10/29/2011

നീ പെണ്ണാണ് .



ഒതുങ്ങി പോകൂ നീ
മഴപെയ്ത വഴിപോലെ
പൊടിയടങ്ങി നിലംപതുങ്ങി നില്ക്കൂ ..
ഒടുവിലൊരു ആത്മഹത്യക്ക് വക്കില്‍
ധൈര്യമില്ലാതെ ചുരുണ്ടുറങ്ങിക്കൊള്ളണം.
അതുവരെ നിന്നെപറ്റി ;
ആരും നന്മചൊല്ലില്ല .

അപരിചിതമായ കാഴ്ചകളിലേക്ക് -
അറിഞ്ഞു നിറയുന്ന നോട്ടത്തിലേക്ക്-
അറിയാതെപോലും മിഴിയുയര്‍ത്തരുത് .
അറിവിന്റെ എരിവുത്തെറിച്ച്
കണ്ണില്‍വീണാല്‍ .....
എല്ലാവര്‍ക്കുമുന്നിലും കണ്ണീര്‍
പൊഴിച്ചപമാനിതയാകാന്‍
നിര്‍ബന്ധിത വിധിവരും .

ആരുംകാണാത്ത
നിറങ്ങള്‍ തൊട്ടുനിനക്ക്
ചിത്രങ്ങള്‍ വരക്കാം .
ആകാശം തൊട്ടു നീലയും
ആഴകടലിലെ പവിഴം തൊട്ടു ചുവപ്പും
അന്തിവെയില്‍തൊട്ടു-
മഞ്ഞയുമെടുക്കാം .
പക്ഷെ ...അവയില്‍
അശ്ളീലനിറങ്ങളുടെങ്കില്‍
മടുക്കുന്നവനെകൊണ്ടുമാത്രം തൊടുവിക്കുക.
മറ്റുള്ളവര്‍ക്ക് സമാധാനിക്കാന്‍ ,
അതുമാത്രം മതിയാകും.

നിന്നില്‍ കവിതയുന്ടെങ്കില്‍ -
എഴുതുമ്പോള്‍ നഷ്ടപ്രണയത്തിന്റെ ,
വിരഹകാവ്യങ്ങള്‍ ആദ്യം എഴുതണം.
അതുനിന്നിലുള്ള നോവിന്റെ
ഊടുവഴികളില്‍ ഊഴങ്ങള്‍തേടി
നിന്നെ
അവരുടെസുരയ്യയാക്കും .
ശിരോവസ്ത്രങ്ങളാല്‍ നിന്റെ
ചിന്താശക്തിമൂടി ..
പകരം വാനോളം പ്രശംസതരും .
നിന്റെ പെണ്ണത്തമോര്‍ത്തന്നു -
തിരിഞ്ഞുനിന്നവര്‍ വാപൊത്തി ചിരിക്കും.
**********

2 അഭിപ്രായങ്ങൾ:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.