നീ തൊട്ടപൂ പവിഴമല്ലി
അവയുടെ ചുവന്ന ഞെട്ടുകള്‍
നിന്റെ കൈവിരലുകളെ ഓര്‍മ്മിപ്പിച്ചു.
എന്റെ മുഖത്തെന്നും പറന്നുവന്നിരിക്കുന്ന
നിന്റെ കണ്ണുകള്‍ കാക്കപൂവുകള്‍ .
എന്റെ പരിഭവം തീര്‍ക്കാന്‍
നിന്റെ ചുണ്ടില്‍ പൂക്കുന്നിത്
നിത്യവിസ്മയത്തിന്റെ തുമ്പപൂക്കുടങ്ങള്‍ .
അറിവില്ലാതോരോനേരം-
അരുതാത്തെന്തോ ഞാന്‍ ചെയ്തിടുമ്പോള്‍ ,
നിന്‍മുഖത്ത് പൂക്കുന്നത് ..
കോപത്തിന്‍ തെച്ചികാടുകള്‍ .
പതിയെ മുഖംകുനിച്ചു ഞാന്‍ ;
മാപ്പിരന്നു കണ്‍നിറക്കുമ്പോള്‍ -
നിന്നില്‍പൂക്കും കുസൃതിയുടെ
സുവര്‍ണ മുക്കുറ്റിപൂക്കള്‍ .
മഷിഇളകിയ നിറമിഴികളില്‍
അലിവോടെ കൂട്ട്ചൊല്ലി ഉമ്മവെക്കുംനേരം
നിന്നില്‍ പൂക്കുന്നത് പ്രണയത്തിന്റെ
രാജമല്ലി പൂക്കാടുകള്‍ .
വിരഹത്തിന്റെ വേലിക്കരികില്‍
നമുക്കിടയില്‍ പൂക്കുന്നതോ
വേദനയുടെ ശുദ്ധചെമ്പരത്തികള്‍ .
നീ തന്ന സ്വപ്നങ്ങളിലെന്നും
മണമോടെ പൂത്തുലയുന്നത്
പൊന്‍ചെമ്പക മലരുകള്‍ .
നക്ഷത്രങ്ങളില്‍ നീ കൊടുത്തുവിടും
പ്രണയാക്ഷരങ്ങള്‍ മറുനാളില്‍
ഞാന്‍ ഉമ്മ വെക്കുന്ന നന്ധ്യാര്‍വട്ടപൂക്കള്‍ .
ദീപാരാധനനേരത്ത് എന്റെ പ്രാര്‍ത്ഥനകള്‍
നിനക്കായ് മാത്രം പൂക്കുന്ന കൃഷ്ണതുളസികള്‍ .
മഴക്കാല രാത്രികളില്‍ നിന്നെ കനവുകണ്ടു
മിഴി കൂമ്പി വിടരാന്‍ ഒരുങ്ങി നില്‍ക്കുന്നതോ
മഞ്ഞമന്ദാരവൃന്ദങ്ങള്‍ .
നീ തരും ഉറപ്പിന്‍ സൌഭാഗ്യങ്ങളില്‍ ,
പൂക്കുന്നത് ജന്മജന്മാന്തരങ്ങളുടെ താമരപൂക്കള്‍ .
എന്റെപൂക്കൂട നിറയെ നീ തന്നപൂക്കള്‍
പൂപ്പൊലി വിളിച്ചു മലരവേ..
തേടി പോകതെവിടെ ഞാനിനിയും പൂ പറിക്കാന്‍ ?
തീര്‍ക്കാം നമുക്കൊരു പൊന്നോണ പൂക്കളം
ഇനിയും പണിതീരാത്ത നമ്മുടെ വീട്ടുമുറ്റത്തും .
കൊള്ളാം. അവസാനം മരണത്തെ ഓര്‍ക്കാത്ത ഒരു രചന ഞാന്‍ ഇവിടെ കണ്ടു. സന്തോഷം ആയി. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂ