്നു .
വെളിച്ചം വന്നു വീഴുമ്പോള്‍ നിനക്കുള്ളില്‍ പൊതിഞ്ഞു ഞാന്‍ ആ കടല്‍ക്കരയില്‍ ആയിരുന്നു .
നിന്നെ ഉണര്‍ത്തി വേവലാതിയോടെ "എനിക്കു പോകണം " എന്ന് പറഞ്ഞു തീരുമ്പോഴേക്കും ..ഞാന്‍ എന്റെ കിടക്കയില്‍ എത്തി കഴിഞ്ഞിരുന്നു .
വാതില്‍ തുറന്ന് വിനീതിനടുതെത്തിയപ്പോള്‍ അവന്‍ ഉറക്കം ഉണര്‍ന്നിരുന്നില്ല .
പെട്ടെന്ന് അവനെ കെട്ടിപിടിച്ചു കരയാന്‍ തോന്നി .
അവനുണര്‍ന്നു . പിണക്കത്തോടെ എന്നെ നോക്കി എഴുനേറ്റിരുന്നു . കരയാന്‍ തുടങ്ങിയ എന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് , "എന്റെ അമ്മിണികുട്ടി എന്നാലും വാശിപിടിച്ചു ഒറ്റയ്ക്ക് കിടന്നുലോ" എന്ന് ചിരിക്കുമ്പോള്‍ ..എന്റെ കരച്ചിലിന് ശക്തി കൂടുകയായിരുന്നു .
"കരയണ്ട പോകട്ടെ ..ഞാന്‍ വാതിലില്‍ തട്ടി വിളിച്ചിട്ടും നീ തുറക്കാതെ അല്ലെ ? " അവന്‍ എല്ലാം ചിരിച്ചുകൊണ്ടായിരുന്നു പറഞ്ഞുകൊണ്ടിരുന്നത് .
ഞാന്‍ അവന്റെ കഴുത്തില്‍ കയ്യിട്ടു ചുറ്റിപ്പിടിച്ചു നിര്‍ത്താനാവാതെ എങ്ങലടിച്ചുകൊണ്ടിരുന്നു .
അവന്‍ ഒരു കൊച്ചു കുട്ടിയെ എന്നപോലെ എന്നെ സമാധാനിപ്പിച്ച് എഴുന്നേല്‍പ്പിച് എടുത്ത് കുളിമുറിയില്‍ കൊണ്ടു ചെന്നാക്കി .
ഞാന്‍ അവനെ എങ്ങും പോകാന്‍ അനുവദിക്കാതെ ഒരു കൈകൊണ്ടു മുറുക്കി പിടിച്ച് ബ്രഷ് ചെയ്യാനും മുഖം കഴുകാനും നിന്നു . അവന്‍ ചിരിച്ചു കൊണ്ടു അതെല്ലാം അനുവദിച്ചു തന്നു.
"എന്റെ അമ്മിണികുട്ടിക്ക് അടികൂടിയാല്‍ പിന്നെ വലിയ സ്നേഹാണ് ." അവന്‍ കളിയാക്കി . കളിയാക്കി അവനെന്നെ വിളിക്കുന്ന പേരാണ് അമ്മിണിക്കുട്ടിയെന്നത് .
"വേഗം പ്രാതല്‍ ഉണ്ടാക്കിക്കോ ഞാന്‍ കുളിച്ചു റെഡി ആകട്ടെ" എന്നും പറഞ്ഞ് അവന്‍ കുളിമുറിക്കകത്ത് കയറി .
വിനീത് ജോലിക്ക് പോയികഴിഞ്ഞപ്പോള്‍ ഒരു തീരുമാനമെടുത്തു .ഇനി ഒരിക്കലും അനിലനെ ഓര്‍ക്കരുതെന്ന് !!. അതും ഒരു ഓര്മപുതുക്കലാണെന്നത് ഭീതിയായി ഉള്ളില്‍ നിറഞ്ഞു.
കുറച്ചു നേരം ടി വി ക്കു മുന്നിലിരുന്നു . ശ്രദ്ധ നില്‍ക്കുന്നില്ല .
കിടപ്പുമുറിയില്‍ കയറി എ സി ഫുള്ളില്‍ ഇട്ടു.. ബ്ളാങ്കെറ്റെടുത്ത് തലവഴിപുതച്ചു . എത്ര കണ്ണുകള്‍ ഇറുക്കി അടച്ചിട്ടും ഉറക്കം വരുന്നില്ല . പെട്ടെന്നാണ് ഓര്‍ത്തത്. തൊട്ടടുത്ത വലിയ ജനവാതിലിനടുത്ത് സണ്‍ഷൈഡില്‍ മുട്ടയിട്ടിരിക്കുന്ന അമ്പലപ്രാവിനെ പറ്റി . ഒരാഴ്ചയായി അതിനു പിന്നാലെ ആയിരുന്നു .അത് വിരിയുന്നതു കാണണം എന്നോര്‍ത്ത് ദിവസവും ഗ്ളാസ് ജനവാതില്‍ അല്പം തള്ളി നീക്കി എത്തി നോക്കാറുണ്ട് . ഞാന്‍ എത്തി നോക്കുന്നത് കണ്ടാല്‍ ഉടനെ ആ പ്രാവ് കണ്ണുരുട്ടി, കൊക്കും കൂര്‍പ്പിച്ചു എന്നെത്തന്നെ നോക്കിയിരിക്കും .
ഞാന്‍ അതിനോട് പറയാറുണ്ട് ," ഞാന്‍ നിന്റെ കുഞ്ഞുങ്ങളെ എടുക്കാനല്ല നിന്നെ വന്നിങ്ങനെ നോക്കിനില്‍ക്കുന്നത് . നിന്നെയും കുഞ്ഞുങ്ങളെയും കാണാന്‍ ഇഷ്ടത്തോടെ നോക്കുകയാണെന്ന് ." ആദ്യമൊക്കെ എന്നെ കണ്ടതും ഇങ്ങനെ നോക്കി പിന്നെ പറന്നു പോകുമായിരുന്നു . ഇപ്പൊ ഒന്നു തലതിരിച്ചു നോക്കി അങ്ങിനെ തന്നെ ഇരിക്കും . ഇപ്പോള്‍ എണീറ്റ് ചെന്നു അതിനെ നോക്കണമെന്ന് തോന്നി . ജനല്‍പാളികള്‍ മെല്ലെ തുറന്നിട്ടും പ്രാവ് അവിടെ തന്നെ ഇരിപ്പുണ്ട് . മുട്ടകള്‍ കാണുന്നില്ല . അതിനുമേലെ ആണെന്ന് തോന്നുന്നു പ്രാവ് ഇപ്പോള്‍ഇരിക്കുന്നത് . അപ്പോള്‍ കുഞ്ഞുങ്ങള്‍ ഇനിയും വിരിഞ്ഞിട്ടില്ല .
ആകാശത്തേക്ക് നോക്കിയപോല കറുത്ത കാര്‍മേഘമൊന്നു വലിയൊരു ആനയെ പോലെ മുന്നില്‍ നില്‍ക്കുന്നു . ഈ എഴാം നിലയില്‍ നിന്നു നോക്കുമ്പോള്‍ കീഴെ ഗാര്‍ഡിന്റെ കൂടാരം ഒരു കട്ടുറുമ്പ് പോലെയും തോന്നിച്ചു . ആനയും,കട്ടുറുമ്പും ..ഒരു ചിരി ചുണ്ടോളം എത്തിയപ്പോള്‍ അനിലന്റെ സ്വരം കാതില്‍ .
"താരകേ എന്നോട് വഴക്കണോ ?"
നീ എന്റെ മുന്നില്‍ വരണ്ട അനിലന്‍ . എനിക്കു നിന്നെ ഇനി കാണണ്ട.
അവന്റെ കണ്ണുകളില്‍ ഇപ്പോള്‍ കണ്ണുനീരിന്റെ തിളക്കമുണ്ടാവാം . ഞാന്‍ അത് കാണാനാകാത്ത വിധം തലതാഴ്ത്തിനിന്നു.
"ഞാന്‍ എന്ത് തെറ്റ് ചെയ്തു താരകേ ? നിന്റെ ഇഷ്ടങ്ങളെ മാത്രമല്ലേ നിനക്കുവേണ്ടി ഞാന്‍ ചെയ്തതുള്ളൂ?. എനിക്കു വേണം നിന്റെ ഈ സങ്കല്പലോകം അവിടെ എനിക്കു നിന്റെ അനിലനായി ജീവിക്കണം താരകേ. "അവന്‍ കെഞ്ചുന്ന സ്വരത്തില്‍ പറഞ്ഞു .
എന്റെ ഉള്ളില്‍ ഒരു വിസ്ഫോടനം തന്നെ നടക്കുകയായിരുന്നു അപ്പോള്‍ .
വിനീത് , അവന്‍ എന്റെ എല്ലാ കുട്ടിക്കളികളും ചെറുപ്പം തൊട്ടേ അംഗീകരിച്ചു തന്നു . എതിര്‍ത്തവരോടൊക്കെ അങ്കം ജയിച്ചു , എന്നെ ജീവിതസഖിയായി കൂടെ കൂട്ടിയവനാണ് . അവനെ വിട്ടു വേറെ ഒന്നും ഇതുവരെ ആലോചിക്കാനും കൂടി എനിക്കു കഴിഞ്ഞിട്ടില്ല . ഇപ്പോള്‍ ഈ ഒരു ദിവസം കൊണ്ടു ഒരു യുഗത്തിന്റെ ആതമബന്ധമാണ് അനിലനുമായി വന്നിരിക്കുന്നത് . അതുപാടില്ല എന്ന് മനസ്സ് മുറവിളിക്കൂട്ടി . .
"താരകേ ..വേറെ ഒന്നും വേണ്ട , എല്ലാ ദിവസവും നിന്നെ വന്നു കാണാനും എന്നോട് നീ ചിരിച്ചു മിണ്ടാനും മാത്രം സമയം തന്നാല്‍ മതി എനിക്ക് . നീ വിനീതിനോപ്പം സുഖമായി ജീവിച്ചോളു ."
" വേണ്ട , വേണ്ടാ ന്ന് പറഞ്ഞില്ലേ . ഞാന്‍ അവനു നേരെ ദേഷ്യത്തോടെ അലറി "
ഇപ്പൊ അവന്റെ രൂപം പതിയെ മാറാന്‍ തുടങ്ങി കണ്ണുകള്‍ അപ്രത്യക്ഷമായി .
അപ്പോഴേക്കും ..ഒരു ചാറ്റല്‍ മഴപെയ്യാന്‍ തുടങ്ങി .
താരകേ ..എന്നെ നീ ഇപ്പോള്‍ വെറുക്കരുത് . ഈ മഴ തീര്‍ന്നാല്‍ ഞാന്‍ ദൂരേക്ക് പൊയ്ക്കൊള്ളാം . പിന്നെ വരാതിരിക്കാം നിന്നെ കാണാന്‍ .
അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് , മഴയത്ത് അവനു ജീവിക്കാന്‍ ആവില്ലെന്ന് !.
അവനെ ഓര്‍ക്കുമ്പോഴെല്ലാം അവന്‍ കണ്മുന്നില്‍ ഇനി എന്നുമുണ്ടാകും . ആ ഓര്‍മകളില്‍ നിന്നും എനിക്ക് എത്രത്തോളം ഓടിഒളിക്കാന്‍ ആകുമെന്നും അറിവില്ല . ഇവന്‍ എന്നെന്നേക്കുമായി ഇല്ലാതാകണം ..മനസ്സില്‍ നിന്നും ..ഇവിടെ നിന്നും .
പിന്നെ അവനെ നോക്കുമ്പോള്‍ , അന്നാദ്യം കണ്ട ആ മണ്‍രൂപം ആയി അവന്‍ മാറി കഴിഞ്ഞിരുന്നു . എന്നില്‍ നിന്നും പിന്നോക്കം നീങ്ങി നീങ്ങി, അവന്‍ അരുതേ ..എന്ന് കൈകൊണ്ടു വിലക്കിയിട്ടിരുന്നു . ഞാന്‍ അലറിക്കരഞ്ഞു ശക്തിയോടെ അവനെ ജനല്‍ വഴി പുറത്തേക്ക് തള്ളി .
"താരകേ.."ആ വിളി ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു .
മഴയില്‍ കുതിരുന്നു പൊടിഞ്ഞു അവന്‍ താഴെ വീഴുന്നതുവരെ നോക്കി നിന്നു . പിന്നെ കണ്ണില്‍ ഇരുട്ടായി .
ഉണര്‍ന്നു നോക്കുമ്പോള്‍ അടുത്ത് വിനീതുണ്ട് . ഞാന്‍ ബെഡില്‍ കിടക്കുകയാണ് . അങ്കിള്‍ ഉം ആന്റിയും തൊട്ടപ്പുറത്ത് നില്‍പ്പുണ്ട് .
വിനീത് സമാധാനിപ്പിക്കാനായി എന്റെമുടിയില്‍ തഴുകി മെല്ലെ പറഞ്ഞുകൊണ്ടിരുന്നു.
"ആ പ്രാവ് ഇനിയും വന്നു മുട്ടയിടും . അതിനു വേണ്ടി നീ ഇത്രക്കും ടെന്‍ഷന്‍ അടിക്കേണ്ട കാര്യം എന്താ ? ഛെ! വെറുതെ എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞു ."
ഒഴുകുന്ന കണ്ണീരുമായി ഞാന്‍ കണ്ണുകള്‍ അടച്ചു കിടന്നു .
എനിക്കു പറയാനുള്ളത് ഒരു സമുദ്രമാണ് ..അതിനു വാക്കുകള്‍ തേടുന്നതിലും ഭേദം , കണ്ണിലൂടെ ഒഴുക്കി കളയുകയാണെന്ന് തോന്നി .